ഉദ്വേഗത്തിന്റെ ഭാവ(ന) സഞ്ചാരങ്ങൾ ക്രൈം ത്രില്ലറുകളെക്കുറിച്ചൊരു അന്വേഷണം

Main Article Content

വിഷ്ണുകൃഷ്ണൻ. ആർ

Abstract

അപസർപ്പകസാഹിത്യത്തിന്റെ പുത്തൻരീതിശാസ്ത്രമാണ് പ്രവീൺചന്ദ്രന്റെ  ഛായാമരണം എന്ന ക്രൈം ത്രില്ലർ നോവലിലൂടെ വെളിപ്പെടുന്നത്. വാനയക്കാർ വിശ്വാസ്യതയുടെ അളവുകോലുകൊണ്ടാണ് അപസർപ്പകസാഹിത്യത്തെ നേരിടുന്നത്. ഇതിവൃത്ത നിർമ്മിതിയിലും ആഖ്യാനരീതിയിലും പരിണാമഗുപ്തിയിലും എഴുത്തുകാരനും ഏറെ വൈദഗ്ധ്യം വേണ്ട ചട്ടക്കൂടാണ് അപസർപ്പകസാഹിത്യത്തിന്റേത്. അപസർപ്പകസാഹിത്യ നിർമ്മിതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ബാഹ്യഘടകങ്ങൾ ഉണ്ടായതെങ്ങനെ? അവയിലൂടെ നാം ഇന്ന് ചർച്ച ചെയ്യപ്പെടുന്ന ക്രൈം ത്രില്ലറുകൾ രൂപാന്തരപ്പെട്ടതെങ്ങനെ?


ലോകസാഹിത്യത്തിന്റെ ചുവടുപിടിച്ചാണ് മലയാളത്തിൽ അപസർപ്പകസാഹിത്യം പിറവിയെടുത്തത്. മനുഷ്യനിലെ ആകാംക്ഷയുടെയും എന്തും അറിയാനുള്ള താല്പര്യത്തിന്റെയും ഘടകങ്ങളാണ് ക്രൈം ഫിക്ഷൻ സാഹിത്യത്തെ പരുവപ്പെടുത്തിയത്. അമേരിക്കക്കാരനായ എഡ്ഗർ അലൻപോയാണ് അപസർപ്പക സാഹിത്യത്തിന്റെ തലതൊട്ടപ്പനായി അറിയപ്പെടുന്നത്. ആ നിലയിൽ നോക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ 'അഗസ്റ്റെഡ്യൂപ്പി'ൽ എന്ന കഥാപാത്രം അംഗീകരിക്കപ്പെട്ട ആദ്യ കുറ്റാന്വേഷകനുമായി. എന്നാൽ കുറ്റന്വേഷകതാരപദവി അലങ്കരിച്ച ആദ്യ കഥാപാത്രം ആർതർ കോനൻ ഡോയലിന്റെ ഷെർലക്‌ഹോംസ് തന്നെയാണ്. തൊപ്പിയും കോട്ടും ധരിച്ചുകൊണ്ട് ഹോംസ് നടന്നുകയറിയത് അപസർപ്പകസാഹിത്യത്തിന്റെ കൊടുമുടിയിലേക്കായിരുന്നു. ബുദ്ധിയും നിരീക്ഷണപാടവവും കൈമുതലാക്കിയ ഹോംസിലൂടെ കുറ്റാന്വേഷണസാഹിത്യം വളർന്നു. ഹെർക്യൂൾ പൊയ്‌റോട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഗതാക്രിസ്റ്റിയും കുറ്റാന്വേഷണസാഹിത്യത്തിലെ സ്ത്രീ സാന്നിധ്യമായി മാറി (പി. ഡി. ജെയിംസും അപസർപ്പക എഴുത്തുകാരിയാണ്)


എഴുത്തുകാരുടെ വരവ് മാത്രമായിരുന്നില്ല അപസർപ്പക സാഹിത്യത്തിന്റെ വളർച്ചയ്ക്ക് നിദാനമായത്. വ്യത്യസ്ത പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന, വ്യത്യസ്ത ആഖ്യാന സവിശേഷതകൾ പാലിക്കുന്ന ഉപവിഭാഗങ്ങൾ കുറ്റാന്വേഷണ സാഹിത്യത്തിലുണ്ടായി. ഡിക്ടറ്റീവ് ഫിക്ഷൻ, ലീഗൽ ത്രില്ലർ, കോസി മർഡർ മിസ്റ്ററി, ത്രൈം ത്രില്ലർ, ലോക്ക്ഡ് റൂം മിസ്റ്ററീസ് തുടങ്ങിയവ ക്രൈംഫിക്ഷന്റെ ഉപവിഭാഗങ്ങളാണ്. ലളിതമായ ഭാഷയും കൃത്യമായി യുക്തിയിൽ ഊന്നിയ കഥാസന്ദർഭങ്ങളും കുറ്റാന്വേഷണസാഹിത്യത്തിന്റെ ഭൂമികയാണ്. ഭാവനയുടെ കടിഞ്ഞാൺ വലിച്ചുകൊണ്ട് ഉദ്വേഗത്തിന്റെ തേരിലേറിയ ലോകജനത കുറ്റാന്വേഷണസാഹിത്യത്തെ ജനപ്രിയ സാഹിത്യമാക്കി മാറ്റി. അതിന്റെ അലകൾ കേരളക്കരയിലും ആഞ്ഞടിച്ചു.

Article Details

How to Cite
വിഷ്ണുകൃഷ്ണൻ. ആർ. (2020). ഉദ്വേഗത്തിന്റെ ഭാവ(ന) സഞ്ചാരങ്ങൾ ക്രൈം ത്രില്ലറുകളെക്കുറിച്ചൊരു അന്വേഷണം. IRAYAM, 4(1), 74–88. Retrieved from https://sngscollege.org/irayam/index.php/journal/article/view/43
Section
Articles

References

തരകൻ, കെ.എം, 1978 : മലയാളനോവൽ സാഹിത്യ ചരിത്രം, കേരളസാഹിത്യഅക്കാദമി, തൃശ്ശൂർ

ബഷീർ, എം.എം, 2002 : മലയാള ചെറുകഥാസാഹിത്യചരിത്രം, കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ

ഹമീദ്, 2015 : അപസർപ്പകനോവലുകൾ മലയാളത്തിൽ, കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ.