ചൊൽവഴക്കങ്ങളും വാക്കുകളുടെ കാർണിവലും

ചൊൽവഴക്കങ്ങളും വാക്കുകളുടെ കാർണിവലും

                                                  - അനഘ.ജെ

 

(മാഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിൽ, 'ഭാഷാകേളി: ഭാഷയ്ക്കുള്ളിലെ കളികളും ഭാഷകൊണ്ടുള്ള കളികളും തമ്മിലുള്ള ബന്ധം' എന്ന വിഷയത്തിൽ ചെയ്ത പ്രോജക്ടിന്റെ സംക്ഷിപ്തരൂപം)

മനുഷ്യസത്തയുടെ ആവിഷ്‌കാരവും പ്രകടനവുമാണു ഭാഷ. അദൃശ്യമായ സംജ്ഞയായി ഭാഷ അമൂർത്തമാകുമ്പോഴും വ്യക്തികളുടെ ഭാഷാപ്രകടനം സൂക്ഷ്മനിരീക്ഷണത്തിലേക്ക് നയിക്കാൻ സഹായിക്കുന്നു. ധാരണകളെ മുൻനിർത്തി, പറയുന്നവ മനസ്സിലാക്കിയെടുക്കാനും സാമൂഹികപരിസ്ഥിതിയെ ഭാഷയിൽനിന്ന് അപനിർമ്മിച്ചെടുക്കാനും കഴിയുന്നു. കാരണം, ഭാഷയിൽ സാമൂഹികാന്തരീക്ഷവും മാനസികാന്തരീക്ഷവും പ്രതിഫലിക്കുന്നു. തിരക്കുള്ള നഗരത്തിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ ഭാഷയ്ക്കു തിടുക്കം കൂടുന്നതും കടലോരപ്രദേശങ്ങളിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് ശൈലിയിൽ കയറ്റിറക്കങ്ങൾ ഉണ്ടാകുന്നതും ഒരു വ്യക്തിയുടെ തൊഴിൽസാഹചര്യങ്ങൾ ഭാഷയിൽ ശീലമാകുന്നതും ചുറ്റുപാടിനുള്ള പ്രസക്തി വ്യക്തമാക്കുന്നു. ഭാഷയ്ക്കുണ്ടാകുന്ന എല്ലാ മാറ്റങ്ങളും വ്യവഹാരങ്ങളിലേക്കും പ്രകടമാണ്. സ്വാധീനങ്ങൾക്ക് എളുപ്പം വഴങ്ങുന്ന രീതിയാണ് ഭാഷാസ്വത്വത്തിനുള്ളത്. ആവർത്തിച്ചുകേൾക്കുന്ന വഴക്കങ്ങളെ (variation) അനുകരിക്കാനുള്ള സിദ്ധി മനുഷ്യന് ലഭിക്കുന്നതു കേൾവിയിലൂടെ ഉറയ്ക്കുന്ന സ്വാധീനത്തിലൂടെയാണ്.

കേൾക്കുന്നവയെല്ലാം തലച്ചോറിൽ തരംഗങ്ങളുണ്ടാകുന്നുവെന്നും അവയാണു ചിന്തയെ ഉദ്ദീപിപ്പിക്കുന്നതെന്നും ഴാക് ദെരിദയുടെ സങ്കല്പമാണ്. ഭാഷയെ മനഃശാസ്ത്രവുമായി ചേർത്തുവായിക്കുമ്പോൾ കേൾവിയുടെ സ്വാധീനം ഭാഷാപ്രകടനത്തിൽ പ്രധാനമാണെന്നു മനസ്സിലാക്കാം. അനുകരിക്കാനുള്ള കഴിവു മനുഷ്യനുണ്ട്. എന്നാൽ, ഈ സാമർത്ഥ്യം എവിടെ പ്രായോഗികമാക്കണമെന്ന വിവേചനബുദ്ധി മനുഷ്യൻ നിർമ്മിക്കുന്ന ഭാഷാനിയമങ്ങളിലൂടയാണെന്നു ലുഡ്വിഗ് വിറ്റ്ഗൺസ്റ്റീനിന്റെ ഭാഷാകേളീസങ്കല്പം കൃത്യമാക്കുന്നു. കേട്ടുപരിചയചിച്ച്, പ്രായോഗികമായി പരീക്ഷിച്ചറിയുന്ന തിരിച്ചറിവിലാണ് ഭാഷയുടെ കൂട്ടിപ്പണിയലുകൾ (modularity). ഭാഷാവൈദഗ്ദ്ധ്യം തൊണ്ടയിലും നാക്കിലും ചുണ്ടിലുമല്ല. തലച്ചോറിന്റെയും മനസ്സിന്റെയും മേഖലകളിലാണു ഭാഷയുടെ പ്രായോഗികകേളി. സങ്കല്പനതലത്തിൽനിന്നും അർത്ഥത്തെ അപനിർമ്മിക്കുന്നു. കണ്ടെത്തുന്ന ശരികളിൽനിന്ന് ഉചിതശരികളിലേക്ക് എത്തുകയാണ്. ഔചിത്യമനുസരിച്ച് കളിനിയമം തയ്യാറാക്കുന്ന കളിക്കാരനാണു മികച്ച ഭാഷകനെന്നു വിറ്റ്ഗൺസ്റ്റൺസ്റ്റീനിന്റെ തത്ത്വങ്ങളിലൂടെ എത്തിച്ചേരാവുന്ന ധാരണയാണ്. ഇവിടുത്തെ 'മികവ്' ആപേക്ഷികമാണ്. ഭാഷയുടെ ബഹുമുഖത്വവും പരിണാമശേഷിയുമനുസരിച്ച് മികവിന്റെ മാനദണ്ഡവും മാറിക്കൊണ്ടേയിരിക്കും. എന്തിനാണു ഭാഷ എന്ന ചോദ്യത്തിനുത്തരങ്ങൾ ഭാഷാധർമ്മത്തിന്റെ പരിധിയിൽ നില്ക്കാത്തതിനും കാരണം ഭാഷയിലെ ബഹുസ്വരതതന്നെയാണ്.

ഭാഷകൊണ്ടുള്ള കളികളും ഭാഷയിലെ കളികളും സമാന്തരമാണ്. ഭാഷയുടെ സങ്കേതങ്ങളുപയോഗിച്ചു ചിട്ടപ്പെടുത്തുന്ന കളികൾക്കു ഭാഷാസാമർത്ഥ്യം (competence)  ആവശ്യമാണ്. ഭാഷയിൽ പ്രായോഗികമായി നടക്കുന്ന അർത്ഥസഞ്ചാരങ്ങളെ മനസ്സിലാക്കാൻ ഭാഷാകേളികളിലൂടെ പ്രബലമാക്കുന്ന ഭാഷാസാമർത്ഥ്യ ത്തിനാകും. നിത്യജീവിതത്തിലെ സ്വാഭാവികസന്ദർഭങ്ങളിൽ ഭാഷ ഉപയോഗിച്ചു നിർമ്മിക്കുന്ന സിദ്ധി ഭാഷാപ്രകടനമാണ് (performance). എന്നാൽ, ഭാഷാകേളിയിലൂടെ ഭാഷാപ്രകടനത്തിനു മാറ്റമുണ്ടാകുന്നതു വിനിമയത്തിലെ ചില മേഖലകളിൽ എടുത്തുപറയേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് ഓർമ്മയാണ്. നിരന്തരപരിചയത്തിലൂടെയോ സമ്പർക്കത്തിലൂടെയോ അല്ല ഭാഷാവൈദഗ്ദ്ധ്യം മെച്ചപ്പെടുന്നതെന്നു മാനസികവ്യാകരണം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഓർമ്മയുടെ തലം നിത്യജീവിതത്തിൽ ഏതൊരു സമയത്തും ഭാഷ ഒരു കമ്പ്യൂട്ടർ മസ്തിഷ്‌കത്തിലെന്നതുപോലെ തിരിച്ചെടുക്കാൻ സഹായിക്കുന്നുണ്ട്. മറ്റൊന്നു ഭാഷാകേളിയിലൂടെ ആർജ്ജിക്കുന്ന സർഗ്ഗാത്മകതയാണ് നൈസർഗ്ഗികമായി ഭാഷയെ കൈകാര്യം ചെയ്യാൻ ഭാഷകൊണ്ടുള്ള കളികൾ സഹായിക്കുന്നു. ഭാഷാപ്രകടനത്തിൽ ഭാഷകൊണ്ടുള്ള കളികൾ നല്കുന്ന മറ്റൊരു ഗുണം ഭാഷാനിയമനിർമ്മിതിതന്നെയാണ്. ഔചിത്യത്തെ മനസ്സിലുറപ്പിച്ച് ശീലമാക്കാൻ ഭാഷാകേളികളിലൂടെ സാധിക്കുന്നു. കഥകളുടെ രൂപത്തിലും മിത്തുകളുടെ രൂപത്തിലും ഓർത്തുവെയ്ക്കുന്ന കലാരീതികളും ഭാഷാകേളിയെ സ്വാധീനിക്കുന്നതായി വിറ്റ്ഗൺസ്റ്റീൻ സൂചിപ്പിക്കുന്നുണ്ട്. സാഹിത്യവും സംസ്‌കാരവും ചേർന്ന് ശീലമാകുന്ന ഒരു കൂട്ടായ്മ ഭാഷാ പ്രകടനതലത്തിൽ സാധ്യതയേറുന്ന സങ്കല്പമാകുന്നു.

വാട്ട്‌സ്ആപ്പ് ഭാഷാകേളിയായി 'ഇമോട്ടിക്കോൺ പദപ്രശ്‌നങ്ങൾ' ഫോർവേഡുകളാകാറുണ്ട്. ഇമോജികളിൽ പറയുന്നത് കൃത്യമായി 'ഡീകോഡിംങ്' നടത്തുന്നവരാണ് കളിയിൽ ജയിക്കുന്നത്. സിനിമാപ്പേരുകളും സിനിമാഗാനങ്ങളുമൊക്കെ ഇത്തരം ചിത്രലിപികളായി മാറ്റുന്നു. അക്ഷരശ്ലോകത്തിന്റെ ആദ്യരൂപമെന്നു കരുതുന്ന 'ക്രാമ്പോ'യെ ഓർമ്മിപ്പിക്കുന്ന കളിരീതികളാണ് ഇവിടെ. ഊഹത്തിലൂടെ ഉത്തരത്തിലേക്കെത്തുന്നു. ഭാഷാകേളികൾ പലതരത്തിലുണ്ട്. ചിലത് സൂക്ഷ്മതലത്തിലാലോചിക്കേണ്ടവ. ചിലതു ചിന്തയിലെ വേഗതകൊണ്ടും പ്രായോഗികബുദ്ധികൊണ്ടും സമയത്തിനനുസരിച്ചു കണ്ടെത്തുന്നവ. പരിശീലനം ആവശ്യപ്പെടുന്ന കേളികളാണു ചിലത്. ഉദാ: അക്ഷരശ്ലോകം, കാവ്യകേളി, തിരുവരങ്ങ് എന്നിവ. മറ്റുകളികളിൽ മുന്നൊരുക്കത്തിന്റെ ആവശ്യമില്ലെന്നല്ല ഇതിനർത്ഥം. ഒരു വ്യക്തി നിത്യജീവിതത്തിൽ കേട്ടുമ റക്കുന്നവ, മനഃപാഠമാക്കിയവ, കേട്ടുപരിചയമുള്ളവ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഏതൊരു ഭാഷാകേളിയുടെയും നിലനില്പ്പ്. ഭാഷയുടെ കാര്യത്തിലും ഇങ്ങനെതന്നെയാണ്. കേട്ടതും അവോധത്തിലുറച്ചതുമായ അറിവിന്റെയും ധാരണകളുടെയും കളിയാണു ഭാഷ. പ്രയോഗത്തിലാണു ഭാഷാസിദ്ധി കൂടുതൽ പ്രബലമാകുന്നതെന്നു സാർവ്വലൗകികവ്യാകരണത്തിലൂട മനസ്സിലാക്കാം.

വ്യത്യാസങ്ങളെയും വൈരുദ്ധ്യങ്ങളെയും മറികടക്കുന്ന തലച്ചോറിന്റെ ഭാഷാനിർമ്മാണസിദ്ധിയെ ചോംസ്‌കി കൃത്യമാക്കുന്നു. ഭാഷാപരമായ തന്ത്രം ധ്വനിവ്യത്യാസത്തിന്റെ ഇഴകളാൽ ബന്ധിച്ചതാണ്. ഇവിടെ 'ധ്വനി' എന്ന വാക്കിനെ 'സ്വന'മെന്നും 'അധികാർത്ഥ'മെന്നും വിവക്ഷിക്കാം. കാരണം, ഭാഷ സൂക്ഷ്മതലം മുതൽ പ്രകടിതരൂപംവരെ സാധ്യതകളുള്ള സംഗതിയാണ്.നോം ചോംസ്‌കിയുടെ സാർവ്വലൗകികവ്യാകരണത്തെ അനുവർത്തിച്ചു ചിന്തിക്കുമ്പോൾ മനുഷ്യമസ്തിഷ്‌കത്തിനുള്ളിൽ ഒരു താളതരംഗമാണ് 'കളിനിയമങ്ങളിലേക്ക്' അഥവാ 'ഭാഷാനിയമ'ങ്ങളിലേക്കെത്തിക്കുന്നത് എന്ന നിഗമനത്തിൽ ഊന്നാം. സാർവ്വലൗകികതാളം എന്നു വിശേഷിപ്പിക്കാം. ജനിതകഘടനയും മനുഷ്യസത്തയുമാണ് സാർവ്വലൗകികവ്യാകരണത്തിൽ ചോംസ്‌കി പ്രാഥമികഘടകങ്ങളായി കരുതുന്നത്. ജൈവികലോകമാണ് (biological world) ഭാഷ ഉൽപാദിപ്പിക്കുന്നതെന്നു ചുരുക്കം. മനുഷ്യമനസ്സിലെ ജൈവികതാള മാകണം സാർവ്വലൗകികതാളത്തിനടിസ്ഥാനം. ദെരിദ ഭാഷയെ മനസ്സിലാക്കിയത് ചിന്തോദ്ദീപകമായാണ്. മനുഷ്യനെ മൃഗങ്ങളിൽനിന്നു വേർതിരിക്കുന്ന കഴിവ് സംസാരിക്കാനുള്ള ശക്തിയല്ല, സൂചകങ്ങളുടെ അർത്ഥം മനസ്സിലാക്കാനുള്ള വൈദഗ്ദ്ധ്യമാണ് എന്നാണ് വിറ്റ്ഗൺസ്റ്റീനിന്റെ പക്ഷം. അർത്ഥസഞ്ചാരങ്ങളുടെ സങ്കല്പന തലത്തിലേക്ക് എത്തുംമുമ്പേ ശബ്ദങ്ങളുടെ തലമാണ് പ്രധാനമെന്നു മനസ്സിലാക്കാം. സാമൂഹികഭാഷാശാസ്ത്രം പറഞ്ഞുവെയ്ക്കുന്ന ചുറ്റുപാടിന്റെ സ്വാധീനം താളങ്ങളുടെ പ്രതിഫലനമായി നിരീക്ഷിക്കാം.

