അറബ് കവിതയിലെ പ്രതിരോധ പാഠങ്ങൾ - മഹ്മൂദ് ദർവീശും അഡോണിസും

അറബ് കവിതയിലെ പ്രതിരോധ പാഠങ്ങൾ - മഹ്മൂദ് ദർവീശും അഡോണിസും

                                     ഷഹാന കെ.ടി

 

     പുറംലോകത്തോടുള്ള വൈരുദ്ധ്യാത്മക ബന്ധങ്ങളാണ് കലകളിൽ ആവിഷ്കൃതമാവുന്നത്. തന്റെ ചുറ്റുപാടുമായുള്ള എല്ലാതരം വികാരങ്ങളെയും കവികൾ കവിതകളായി പരിണമിപ്പിക്കുന്നു. നാം ഈ ലോകവുമായി അനിവാര്യമായ വിധത്തിൽ ബന്ധപ്പെടുന്നു എന്ന വികാരമാണ് സർഗ്ഗസൃഷ്ടിയുടെ പിന്നിലെ പ്രധാന പ്രേരണയെന്ന് ജീൻ പോൾ സാർത്ര് പറയുന്നുണ്ട് ( ജീൻ പോൾ സാർത്ര്: 'വാട്ട് ഈസ് ലിറ്ററേച്ചർ'). കവിയും കവിതയും സമൂഹവുമായി അഭേദ്യം ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. അധാർമ്മികത യോടുള്ള കവിയുടെ പ്രതിഷേധം തന്നെയാകുന്നു പലപ്പോഴും കവിത. മറ്റേത് കലയെയും പോലെ തന്നെ അത് വായനക്കാരനെ ബോധപൂർവ്വം പഠിപ്പിക്കുന്നതിന് പകരം പ്രശ്നങ്ങളിലേക്കും വ്യഥയിലേക്കും ചിന്തകളെ തള്ളിയിടുന്നു. ആ ചിന്തകൾക്ക് സമൂഹത്തെ പരിവർത്തിപ്പിക്കുവാൻ പോന്ന ശേഷിയും കരുത്തുമുണ്ട്. കലാപഭൂമിയിലെ കവിത അത് തന്നെയാണ് ചെയ്യുന്നത്. നിരായുധരും നിസ്സഹായരുമായവരുടെ അവസാനത്തെ നിലവിളി പോലെ, മറ്റു മാർഗ്ഗങ്ങളെല്ലാം അടഞ്ഞവരുടെ ഒളിപ്പോരാട്ടം പോലെ നിരന്തരം അണികളെ വീറുള്ളവരാക്കുന്ന പടത്തലവനെ പോലെ കവിത സമൂഹത്തോട് സമരം ചെയ്യുന്നു. അത് തന്നെയാണ് കവിത മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം. അതൊരു ജനകീയ പ്രസ്ഥാനത്തിന്റെ ഭാഗമോ പ്രത്യയശാസ്ത്രം പഠിപ്പിക്കലോ അല്ല. സകല അധാർമ്മികതകളോടുമുള്ള പ്രതിഷേധവും സമാധാനം എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് കുതിക്കുന്നവയുമാണ്. കവിയുടെ പ്രപഞ്ച വീക്ഷണത്തിന് തത്വചിന്തയുടെയോ പ്രത്യയ ശാസ്ത്രത്തിന്റെയോ പിൻബലം ആവശ്യമില്ല. അനുഭവങ്ങളുടെ വെട്ടമാണ് സത്യത്തിലേക്ക് കവിയെ നയിക്കുന്നത്. ഏറ്റ മുറിവുകളും തീരാത്ത വിശപ്പുകളും സമൂഹം ഏൽപ്പിക്കുന്ന അനേകമനേകം ആഹ്ളാദാഘാതങ്ങളും കവിയെ കാഴ്ച്ചപ്പാടുള്ളവനാക്കുന്നു.

ഭരണകൂടങ്ങൾ തങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കാനുള്ള കുടിലതന്ത്രങ്ങളാണ് സർവ്വനാടുകളിലും നടപ്പിലാക്കുന്നത്. ലോകമെമ്പാടും അതിന്റെ സ്വഭാവം ഒന്നാണ്, മാർഗ്ഗങ്ങൾ പലതാണെങ്കിലും. മനുഷ്യക്കുരുതി നടത്തിയ ഭരണകൂടങ്ങൾ ക്കെതിരെ ഇരുപതാം നൂറ്റാണ്ടിലെ കവികൾ ശക്തമായി പ്രതിഷേധിച്ചു. മുമ്പ് കാൽപ്പനിക കവികളും മനുഷ്യപ്രതിസന്ധികളെ കവിതയിലേക്ക് കൊണ്ടു വരികയും ഭരണകൂടത്തെ പ്രഹരമേൽപ്പിക്കുകയും ചെയ്തു. ഇന്നത്തെ കവിത അക്രമാസക്തമായ ഭരണകൂടത്തോട് ഒറ്റയ്ക്ക് നിന്ന് പൊരുതുന്നു. നെരൂദയും മറ്റു ലാറ്റിനമേരിക്കൻ കവികളും അധികാരത്തിന്റെ ക്രൂരതകളെ വാക്കുകൾ കൊണ്ട് നേരിട്ടത് കാണാം. യുദ്ധത്തിനെതിരെയുള്ള ഒരു സൂക്ഷ്മ ആക്ഷേപകനായി സ്വയം അവരോധിച്ച അമേരിക്കൻ കവി റോബർട്ട് ലോവലും ഭരണകൂടത്തിന്റെ നീതികേടുകൾക്കെതിരെ വ്യാധിയോടെ പാടിയ കവിയാണ്. പലസ്തീനിയൻ ജനതയ്ക്ക് വേണ്ടി, അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മരണം വരെ പാടിയ മഹ്മൂദ് ദെർവീശ് പലസ്തീന്റെ ദേശീയ കവിയായാണ് അറിയപ്പെടുന്നത്.

  ലോകയുദ്ധങ്ങളുടെയും അറബ് സംഘർഷങ്ങളുടെയും അന്തരീക്ഷത്തിൽ അറേബ്യൻഭൂമി കലാപഭൂമിയായി തീർന്നതോടെ അറേബ്യൻ കവിതയ്ക്കും പ്രതിരോധ സ്വഭാവം കൈവന്നു. കവിത നെറികെട്ട ഭരണകൂടത്തിനെതിരെ കലഹിക്കുകയും ഒലീവ് ഇലകളുയർത്തി സമാധാനത്തെ കുറിച്ച് സ്വപ്നം കാണുകയും ചെയ്തു. പലസ്തീന്റെ വേദനകളെ കുറിച്ച് പാടിയ സാർവ്വദേശീയ അംഗീകാരം ലഭിച്ച കവി മഹ്മൂദ് ദെർവീശും സിറിയൻ യുദ്ധമുഖാന്തരീക്ഷത്തിൽ കവിത കൊണ്ട് പോരാടുന്ന കവി അഡോണിസും കവിതയിലൂടെ പ്രതിരോധം തീർത്തവരിൽ പ്രധാനികളാണ്. ഇസ്രയേൽ ഭരണകൂടം കാർ ബോംബ് വെച്ച് കൊലപ്പെടുത്തിയ പലസ്തീൻ കവി ഗസ്സാൻ ഖനഫാനിയും കവിതയെ തന്നെ ആയുധമാക്കിയ സിറിയൻ കവി അഡോണിസുമൊക്കെ കവിതയെ പ്രതിരോധമാക്കിയ കവികളിൽ ഉൾപ്പെടുന്നവരാണ്. “വാക്ക്, രക്തരഹിതമായ മുറിവാണ്” (മഹ്മൂദ് ദർവീശിന്റെ കവിതകൾ, കവിത:പ്രതിരോധത്തിൽ)എന്ന് കവിതയുടെ പ്രതിരോധശക്തിയെ മഹ്മൂദ് ദർവീശ്‌ തന്റെ കവിതയിൽ വാഴ്ത്തുന്നു.

ആയിരത്തിതൊള്ളായിരത്തിനാൽപ്പത്തിയെട്ടിലെ ഇസ്രയേൽ അധിനിവേശത്തിന് ശേഷമാണ് ലോകമെങ്ങും ചിതറിപ്പോയ ജനതയായി പലസ്തീനികൾ മാറിയത്. ഗൾഫ് നാടുകളിലും മധ്യപൗരസ്ത്യദേശങ്ങളിലും യൂറോപ്പിലും അമേരിക്കയിലും കിഴക്കൻ യൂറോപ്പിലുമൊക്കെ പലസ്തീനികൾ അന്നവും അഭയവും തേടിയെത്തിയത് അതിനെ തുടർന്നാണ്. പലസ്തീൻ ദേശങ്ങളിൽ തന്നെ അഭയാർത്ഥികളായി കഴിയേണ്ട ഗതികേടാണ് അവർക്കുള്ളത്. പലസ്തീനിലെ ഗാസയിലെ ബീച്ച് ക്യാംപ് ഇത്തരത്തിലുള്ളതാണ്. പലസ്തീനികൾ സ്വന്തം നാട്ടിൽ അന്യരും അഭയാർത്ഥികളുമായി കഴിഞ്ഞു പോരുന്ന ഇടങ്ങൾ. ഇത്തരത്തിലുള്ള നിരവധി കേന്ദ്രങ്ങൾ പലസ്തീൻ ഭൂമിയിൽ തന്നെയുണ്ട്. ഇസ്രയേൽ അധിനിവേശം നടത്തിയ പ്രദേശങ്ങളിൽ നിന്ന് ഓടിവന്ന പലസ്തീനികളും അവരുടെ പിൻമുറയ്ക്കാരുമാണ് ഇങ്ങനെ അഭയാർത്ഥി ക്യാംപുകളിൽ കഴിയുന്നത്. കുരിശുയുദ്ധങ്ങളിലുണ്ടായ വലിയ നഷ്ടങ്ങളുടെ കണക്കു തീർക്കാൻ പാശ്ചാത്യർ അശരണരായി ലോകത്ത് അങ്ങുമിങ്ങും നടന്ന യഹൂദരുടെ കൈകളിലേക്ക് പലസ്തീനെ പറിച്ചെടുത്ത് നൽകുകയായിരുന്നു. സ്വന്തം നാട്ടിൽ അധ്വാനിച്ച് ജീവിക്കാനാവാത്ത വിധം ഇസ്രയേൽ ആക്രമണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന പലസീതിനികൾ സ്വന്തം നാട്ടിൽ തടവുകാരും അന്യനാട്ടിൽ അഭയാർത്ഥികളുമാണിന്ന്. പലസ്തീനിൽ നിന്ന് ലെബനാനിലേക്കും അവിടെ നിന്ന് ലോകത്തിന്റെ മറ്റിടങ്ങളിലേക്കും ആ വിധി പലസ്തീനികളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. നീണ്ട 60 വർഷങ്ങളായി അവരത് അനുഭവിച്ച് കൊണ്ടിരിക്കുന്നു.

            ഒരു കയ്യിൽ ഒലീവ് ഇലയും മറു കയ്യിൽ തോക്കുമായി ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ യാസർ അറഫാത്ത് ഓരോ പലസ്തീനിയുടെയും ഉള്ളിൽ എന്നും തിളക്കുന്ന ഓർമ്മയാണ്. കേരള സാഹിത്യോത്സവത്തിൽ (കെ എൽ എഫ്) പങ്കെടുക്കാനെത്തിയ സമകാലിക അറബ് കവിതയിൽ വിഖ്യാതനായ നജ്വാൻ ദർവീശ്‌ എന്ന കവി പറയുന്നതിങ്ങനെയാണ് - “ നിങ്ങൾ വിചാരിക്കുന്നത് പോലെ പലസ്തീൻ എന്നൊരു രാജ്യം ഇന്ന് നിലനിൽക്കുന്നില്ല, ഒരുപിടി മണ്ണ് പോലും പലസ്തീനിക്ക് സ്വന്തമായില്ല, അതുകൊണ്ട് സ്വന്തം നിലയിൽ പലസ്തീനിക്ക് ഒരുപിടി വറ്റുമില്ല, പലസ്തീൻ എന്നത് മാധ്യമങ്ങൾ മാത്രം പറയുന്ന ഒരു പേര് മാത്രം, പലസ്തീൻ അതോറിറ്റി ഗാസ ചീന്തിൽ ഇസ്രയേലിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള വെറുമൊരു ഓഫീസ് മാത്രം. അറബികൾക്ക് അവരുടെ അറേബ്യ പ്രതിദിനം എങ്ങനെ നഷ്ടപ്പെടുന്നു എന്നതിന് ഇതിനും വലിയ ഉദാഹരണം ആവശ്യമില്ല”

            സിറിയയിലെ സാഹചര്യവും ദയനീയമാണ്. ബാദ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സിറിയൻ സർക്കാരും, സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടത്തുന്ന വിമതസൈന്യവും      തമ്മിലുള്ള ആഭ്യന്തര യുദ്ധമാണ് സിറിയയിൽ നടക്കുന്നത്. യൂറോപ്പ്യൻ യൂണിയനും അമേരിക്കയും പരസ്യമായി വിമത സൈന്യത്തെ പിന്തുണക്കുന്നു. തുടക്കത്തിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെതിരെയുള്ള പ്രക്ഷോഭം സമാധാനപരമായിരുന്നു. എന്നാൽ സർക്കാർ അടിച്ചമർത്തൽ തുടങ്ങിയതോടെ സ്ഥിതി അക്രമാസക്തമായി. ഐക്യരാഷ്ട്ര സഭയുടെ 2013 വരെയുള്ള കണക്കു പ്രകാരം ഏകദേശം  എഴുപതിനായിരം പേർ കൊല്ലപ്പെടുകയും 35 ലക്ഷം പേർ അഭയാർത്ഥികളാവുകയും ചെയ്തു. അമേരിക്കയും റഷ്യയും ഇസ്രയേലുമൊക്കെ ഇതിനിടയിൽ ആയുധക്കച്ചവടം നടത്തുന്നു. കലാപങ്ങളുടെ മറവിൽ ഐ എസ് പോലെയുള്ള ഭീകരസംഘടനകളും തഴച്ചു വളർന്നു. ഇതിനെല്ലാം ഇരകളായി സർക്കാരിന്റെ രാസായുധ പ്രയോഗം പോലെ ക്രൂരമായ പീഡനങ്ങളേറ്റ് ദിനംപ്രതി ഇല്ലാതായിക്കൊണ്ടിരിക്കുന്ന രാജ്യമാണ് സിറിയ. നിരന്തരം ബോംബിട്ട് തകർപ്പെടുന്ന സ്ഥലങ്ങളും കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളും രക്ത ചൊരിച്ചലുകളും.

            2015 സപ്തംബറിൽ ഐലാൻ കുർദിയെന്ന സിറിയൻ ബാലന്റെ മൃതദേഹം തുർക്കി തീരത്തടിഞ്ഞ ഫോട്ടോ മാധ്യമങ്ങളിലൂടെ പുറത്തെത്തും വരെ സിറിയൻ അഭയാർത്ഥികളെ കുറിച്ച് ലോകം അധികമൊന്നും ചിന്തിച്ചിരുന്നില്ല. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകത്തുണ്ടായ ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹമാണ് സിറിയയിൽ നിന്നുള്ളത്. എന്തിനെന്ന് പോലും വ്യക്തമാകാതെ നിരന്തരം യുദ്ധങ്ങൾക്കിരയായി കൊണ്ടിരിക്കുന്ന ജനതയാണ് സിറിയയിലുള്ളത്. എത്രമാത്രം ദുരന്തപൂർണ്ണമാണ് സ്ഥിതിഗതികളെന്ന് അവിടുന്ന് വരുന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നു. അനേകം പേർ കൊല്ലപ്പെടുകയും  നാടുവിടുകയും ചെയ്തു. തീവ്രവാദ വിരുദ്ധ പോരാട്ടം, ജനാധിപത്യ പുനസ്ഥാപനം, വിഘടന വാദത്തിന്റെ ഉന്മൂലനം തുടങ്ങി സിറിയൻ യുദ്ധത്തിന് പലതരം ന്യായീകരണങ്ങൾ നിരത്തുമ്പോഴും നിഷേധിക്കാനാവാത്ത ഒരു സത്യമുണ്ട്. തകർന്ന് പോയത് ഒരു രാഷ്ട്രമാണ്. ഇത്തരം യുദ്ധക്കെടുതികളുടെയും സാമൂഹിക അനിശ്ചിതത്വങ്ങളുടെയും നേർസാക്ഷ്യങ്ങളായും പ്രതിരോധ പാഠങ്ങളായും അറബ്കവിത മാറുന്നു.അറബ് കവിതാ സാഹിത്യത്തിന് പല അടരുകളുണ്ട്. അതിൽ ആത്മീയതയും വിപ്ലവവും പ്രതിരോധവും സൂഫിസവുമായ നിരവധി അംശങ്ങളുണ്ട്. കാലഘട്ടങ്ങൾക്കനുസരിച്ചുള്ള ഭാവുകത്വ വ്യതിയാനങ്ങളുമുണ്ട്. കവിത കൊണ്ട് പ്രതിരോധം തീർത്ത കവികളിൽ പ്രധാനികളാണ് അഡോണിസും മഹ്മൂദ് ദർവീശും.

                        

  • അറബ് സാഹിത്യവും മലയാളവും

  

            വ്യാപാരത്തിന്റെ മറപറ്റിയാണ് മതങ്ങളും സംസ്കാരങ്ങളും പരസ്പരം ഇട കലർന്നതും ഇടപഴകിയതുമെല്ലാം. ഇങ്ങനെ വാണിജ്യം, മതം, സംസ്കാരം, ഭാഷ, സാഹിത്യം തുടങ്ങി മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ സകല പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭാഷാ പ്രക്രിയയാണ് വിവർത്തനം. അത് കാല ദേശങ്ങളുടെയും ഭാഷാ സംസ്കാരങ്ങളുടെയും അതിരുകൾ ഭേദിച്ച് ആശയങ്ങളെ സംക്രമിപ്പിക്കുന്നു. ഇത്തരത്തിൽ അകലം കുറഞ്ഞ ഭാഷകളാണ് അറബിയും മലയാളവും. ഇവ അന്യോന്യം വിവർത്തനത്തിലൂടെ ആശയക്കൈമാറ്റം സാധ്യമാക്കിയതിന് ഏതാണ്ട് അര നൂറ്റാണ്ടിന്റെ ചരിത്രം മാത്രമാണുള്ളത്.ലോകസാഹിത്യം എന്ന വ്യാപകമായ അർത്ഥത്തിൽ നാം സാഹിത്യത്തെ തിരിച്ചറിഞ്ഞു തുടങ്ങിയത് പ്രധാനമായും വിവർത്തനങ്ങളിലൂടെയാണ്. പുതിയ ഭാവുകത്വപരിസരങ്ങളും സാഹിത്യപ്രസ്ഥാനങ്ങളുമെല്ലാം കടന്നു വരുന്നത് ഇത്തരം വായനകളിലൂടെയാണ്. ഭാഷാഭേദങ്ങൾ, വൃത്ത- താളഭേദങ്ങൾ, പലതരം മൊഴിചേർക്കലുകൾ, സാംസ്കാരികവും രാഷ്ട്രീയവുമായ സൂചനകൾ എന്നിവ മാത്രമല്ല, അക്ഷരവും ചിലപ്പോൾ ലിപിയും പോലും ഓരോ കവിതയിലും സവിശേഷമായിത്തീരാം. ഇങ്ങനെയൊക്കെ സാധ്യതകളേക്കാൾ പരിമിതികളാണു കൂടുതലെങ്കിലും വിവർത്തനങ്ങളിലൂടെയാണ് ഓരോ ഭാഷയിലെയും കവിത പുഷ്ടിപ്പെട്ടത്. മലയാളകവിതയും മറ്റു നാടുകളിലെ കവിതയുമായി പരിചയിച്ചു കൊണ്ടാണ് കാലങ്ങൾ പിന്നിട്ടത്.

              കവിതാ വിവർത്തനങ്ങളായിരിക്കും അറബി - മലയാളം വിവർത്തന സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കാൻ ഇടയായിട്ടുണ്ടായ സാഹിത്യ മേഖല.അറബി കാവ്യശാഖാ വിവർത്തനത്തിലെ പ്രധാന നാമങ്ങളാണ് കെ വി എം പന്താവൂർ, മയിലാപൂർ ഷൗക്കത്തലി മൗലവി, പുത്തൂർകുളം ബാപ്പു, മമ്മുട്ടി കുറ്റിയാട്, അബു ഇസ്ഹാഖ് മൗലവി, കെ പി കെ അഹമ്മദ് അബ്ദുല്ല, എ കെ ഹമീദ്, പി മുഹമ്മദ് മേൽമുറി, സി ഹംസ തുടങ്ങിയവർ. പ്രാചീന അറബി കാവ്യങ്ങളായ മുഅല്ലഖകൾ, പ്രവാചക കവി ഹസ്സാൻ ബിൻ സാബിത്തിന്റെ കവിതകൾ, ഈജിപ്തിലെ ഇമാം ബൂസിരിയുടെ ബുർദ കാവ്യം, ഉമർ അൽ ഖാഹിരിയുടെ ഖസീദ ഹംസിയ്യ, റസാനാത്ത് തുടങ്ങിയവയൊക്കെ കെ വി എം പന്താവൂർ മലയാളീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ പ്രമുഖ മലയാള വിവർത്തകനായ പി.എ കബീർ 2010-ൽ സമകാലിക ഒമാനി കവിതകൾ എന്ന സമാഹാരം പുറത്തിറക്കി. ആനുകാലികങ്ങളിലും അദ്ദേഹത്തിന്റെ വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നു. അറബി സാഹിത്യ കൃതികളുടെ നേരിട്ടുള്ള മലയാള വിവർത്തന ചരിത്രത്തിലെ ഒരു നാഴിക കല്ലാണ് സിറിയയിലെ അറബി കവി അഡോണിസിന്റെ കവിതകളുടെ വിവർത്തനം. ഡോ. മുഹമ്മദ് അലി അസ്കർ വിവർത്തനം നിർവ്വഹിച്ച ഈ പുസ്തകത്തിന് മികച്ച വിവർത്തന ഭാഷയാൽ ധാരാളം വായനക്കാരുമുണ്ടായി. അഡോണിസിന് കുമാരനാശാന്റെ പേരിലുള്ള അന്തർദേശീയ പുരസ്കാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മാതൃഭൂമി ബുക്സ് ഈ കൃതി പ്രസിദ്ധീകരിക്കുന്നത്.

1990-ൽ എം ബി എസ് പ്രസിദ്ധീകരിച്ച മുറിവേറ്റ വാക്കുകൾ എന്ന കാവ്യ സമാഹാരം മഹ്മൂദ് ദർവീശ്, നിസാർ ഖബ്ബാനി, അൽ ബയ്യാത്തി, അൽ സയ്യാബ് തുടങ്ങിയവരുടെയൊക്കെ കവിതകളുടെ വിവർത്തനങ്ങളടങ്ങിയ കൃതിയാണ്. പ്രമുഖ മലയാളം സാഹിത്യകാരൻ പി കെ പാറക്കടവാണ് ഈ കൃതിയുടെ വിവർത്തകൻ. 2006-ൽ കറന്റ് ബുക്സ് ഷിഹാബ് ഗാനിമിന്റെ കവിതകൾ ആയിരം വാതിലുകൾക്കപ്പുറം എന്ന പേരിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. സച്ചിദാനന്ദനായിരുന്നു ഇതിന്റെ എഡിറ്റർ. 2015-ൽ ഗാനിമിന്റെ അംവാജ് വ ഖസാഇദ് ഉഖ്റാ എന്ന സമാഹാരം തിരമാലകൾ എന്ന പേരിൽ കൈരളി ബുക്സ് പ്രസിദ്ധീകരിച്ചു. ഒ.വി ഉഷയും ആനന്ദ് രാമചന്ദ്രനുമായിരുന്നു എഡിറ്റർമാർ. 2007-ൽ ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ മഹ്മൂദ് ദർവീശിന്റെ കവിതകൾ വിവർത്തനം ചെയ്ത് അജീർകുട്ടിയാണ്. 2010-ൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, തർജു വിവർത്തനം ചെയ്ത 100 അറബി കവികൾ വളരെയേറെ വായിക്കപ്പെട്ട കൃതിയാണ്. പരാമർശമർഹിക്കുന്ന മറ്റൊരു ശ്രദ്ധേയ കൃതി ദേശമംഗലം രാമകൃഷ്ണന്റെ അഡോണിസിന്റെ പ്രണയ കവിതകളാണ്. 2016-ൽ ഇത് പുറത്തിറക്കിയത് ഗ്രീൻ ബുക്സ് ആയിരുന്നു. അറബ് കവിതാ വിവർത്തനത്തിലെ ഈ വൈവിധ്യ ധാര അറബ് കവിതാ പരിസരങ്ങളെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും മനസിലാക്കാൻ വഴിയൊരുക്കുന്നു.കവിയോടും കവിതയോടും പരമാവധി നീതി പുലർത്തിയ വിവർത്തനങ്ങളാണ് അജീർകുട്ടിയുടെയും എം.എ അസ്കറിന്റെതും. ദർവീശിന്റെ കവിത ഗദ്യസ്വഭാവമുള്ളതും ആലങ്കാരികത കുറഞ്ഞതുമാകയാൽ പദാനുപദ തർജമയുടെ സ്വഭാവമാണ് അജീർകുട്ടിയുടെ വിവർത്തനത്തിന്. കവിയുടെ ദേശപരിസരത്തെയും വൈകാരികവിക്ഷോഭങ്ങളെയും ഭാഷയിലേക്ക് സംവഹിപ്പിക്കുവാൻ വിവർത്തകന് സാധിച്ചിട്ടുണ്ട്. അഡോണിസിന്റെ കവിത ബിംബപ്രതീകങ്ങൾ നിറഞ്ഞ മറ്റൊരു ഭാവുകത്വപരിസരമാണ്. പ്രത്യക്ഷ വിവർത്തനത്തിലൂടെ മൂലഭാഷയോടും മലയാളത്തോടും പരമാവധി നീതി പുലർത്തി എംഎ.അസ്കർ അഡോണിസിനെ വിവർത്തനം ചെയ്യുന്നു. കേരളത്തിന്റെ ദേശപരിസരങ്ങളിലേക്ക് അഡോണിസ് കവിതയെ സംവഹിപ്പിക്കാനുള്ള ശ്രമമാണ് താൻ നടത്തിയതെന്ന് വിവർത്തനത്തിന്റെ മുഖവുരയിൽ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. മൂലഭാഷയുമായുള്ള അടുപ്പവും പാണ്ഡിത്യവും രണ്ടു വിവർത്തകരെയും പിന്തുണച്ചിരിക്കണം.

 

  • പ്രതിരോധത്തിന്റെ രാഷ്ട്രീയം; മഹ്മൂദ് ദർവീശീന്റെ കവിതകളിൽ

            പലസ്തീനികൾക്ക് വേണ്ടി കവിതയിലൂടെ ശബ്ദിക്കുകയും പലസ്തീൻ പ്രശ്നങ്ങളെ ലോക ശ്രദ്ധയിലെത്തിക്കുകയും ചെയ്ത കവിയാണ് മഹ്മൂദ് ദർവീശ്. ഇസ്രയേൽ എജൻറുമാർ കാർ ബോംബ് വെച്ച് കൊലപ്പെടുത്തിയ ഗസ്സാൻ ഖനഫാനിയും ദർവീശുമാണ് കഴിഞ്ഞ ദശകങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പലസ്തീൻ എഴുത്തുകാർ. ഇവർ വാക്കുകളെ ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന്റെ ആയുധങ്ങളാക്കിയവരാണ്. കവിത ഒരു ജനതയെ എത്രമാത്രം പോരാട്ട സജ്ജമാക്കുമെന്ന തിരിച്ചറിവാണ് ഖനഫാനിയെ കൊലപ്പെടുത്താനുള്ള ഇസ്രയേലിന്റെ പ്രേരണ പോലും. വൈദേശിക ആധിപത്യത്താൽ നിലംപതിച്ച പലസ്തീൻ ജനതയുടെ ജീവിത ദൈന്യതകളേയും ജന്മനാടിനായുള്ള സ്വാതന്ത്ര ദാഹത്തെയും ദർവീശ്‌ കവിതയിൽ ആവിഷ്കരിച്ചു. പാലസ്തീൻ ദേശവുമായും ദേശരാഷ്ട്രീയവുമായും ദർവീശിന്റെ കവിത അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നത് അങ്ങനെയാണ്. ദേശസങ്കൽപം കവിതയിൽ ഉടനീളം ലയിച്ചു കിടക്കുന്ന ഭാവുകത്വപരമായ ഭൂമികയാണ്. ഓരോ കവിയും കവിതയിൽ ഒരു ദേശത്തെ നിർമ്മിച്ചെടുക്കുന്നു. മഹ്മൂദ് ദർവീശിന് ദേശം പ്രവാസഹേതുവായ ഗൃഹാതുരമായ ഒരു സങ്കൽപമാണ്. അധിനിവേശങ്ങളും ജീവിത പലായനങ്ങളും തന്നിൽ നിന്ന് വേർപെടുത്തിയ ജന്മനാടാണ് ദർവീശിന് ദേശം. മാതാവായും പ്രിയതമയായും ഒക്കെ ദേശം കവിതകളിൽ കടന്നു വരുന്നു. സമാധാനപൂർണ്ണമായ പലസ്തീൻ ദേശത്തെ സ്വപ്നം കാണുകയാണ് കവി. ഇസ്രയേൽ അധിനിവേശത്താൽ സ്വന്തം മണ്ണിൽ അഭയാർത്ഥികളായി കഴിയുന്നതിന്റെയും സ്ഫോടനാത്മകമായ ദിനരാത്രങ്ങളുടെയും ചിത്രം കവിതകളിൽ സ്പഷ്ടമായി കാണാം.

      

  ആധുനിക പലസ്തീൻ കവിതയെ ലോകശ്രദ്ധയിൽ എത്തിച്ച കവിയാണ് മഹ്മൂദ് ദെർവീശ്. വേരോടെ പടർന്ന് പന്തലിച്ച പലസ്തീൻ ജനതയുടെ ജീവിതവും ജീവിതമാർഗ്ഗങ്ങളും വൈദേശിക ആധിപത്യത്താൽ നിലംപതിച്ചു. അവർ സ്വന്തം നാട്ടിലും മറുനാടുകളിലും അഭയാർത്ഥികളായി അലഞ്ഞു. ഈ ജനതയുടെ നോവും അരക്ഷിതാവസ്ഥകളും ആശങ്കാഭരിതമായ ജീവിതവും ദർവീശ് കവിതയിലേക്ക് പകർന്നു. സാർവ്വദ്ദേശീയ അംഗീകാരം ലഭിച്ച ദർവീശ് ഗലീലിയിലെ ബർവേയിലാണ് ജനിച്ചത്. അന്നത്തെ ഇസ്രയേൽ അക്രമണത്തിൽ പല പലസ്തീനിയൻ ഗ്രാമങ്ങൾക്കുമൊപ്പം ബർവേയും തകർന്നു. അന്ന് ഏഴു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ദർവീശ് മാതാപിതാക്കൾക്കൊപ്പം ലെബനാനിലേക്ക് ഓടിപ്പോവുകയാണു ണ്ടായത്. ഒരു വർഷത്തിന് ശേഷം ഗലീലിയിലേക്ക് മടങ്ങിവന്നു. അടിസ്ഥാനപരമായി ദർവീശ്‌ ഒരു രാഷ്ട്രീയ കവിയാണ്. ഔപചാരിക വിദ്യഭ്യാസത്തിന് ശേഷം പത്രപ്രവർത്തനത്തിലേക്ക് തിരിയുകയും റഷ്യയിൽ പോവുകയും കമ്മ്യൂണിസത്തിൽ ആകൃഷ്ടനാവുകയും ചെയ്യുന്നുണ്ട്. 1960-ൽ ചെറുപ്രായത്തിൽ തന്നെ ചിറകുകളില്ലാത്ത പക്ഷികൾ എന്ന ആദ്യ കവിതാ സമാഹാരം അദ്ദേഹം പുറത്തിറക്കി. ഒലീവിലകൾ, രാത്രിയുടെ അവസാനം, പക്ഷികൾ ഗലീലിയിൽ മരിക്കുന്നു എന്നിവയെല്ലാം പ്രധാന കൃതികളാണ്. പലസ്തീനിയൻ പ്രശ്നത്തിൽ രാഷ്ട്രീയ നിലപാട് എടുത്തതിന്റെ പേരിൽ വീട്ടുതടങ്കലിലും ജയിലിലും അദ്ദേഹം കഴിഞ്ഞിട്ടുണ്ട്. പലസ്തീൻ കവി എന്നതിലപ്പുറം ലോകകവിതയിൽ ദർവീശ്‌ കൈമുദ്ര പതിപ്പിച്ചു. പിറന്ന മണ്ണിലെ യാതനകളും അനാഥത്വവും അദ്ദേഹം അനുഭവിച്ചിട്ടുണ്ട്.

            പ്രവാസം ഒരു കവിയുടെ ഭാവുകത്വസങ്കൽപ്പങ്ങളിൽ നവ്യമായ ഉണർവ്വുകളും കവിതയുടെ ഭാഷയിലും പ്രമേയത്തിലും ഘടനയിലും സവിശേഷമായ സൗന്ദര്യവും നിറയ്ക്കും. അറബി കാവ്യപഠനത്തിൽ പ്രവാസകാവ്യം എന്ന പ്രത്യേക ഇനം തന്നെയുണ്ട്. ദർവീശ് കവിതയെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം 1971 മുതൽ പിറന്ന മണ്ണിനോട് വിട ചൊല്ലി പുറത്ത് പോയി ജീവിക്കേണ്ടി വന്നതിലെ സംഘർഷങ്ങളാണ്. സ്വന്തം പൈതൃകങ്ങൾ ബോംബിട്ട് തകർത്ത അധിനിവേശ ശക്തിയോടുള്ള ഒടുങ്ങാത്ത രോഷവും ഓരോ പ്രഭാതത്തിലും വെടിയേറ്റ് പിടഞ്ഞ് മരിക്കുന്ന യുവാക്കളെ കുറിച്ചുള്ള പേക്കിനാവുകളും ദർവീശ് കവിതകളെ ജ്വലിപ്പിക്കുന്നു. 1961-ൽ കുറച്ച് കാലം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നിരുന്നെങ്കിലും ദർവീശിന്റെ കവിതകളിൽ അതിന്റെ സ്വാധീനം പ്രകടനമല്ല. ഇസ്ലാമിക അധ്യാത്മികതയുടെ തുടിപ്പുകളാണ് അദ്ദേഹത്തിന്റെ പിൽക്കാല രചനകളെ ത്രസിപ്പിക്കുന്നത്.ഇരുപതോളം സമാഹാരങ്ങൾ ദർവീശിൻറേതായിട്ടുണ്ട്.             

             പശ്ചിമേഷ്യയിൽ മുസ്ലിങ്ങൾക്ക് പുറമെ ക്രിസ്ത്യാനികൾക്കും യഹൂദർക്കും കൂടി മനസിലാക്കുവാൻ കഴിയുന്ന ഭാഷയാണ് അറബി. പലസ്തീൻ മണ്ണ് കവർന്നെടുത്ത ശേഷം അവിടെ ഔദ്യോഗിക ഭാഷയായി ഹീബ്രു മാത്രം അംഗീകരിച്ചുകൊണ്ട് പാലസ്തീനികളുടെ സാംസ്കാരിക പൈതൃകം പോലും കവർന്നെടുക്കാൻ യഹൂദർ ശ്രമിച്ചു.അതേക്കുറിച്ച് ദർവീശ് പറയുന്നത് ദാദ്, ള്വാഅ്, സ്വാദ്, ഖാഫ്, ഐൻ എന്നീ  അക്ഷരങ്ങൾ അറബി ഭാഷയ്ക്ക് പ്രത്യേകമായിട്ടുള്ളതാണ്) എന്നീ അക്ഷരങ്ങൾ കൊണ്ട് നാം അവരുടെ മേൽ ബോംബ് വർഷം തുടരും എന്നതാണ്.

 

" അവൻ എഴുതുന്നു: സ്വാദ്,

 ത്വാഅ്, ളാഅ്, ഐൻ, ഖാഫ്,

അവ അവനുമുമ്പിൽ അപ്രത്യക്ഷമാവുന്നു,

അവയിലെ സമുദ്രങ്ങളുടെ മുഴക്കം.

അവയിലെ നിശബ്ദതയുടെ മുഴക്കം.

നമ്മെ മറ്റുള്ളവരിൽ നിന്നും

വിഭിന്നരാക്കുന്ന അക്ഷരങ്ങൾ

നമ്മൾ അവരെ നമ്മുടെ സ്വര സംയുക്തങ്ങൾ

കൊണ്ട് കല്ലെറിയുന്നു " .

 (കവിത- സിർഹൻ കാപ്പിക്കടയിൽ അവന്റെ കാപ്പി കുടിക്കുന്നു. മഹ്മൂദ് ദർവീശിന്റെ കവിത,താൾ: 58)

 

               അറബി ഭാഷയുടെ പ്രഹര ശക്തിയെക്കുറിച്ച് കവി ബോധവാനായിരുന്നു. ഭാഷയെ പ്രതിരോധ മാർഗ്ഗമായും എഴുത്തിനെ ആയുധമായുമാണ് കവി കാണുന്നത്. ഉപരോധത്തിൽ എന്ന കവിത അവസാനിക്കുന്നിടത്ത് എഴുത്ത് തനിക്കെന്താണെന്ന് ദർവീശ് പ്രഖ്യാപിക്കുന്നു."എഴുത്ത് എന്നത് നാശത്തെ കടിക്കുന്ന ഒരു കൊച്ചു ഉറുമ്പാണ്,എഴുത്ത് രക്തരഹിതമായ മുറിവാണ് " എന്ന് (മഹ്മൂദ് ദർവീശിന്റെ കവിതകൾ, താൾ: 28, കവിത: ഉപരോധത്തിൽ).

        യുദ്ധം സ്വപ്നങ്ങളെ വേട്ടയാടുന്നതെങ്ങനെയെന്ന് ഫലസ്തീൻ കവിതയിലെന്ന പോലെ അവതരിപ്പിക്കാൻ മറ്റൊരു ഭാഷക്കും കെൽപില്ല. ദർവീശ് കവിതകളിലധികവും പരമ്പരാഗത അറബിരീതിയിലായിരുന്നു. തുടർന്ന് 1970-ൽ ഫ്രീ വെയ്സ് മോഡലിലേക്ക് അദ്ദേഹത്തിന്റെ കവിത മാറുന്നു. അറേബ്യൻ കവിതകളിൽ നിന്നു വ്യത്യസ്തമായ ശൈലിയാണ് അദ്ദേഹം ആവിഷ്കരിച്ചത്. ഒട്ടും അതിഭാവുകത്വമോ അതിശയോക്തിയോ അതിരുവിട്ട അലങ്കാരപ്രയോഗമോ ദർവീശ് കവിതകളിൽ കാണുന്നില്ല. തീർത്തും ലളിതവും സാധാരണവുമായ വാക്കുകൾ കൊണ്ട് അദ്ദേഹം കവിത കോർക്കുന്നു. അദ്ദേഹത്തിന്റെ രചനാശൈലിയും ലളിതമാണ്. ദൈനംദിന ഭാഷയിലെ വാക്കുകൾ ഉപയോഗിച്ച് ശക്തവും തീവ്രവുമായ പദക്കൂട്ടുകൾ ഉണ്ടാക്കി തീക്ഷ്ണമായി അവതരിപ്പിക്കാൻ ദർവീശിന് കഴിയുന്നു. പോരാടുന്ന ഒരു കവിയെ സംബന്ധിച്ച് സൗന്ദര്യത്തെക്കാൾ പ്രധാനം വാക്കുകളുടെ മൂർച്ഛയാണ്. തന്റെ കവിതയുടെ ഭാഷയും ദർശനവും ദർവീശ് തന്നെ വ്യക്തമാക്കിയിട്ടുണ്ട് "സ്വാതന്ത്രത്തിനുമപ്പുറം ഒരു സൗന്ദര്യ ദർശനമില്ല" എന്നാണത്. (മഹ്മൂദ് ദർവീശിന്റെ കവിതകൾ, താൾ: 25, കവിത: ഉപരോധത്തിൽ)       

അണിയണിയായി തോക്കു നെഞ്ചിനു നേരെ ഉയർത്തിപ്പിടിച്ച് വരുന്ന പട്ടാളക്കാരെ എതിരിടുന്ന കവിക്ക് സിദ്ധാന്തങ്ങളും ദർശനങ്ങളും കേൾക്കാൻ മനസുണ്ടാവില്ല. അതുകൊണ്ടാണ് ദസ്തയവസ്കിയേയോ ഉമ്മുകുൽസുമിനെയോ മരിയാ കല്ലാസിനെയോ മറ്റാരെയെങ്കിലുമോ കേൾക്കാൻ തനിക്കാവുന്നില്ലെന്ന് (ഉപരോധത്തിൽ) ദർവീശ് പറഞ്ഞുവെച്ചത്. പാശ്ചാത്യർ അറബികളുടെ ഭാഷയെയും സംസ്കാരത്തെയും അപമാനിക്കാൻ ഹീനമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഫലസ്തീനിനു വേണ്ടി ഒരു ജന്മം ശബ്ദിച്ച എഡ്വേർഡ് സെയ്ദ് അത്തരം കുടിലതകളെ തുറന്നുകാട്ടിയിരുന്നു. അറബികളെ ഇകഴ്ത്താൻ പാശ്ചാത്യർ എടുത്തുപയോഗിക്കുന്ന ആക്ഷേപങ്ങളെ വിലവെക്കാതെ സ്വന്തം സ്വത്വബോധത്തിന്റെ അന്തസ്സ് ആത്മവിശ്വാസത്തോടെ ആവിഷ്കരിക്കാൻ ദർവീശ് തന്റെ കവിതകളിൽ ബോധപൂർവ്വം ശ്രമിക്കുന്നതു കാണാം. ഫലസ്തീനിലെ പൂർവികരുടെ ഗോത്രസ്മൃതികളെ അഭിമാനപൂർവം ഏറ്റു പാടുമ്പോൾ ദർവീശ് പ്രാഗ് അറബിക്കവികളുടെ സ്വരം ഓർമിപ്പിക്കുന്നു.   

      " ഇത് രേഖപ്പെടുത്തൂ

        ഞാൻ ഒരറബിയാകുന്നു.

        തലമുടിയുടെ നിറം: കരിങ്കറുപ്പ്

        കണ്ണുകളുടെ നിറം: തവിട്ട്

        എന്റെ തിരിച്ചറിയൽ അടയാളങ്ങൾ:

        എന്റെ കഫിയ്യയെ ഉറപ്പിച്ചു നിറുത്തുന്ന

        ഇഗാലുകൾ തൊടുന്നവന് ചൊറിയും.

        എന്റെ മേൽവിലാസം:

        വിദൂരവും വിസ്തൃതവുമായ

        ഒരു ഗ്രാമത്തിൽ നിന്നുള്ളവനാണ് ഞാൻ

        അതിന്റെ തെരുവുകൾക്ക് പേരില്ല

        അവിടുത്തെ മനുഷ്യരെല്ലാം

        പാടത്തും പാറമടകളിലുമാണ്

        അതിലെന്തുണ്ട് ദേഷ്യപ്പെടാൻ?"

(മഹ്മൂദ് ദർവീശിന്റെ കവിതകൾ

താൾ:47 ,കവിത: തിരിച്ചറിയൽ കാർഡ്)

പലസ്തീനികൾ ഇസ്ലാം ആശ്ലേഷിക്കുന്നതിനു മുമ്പും ശേഷവും സഹസ്രാബ്ദങ്ങളായി മണ്ണിനെ നെഞ്ചിലേറ്റിയ കർഷകരായിരുന്നു. ദർവീശ് ഇക്കാര്യം തന്റെ കവിതകളിൽ ഊന്നിപ്പറയുന്നുണ്ട്. പലസ്തീനിലെ പൊന്നു വിളയുന്ന മണ്ണിൽ നിന്നും ഒരു പിടി വാരിയെടുക്കാനായി കുനിയുന്ന തന്റെ പിതാവിന്റെ ചിത്രം ദർവീശ് ഒരു കവിതയിൽ വരച്ചിട്ടിട്ടുണ്ട്. പലസ്തീനികളുടെ ജീവിതം എത്രത്തോളം മണ്ണിനോട് കൂറുപുലർത്തുന്നതാണെന്ന് അത് പറയുന്നുണ്ട്. അതേ സമയം ലോകത്ത് അശരണരായി അങ്ങുമിങ്ങും നടന്ന യഹൂദർ ഒരു വാഗ്ദത്ത ഭൂമി എന്ന സങ്കൽപം യാഥാർത്ഥ്യമാകും പോലെ ഒരു വിദേശ ഭൂമിയിലേക്കാണ് ചെന്നു കയറിയത്. അവർക്കത് ഒരു പ്രതീക്ഷയും ധൈഷണിക സങ്കൽപവുമായിരുന്നു. വെള്ള ആമ്പലുകളെ സ്വപ്നം കാണുന്ന പട്ടാളക്കാരൻ' എന്ന തന്റെ കവിതയിൽ ഒരു യഹൂദയോദ്ധാവിനെക്കൊണ്ട് പലസ്തീനിലെ മണ്ണ് തന്റെ ചർമ്മമോ ഹൃദയമിടിപ്പോ അല്ല എന്ന് ദർവീശ് സമ്മതിപ്പിക്കുന്നുണ്ട്.

