രസം എന്ന സാംസ്കാരികാനുഭവം

Main Article Content

ഡോ. ഷൂബ കെ. എസ്സ്.

Abstract

സാംസ്കാരികവിമർശനങ്ങളുടെ ലോകസാഹചര്യത്തിലാണ് രസ സിദ്ധാന്തം എന്ന ഭാരതീയമായ കാവ്യസിദ്ധാന്തം ചർച്ചയ്ക്ക് എടുക്കുന്നത്. കലാനുഭവത്തെ കുറിക്കുന്ന ഇന്ത്യൻ സംജ്ഞയാണ് രസം. കൃതിയിൽ നിന്നും എന്ത് ലഭിക്കുന്നു എന്നതിന്റെ ഉത്തരം.കൃതിക്കും കൃതിയുടെ സൗന്ദര്യ കാരണങ്ങളെക്കുറിച്ചുള്ള പഠനത്തിനും (വർക്ക് ഓഫ് ആർട്ടിനും പൊയറ്റിക്സിനും) പല പേരുകൾ സംസ്കൃതപാരമ്പര്യത്തിൽ ഉണ്ട്. ക്രിയാകല്പമെന്ന് വാല്മീകിയും സാഹിത്യമെന്ന് വിശ്വനാഥനും  (പതിനാലാം നൂറ്റാണ്ട്) കാവ്യമീമാംസ,സാഹിത്യ വിദ്യ എന്നൊക്കെ രാജശേഖരനും (പത്താംനൂറ്റാണ്ട് ) കാവ്യശാസ്ത്രം എന്ന് ഭോജദേവനും ( പതിനാറാംനൂറ്റാണ്ട് ) അലങ്കാരശാസ്ത്രമെന്ന് മറ്റ് പലരും പ്രയോഗിക്കുന്നുണ്ട്. എന്നാൽ കാവ്യാനുഭവത്തിനും കാവ്യ സൗന്ദര്യത്തിനും രസം എന്ന വാക്കാണ് ഭാരതീയർ പൊതുവെ ഉപയോഗിക്കുന്നത്. രസം എങ്ങനെ ഉണ്ടാകുന്നു എന്ന ചോദ്യത്തിനുത്തരമാണ് ഇന്ത്യയിൽ പല കാവ്യ സിദ്ധാന്തങ്ങളായി മാറിയത്. ലഭ്യമായ ആദ്യ സിദ്ധാന്തം നാട്യശാസ്ത്രകാരന്റേതാണ്. എന്നാൽ രസമാണ് കാവ്യാത്മാവ് എന്ന സിദ്ധാന്തത്തിന്റെ  അവതാരകൻ ശൗദ്ധോദനി എന്നയാളാണ് എന്ന്  പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കേശവമിത്രൻ എന്നയാൾ പറയുന്നുണ്ട്.(അലങ്കാര ശേഖരം) പക്ഷെ അതിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആ നിലയിൽ നാട്യശാസ്ത്രകാരന്റെ അഭിപ്രായമാണ് രസസിദ്ധാന്തങ്ങളുടെ തുടക്കം എന്ന് പറയാം. അദ്ദേഹത്തിന്റെ അഭിപ്രായത്തിനുണ്ടായ വ്യാഖ്യാനങ്ങളും പല സിദ്ധാന്തങ്ങളായി മാറി. സാംസ്കാരിക വിമർശനത്തിന്റെ സമകാലത്തോട് പ്രാചീന ഭാരതീയ കാവ്യ സിദ്ധാന്തമായ രസസിദ്ധാന്തം എങ്ങനെ പ്രതികരിക്കുന്നു എന്ന് രസത്തെക്കുറിച്ചുള്ള അന്വേഷണം എത്തിച്ചേരാവുന്നതാണ്.

Article Details

How to Cite
കെ. എസ്സ്. ഡ. ഷ. (2021). രസം എന്ന സാംസ്കാരികാനുഭവം. IRAYAM, 5(1), 71–84. Retrieved from https://sngscollege.org/irayam/index.php/journal/article/view/17
Section
Articles