ക്വീര്‍ഭാഷയുടെ പ്രതിനിധാനവും പ്രയോഗവും മലയാളത്തില്‍: കേരളപാണിനീയം, ഗുണ്ടർട്ട് നിഘണ്ടു എന്നിവയെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം

Main Article Content

ദിവ്യ ടി. എസ്.

Abstract

 


അതതുഭാഷകളിൽ പ്രചാരത്തിലുള്ള പദങ്ങളെ ക്രമത്തിൽ അടുക്കി അവയുടെ അർത്ഥങ്ങളെ അടയാളപ്പെടുത്തുക എന്നതാണ് നിഘണ്ടുക്കളുടെ പ്രാഥമികമായ ധർമ്മം. ഇതിനുപുറമേ ഭാഷയുടെ അതിരുകൾ നിർണയിക്കാനും, നിർവചിക്കാനുമുള്ള ശ്രമങ്ങളും നിഘണ്ടുക്കൾ നടത്തിവരുന്നു. സമാനമായ ധർമ്മം തന്നെയാണ് വ്യാകരണഗ്രന്ഥങ്ങളിലും കാണാനാവുന്നത്. അതതുകാലത്തെ നടപ്പുഭാഷയെ നിർവചിക്കുകയും അതിന്റെ പ്രയോഗരീതിയെ മനസ്സിലാക്കുകയുമാണ് ഇവ ചെയ്യുന്നത്. ഇത്തരത്തിൽ ഭാഷയിൽ ക്രമീകരണങ്ങൾ ആവശ്യമായിവരുന്ന കാലം ദേശ-രാഷ്ട്രങ്ങളുടെ രൂപീകരണകാലം കൂടിയാണ്. ദേശീയതയെ നിർമ്മിക്കുന്ന ആശയാവലികൾ സ്വാഭാവികമായും നിഘണ്ടുക്കളുടെയും വ്യാകരണങ്ങളുടെയും നിർമ്മാണത്തെ സ്വാധീനിച്ചിരിക്കാൻ സാധ്യതയുണ്ട് എന്ന പരികൽപനയെ മുൻനിർത്തിയാണ് ഈ പഠനം മുന്നോട്ടുപോകുന്നത്. ദേശം എന്ന സങ്കല്പനം രൂപപ്പെടുന്നതോടൊപ്പം അതിന്റെ അതിരുകളും നിർവചിക്കപ്പെടുന്നു. ഉൾക്കൊള്ളലുകളും പുറത്താക്കലുകളുമായി, ദൃശ്യതയുടെ രാഷ്ട്രീയം കൂടിയുൾച്ചേരുന്നതാണ് ദേശത്തെ സംബന്ധിച്ച ഇത്തരം ക്രമപ്പെടുത്തലുകൾ. ദേശീയതയുടെ ആശയാവലികൾ ഭാഷയിലെ ഈ ക്രമപ്പെടുത്തലുകളിൽ എങ്ങനെ പ്രവർത്തിച്ചു? ക്വീർപദങ്ങളുടെ പ്രതിനിധാനം, പ്രയോഗം എന്നിവയിൽ ദേശ-രാഷ്ട്രങ്ങളുടെ ദൃശ്യതയുടെ രാഷ്ട്രീയം എങ്ങനെ ഇടപെട്ടു എന്നിങ്ങനെയുള്ള പ്രശ്നങ്ങളെയാണ് ഈ പഠനം അഭിസംബോധന ചെയ്യുന്നത്. നിഘണ്ടുക്കളിലെയും വ്യാകരണങ്ങളിലേയും ക്വീർ പ്രതിനിധാനങ്ങളെയും പ്രയോഗത്തേയും മുൻനിർത്തി അവയുടെ അർത്ഥ-വ്യാകരണ സാധ്യതകളെ സാംസ്കാരികമായി പരിശോധിക്കാനുള്ള ശ്രമമാണ് ഈ പ്രബന്ധം. ദേശീയതയുടെ ആവിഷ്കാരരൂപമെന്നനിലയിൽ നിഘണ്ടുക്കളിലും വ്യാകരണഗ്രന്ഥങ്ങളിലുമുള്ള ക്വീർ പ്രതിനിധാനങ്ങൾ അടയാളപ്പെടുന്നതിൽ ദൃശ്യതയുടെ രാഷ്ട്രീയം ഉൾച്ചേരുന്നുണ്ടെന്ന പരികല്പനയെ മുൻനിർത്തിയാണ് ഈ പഠനം മുന്നോട്ടുപോകുന്നത്.

Article Details

How to Cite
ദിവ്യ ടി. എസ്. (2023). ക്വീര്‍ഭാഷയുടെ പ്രതിനിധാനവും പ്രയോഗവും മലയാളത്തില്‍: കേരളപാണിനീയം, ഗുണ്ടർട്ട് നിഘണ്ടു എന്നിവയെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം. IRAYAM, 7(1), 41–53. Retrieved from https://sngscollege.org/irayam/index.php/journal/article/view/divya
Section
Articles

References

അച്യുതവാര്യർ, എസ്. 2011. ഭാഷാവ്യാകരണപഠനം, തിരുവനന്തപുരം: കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്

അരവിന്ദാക്ഷൻ, കെ. 2017. ദേശീയത നായാട്ടിനിറങ്ങുമ്പോൾ,കോട്ടയം: ഡി.സി ബുക്സ്.

ഓമന.പി.വി. 1990നിഘണ്ടുക്കൾ മലയാളത്തിൽ,കോട്ടയം: കറൻ്റ് ബുക്സ്.

കുറുപ്പ്.എൻ.കെ.കെ. 2014. ദേശീയതയും സാമൂഹ്യപരിഷ്കരണവും മലയാളസാഹിത്യത്തിൽ,കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘം .നാഷണൽ ബുക്സ്റ്റാൾ.

ഗുണ്ടർട്ട്. 1995. മലയാളം - ഇംഗ്ലീഷ് നിഘണ്ടു.കോട്ടയം: കറൻ്റ് ബുക്സ്.

ടാഗോർ രവീന്ദ്രനാഥ്. 2021ദേശീയത(വിവ) - കെ. ജയകുമാർ,തൃശ്ശൂർ: ഗ്രീൻ ബുക്സ്.

രാജരാജവർമ്മ.ഏ.ആർ. 2015. കേരളപാണിനീയം,കോട്ടയം: ഡി.സി ബുക്സ്.

രാജേന്ദ്രൻ.എൻ. 2008. മലയാളവ്യാകരണചരിത്രം, തിരുവനന്തപുരം: കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

വേണുഗോപാലപ്പണിക്കർ.ടി.ബി. 1996. വ്യാകരണപഠനങ്ങൾ, കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല,മലയാളവിഭാഗം.

ശേഷഗിരിപ്രഭു.എം. 1989. വ്യാകരണമിത്രം,തൃശ്ശൂർ: കേരളസാഹിത്യഅക്കാദമി.

സാം. എൻ. 1988. കേരളത്തിലെ സാമൂഹികനവോത്ഥാനവും സാഹിത്യവും,കോട്ടയം: നാഷണൽ ബുക്ക്സ്റ്റാൾ.

Hall,E.Donald,2003, Queer Theories, NewYork: Palgrave Macmillan

Bhakshi, Kaustav & Rohit K. Dasgupta, 2019, Queer Studies, : Telangana: Orient Blackswan.