2002-ലെഴുതിയ ഉപരോധത്തിൽ എന്ന ഖണ്ഡകാവ്യം ഏറെ പ്രശസ്തമാണ്. മരണത്തിന്റെ നേർകാഴ്ചകളെ ത്യാഗസന്നദ്ധനായ ഒരു സമരഭടന്റെ നിർവികാരതയോടെ അഭിമുഖീകരിക്കുന്ന ജിദ്രിയ (2000) എന്ന കൃതിയും ഏറെ ആഘോഷിക്കപ്പെട്ടു. നിരന്തരം വെടിയൊച്ചകൾ കൊണ്ട് മുഖരിതമാവുന്ന ഫലസ്തീന്റെ നഷ്ടങ്ങളെ കവി ചടുലതയോടെ ആവിഷ്കരിക്കുന്നു.

    " ദിവസവും രണ്ടിനും എട്ടിനുമിടയ്ക്കാണ്

      ഞങ്ങളുടെ നഷ്ടങ്ങൾ

      പത്തുപേർക്ക് പരിക്കേൽക്കുന്നു

      ഇരുപതു വീടുകൾ

      ഇല്ലായ്മ ചെയ്യപ്പെടുന്നു.

      നാൽപത് ഒലിവ് തോട്ടങ്ങൾ

      നശിപ്പിക്കപ്പെടുന്നു.

      കവിതയുടെയും നാടകത്തിന്റെയും

      പൂർത്തീകരിക്കപ്പെടാത്ത

      പെയിൻ്റിങ്ങിന്റെയും

      ഞരമ്പുകൾക്കേൽക്കുന്ന ഘടനാപരമായ

      നാശത്തിനു പുറമെയാണിത്"

(മഹ്മൂദ് ദർവീശിന്റെ കവിതകൾ, താൾ: 18, കവിത :ഉപരോധത്തിൽ)         

ഏറെ പ്രശസ്തമായ ഉപരോധത്തിൽ അദ്ദേഹം എഴുതി: "ഒരു സ്ത്രീ മേഘങ്ങളോട് യാചിച്ചു. എന്റെ പ്രിയതമനെ ആശ്ലേഷിക്കൂ. എന്റെ വസ്ത്രങ്ങൾ അവന്റെ ചോരയാൽ കുതിർന്നിരിക്കുന്നു". ഈ തേങ്ങലിൽ ഫലസ്തീൻ ജനതയുടെ  മുഴുവൻ ദൈന്യവുമുണ്ട്. മകന്റെ ശവസംസ്കാരത്തിൽ ആ സ്ത്രീ അവനു വേണ്ടി പ്രാർത്ഥിക്കുന്നതാണത്. മരണവും നഷ്ടവും ഒരു സാധാരണ സംഭവമെങ്കിലും അത് സ്വാഭാവികമാവുന്നില്ല. വ്യക്തി-ആൾക്കൂട്ട സമസ്യ അദ്ദേഹത്തിന്റെ കവിതകളിലും ഉത്തരം കിട്ടാതെ തുടർന്നു പോരുന്നുണ്ട്.             

സ്വതന്ത്രരായി ജീവിച്ച പലസ്തീനികൾ ദിനംതോറും തടവുകാരായി മാറി.എന്നും സ്ഫോടനങ്ങൾ അരങ്ങേറുന്നതു കൊണ്ട് അവരുടെ രാത്രികൾ ഭയാനകവും അസുന്ദരവുമായി മാറുന്നു. ദിനംതോറും ശത്രുക്കൾ പെരുകി വരുന്നു. കവികളുടെ കുലപതിയായിരുന്ന അയ്യൂബിന്റെ കവിതകൾക്ക്‌ ശേഷം അവർ ഒന്നും ഓർക്കുന്നില്ല. ഉപരോധത്തിന് കീഴിൽ ആദ്യ നിമിഷത്തെ കുറിച്ചുള്ള ഓർമ്മക്കും അവസാനത്തെ മറവിക്കും ഇടയിലെ ഒരു നിമിഷമാകുന്നു ജീവിതം.ഏതു നിമിഷവും ബോംബ് വർഷിക്കാനിടയുണ്ട്. അതിനാൽ ആത്മാവ് വെടിയുന്നവരെപ്പോലെയും തടവുകാരെപ്പോലെയും അവർക്ക് ജീവിതം കയ്പേറിയതാകുന്നു. ദർവീശിന്റെ വീട്ടുകാരിക്ക് ഫലസ്തീൻ പതാകക്ക് കളങ്കമേൽക്കരുതെന്ന മോഹമുണ്ട്.

" ഇവിടെ ഹോമറുടെ മുഴക്കമൊന്നുമില്ല.

 ട്രോയിയിൽ നിന്നും

 കുതിച്ചു വരുന്ന

 കുതിരയുടെയുള്ളിൽമറഞ്ഞു കിടക്കുന്ന,

 ഉണരുന്ന രാജ്യത്തിന്റെ

 അവശിഷ്ടങ്ങളിൽ തിരയുന്ന

 ഒരു ജനറൽ മാത്രം "

( ഉപരോധത്തിൽ, പുറം: 13 )

യുദ്ധം അത്രമേൽ ഭയാനകവും അതിസാധാരണവും അനിശ്ചിതത്വവുമാണ്. ഈയാംപാറ്റകൾ വിളക്കിനടുത്തേക്ക് കൂട്ടമായി വരുംപോലെ അഭയാർത്ഥി ക്യാമ്പുകൾ നിറയുന്നു. മേഘത്തോടുപമിച്ച് തന്റെ പുത്രനോട് നീ മഴയോ മരമോ അല്ലെങ്കിലൊരു കല്ലെങ്കിലുമാവണമെന്ന് അനാഥത്വത്തിന്റെയും ദുഃഖത്തിന്റെയും ആഴങ്ങളിൽ നിന്നു പറയുന്നു. തനിക്ക് എല്ലാ മനുഷ്യരെയും പോലെ ഉപ്പയും ഉമ്മയും സഹോദരിയും നിറയെ ജനാലകളുള്ളൊരു വീട്ടുമുണ്ട്. എന്നിട്ടും ഒരു തടവറയും കൂടെയുണ്ട് എന്നത് അവരെ തളർത്തുന്നു. ദയനീയമായ തകർച്ചകളെ വിധിയായി മുന്നിൽ കണ്ട് ജീവിക്കുന്ന മനുഷ്യരുടെ നിരാശയും വേദനയും അനിശ്ചിതത്വവും കവിതയെ പൊള്ളിക്കുന്ന അനുഭവമാക്കി മാറ്റുന്നു. പലസ്തീനിയൻ സ്വാതന്ത്രസമരത്തിന്റെ മുഖ്യശബ്ദമായി അദ്ദേഹത്തിന്റെ കവിത മാറുന്നു.

" ഞങ്ങളുടെ പൂർവപിതാക്കളുടേതായി

യാതൊന്നും ഞങ്ങളിൽ അവശേഷിക്കുന്നില്ല,

പക്ഷെ, ഞങ്ങളുടെ രാവിലത്തെ കാപ്പിയുടേതായ

ഞങ്ങളുടെ നാട് ഞങ്ങൾക്ക് വേണം

പ്രാചീന സസ്യങ്ങളുടെ സുഗന്ധം

ഞങ്ങൾക്കു വേണം

ഞങ്ങൾക്ക് ഒരു പ്രത്യേക വിദ്യാലയം വേണം

ഞങ്ങൾക്ക് ഒരു പ്രത്യേക ഖബർസ്ഥാൻ വേണം.

ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം

ഒരു തലയോട്ടിയോളം….. ഒരു പാട്ടും".

(മഹ്മൂദ് ദർവീശിന്റെ കവിതകൾ, താൾ: 62, കവിത: കടലിലെ അതിഥികൾ)      

പലസ്തീനിയൻ ജനതയ്ക്കു വേണ്ടി, അവരുടെ സ്വാതന്ത്രത്തിനു വേണ്ടി ഒരിക്കലും തളരാതെ, കീഴടങ്ങാതെ പൊരുതിക്കൊണ്ടിരിക്കുന്ന പ്രതിരോധ നായകൻ ദർവീശിന്റെ ആദ്യകാല കവിതകളിലെ കേന്ദ്രബിംബമാണ്. ഈ പ്രതിരോധ നായകൻ പിൽക്കാല കവിതകളിൽ നിന്നും പാടെ അപ്രത്യക്ഷമായി എന്നു പറയാനാവില്ല. പക്ഷെ,1982-ൽ പി എൽ ഒ ബെയ്റൂത്തിൽ നിന്നും ബഹിഷ്കൃതമായതോടെ ദർവീശ് കവിത ഏറെക്കുറെ ആശയറ്റതായി മാറി.

              പ്രത്യക്ഷവും ശക്തവുമായ ദേശീയതാസങ്കൽപം ദർവീശ് കവിതയിൽ ദർശിക്കാം. ജന്മനാടിനെ മാതാവായും പ്രിയതമമായും ഒക്കെ ദർവീശ് ചിത്രീകരിക്കുന്നു. പ്രവാസവും ഗൃഹാതുരത്വബോധവും സ്വാതന്ത്രദാഹവും ഒക്കെയായി ജന്മനാടിനോടുള്ള സ്നേഹവും വിലാപവും മുറവിളികളും കവിതയിലുണ്ട്. ദർവീശ് ഫലസ്തീൻ ജനതയുടെ ആത്യന്തിക ശ്വാസോച്ഛാസവും അപഹ്യദയരുടെ ശബ്ദമുള്ള  സാക്ഷിയുമാണെന്ന് പ്രശസ്ത കവി ഹോവി ശിഹാബ്നയെ അഭിപ്രായപ്പെടുന്നുണ്ട്. ദർവീശ് കവിതയിലെ ആധാരശില ദേശീയതയാണ്. പിറന്ന മണ്ണിനോടുള്ള സ്നേഹം കവിതകളിൽ പ്രകടമാണ്. ഈ കവിത ഇസ്രയേലിനെയും മാനവികതയുടെ ശത്രുക്കളായ അധികാരശക്തികളെയും  കിടിലം കൊള്ളിച്ചു. സ്വന്തം മണ്ണിനായി ദാഹിക്കുന്ന കവിതകളാണത്. അദ്ദേഹത്തിന്റെ വിഖ്യാത കവിതകളിൽ മിക്കതിലും പലസ്തീനിയൻ അറബ് ദേശീയതയുടെ സ്വരം കേൾക്കാം. തിരിച്ചറിയൽ കാർഡ് എന്ന കവിത ഉത്തമ ഉദാഹരണമാണ്

 

 " ഞാൻ മനുഷ്യരെ വെറുക്കുന്നില്ല.

   ആരുടെയും വസ്തുവിൽ ഞാൻ

   അതിക്രമിച്ച് കടക്കുന്നില്ല.

   എന്നാൽ, എനിക്ക് വിശന്നാൽ

   എന്റെ കവർച്ചക്കാരന്റെ

   മാംസം ഞാൻ തിന്നും

   സൂക്ഷിക്കുക, സൂക്ഷിക്കുക എന്റെ വിശപ്പിനെ

   എന്റെ കോപത്തെ !"

(മഹ്മൂദ് ദർവീശിന്റെ കവിതകൾ, താൾ: 48,

കവിത: തിരിച്ചറിയൽ കാർഡ്)

തങ്ങളുടെ മണ്ണ് കവർന്നെടുത്തവർക്കുള്ള പ്രകടമായ താക്കീതാണ് ഈ കവിത. ഇസ്രയേലിന്റെ ക്രൂരതയിൽ ഞെരിഞ്ഞമർന്ന പലസ്തീന്റെ പോരാളികളുടെ ഹൃദയത്തിൽ ഈ കവിത വിപ്ലവത്തിന്റെ കനലൂതുകയാണ് ചെയ്തത്.

ഓരോ നദിക്കും അതിന്റെ ഗതിയും ഒഴുക്കും ജീവിതവുമുണ്ടെന്ന് ഓർമിപ്പിക്കുന്നതിലൂടെ ഫലസ്തീനും സ്വന്തമായ ഒരു ദേശീയ സ്വത്വമുണ്ടെന്ന് കവി വിളിച്ചു പറയുന്നു. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ജന്മനാടിനെ കുറിച്ചുള്ള തീക്ഷ്ണമായ പ്രഖ്യാപനമാണത്.

 

 "എന്റെ സുഹൃത്തേ,

   നൈൽ നദി വോൾഗയിലേക്ക് ഒഴുകുകയില്ല.

   കോംഗോ നദിയും ജോർദാൻ നദിയും

   യൂഫ്രട്ടീസിലേക്കും ഒഴുകുകയില്ല.

   ഓരോ നദിക്കും അതിന്റെ ഉത്ഭവസ്ഥാനവും

   ഗതിയും ജീവിതവുമുണ്ട്.

   എന്റെ സുഹൃത്തേ ഞങ്ങളുടെ മണ്ണ് വന്ധ്യമല്ല

   ഓരോ മണ്ണിനും ജന്മമെടുക്കാൻ

   അതിന്റെ        സമയമുണ്ട്. ഓരോ പ്രഭാതത്തിനും ഒരു

   പോരാളിയുമായി സംഗമവേളയുണ്ട്".

(മഹ്മൂദ് ദർവീശിന്റെ കവിതകൾ, താൾ: 43, കവിത: ആഗ്രഹങ്ങളെപ്പറ്റി).           

         ദർവീശിന്റെ കവിതയിലെ പ്രിയതമ തനിക്കു നഷ്ടപ്പെട്ട ജന്മനാടാണ്. അവളുമായി ഒരു സംഗമത്തിനുള്ള സമയം ഇനിയും എത്തിയിട്ടില്ല. നഷ്ടപ്പെട്ട നാടിനോടുള്ള പ്രേമം അദ്ദേഹത്തിന്റെ കവിതയിൽ തടഞ്ഞു നിർത്താനാവാത്ത വികാരമായി സ്ഫുരിക്കുന്നു. നാടുകടത്തിയാലും ഞങ്ങൾ പോകില്ലെന്നും വെടിയുതിർത്താലും ഞങ്ങളുടെ വഴിയിൽ തുളകൾ വീഴ്ത്താൻ ആവില്ലെന്നും കവിത പ്രതിരോധിക്കുന്നു. അവസാനത്തെ അതിർത്തിയും മുറിച്ചുകടന്ന് ഞങ്ങൾ എവിടെ പോകാനാണെന്നും അനന്തമായ ആകാശത്തിനപ്പുറത്തേക്ക് പക്ഷികൾ എങ്ങോട്ടു പറക്കുമെന്നും ജനതയുടെ മുഴുവൻ സ്വരമായി കവിത ചോദിക്കുന്നു.          

ഗൃഹാതുരത്വമാണ് ദർവീശ് കവിതകളെ ജീവസ്സുറ്റതാക്കുന്ന മറ്റൊരു ഘടകം. മാതാവ്, മാതൃഭൂമി, വീട് എന്നിങ്ങനെ പല പേരുകളാൽ ജന്മനാടിനെ കവി അവതരിപ്പിക്കുന്നുണ്ട്. നാടുകടന്നവന്റെ കത്ത് എന്ന കവിതയിൽ ദർവീശ് ഭാവതീവ്രമായി പാടുന്നു:

"നമ്മുടെ സഹോദരിക്ക് എങ്ങനെ?

അവൾ വളർന്നു വലുതായോ? അവൾക്കു

വിവാഹാഭ്യർത്ഥനയുമായി ആളുകൾ വന്നുവോ?

