സ്ഥലം, കാലം, ഓർമ്മ എസ്.ഹരീഷിന്റെ രചനകളിലെ ആഖ്യാനരസവിദ്യകൾ

Main Article Content

ഡോ. ചന്ദ്രബോസ് ആർ

Abstract

സ്ഥലം, കാലം, ഓർമ്മ എന്നിവയെ ആഖ്യാനശരീരത്തിന്റെ മജ്ജയും മാംസവുമാക്കി മാറ്റുന്നതിലെ രസവിദ്യകളാണ് വർത്തമാനകാല നോവലുകളും ചെറുകഥകളും അവതരിപ്പിക്കുന്ന ശ്രദ്ധേയമായ നവവിചാരമാതൃക (paradigmshift) സ്ഥലം, കാലം, ഓർമ്മ എന്നിവ ഫിക്ഷനെഴുത്തിന്റെ അടിസ്ഥാനമൂലകങ്ങൾ തന്നെയാണ്. ഇവയെ സവിശേഷമായി പരിഗണിക്കാൻ കാരണം ചിതറിത്തെറിക്കുന്ന സ്ഥലകാലങ്ങളെ തിരിച്ചുപിടിക്കാനുള്ള എഴുത്തുകാരന്റെ തീവ്രമായ ഇച്ഛതന്നെയാകാം. അതിസാങ്കേതിക യുഗത്തിൽ സ്ഥലകാലങ്ങൾ തകിടം മറിയുകയാണ്. ഓർമ്മകൾ എന്ന വൈകാരികനില എല്ലാ വ്യവഹാരങ്ങളിൽ നിന്നും തുടച്ചുനീക്കപ്പെടുന്നു എന്നത് നാം നേരിടുന്ന സാംസ്‌കാരിക ദുരന്തങ്ങളിലൊന്നാണ്. ആഗോളീകരണത്തിനും നവമുതലാളിത്തത്തിനും വീടുപണിചെയ്യുന്ന പ്രത്യയശാസ്ത്രങ്ങളും ഭരണകൂടങ്ങളും ജനതയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും നിഷ്‌കാസനം ചെയ്യുകയാണ്. ഈയൊരു പരിതോവസ്ഥയിൽ എഴുത്ത് പ്രതിരോധസജ്ജമാകേണ്ടത് അനിവാര്യമാണ് എന്ന് നമ്മുടെ പുതിയ എഴുത്തുകാർ തിരിച്ചറിയുന്നുണ്ട്. വർത്തമാനത്തിനുള്ളിലിരിക്കുന്ന ഭൂതകാലത്തെ ജ്ഞാനശാസ്ത്രമായി ത്തന്നെ ആഖ്യാനം ചെയ്ത്, വർത്തമാനത്തെ നേർക്കുനേർ കാണാനുള്ള പ്രത്യയശാസ്ത്രാവബോധം സ്വരൂപിക്കുകയാണ് സമകാലഗദ്യരചനകൾ പ്രത്യേകിച്ച് നോവലും കഥയും. അതിന്റെ ഞെട്ടലും ആഘാതവുമാണ് സമകാലഫിക്ഷനെഴുത്തിൽ കാണാൻ കഴിയുന്ന അഭൂതപൂർവമായ പ്രത്യേകത. ചുരുക്കത്തിൽ സ്ഥലം, കാലം, ഓർമ്മ എന്നിവയെ പുതിയ രീതിയിൽ വിന്യസിച്ചുകൊണ്ട് എഴുത്തിനെ ജ്ഞാനനിർമ്മിതിയാക്കി മാറ്റാൻ പുതുതലമുറ എഴുത്തുകാർ ശ്രമിക്കുന്നുണ്ട്. മനുഷ്യൻ മാത്രമായിരുന്നു മനുഷ്യപ്രശ്‌നങ്ങൾ മാത്രമായിരുന്നു അതിനെ അവതരിപ്പിക്കാനുള്ള കേവല പ്രതലങ്ങൾ മാത്രമായിരുന്നു ആഖ്യാനചരിത്രത്തിൽ സ്ഥലകാലങ്ങൾ. എന്നാൽ പുതുകാല എഴുത്തിൽ അവ പാരിസ്ഥിതികവും ജൈവപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ സൂക്ഷ്മവിശദാംശങ്ങളോടെയാണ് പ്രത്യക്ഷപ്പെടുന്നത്. ഭൂഭാഗസൗന്ദര്യശാസ്ത്രവും ജന്തുസസ്യപ്രകൃതിയും ജലവും കാലാവസ്ഥയും സാമൂഹിക അധികാരരൂപങ്ങളും വിശപ്പും കാമവും എല്ലാം ഗണിതയുക്തിയോടെ വിന്യസിച്ചുകൊണ്ട് സാഹിത്യത്തെ ഭൗമവും അഭൗമവുമായ ജ്ഞാനസമസ്യകളുടെ പ്രതിനിധാനമാക്കിത്തീർക്കുന്നതിൽ ശ്രദ്ധവയ്ക്കുന്ന എഴുത്തുകാരനാണ് എസ്.ഹരീഷ് വ്യവസ്ഥാപിത ചരിത്രസാമൂഹ്യശാസ്ത്ര ജ്ഞാനിർമ്മിതിയെ പ്രശ്‌നവൽക്കരിക്കുന്ന തരത്തിൽ സ്ഥലം, കാലം, ഓർമ്മ എന്നിവയെ ഹരീഷ് ആവിഷ്‌കരിക്കുന്നതെങ്ങനെയെന്നാണ് ഈ ലേഖനത്തിൽ അന്വേഷിക്കുന്നത്.

Article Details

How to Cite
ഡോ. ചന്ദ്രബോസ് ആർ. (2020). സ്ഥലം, കാലം, ഓർമ്മ എസ്.ഹരീഷിന്റെ രചനകളിലെ ആഖ്യാനരസവിദ്യകൾ. IRAYAM, 4(1), 43–56. Retrieved from https://sngscollege.org/irayam/index.php/journal/article/view/41
Section
Articles