Carnival of Poetry Seminar

ഭാവന 2.0
അതിരുകൾ മായുന്ന സർഗാത്മകലോകം

അന്ത‍ാരാഷ്ട്ര സെമിനാര്‍
ശ്രീ നീലകണ്ഠ ഗവ. സംസ്കൃതകോളേജ്, പട്ടാമ്പി
(2024 ജനുവരി മൂന്നാംവാരം)

പട്ടാമ്പി ഗവ. സംസ്കൃതകോളേജിലെ മലയാളവിഭാഗം കവിതയുടെ കാര്‍ണിവല്‍ ഏഴാം പതിപ്പിനോടനുബന്ധിച്ച് 2024 ജനുവരി മൂന്നാംവാരത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ധനസഹായത്തോടെ നടത്തുന്ന പ്രസ്തുത സെമിനാറിലേക്ക് അധ്യാപകരില്‍നിന്നും ഗവേഷകരില്‍നിന്നും പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു.

‘ഭാവന 2.0 : അതിരുകൾ മായുന്ന സർഗാത്മകലോകം’ എന്നതാണ് സെമിനാറിന്റെ പൊതുശീര്‍ഷകം.

പുതിയ സഹസ്രാബ്ദത്തിൽ, കലാസാഹിത്യമണ്ഡലങ്ങളിലെ ജനുസ്സുകളുടെ അതിരുകൾ അതിവേഗം മാഞ്ഞുകൊണ്ടിരിക്കുകയാണ്. പല ജനുസ്സുകളും, മാധ്യമരൂപങ്ങളും ഇടകലർത്തിയുള്ള ‘ഹൈബ്രിഡ്’ ആവിഷ്കാരങ്ങളുടെ ഈ കല നടപ്പു ഭാവുകത്വത്തെ മറികടക്കുന്ന ഒരു അനുഭവലോകം സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു.

 ദേശ,രാഷ്ട്ര,സംസ്കാരാതിരുകൾ മായുന്ന നെറ്റ്‍വർക്ക് സമൂഹത്തിന്റെ ആവിർഭാവവും സാങ്കേതികവിദ്യയുടെയും പോസ്റ്റ് ഡിജിറ്റൽ സംസ്കാരത്തിന്റെയും സ്വാധീനവുമാണ് പുതിയ സഹസ്രാബ്ദത്തിലെ ആവിഷ്കാരങ്ങളെ സവിശേഷമാക്കിയത്. സാങ്കേതികവിദ്യയുടെ മേൽക്കൈയുള്ള ഭാവനാലോകങ്ങളെയും അതിലെ ആശങ്കകളെയും   അവ പ്രതിഫലിപ്പിക്കുന്നു. അതോടൊപ്പം  സാങ്കേതികവിദ്യയുടെ ഈ വളർച്ചയിൽ കലയും ശാസ്ത്രവും തമ്മിലുള്ള അതിർവരമ്പുകൾ മങ്ങി. ആ രണ്ട് ലോകങ്ങളുടെയും വിലയനവും സംയോജനവും  പുതിയ ആവിഷ്കാരസ്വരൂപങ്ങളെ നിർണയിക്കുകയും ചെയ്തു. ശാസ്ത്രീയ ഗവേഷണത്തെ സൗന്ദര്യാത്മക പരിഗണനകളിലേക്കും കലാപരമായ സമ്പ്രദായങ്ങളെ ശാസ്ത്രീയ അന്വേഷണങ്ങളിലേക്കും പരസ്പരം സംയോജിപ്പിക്കുന്ന തരത്തിൽ കലാകാരന്മാരും ശാസ്ത്രജ്ഞരും തമ്മിലുള്ള സഹകരണത്തിനും  ബഹുവൈജ്ഞാനിക സമീപനങ്ങൾക്കും വിമർശാത്മകചിന്തകൾക്കും  ഇത് വഴിവെച്ചു.

സർഗാത്മകലോകത്തേക്കുള്ള നിർമ്മിതബുദ്ധിയുടെ പ്രവേശനത്തോടെ യന്ത്രഭാവനയുടെയും മനുഷ്യഭാവനയുടെയും അതിരുകൾ വെല്ലുവിളിക്കപ്പെടുന്നു. സർഗ്ഗാത്മകപങ്കാളി എന്ന നിലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും മനുഷ്യാവബോധവും നിർമ്മിതബുദ്ധിയുടെ ഭാവനയും തമ്മിലുള്ള സന്തുലിതാവസ്ഥ എങ്ങനെ സാധ്യമാക്കാമെന്നുമുള്ള അന്വേഷണങ്ങൾ ഇന്നു സജീവമാണ്. ട്രാൻസ്-ഹ്യൂമൻ സങ്കല്പങ്ങൾ യാഥാർത്ഥ്യമാവുന്ന പരീക്ഷണങ്ങളിലേക്ക് സാങ്കേതികലോകം കടന്നതോടെ, മനുഷ്യനും യന്ത്രവും ചേർന്ന സഹജീവനത്തിന്റെ കാലത്തുനിന്ന് അവ തമ്മിലുള്ള സ്വത്വാതിര്‍ത്തികൾതന്നെ മായുന്ന ഒരു ഘട്ടത്തിലേക്ക് നാം പ്രവേശിക്കുകയാണ്.