എന്റെ ഉമ്മുമ്മക്ക് എങ്ങനെ?

നമ്മുടെ ഐശ്വര്യത്തിനും ആരോഗ്യത്തിനും

അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്കും വേണ്ടി

പ്രാർത്ഥിച്ചു കൊണ്ട് അവർ ഇപ്പോഴും

വാതിൽ പടിക്കടുത്ത് ഇരിക്കാറുണ്ടോ?

നമ്മുടെ വീടെങ്ങനെ,

നല്ലവണ്ണം തേഞ്ഞ അതിന്റെ വാതിൽപ്പടി,

ചൂടു പകരുന്ന സ്റ്റൗവ്, വാതിലുകൾ ?"

(മഹ്മൂദ് ദർവീശിന്റെ കവിതകൾ, പുറം: 41,കവിത: നാടുകടന്നവന്റെ കത്ത് )

വീടില്ലാത്തവർ വീടില്ലാത്തവർക്കയക്കുന്ന സന്ദേശങ്ങൾ പോലെ അത്രമേൽ പ്രതീക്ഷാനിർഭരവും ഗൃഹാതുരത്വം നിറഞ്ഞതുമാണ് കവിത. പ്രവാസവും അഭയാർത്ഥിത്വവും തടവുജീവിതവുമെല്ലാം ജന്മനാടിനോടുള്ള ഗൃഹാതുരത വർദ്ധിപ്പിക്കുന്നു. സ്വന്തം മണ്ണിൽ അന്യരെപ്പോലെ യാത്രാപാസ്സും പൗരത്വരേഖകളുമായി നടക്കേണ്ട ഗതികേട് ഫലസ്തീനികൾക്കല്ലാതെ ലോകത്ത് മറ്റൊരു രാജ്യത്തെ പൗരന്മാർക്കുമില്ല. ഏതു നിമിഷവും കെട്ടിച്ചമച്ച ചാർജ് ഷീറ്റുമായി ഇസ്രയേൽ പോലീസ് ഫലസ്തീനികൾക്കു പിന്നാലെയുണ്ടാകും. ഫലസ്തീനിലെ ഈ സാധാരണ അനുഭവത്തിലേക്ക് ദർവീശ് വിരൽ ചൂണ്ടുന്നു.

"അവന്റെ പോക്കറ്റിൽ കുറച്ച് തുർക്കി നാണയങ്ങൾ അവർ കണ്ടു,

ഒരു കൂട് തീപ്പെട്ടി, ഒരു യാത്രാ പാസ്,

അവന്റെ ഇളംകൈയിൽ പച്ചകുത്തിന്റെ

അടയാളങ്ങൾ.

ഉമ്മാ അവന്റെ അസാന്നിധ്യം അറിഞ്ഞു.

വർഷംതോറും അവന്റെ ദുഃഖാചരണം നടത്തി.

അവന്റെ കണ്ണുകളിൽ വിഹ്വലത മുളപൊട്ടി.

ഇരുട്ട് കനക്കുകയും ചെയ്തു.

അവന്റെ സഹോദരൻ വളർന്ന്

നഗരത്തിലെ കമ്പോളങ്ങളിൽ

ജോലി അന്വേഷിച്ച് ചെന്നപ്പോൾ

അവർ അവനെ ജയിലിലടച്ചു:

അവന്റെ കയ്യിൽ യാത്രാ പാസ്

ഉണ്ടായിരുന്നില്ല."

(മഹ്മൂദ് ദർവീശിന്റെ കവിതകൾ, പുറം: 53, കവിത: ഇര നമ്പർ 48)

 

ഇത്തരത്തിൽ നിരന്തരം ഇരകളും സ്വന്തം നാട്ടിൽ അന്യരുമാക്കി തീർക്കുകയുമാണ് ഇസയേൽ ഫലസ്തീനോടു ചെയ്തത്. 

  ഇറാഖ് എന്ന് മാത്രം വിളിച്ചു പറയുന്ന രാഷ്ട്രസ്നേഹിയായ അസ്സയ്യാബിനെ ഓർക്കുമ്പോൾ ജനം ചിന്തിക്കുന്നത് കവിയാകാൻ ഇറാഖിൽ ജനിച്ച് ജീവിക്കണമെന്നാണ്. ജീവിതത്തിന്റെ ത്യാഗങ്ങളും കൈപ്പുനീരുമെല്ലാം അനുഭവിക്കുന്നിടത്താണ് കവിത ജനിക്കുന്നത് എന്ന് സൂചിപ്പിക്കാനാണ് കവി ഇങ്ങനെ പരാമർശിച്ചത്. എന്ത് പറയണം, എവിടെ തുടങ്ങണം, എങ്ങനെ അവസാനിപ്പിക്കണം എന്നൊന്നുമറിയാത്ത അത്ര ഭാരം പേറുന്ന നാടു കടന്നവന്റെ കത്ത് എന്ന കവിത അതിശയിപ്പിക്കുന്നു. കടൽപ്പക്ഷികൾ തട്ടിപ്പറിച്ചു കൊണ്ടുപോയ ഒരു തിരയും ഒരു ചന്ദ്രനും ഒരു ഒലീവ് മരവും മാത്രമുള്ളവനായി കവി മാറുന്നു. ആകാശം വീണുപോകാതെ രക്ഷിക്കുന്ന സൈപ്രസുകളും ഹെലികോപ്റ്ററുകൾ അപ്രത്യക്ഷമാകുമ്പോൾ വന്നെത്തുന്ന പ്രാവുകളും മേഘത്തോട് പ്രാർത്ഥിക്കുന്ന സ്ത്രീയും ഫലസ്തീന്റെ സ്വപ്നചിത്രമായി മാറുന്നു.പ്രണയം, മരണം എന്നിവയും അദ്ദേഹത്തിന്റെ കവിതയുടെ തീവ്ര വിഷയങ്ങളായിരുന്നു. സ്നേഹമായിരുന്നു ദർവീശിന്റെ ഭാഷ. തിന്നാൻ ഗോതമ്പും കുടിക്കാൻ വെള്ളവും നമുക്ക് ലഭിക്കുന്നില്ലെങ്കിൽ നമ്മൾ നമ്മുടെ സ്നേഹത്തെ തിന്നുകയും കണ്ണീർ കുടിക്കുകയും ചെയ്യണമെന്നാണ് കവി അഭ്യർത്ഥിക്കുന്നത്. ശത്രുവിനോടു പോലും സ്നേഹത്തിന്റെ ഭാഷയിൽ സംവദിക്കാനാണ് കവി ശ്രമിക്കുന്നത് ഒരേസമയം മൂർച്ചയേറിയ പ്രഹരവും സ്നേഹത്തിന്റെ ഗാഢമായ സ്പർശനവുമായി ദർവീശിന്റെ വാക്കുകൾ മാറുന്നു. അത് വേദനകളെയും രോഷങ്ങളെയും നിരാശകളെയും സ്വപ്നങ്ങളെയും ചരടുകോർക്കുന്നു. പാലസ്തീൻ ജനതയുടെ ദേശീയ കവിയായി ദർവീശ് ഉയർത്തപ്പെടുന്നത് അതുകൊണ്ടാണ്.

 

  • അഡോണിസ് കവിത;വിപ്ലവവും ആത്മീയതയും

             കവിതയെ രാഷ്ട്രീയപരിസരത്തോടുള്ള പ്രതിരോധവും ആത്മീയമായ വിമോചനവുമാക്കി മാറ്റുകയാണ് അഡോണിസ് ചെയ്യുന്നത്. ലോകത്തെ മനോഹരമായ നിർമ്മിതികളെല്ലാം കവിതയാണെന്ന് പഠിപ്പിക്കുകയും കവിതയിലൂടെ സമൂഹത്തെ മാറ്റാനാവുമെന്ന് വിശ്വസിക്കുകയും ചെയ്ത കവി. യുദ്ധങ്ങളുടെയും അഭയാർത്ഥിത്വത്തിന്റെയും രക്തച്ചൊരിച്ചിലുകളുടെയും സിറിയൻ ഭൂമിയെ അദ്ദേഹം കവിതയിലാവിഷ്കരിക്കുകയും വിപ്ലവാത്മകവും പ്രതിരോധാത്മകവുമായി കവിതയെ ഉപയോഗിക്കുകയും ചെയ്യുന്നതു കാണാം.കവിതയിലെ ദേശസങ്കൽപത്തിന് പല മാനങ്ങളുമുണ്ട്. അത് കവിതയിൽ കവി നിർമ്മിച്ചെടുക്കുന്ന ഭാവുകത്വപരമായ ദേശവും അതോടൊപ്പം കവിത നിലനിൽക്കുന്ന സ്ഥലപരമായ സാഹചര്യവുമാണ്. അഡോണിസ് ഒരേ സമയം യാഥാർത്ഥ്യത്തിൽ നിന്നുയർന്ന് അയഥാർത്ഥ കൽപനകളെ പുണരുന്നുണ്ടെങ്കിലും സിറിയൻ ജീവിതസത്തയെ അത് പരോക്ഷമായി ആവിഷ്കരിക്കുന്നുണ്ട്. തന്റെ ചുറ്റുപാടിനെ ഭൂമിയും ആകാശവുമായി വ്യാപകമായ അർത്ഥത്തിലും പ്രകൃതി പ്രതിഭാസങ്ങളിൽ മനുഷ്യത്വം ആരോപിച്ചും പുതിയൊരു ഭൂമിക തന്നെ അഡോണിസ് നിർമ്മിച്ചെടുക്കുന്നു. സ്ഫോടനങ്ങളും പ്രകമ്പനങ്ങളും നിത്യമായ അശാന്തതയുമുള്ള സിറിയൻ ദേശത്തിന്റെ ചിത്രവും അഡോണിസിന്റെ കവിതയിൽ വ്യക്തമായി കാണാം.   

       യുദ്ധം തുടങ്ങിയത് മുതൽ അതെന്തിന് വേണ്ടിയെന്ന് പോലും അറിയാതെ അനുഭവിക്കുന്നവരാണ് സിറിയൻ ജനത. ഈ കാലത്തിനിടയിൽ കൊല്ലപ്പെട്ടവരുടെ  എണ്ണം നാലുലക്ഷമാണ്. അതിലധികവും സ്ത്രീകളും കുട്ടികളുമാണ്. തോക്കിൻകുഴലിന് മുന്നിൽ ഇല്ലാതാവുന്ന നിസ്സഹായ ബാല്യങ്ങളാണവിടെ. ബോംബാക്ര മണങ്ങളിലും രാസായുധ പ്രയോഗത്തിലും ഇല്ലാതാവുന്ന ജീവനുകളുടെ എണ്ണത്തിനൊപ്പമോ അതിലധികമോ ആണ് ഭക്ഷണം കിട്ടാതെ മരിക്കുന്നവരുടെ എണ്ണം. ആയുധങ്ങൾ ആവശ്യത്തിലധികം വിതരണം ചെയ്യുന്ന ലോകരാഷ്ട്രങ്ങൾ അവിടുത്തെ ജനങ്ങളുടെ ദുരിതത്തിനു നേരെ കണ്ണടക്കുന്നു എന്നതാണ് സങ്കടകരം. ഏഴ് വർഷത്തിനിടെ സ്വന്തം നാടും രാജ്യവും വിട്ട് സിറിയയിൽത്തന്നെ അഭയാർത്ഥികളായി കഴിയുന്നവർ ഒരു കോടിയിലധികമാണെന്നാണ് ഔദ്യോഗിക കണക്ക്. കലാപം തുടങ്ങുന്നതിനു മുമ്പുണ്ടായിരുന്ന സിറിയൻ ജനസംഖ്യയുടെ പകുതിയിലധികവും കൊല്ലപ്പെടുകയോ നാട് വിട്ട് പോവുകയോ ചെയ്തു.രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തുണ്ടായ ഏറ്റവും വലിയ അഭയാർത്ഥിപ്രവാഹമാണ് സിറിയയിൽ നിന്നുള്ളത്. സമാധാനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനകളെല്ലാം സിറിയയിലെ മനുഷ്യാവകാശധ്വംസനത്തിനു മുമ്പിൽ നിഷ്ഫലമായിപ്പോയി. കൊല്ലപ്പെട്ടവരുടെ എണ്ണമെടുക്കുന്നതിൽ മാത്രം ഒതുങ്ങിപ്പോയി പല സംഘടനകളുടെയും പ്രവർത്തനം. ഭക്ഷണവും മരുന്നും വിതരണം ചെയ്യാനെത്തുന്ന സംഘടനകളിൽ നിന്നുള്ള ചിലർ ജനങ്ങളെ ചൂഷണം ചെയ്യുന്നു പോലുമുണ്ട്. ഭരണകൂടത്തിന്റെയും ലോക രാഷ്ട്രങ്ങളുടെയും നിരന്തരമായ അടിച്ചമർത്തലുകൾക്ക് വിധേയമാകുന്ന സിറിയൻ ദേശത്തിന്റെ ചിത്രം ഒളിഞ്ഞും തെളിഞ്ഞും അഡോണിസിന്റെ കവിതകളിൽ കാണാനാവും.

            അറബ് സാംസ്കാരികലോകത്തെ കവിതയെ പ്രതിരോധമാക്കിയ കവിയാണ് അഡോണിസ്. കവിതയെ മാറ്റത്തിനായുള്ള ഉപാധിയായി കഴിഞ്ഞ അരനൂറ്റാണ്ടായി ഈ സിറിയൻ കവി ഉയർത്തിക്കാണിക്കുന്നു. ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ അറബികവി എന്നറിയപ്പെടുന്ന അദ്ദേഹം പല തവണ സാഹിത്യ നോബലിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. അഡോണിസ് തന്റെ കവിതകളിൽ വിശാലമായൊരു ജൈവപ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. ദേശീയ വീക്ഷണവും സ്വന്തം അനുഭവങ്ങളും യാതനകളും കൂട്ടിച്ചേർത്ത് അറബി കവിതയിൽ അദ്ദേഹം പുതിയ ഭാവതലങ്ങൾ സൃഷ്ടിക്കുന്നു. ഇന്ന് ലോകത്ത് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന, വായിക്കപ്പെടുന്ന സിറിയൻകാരനായ ആ മഹാ കവിയ്ക്കാണ് സാർവ്വദ്ദേശീയ തലത്തിൽ കവിതയ്ക്ക് ഇന്ത്യയിൽ നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ ആശാൻ വിശ്വ പുരസ്കാരം 2015-ൽ ലഭിച്ചത്. സ്വാതന്ത്ര്യ ബോധത്തിന്റെയും സ്നേഹത്തിന്റെയും പ്രവാചകനായ വിശ്വമഹാ കവി അഡോണിസിന് സ്വാതന്ത്ര്യം തന്നെ ജീവിതമെന്ന് പാടിയ ആശാന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചത് യുക്തിപരമാണ്. അഡോണിസിന്റെ കവിതയും ജീവിതവും ആശാന്റെ സന്ദേശത്തെ അന്വർത്ഥമാക്കുന്നുണ്ട്.  അലി അഹമ്മദ് സെയ്ദ് അസ്ബൻ എന്ന അഡോണിസിന്റെ ജനനം നോർത്ത് സിറിയയിലെ അൽ ഖബാസിൻ എന്ന സ്ഥലത്താണ്. വൈദ്യുതിയോ സ്കൂളുകളോ ഇല്ലാത്ത ഒരു ഗ്രാമത്തിൽ ജനിച്ച്, കർഷകനായ പിതാവിൽ നിന്ന് കവിതയുടെ ബാലപാഠങ്ങൾ ഉൾക്കൊണ്ടാണ് അദ്ദേഹം വളർന്നത്. പതിമൂന്നാം വയസ്സിൽ സ്വതന്ത്രസിറിയയുടെ ആദ്യ പ്രസിഡൻറിന് മുന്നിൽ കവിത തയ്യാറാക്കി അവതരിപ്പിച്ചതിലൂടെയാണ് സ്കൂളിൽ ചേരണമെന്ന  അദ്ദേഹത്തിന്റെ ആഗ്രഹം സാധ്യമാവുന്നത്. സ്കോളർഷിപ്പ് ലഭിക്കുക വഴി സിറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ ബിരുദം നേടുകയും സിറിയൻ പത്രമായ എൽ സവാരിയിൽ എഡിറ്റിംഗിൽ സഹായിക്കുകയും ചെയ്തു. സിറിയൻ ഗവണ്‍മെൻറിനും ഗവണ്‍മെന്റ് അനുകൂല എഴുത്തുകാർക്കും നീരസമുണ്ടാവാൻ ഇത് കാരണമായി. സിറിയൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി പ്രവർത്തനം നടത്തിയതിന്റെ പേരിൽ ആറുമാസത്തോളം ജയിൽവാസം അനുഭവിച്ചു. ജയിൽമോചിതനായ ശേഷം ലെബനനിലേക്കും ലെബനീസ് യുദ്ധത്തെ തുടർന്ന് പാരീസിലേക്കും കുടിയേറി. വിവിധ സർവ്വകലാശാലകളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കവി എന്ന നിലയിൽ ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്കാരങ്ങൾ അഡോണിസിനെ തേടിയെത്തിയിട്ടുണ്ട്. ഗോൾഡൻ വ്രെത്ത് അവാർഡ്, അമേരിക്കൻ സാഹിത്യ അവാർഡ് (2003), നോർവ്വീജിയൻ അക്കാദമിയുടെ ജോണ്‍സണ്‍ പ്രൈസ് (2007), 2011-ൽ ഗോയ്ദേ പുരസ്കാരം, 2014-ൽ ജാനസ്പനാത്തിയോസ് അന്താരാഷ്ട്ര പുരസ്കാരം എന്നിവയാണ് അദ്ദേഹത്തിന് ലഭിച്ച പ്രധാന ആദരങ്ങൾ.

അറബ് കവിതയെ ലോകത്തിന്റെ മുന്നിൽ നിർത്തിയതിൽ പ്രമുഖ സ്ഥാനം അഡോണിസിനുണ്ട്. ഇരുപത് കാവ്യസമാഹാരങ്ങളും, പതിമൂന്ന് നിരൂപണഗ്രന്ഥങ്ങളും അനേകം വോള്യങ്ങൾ വരുന്ന വിവർത്തനങ്ങളും ഉൾപ്പടെ മുപ്പതിലേറെ കൃതികൾ അദ്ദേഹത്തിൻറേതായി ഉണ്ട്. അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത കാലിദ് മത്താവ എഴുതിയ ദീർഘമായ ആമുഖത്തില്“ഉദാത്തതയുമായി മുഖാമുഖം നിൽക്കാനുള്ള അവസരമാണ് തന്റെ കവിതകളിലൂടെ അദ്ദേഹം ഒരുക്കിവെച്ചിട്ടുള്ളത് “ എന്ന് പറയുന്നുണ്ട്. ഖലീൽ ജിബ്രാനും നജീഫ് മഹ്ഫൂസും അടക്കമുള്ള എഴുത്തുകാരുടെ കൃതികൾ ഇംഗ്ലീഷിലൂടെയാണ് മലയാളത്തിലേക്ക് വരുന്നത്. ഡോക്ടർ മുഹമ്മദ് അലി അസ്ക്കർ, അഡോണിസ് കവിതകളുടെ നേരിട്ടുള്ള വിവർത്തനമാണ് നിർവ്വഹിക്കുന്നത്. മലയാളത്തിലേക്ക് വന്ന അറബികൃതികൾക്കാണ് ഭാഷാന്തരനഷ്ടം ഏറ്റവുമധികം സംഭവിച്ചത് എന്ന് വിവർത്തകൻ അഭിപ്രായപ്പെടുന്നുണ്ട്. കേരളത്തോട് മാനസിക ഐക്യം വരുന്ന രീതിയിലാണ് മുഹമ്മദ് അലി അസ്ക്കർ, അഡോണിസ് കവിതകളെ വിവർത്തനം ചെയ്തിരിക്കുന്നത്. വിവിധ മതങ്ങളും അവയുടെ ഉപവിഭാഗങ്ങളുമുള്ള സിറിയയിൽ മതകീയ പരിഗണനകൾക്കപ്പുറം എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെന്ന് വാദിച്ച സോഷ്യലിസ്റ്റ് നേതാവായ അൻതൂൻ സആദയാണ് അഡോണിസിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ കമാൽ ആബൂദീബ് എഴുതിയിട്ടുണ്ട്. സോഷ്യലിസ്റ്റ് ബന്ധം മൂലം തടവിലാക്കപ്പെട്ടതും അഡോണിസ് എന്ന കവിയെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.

    

അറബ് ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും യോഗാത്മക പ്രതീകങ്ങളും ബിംബങ്ങളും കൊണ്ട് സങ്കീർണമായ അസോണിസിന്റെ കവിതകൾ ദുർഗ്രഹമാണെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അവർക്ക് അഡോണിസ് നൽകുന്ന മറുപടി: ഈ ദുർഗ്രഹത പോലെ മറ്റൊന്നും എന്നെ വ്യക്തമാക്കുന്നില്ല; അല്ലെങ്കിൽ അതിങ്ങനെയായിരിക്കണം: ഈവ്യക്തത പോലെ മറ്റൊന്നും എന്നെ ദുരൂഹമാക്കുന്നില്ല. പാരമ്പര്യവാദികളുടെ നിർദ്ദയ അക്രമമാണ് അദ്ദേഹം നേരിട്ടത്.

" ജീവനെ പിടിച്ചുലക്കുന്ന കാറ്റാണെന്റെ വാക്കുകൾ

എന്റെ ഗീതം അഗ്നിസ്ഫുലിംഗനമാണ് "

(അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകൾ, പുറം 74, കവിത :ഓർഫിയൂസ് )

സിറിയൻ സാഹചര്യത്തിൽ തന്റെ കവിതയും വാക്കും എങ്ങനെ പ്രതിരോധമായി മാറുന്നു എന്ന് കവി വ്യക്തമാക്കുകയാണിവിടെ.

" അഗ്നിക്കും മഹാമാരിക്കും നടുക്ക്

എന്റെ ഭാഷയുടെ കൂടെ ഞാൻ ജീവിക്കുന്നു.

ഈ മൂകലോകത്തിൽ "

(അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകൾ, പുറം 71,കവിത : പതനം)

സ്ഫോടനങ്ങൾക്കും ക്ഷാമങ്ങൾക്കും മരണങ്ങൾക്കും നടുക്ക് ഭാഷ മാത്രമാണ് തന്റെ ആയുധമെന്നും മറ്റൊന്നും തന്റെ കയ്യിലില്ലെന്നും പ്രഖ്യാപിക്കുന്നതിലൂടെ അഡോണിസ് ഭാഷയെ ആയുധമാക്കിയ കവിയാകുന്നു.        

മിത്തുകളും പുരാണങ്ങളും വർത്തമാനകാലത്തോട് ഇഴ ചേർന്ന് നെയ്ത അതിമനോഹരമായ ഒരു കൂട്ടം കവിതകളാണ് അഡോണിസിൻറേത്. ചില കവിതകൾ രണ്ടു  വരികൾ മാത്രം. മറ്റു ചിലത് ദൈർഘ്യമേറിയതും. ദർശന വിശാലത കൊണ്ടും മാനുഷികതയെ കുറിച്ചുള്ള ആകുലതകളെ കൊണ്ടും ഭൂമിയിലെ മനുഷ്യജീവിതത്തോട് ആർദ്രത ജനിപ്പിക്കുന്ന ഏതോ ഒരു ഘടകത്തിന്റെ അദൃശ്യസാന്നിധ്യം അഡോണിസിന്റെ കവിതകളിലൂടെ അനുഭവിച്ച് അറിയാം. വർത്തമാനകാലത്തിലെ യാഥാർത്ഥ്യങ്ങൾക്ക് അഡോണിസിന്റെ കവിതകളിൽ ജീവൻ നൽകുന്നത് ഫീനിക്സ് പക്ഷിയും ഹവ്വയുമാണ്.

" ഫീനിക്സ്, അല്ലയോ ചിതാഭസ്‌മമേ, അനുഗ്രഹങ്ങൾ.

ഞങ്ങളുടെ അഗ്നി ചൂടു കൂടിയതാണ്, ഞങ്ങളിൽ നിന്നൊരു പോരാളി ജനിക്കും."

(അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകൾ, പുറം 64,കവിത : പുനർജനിയുടെ മന്ത്രണങ്ങൾ)

        പ്രകൃതി പ്രതിഭാസങ്ങളിലും വസ്തുക്കളിലും മനുഷ്യവ്യവഹാരങ്ങൾ ആരോപിച്ച് അലൗകികമായ ദൃശ്യവാങ്മയങ്ങൾ ചമക്കുന്ന രീതി നെരൂദയിലെ പോലെ അഡോണിസിലും കാണാം.കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടയിൽ എഴുതിയ കവിതയിൽ അസോണിഡിൽ ഈ രീതി പ്രബലമാവുന്നു. തന്റെ കുട്ടിക്കാലത്തേക്കും ഓർമകളിലേക്കും ഗ്രാമജീവിതത്തിലേക്കും തന്റെ സ്വത്വത്തെ നിർണയിച്ച കവിതയുടെ ആന്തരിക പ്രേരണകളിലേക്കും ഒരു ബാലനെപ്പോലെ തിരിച്ചുപോവുകയാണ് കവി.ആഡംബരങ്ങൾ തീർത്തും ഒഴിവാക്കി മുക്തഛന്ദസ്സിന്റെ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തി എഴുതപ്പെട്ട ആത്മഭാഷണങ്ങളാണവ.' വാതിൽപ്പിറകിൽ ഒരു ബാല്യകാലം' (2008) എന്ന കവിതയിൽ തന്റെ ഗ്രാമത്തിലെ വൃക്ഷങ്ങൾക്കു കാമുകന്മാർക്കൊപ്പം നടക്കാറുണ്ട് എന്നും ജനാല വഴി കടന്നു പോകുന്ന കാമുകനെ നോക്കിനിന്ന് മരങ്ങൾ വീടുകൾക്കകത്ത് നൃത്തം ചെയ്യാറുണ്ട് എന്നും ഓർമിക്കുന്നു .     

     ബൈബിളിലെയും ഖുർആനിലെയും മിത്തുകൾ പലയിടങ്ങളിൽ കാണാം. 'അഭിനവ നോഹ ' എന്ന കവിതയിൽ പ്രവാചകനായ നോഹയുടെ കാലത്തെ പ്രളയത്തെയും ജനങ്ങളെ രക്ഷിക്കാതിരുന്ന പ്രവാചകനെയും ദൈവത്തെയും കവി വിമർശിക്കുന്നുണ്ട്.

"കാലം ഒന്നുകൂടി ആദ്യം മുതൽ ആരംഭിച്ചെങ്കിൽ

ജീവന്റെ മുഖത്ത് പ്രളയം വന്നിരുന്നെങ്കിൽ

ഭൂമി കുലുങ്ങിയിരുന്നെങ്കിൽ

ദൈവം ഓടിവന്നു പറഞ്ഞിരുന്നെങ്കിൽ:

'നോഹാ ഞങ്ങൾക്കു വേണ്ടി ഈ ജീവജാലങ്ങളെ രക്ഷപ്പെടുത്തുക "

(അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകൾ, പുറം: 93, കവിത: അഭിനവനോഹ)

നോഹ ചെയ്തത് പോലെ താനൊരിക്കലും ചെയ്യുമായിരുന്നില്ല. ആ ദൈവത്തെ അവഗണിച്ചു മറ്റൊരു ദൈവത്തെ കാത്തിരിക്കുമെന്ന് പ്രഖ്യാപിക്കുന്നു.

    ഗ്രീക്ക് ഫിനിഷ്യൻ ബാബിലോണിയൻ, മെസപ്പൊട്ടേമിയൻ മിത്തുകൾ അഡോണിസ് കവിതയുടെ എല്ലുറപ്പായി നിലകൊള്ളുന്നുണ്ട്.ഫീനിക്സും തമൂസ് ദേവനും ചില കവിതകളിൽ ആവർത്തിച്ചു വരുന്നു.

"തമൂസ് അഗ്നി സ്ഫുലിംഗങ്ങളുടെ ഒരു നദിയാണ്,

അതിന്റെ ആഴത്തിലേക്ക് ആകാശം ഊളിയിടുന്നു.

തമൂസ് ഒരു മുന്തിരിവള്ളിയാണ്, പക്ഷികൾ അതിനെ അവയുടെ കുടുകളിൽ ഒളിപ്പിക്കുന്നു,

ദൈവത്തെപ്പോലെ തമൂസ്. "

(അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകൾ,പുറം 67,കവിത പുനർജനിയുടെ മന്ത്രങ്ങൾ)

                വിചിത്ര കൽപനകളും ബിംബങ്ങളും നിറഞ്ഞതാണ് അഡോണിസ് കവിത. നമുക്കുമുന്നിൽ ദൃഷ്ടിഗോചരമായ സാധാരണവസ്തുക്കളെ നിരത്തി അമൂർത്തമായ ഒരു ലോകം സൃഷ്ടിക്കുകയാണ് ചിത്രകാരൻ കൂടിയായ അഡോണിസ് ചെയ്യുന്നത്. വാക്കുകളുടെ ആശയലോകത്തെക്കാൾ ജീവനുള്ളതും ജീവനില്ലാത്തതുമായ പ്രാപഞ്ചിക സൃഷ്ടികളുടെ ഒരു കൊളാഷാണ് പല കവിതകളും.

      മാറ്റത്തിന് വേണ്ടിയുള്ള അടങ്ങാത്ത ദാഹത്തിൽ നിന്നുണ്ടായ വിപ്ലവ ബോധമാണ് അഡോണിസ് കൃതികളുടെ മുഖമുദ്ര. പല ഭരണകൂടങ്ങൾ വന്ന് പോയിട്ടും നൂറ്റാണ്ടുകൾക്കിപ്പുറവും മാറ്റങ്ങൾ നടക്കാത്ത അറബികളുടെ ചിന്താരീതിയെപ്പറ്റി അദ്ദേഹം ആശങ്കപ്പെടുന്നുണ്ട്. രാഷ്ടീയവിപ്ലവങ്ങളെല്ലാം കപടവിപ്ലവമാണ് എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. സമൂഹത്തിന്റെ അകം പുറം മാറ്റാൻ കവിതക്ക് സാധിക്കുമെന്ന് കവി കരുതുന്നു. അതിന് കവിത തന്നെ സ്വയം മാറണമെന്നും പരമ്പരാഗത ശൈലിവിട്ട് അത് പുറത്ത് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.നാടുകടത്തപ്പെടുക എന്നത് ഒരു അറബ് കവിയെ സംബന്ധിച്ച് ഭൗതികയാഥാർത്ഥ്യം മാത്രമല്ല. അയാൾ ആന്തരികവും ബാഹ്യവുമായ രണ്ടു നാടുകടത്തലുകൾക്കിടയിലാണ് എപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നത്.             