ആധുനികത സൃഷ്ടിച്ച ദ്വന്ദ്വങ്ങളും കാറ്റഗറിക്കൽ അതിരുകളും ചോദ്യംചെയ്യപ്പെടുന്ന ഒരു ഘട്ടംകൂടി ഇതോടൊപ്പം മാനവാനന്തരസമൂഹത്തിൽ രൂപപ്പെടുന്നുണ്ട്. പരമ്പരാഗത ലിംഗപദവി ദ്വന്ദ്വത്തെ മറികടക്കുന്ന രീതിയിൽ വൈവിധ്യമാർന്ന ലിംഗസ്വത്വങ്ങൾക്ക് ഇന്ന് ദൃശ്യതയും സാമൂഹികാംഗീകാരവും ലഭിച്ചുകൊണ്ടിരിക്കുകയാണ്. ‘ജെൻഡർഫ്ലൂയിഡ്’ സ്വത്വബോധങ്ങളുടെ കാലത്ത് ലിംഗഭേദം ഒരു സ്പെക്ട്രമാണെന്ന ധാരണ പ്രബലമാകുന്നു. ഇതോടൊപ്പം സമകാലികത, സർഗാത്മാകത, സാഹിതീയത തുടങ്ങിയ സങ്കല്പനങ്ങൾതന്നെയും പ്രശ്നവത്കരിക്കപ്പെടുന്നുണ്ട്.

അതിരുകൾ മായുന്ന കലർപ്പുകളുടെ ഈ പുതുലോകത്ത് കലയിലും സാഹിത്യത്തിലും ശാസ്ത്രസാങ്കേതികതയിലും സാമൂഹികതയിലും സംസ്കാരത്തിലുമുണ്ടായ മാറ്റങ്ങളെ വിപുലമായി അന്വേഷിക്കുന്ന പ്രബന്ധങ്ങളാണ് സെമിനാറിന് പരിഗണിക്കുന്നത്.

വിഷയമേഖലകൾ:
• പോസ്റ്റ് ഡിജിറ്റൽ സാമൂഹികതയും കലയും
• ശാസ്ത്രം, കല, സാങ്കേതികത: അന്തർ വൈജ്ഞാനികതയുടെ പുതുമണ്ഡലങ്ങൾ
• മാനവാനന്തര ചിന്തയും ആവിഷ്കാരങ്ങളും
• നിർമ്മിത ബുദ്ധിയും സർഗാത്മകഭാവനയും
• മാനവാനന്തരകാല ലിംഗപദവി പഠനങ്ങൾ
• പോസ്റ്റ് ഹ്യൂമനിസവും ഡിസബിലിറ്റി പഠനങ്ങളും
• മാനവാനന്തരകാല പാരിസ്ഥിതികചിന്ത
• ഡിജിറ്റൽ ഹ്യൂമനിസം
• ഹൈബ്രിഡ് കലയും സാഹിത്യവും
• ഡിജിറ്റൽകാല വായനയും സാഹിതീയതയും
• മാറുന്ന സാഹിത്യജനുസ്സുകളും ആഖ്യാനവും

സെമിനാറിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് കോളേജ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. പ്രബന്ധസംഗ്രഹം രജിസ്ട്രേഷൻ സമയത്തുതന്നെ രജിസ്ട്രേഷൻ ഫോമിന്റെകൂടെയുള്ള ലിങ്കിൽ അപ് ലോഡ് ചെയ്യണം. പ്രബന്ധാവതരണങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി: ഡിസംബർ 25. രജിസ്റ്റർ അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട പ്രബന്ധത്തിന്‍റെ പൂര്‍ണരൂപം 2024 ജനുവരി 10 നു മുമ്പ് യൂണികോഡില്‍ ടൈപ്പുചെയ്ത് sngsmalayalam@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചുതരണം.

വിശദാംശങ്ങള്‍ക്ക് 9446551748, 9496363208 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ഇവിടെ രജിസ്റ്റർ ചെയ്യാം.