  സിറിയൻ സാഹചര്യങ്ങൾക്ക് കാരണക്കാരായവർ ക്കെതിരെയുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമർശനശരങ്ങൾ അഡോണിസ് കവിതയിൽ കാണാം.

" ഭസ്മരാജൻ

സിംഹാസനത്തിലിരുന്ന് ബൈഅത്ത് സ്വീകരിക്കുന്നു,

മിസൈൽ രാജൻ

തന്റെ അംഗവസ്ത്രം

പ്രജകളുടെ ദേഹത്തിലൂടെ വലിച്ചിഴയ്ക്കുന്നു."

(അeഡാണിസിന്റെ തെരഞ്ഞെടുത്ത കവിതകൾ,പുറം:48,കവിത: ബൈറൂത്തിന് അഭിവാദ്യം )

സിറിയൻ ജനതയ്ക്കു മേൽ അടിച്ചമർത്തൽ നടത്തുന്ന അസദ് ഭരണത്ത്തിനും വ്യോമാക്രമണം നടത്തുന്ന ലോകരാഷ്ട്രങ്ങൾക്കും നേരെ ഒരേ സമയം ഈ വരികൾ വിരൽ ചൂണ്ടുന്നു. നരഹത്യയെ ന്യായീകരിക്കുന്ന ഒരു തെറ്റാണോ ജീവിതമെന്ന് കവി വിലപിക്കുന്നു."എവിടെ കണ്ണീരു നിറയുന്ന കുഴികൾ ?, എവിടെ ആത്മാവ് ശരണം പ്രാപിക്കുന്ന മടകൾ ?എന്ന് തീക്ഷ്ണമായ ചോദ്യമെറിയുന്നു.

    അതിസാധാരണമായ സ്ഫോടന പരമ്പരകളെ നിരായുധരായി എല്ലാം വാങ്ങാൻ വിധിക്കപ്പെട്ടവരായി അനുഭവിച്ചു കൊണ്ടിരിക്കുന്നതിലെ ദൈന്യതയെ ആനന്ദമെന്ന വൈരുദ്ധ്യ ബിംബം കൊണ്ട് തീക്ഷ്ണമാക്കുന്നു കവി. ഈ മുറിവുകൾ തന്നെയാണ് കവിയായ തന്നെ ജനിപ്പിച്ചതെന്ന് അഡോണിസ് വ്യക്തമാക്കുന്നുണ്ട്.

" വളരെ നേരത്തേ എനിക്കു മുറിവേറ്റു

വളരെ നേരത്തേ ഞാൻ അറിഞ്ഞു:

മുറിവ് അതാണെന്നെ ജനിപ്പിച്ചതെന്ന് "

(അസോണിസിന്റെ തിരഞ്ഞെടുത്ത കവിതകൾ പുറം: 51, കവിത: കുട്ടിക്കാലത്തിന് അഭിവാദ്യം )     

യുദ്ധത്തെയും നഷ്ടത്തെയും വ്യക്തമാക്കുന്ന അനവധി ചിത്രങ്ങൾ കവിതയിലുണ്ട്. തങ്ങൾക്ക് ചുറ്റും നടക്കുന്ന സ്ഫോടനങ്ങളുടെ പൊരുളറിയാതെ അരക്ഷിതരായി തീർന്ന ജനതയുടെ ചോദ്യങ്ങളുണ്ട്. തന്റെ ജന്മസ്ഥലമായ കസ്വാബീൻ ചിന്നിച്ചിതറുന്നതെന്തെന്ന് കവിക്ക് മനസിലാകുന്നില്ല. യുദ്ധത്തിന്റെ കൊടും ഭീകരതകൾ, രക്തച്ചൊരിച്ചിലുകൾ, സ്ഫോടനത്തിന് ശേഷമുള്ള പകൽ.. അവിടെ പേരും രൂപവുമില്ലാത്ത മൃതദേഹങ്ങൾ നിറയുന്നത് കവി വിവരിക്കുന്നു:

"ചില ആളുകളെ അവർ ചാക്കുകെട്ടുകളിൽ കണ്ടെത്തി :

തലയില്ലാത്ത ഒരാൾ

രണ്ടു കൈകളും നാവുമില്ലാത്ത ഒരാൾ

ശ്വാസം മുട്ടി മരിച്ച ഒരാൾ

പിന്നെയുള്ളവർക്ക് പേരും രൂപവുമില്ല"

(അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകൾ, പുറം 116, കവിത :മരുഭൂമി)

സ്ഫോടനങ്ങൾ നിരന്തരം തങ്ങൾക്ക് നഷ്ടപ്പെടുത്തുന്ന മനുഷ്യർ, വീട്, നഗരം, കുഞ്ഞുങ്ങൾ എന്നിവയ്ക്കൊപ്പം താൻ താനല്ലാതായി മാറുന്ന അനിശ്ചിതാവസ്ഥകളുണ്ടാവുന്നു.

" നഗരനാമത്തെ പിടിച്ചുലച്ച

പതനമാണതിന്റെ മുറിവ്..

അതിന്റെ പേരിന്റെ രക്തസ്രാവത്തിനൊപ്പം

ഞങ്ങൾക്കു ചുറ്റുമുള്ള വീടുകളെല്ലാം

ചുമരറ്റു പോകുന്നു,

ഞാൻ ഞാനല്ലാതാകുന്നു"

(അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകൾ, പുറം 116, കവിത : മരുഭൂമി)

      മരുഭൂമി എന്ന കവിതയിൽ ഒരു രക്ത മഹാസമുദ്രമായി തങ്ങളുടെ നഗരം മാറുന്നതിനെ പറ്റി കവി പറയുന്നു.

"കൊലപാതകം നഗരരൂപത്തെ വികൃതമാക്കിയിരിക്കുന്നു.

ഒരു കുഞ്ഞിന്റെ ശിരസാണ് ഈ ശിലാഖണ്ഡം,

മനുഷ്യരുടെ നെടുവീർപ്പാണ് ഈ പുക,

ഓരോ വസ്ത്രവും അതിന്റെ പ്രവാസം കഥനം ചെയ്യുന്നു…

- ഒരു രക്തമഹാസമുദ്രം - "

(അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകൾ, പുറം 118, കവിത : മരുഭൂമി)       

വിപ്ലവകാരികളുടെ കബന്ധങ്ങൾക്കു മേൽ നിദ്രകൊള്ളുന്ന പ്രഭാതങ്ങളും തെരുവുകളും, ഇരുമ്പൂറി മാംസം സ്രവിക്കുന്ന ഇരുമ്പായയുധങ്ങളും മരിച്ചവരുടെ ഇതിഹാസങ്ങളും കശാപ്പുകാരും നിറഞ്ഞതായി സിറിയയുടെ ദിനരാത്രങ്ങൾ മാറുന്നത് മരുഭൂമി എന്ന കവിതയിൽ അഡോണിസ് തീക്ഷ്ണമായി വരച്ചിടുന്നു. ഈ  കുഴിമാടങ്ങൾക്കും സ്ഫോടനമുഴക്കങ്ങൾക്കുമപ്പുറം തങ്ങൾക്കും സാധാരണ മനുഷ്യരുടെ ആഗ്രഹങ്ങളുടെയും സ്നേഹത്തിന്റെയും മെതിക്കളങ്ങളു ണ്ടെന്ന് കവി ഓർമ്മപ്പെടുത്തുന്നു.

 

"മരണത്തിന്, അല്ലയോ ഫീനിക്സ്,

ഞങ്ങളുടെ യുവത്വത്തിൽ,

ഞങ്ങളുടെ ജീവിതത്തിലും,

നീരുറവകളും മെതിക്കളങ്ങളുണ്ട്.

കാറ്റും കുഴിമാടങ്ങളുടെ മുഴക്കവും മാത്രമല്ല ".

(അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകൾ, പുറം 59, കവിത : പ്രവാസഗീതം) 

ഞങ്ങളുടെ ക്ഷാമം അവനു വിശന്നപ്പോൾ അവൻ മരിച്ചു പോയി എന്നു പറയുന്നുണ്ട് ഒരിടത്ത്.അതു പോലെ ആയിശയുടെ ജീവിതം ഭൂമിയെ അതിന്റെ താരാഗണങ്ങളിലേക്കു തിരിച്ചെത്തിക്കുന്ന ദർശനമാണ് എന്നും.ആറു വയസു മുതൽ പിതാവിനൊപ്പം പാടത്തെ ചേറിലും മരങ്ങളിലും പണിയെടുത്തിട്ടുണ്ടെന്ന് അബ്ദു വാസിൻ എന്ന അഭിമുഖകാരനോട് ഒരിക്കൽ അഡോണിസ് പറഞ്ഞിട്ടുണ്ട്. പശിമയുള്ള മണ്ണിന്റെ ഓർമകൾ കവിതയുടെ ജീവധാരയായി മാറുന്നു."ഗോതമ്പുമണികളെ എന്നപോൽ, എന്റെ പകലുകളെ പാടത്തു വിതയ്ക്കാൻ കഴിഞ്ഞെങ്കിൽ " എന്ന് ആഗ്രഹിക്കുന്ന കവി ശാന്തമായ ഒരു ജീവിതത്തിനും സ്വാതന്തത്തിനും വേണ്ടിയുള്ള സിറിയൻ ജനതയുടെ തീവ്രമായ അഭിലാഷത്തെ വരച്ചു കാണിക്കുന്നു.

      സൂഫിസം ഒരു മൂർത്തഭാവമായി അഡോണിസ് കവിതകളിൽ കാണാം. അത് സർറിയലിസ്റ്റിക് ആവിഷ്കാരത്തിലേക്ക് ചെന്നെത്തുന്നു. സൂഫിസത്തിന് പല പ്രത്യേകതകളുമുണ്ട്.പ്രധാനമായി അത് ദൈവത്തെ കുറിച്ചുള്ള സെമിറ്റിക് ചിന്താഗതിയെ അട്ടിമറിച്ചു എന്നതാണ്. ദൈവം ഒരു ബാഹ്യശക്തി അല്ല, മറിച്ച് അവനവന്റെ ഉള്ളിൽ കുടികൊള്ളുന്ന ശക്തിയാണ് എന്നാണതിന്റെ വാദം. മാത്രമല്ല, സൂഫിസം സാംസ്കാരികവായനയിലെ 'അപരൻ' എന്ന വ്യക്തിയെ തന്നെ അപനിർമിച്ചു കളഞ്ഞു. സ്വത്വബോധമെന്നത് വൈരുദ്ധ്യമല്ലെന്നും അതിന്റെ സ്രഷ്ടാവ് അവനവൻ തന്നെയാണെന്നും സൂഫിസം പറയുന്നുണ്ട്. ബോധലോകത്തിനപ്പുറത്തുളള ഒരു അബോധ ലോകത്തിനുള്ള അന്വേഷണമാണ് അതിന്റെ മറ്റൊരു പ്രത്യേകത. സർറിയലിസമെന്ന അരുവി സൂഫിസമെന്ന മഹാസമുദ്രത്തിൽ വന്നു ലയിക്കുകയാണവിടെ. എന്നാൽ സൂഫിസത്തെ സലഫി ഇസ്ലാമികചിന്ത നിരാകരിക്കുകയാണ് ചെയ്യുന്നത്.

"എന്റെ ആകാശം എന്റെ തലയ്ക്കു മുകളിലല്ല,

പക്ഷെ എന്റെ കഴുത്തിനു താഴെയാണ് "

(അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകൾ, പുറം 136, കവിത : രണ്ടാം മൊഴി)

തന്നിൽതന്നെ സർവ്വതിനെയും ദർശിക്കുന്ന ആത്മീയദർശനത്തിന് ഇത്തരത്തിൽ അനവധി ഉദാഹരണങ്ങളുണ്ട്. രണ്ടാംമൊഴി എന്ന കവിതയിൽ ധ്യാനങ്ങൾ എന്ന പേരിൽ ഏഴു സൂഫി വിഭാഗങ്ങളെ അഡോണിസ് അക്കമിട്ട് വിവരിക്കുന്നുണ്ട്." ഒരു ത്രികോണ ജാലകം, അതിലൂടെ പ്രകൃതിയുടെ വെളിച്ചം താഴോട്ടു വീഴുന്നു. ചില ചിത്രങ്ങളുമേറി കുതിരകളെപ്പോലെ കാറ്റ് പാലായനം ചെയ്യുന്നു- ശാഫിഈ ധ്യാനം"

(അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകൾ, പുറം 138, കവിത : രണ്ടാം മൊഴി) ഇത്തരത്തിൽ ഖാദിരിയ്യ ധ്യാനം, ഹൻബലിയ്യ ധ്യാനം, മൗലവിയ്യ ധ്യാനം, നഖ്ഷബന്ധി ധ്യാനം, രിഫാഈ ധ്യാനം, ബക്താഷി ധ്യാനം എന്നിങ്ങനെ ഓരോന്നിനെയും കാവ്യാത്മകമായി വിവരിക്കുന്നു.

ഒരു അറബി കവിയുടെ സ്വത്വത്തിൽ എപ്പോഴും രണ്ടു വ്യക്കിത്വങ്ങൾ തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നതായി അഡോണിസ് തിരിച്ചറിയുന്നുണ്ട്.' ഞാനും അപരനും '. ഈ അപരൻ ഒരു പാശ്ചാത്യ സത്തയാണ്. പക്ഷെ അസോണിസിന് ഈ അപരനും ഞാനും ഒരാൾ തന്നെയാണ്. കവിതകളൊന്നും തന്നിൽ നിന്ന് വേർപെട്ട ഒന്നല്ല അഡോണിസിന്. സൂഫിസത്തിന്റെ ഭാഗമായുള്ള ദൈവത്തിൽ നിന്നുള്ള വിടുതൽ അഡോണിസ് കവിതയിൽ സ്പഷ്ടമായി കാണാം. ദൈവം മരിച്ചു എന്നൊരു കവിത തന്നെയുണ്ട്. മരുഭൂമി എന്ന കവിതയിൽ  പ്രവാചകൻ  തൊട്ടറിഞ്ഞത് ചവിട്ടിയ മണ്ണാണെന്നും പ്രവചനങ്ങളിൽ വെളിപ്പെട്ടത് ഒറ്റു കൊടുത്തത് അവൻ തന്നെയാണെന്നും കവി വിമർശിക്കുന്നു.

"നീ എന്നിൽപ്പെട്ടവനല്ല എന്ന് എന്നോടു തുറന്നുപറയുന്ന ഒരു കാലത്തിൽ

ഞാനും പറയുന്നു: ഞാൻ നിന്നിൽപ്പെട്ടവനല്ല,

ഞാൻ അതിനെ ഉൾക്കൊള്ളാൻ പരിശ്രമിക്കുന്നു"

(അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകൾ, പുറം 116, കവിത : മരുഭൂമി)

സ്വയം ഒരു മായാരൂപമായി സങ്കൽപിച്ച് പ്രപഞ്ചസത്യത്തെയും ആത്യന്തികമായ സ്നേഹത്തെയും അന്വേഷിക്കുന്ന സൂഫിവര്യനായി കവി മാറുന്നു. കലാപങ്ങൾക്കും മരണങ്ങൾക്കും പകരം വെക്കാനാവുന്ന ഒന്നിനെ സമാധാനത്തെ, കവി അന്വേഷിച്ചു കൊണ്ടിരിക്കുന്നു. സൂഫിസത്തിനു സമാനമായ ഒരു ആത്മീയമാർഗമാണ് കവി തെരഞ്ഞെടുക്കുന്നത്. കലാപത്തിന്റെ ഭൂമിയിലിരുന്ന് സമാധാനത്തെയും കണ്ണീരണിയിക്കുന്ന കാഴ്ചകളിലിരുന്ന് സൗന്ദര്യത്തെയും കുറിച്ച് പാടുന്ന കവി ഒരു ഉയിർത്തെഴുന്നേൽപ്പാണ് ആഹ്വാനം ചെയ്യുന്നത്. ഫീനിക്സ് പക്ഷിയെപ്പോലെ അഗ്നിയിൽ നിന്നും പുനർജനിക്കുന്ന വിപ്ലവാത്മകമായ മാറ്റത്തെയാണ് കവി കൊതിക്കുന്നത്.യോഗാത്മകം എന്നു വിശേഷിപ്പിക്കാവുന്ന ഒരു സവിശേഷദർശനം അഡോണിസ് കവിതകളിൽ നിർണായകസ്വാധീനം ചെലുത്തുന്നു.' ഒരു കവി എന്ന നിലയിൽ ഞാൻ ഇതിനകം എഴുതിക്കഴിഞ്ഞിട്ടുണ്ട്. പക്ഷെ, വാസ്തവത്തിൽ ഞാനൊന്നും എഴുതിയിട്ടില്ല.കവിത ആദിയും അന്തവുമില്ലാത്ത ഒരു പ്രവൃത്തിയായി അഡോണിസിൽ കാണാം. അഡോണിസ് എഴുതിയിട്ടുണ്ട്. പക്ഷെ, ഈ യോഗാത്മകത കവിതയുടെ ഉള്ളടക്കത്തിലും രൂപത്തിലും ഘടനയിലും പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിന് ഒരിക്കലും തടസ്സമാവുന്നില്ല. സമകാലിക രാഷ്ട്രീയസാമൂഹിക പ്രശ്നങ്ങളോടുള്ള പരുഷ പ്രതികരണങ്ങളേക്കാൾ കവിതയുടെ ഭാഷയിലും ബിംബങ്ങളിലുമുള്ള പരീക്ഷണങ്ങൾക്കാണ് അഡോണിസ് ശ്രദ്ധ കൊടുത്തത്. അറബി കവിതയുടെയും സംസ്കാരത്തിന്റെയും പരമ്പരാഗത സ്രോതസ്സുകളെ വിമർശനാത്മകമായി ഉൾക്കൊണ്ടുകൊണ്ട് പുരോഗമനപരമായ ഒരു കാവ്യഭാവുകത്വം സൃഷ്ടിക്കാനാണ് ഈ കവി ശ്രമിച്ചുപോരുന്നത്. എഴുതിയ കവിതകളിൽ വച്ച് ഏറ്റവും ശ്രദ്ധേയമായത് അസോണിസിന്റെ ഈരടികളാണ്." പ്രണയം എല്ലാമാണ് മതിയാവില്ലെങ്കിലും "

ഭാവുകത്വം കൊണ്ടും ലാളിത്യം കൊണ്ടും മനസിൽ തങ്ങിനിൽക്കാൽ ഉതകുന്ന തരത്തിലുള്ളവയാണ് ഈരടികളെല്ലാം. ചിലപ്പോൾ പ്രകൃതിയെ അഭിസംബോധന ചെയ്തും മറ്റുചിലപ്പോൾ ദൈവത്തെയോ മറ്റ് അദൃശ്യ ശക്തികളെയോ അഭിസംബോധന ചെയ്തുമാണ് അഡോണിസ് കവിതകൾ എഴുതിയിരുന്നത്."എന്റെ സ്നേഹത്തിലും വിദ്വേഷത്തിലും വിനോദം കണ്ടെത്തുന്ന മാതാവേ, ഏഴു ദിനങ്ങൾ കൊണ്ട് നീ സൃഷ്ടിക്കപ്പെട്ടു. പിന്നെ നീ തിരമാലയെയും ചക്രവാളത്തെയും സൃഷ്ടിച്ചു. " എന്ന് തന്റെ ചുറ്റുപാടിനെ, മണ്ണിനെ ഭൂമിയായി പ്രതിനിധാനം ചെയ്ത് സംവദിക്കുകയാണ് കവി. ഇങ്ങനെ ആകാശത്തെയും ചന്ദ്രനെയും സൂര്യനെയും മലകളെയും എല്ലാം കവി കഥാപാത്രങ്ങളാക്കി മാറ്റുന്നു. പ്രകൃതി അത്രത്തോളം മനുഷ്യനിലലിഞ്ഞു ചേർന്ന ഒരു ഘടകമായി അസോണിസ് കവിതകളിൽ കാണാം.       

വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ നിരാസം അഡോണിസിന് നേരെയുള്ള പ്രധാനവിമർശനമാണ്. അറബ് വസന്ത വിപ്ലവങ്ങളുടെ പശ്ചാത്തലത്തിൽ ജനാധിപത്യരാഹിത്യവും സാംസ്കാരിക തകർച്ചയുമുണ്ടായി. ഏകാധിപതികൾക്കെതിരെ അറബ് ലോകത്ത് ജനകീയ പ്രക്ഷോഭങ്ങളുണ്ടായപ്പോൾ അഡോണിസ് അവർക്ക് അഭിവാദ്യമർപ്പിച്ച് കൊണ്ട് കവിതയെഴുതി. എന്നാൽ പിന്നീട് വിപ്ലവത്തിന്റെ ഗതി ഹിംസയിലേക്ക് തിരിഞ്ഞപ്പോൾ ഭരണകൂടവ്യവസ്ഥകളേക്കാൾ ഹിംസാത്മകമാണ് ഈ വിപ്ലവങ്ങളെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്. വിപ്ലവത്തിന് ആയുധമല്ല, മറിച്ച് ഗാന്ധി വിഭാവനം ചെയ്ത കാലാതിവർത്തിയായ അഹിംസയിൽ അടിയുറച്ച സമരങ്ങളാണ് വേണ്ടതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വിപ്ലവങ്ങളെല്ലാം പ്രസ്തുതരാജ്യങ്ങളെ തികഞ്ഞ അരാജകത്വത്തിലേക്ക് തള്ളിയിട്ട കപട നാട്യങ്ങളാണെന്ന് സിറിയയെ നോക്കി അദ്ദേഹം പറയുന്നു. പ്രധാന അറബ് വിഷയമായ പലസ്തീൻപ്രശ്നത്തെ പോലും ഒരു തരത്തിലും സഹായിക്കാത്ത വിപ്ലവത്തെ അദ്ദേഹം അനുകൂലിക്കുന്നില്ല. ലോകോത്തരമായ വലിയ കെട്ടിട സമുച്ചയങ്ങൾ ഉള്ളപ്പോഴും പേരെടുത്ത ഒരു സർവ്വകലാശാല പോലുമില്ലാത്ത, സ്ത്രീകൾ അവകാശരഹിതകളായി ജീവിക്കുന്ന അറബ് സമൂഹത്തിൽ ആ വിപ്ലവം അസാധുവാണെന്ന് കവി പറയുന്നു. അടങ്ങാത്ത സ്വാതന്ത്ര്യദാഹവും പുരോഗമന ആശയങ്ങളോടുള്ള ആഭിമുഖ്യവുമാണ് കവിയെ സ്വന്തം നാട് ഉപേക്ഷിച്ച് പോകാൻ പ്രേരിപ്പിച്ചത്. ജന്മനാടായ സിറിയയിലെ അസ്വാതന്ത്ര്യവും രാഷ്ട്രീയ അസ്വസ്ഥതകളും  അദ്ദേഹത്തെ ലെബനനിൽ എത്തിച്ചു. ലെബനീസ് യുദ്ധവും ആഭ്യന്തരരാഷ്ട്രീയ പ്രശ്നങ്ങളും അദ്ദേഹത്തെ പാരീസിലെത്തിക്കുന്നതിനും കാരണമായി. പാരീസിലെ ജീവിതമാണ് യഥാർത്ഥസ്വാതന്ത്ര്യം നൽകിയതെന്ന് കവി പറയുന്നു. യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ ഉന്മാദം, അതിലൂടെ അദ്ദേഹം അനുഭവിച്ചു. എന്നാൽ ഏതൊരു പൗരനേയും പോലെ തനിക്ക് ജന്മമേകിയ നാട്ടിലേക്ക് തന്നെ മടങ്ങണം എന്നതാണ് കവിയുടെ സ്വപ്നം.

               അറബ് കവിതയിലെ പ്രതിരോധപാഠങ്ങൾ അഡോണിസിന്റെയും ദർവീശിന്റെയും കവിതകളിൽ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ സ്വഭാവം കൊണ്ട് വ്യത്യസ്തമായും എന്നാൽ വിശാലമായ അർത്ഥത്തിൽ സമാനത പുലർത്തുകയും ചെയ്യുന്ന രണ്ട് ഭാവുകത്വപരിസരങ്ങളെയാണ് ദർശിക്കാനാവുന്നത്. ഇസ്രയേൽ അധിനിവേശത്താൽ സ്വന്തം നാട്ടിൽ അഭയാർത്ഥികളും അന്യരുമായി മാറിയ പലസ്തീനികളുടെ സംഘർഷഭരിതമായ ദിനരാത്രങ്ങളും അനാഥത്വവും തടവറകളും ദർവീശ് കവിതയിൽ വ്യക്തമായി കാണാം. അത്യധികമായ സ്വാതന്ത്രദാഹവും പലസ്തീൻ ദേശീയവികാരവും പ്രവാസത്താലുള്ള ഗൃഹാതുരത്വവുമെല്ലാം കവിതയിൽ പ്രകടമാണ്. ഇസ്രയേൽ അധിനിവേശത്തിന്റെ ദയാരഹിതമായ നടപടികൾ ക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി ദർവീശിന്റെ കവിത മാറുന്നു.പ്രതിരോതാത്മകമാകുമ്പോൾ തന്നെയും ശത്രുവിനോടുപോലും സമാധാനത്തെ പറ്റി സംസാരിക്കുന്ന സ്നേഹത്തിന്റെ ഭാഷയാണ് ദർവീശിന്റേത്.

                  സിറിയൻ ആഭ്യന്തര സംഘർഷത്തിന്റെ എല്ലാ മുറിവുകളും പേറുന്ന നിരന്തരമായ അടിച്ചമർത്തലുകളുടെ എല്ലാ രോഷവും ഉൾക്കൊള്ളുന്നതാണ് അഡോണിസിന്റെ കവിത. ആത്യന്തികമായ സമാധാനം കാംക്ഷിക്കുന്ന ഒരു ആത്മീയകവിയുടെ പരിവേഷമാണ് അഡോണിസിനുള്ളത്. സ്ഫോടനം, അഗ്നി, പുക, രക്തം തുടങ്ങിയ വാക്കുകളാൽ നിറഞ്ഞ യുദ്ധാന്തരീക്ഷത്തെ പരോക്ഷമായി പ്രകടമാക്കുന്ന വരികളാണധികവും. യുദ്ധവും സ്വാതന്ത്രദാഹവും ആത്മീയതയും സൂഫിസവുമെല്ലാം ഇഴചേർന്ന കവിതയാണത്. അശാന്തമായ യഥാർത്ഥജീവിതത്തിന് പകരം വെക്കാവുന്ന അയഥാർത്ഥമായ ഒരു വിസ്മയലോകം ഭാവനയിൽ സൃഷ്ടിക്കുന്നുണ്ട് കവി. രക്തച്ചൊരിച്ചിലുകൾ നിറഞ്ഞതും ഭയാനകവുമായ സിറിയൻഭൂമിയിലിരുന്ന് സമാധാനസുന്ദരമായ ഒരു ലോകത്തെ വിഭാവനം ചെയ്യുന്നു. വിചിത്ര കൽപനകളും ബിംബങ്ങളും നിറഞ്ഞതാണ് ഈ കവിതകൾ. പ്രകൃതി വസ്തുക്കളിൽ മനുഷ്യമുഖമാരോപിച്ച് നടത്തുന്ന അതിജീവനത്തിന്റെയും സമാധാനത്തിന്റെയും ആഹ്വാനങ്ങൾ കവിതയിൽ കാണുന്നു. ഒരേ സമയം അഡോണിസ് രൂക്ഷമായ ഭാഷയിലും അങ്ങേയറ്റം കൽപനികവും സുന്ദരവുമായ ഭാഷയിലും എഴുതുന്നു. പല കവിതകളും അസദ് ഭരണകൂടത്തിനെതിരെയും സിറിയയിൽ അവസരം നോക്കി റോന്തുചുറ്റുന്ന ലോകരാഷ്ട്രങ്ങൾക്കെതിരെയുമുള്ള രൂക്ഷമായ പ്രതിഷേധങ്ങളാണ്. പ്രത്യക്ഷത്തിൽ തന്നെ അഡോണിസ് കവിത പ്രതിരോധാത്മകമാകുന്നു.

             അഡോണിസിന്റെ കവിത ദുർഗ്രഹവും ആലങ്കാരികവുമാണെങ്കിൽ ദർവീശ് കവിത തെളിനീരു പോലെ തെളിഞ്ഞതും ലളിതവുമായ ഭാഷയാണ്.അഡോണിസ് കവിത ദുർഗ്രഹമാണെങ്കിലും അതിന്റെ ആശയ സംവഹനം വിശിഷ്ടമായ ഒരു അനുഭൂതി പോലെയാണ്. ദർവീശ് തെളിമയോടെ സംസാരിക്കുമ്പോഴും അങ്ങേയറ്റത്തെ സംഘർഷങ്ങളെയും വിലാപങ്ങളെയും പലസ്തീൻ ജനതയുടെ ജീവിതഗതിയെയും തീക്ഷ്ണമായി കവി അവതരിപ്പിക്കുന്നു. അത്തരത്തിൽ അഡോണിസും ദർവീശും അറബ് കവിതയുടെ പ്രതിരോധത്തിന്റെ മുഖമായി മാറുന്നു.വിവർത്തകരും സത്ത ചോർന്ന് പോകാതെ ഈ കവികളെ ഭാഷയിലേക്ക് വിവർത്തനം നിർവ്വഹിച്ചിരിക്കുന്നു.

ഗ്രന്ഥസൂചി

  • അജീർകുട്ടി കെ.എം , മഹ്മൂദ് ദർവീശിന്റെ കവിതകൾ,2007, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
  • അസ്കർ എം.എ, അഡോണിസിന്റെ തെരഞ്ഞെടുത്ത കവിതകൾ, 2016, മാതൃഭൂമി ബുക്സ്, കോഴിക്കോട്
  • മുസഫർ അഹമ്മദ് വി, മുറിവുകളുടെ പെണ്ണിന്- ഫലസ്തീൻ ഇറാഖ് പെൺ കവിതകൾ, 2006,ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
  • മുഹമ്മദലി.വി, അറബി സാഹിത്യം, 1990, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

 

      എം. എ മലയാളം, ഗവ സംസ്കൃത കോളെജ് പട്ടാമ്പി