ഓരോ ഭാഷയ്ക്കുള്ളിലും ഒരു താളമുണ്ട്. വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്തഭാഷകൾക്ക് സ്വരസംക്രമം (modulation)       മാറിവരുന്നതും ജനിതകപരമായ വ്യതിയാനങ്ങൾക്കും ഭാഷാവികാസ രീതിശാസ്ത്രങ്ങൾക്കുമുള്ള വ്യത്യാസങ്ങൾക്കനുസരിച്ചാണ്. പഴമ, പാരമ്പര്യം എന്നിവ നിലനിർത്തണമെന്ന സാഹിത്യചിന്തകൾപോലും ശ്രദ്ധയൂന്നുന്നത് താളത്തെ സംരക്ഷിക്കണമെന്ന മൗലികവാദമായാണ്. കാരണം, താളം പ്രതിരോധമാണ്. ഒരു വ്യക്തി തന്റെ ചുറ്റുപാടിനോടും തന്നോടുതന്നെയും പ്രതിരോധിക്കുന്നതു താളതരംഗം മുൻനിർത്തിയാണ്. ചൊൽക്കാഴ്ചകളും പെർഫോർമൻസ് പോയട്രികളും റാപ്പ് സംഗീതവും പ്രതിരോധത്തിന്റെ ഭാഷയാണ്. താളത്തെയും ഈണത്തെയും നിലനിർത്തേണ്ടതു സാമൂഹികമായ ഒരാവശ്യമാണ്. ഭാഷാകേളികൾ താളവും ഈണവും നിലനിർത്തുന്ന ഭാഷാവ്യായാമങ്ങളായി കരുതാം. പ്രത്യേകിച്ച്, ശ്ലോകപരി ശീലനത്തിന്റെ വിശകലനത്തിൽ താളമുറയ്ക്കുമ്പോൾ കൃത്യമാകുന്ന വൃത്തബോധവും വ്യാകരണതലവും അപഗ്രഥിക്കാം. വൃത്തനിയമത്തിലെ ഗുരുലഘുതിരിവുകൾ പഠിക്കുംമുമ്പേ ഭാഷാകേളികൾ താളമായാണ് ഉള്ളിലുറയ്ക്കുന്നത്. ഉച്ചാരണം അക്ഷരശ്ലോകത്തെ സംബന്ധിച്ച് പ്രധാനമാണ്. എന്നാൽ, ഉച്ചാരണം ശുദ്ധവാദത്തിന്റെ നിർബന്ധബുദ്ധിയിലല്ല വായിക്കേണ്ടത്. സാമൂഹികപ്രതിരോധമായുള്ള സ്വാഭാവികമായ ഊന്നൽ എന്ന നിലയ്ക്കാണ്. നാടൻഗാനങ്ങളുടെ ഫോർമുലകളായ ഈണങ്ങളെപ്പറ്റി പ്യാരി-ലോഡ് സൈദ്ധാന്തികതലത്തിൽ മുന്നോട്ടുവെച്ച ആശയസംഹിതകളിലൂടെ താളം പ്രതിരോധമാകുമ്പോൾ, ഈണം വൈകാരികതയുടെ മുദ്രയായി മനസ്സിലാക്കാം. ചൊൽക്കളരികളിലൂടയും ചൊൽക്കളികളിലൂടെയും ഉറപ്പിക്കുന്നതും ഇങ്ങനെയൊരു ജൈവികലോകത്തെത്തന്നെയാണ്. ശ്ലോകം പഠിക്കുന്ന കുട്ടികളിൽക്കാണുന്ന ഓർമ്മശക്തിയും സ്വഭാവത്തിലെ സവിശേഷതയും അതിവാദമായല്ല, താളത്തിന്റെ സാധ്യതയായാണ് കാണേണ്ടത്. അനുശീലനത്തിന്റെ ഭാഗമായി കൃത്യമാക്കുന്ന താളവും ഈണവും തന്നെയാണ് കവിത്വമായും സഹൃദയത്വമായും പരിണമിക്കുന്നത്. എല്ലാ ഭാഷകളിലും സംസ്‌കാരങ്ങളിലും ചൊൽക്കേളികളും ഭാഷാകേളികളും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇതു ഭാഷാതാളത്തിന്റെ തുടർപഠനങ്ങളിലേക്കുള്ള ഇടങ്ങൾ വ്യക്തമാക്കുന്നു.

അപഗ്രഥനത്തിലൂടെ ഭാഷയും ഭാഷാകേളിയും സമാന്തരമാണെന്നു വ്യക്തമാകുന്നു. അതിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങളെ ഇങ്ങനെ ക്രോഡീകരിക്കുന്നു.

  • എല്ലാ ഭാഷയ്ക്കും ഒരു താളമുണ്ട്; താളതരംഗങ്ങൾ ചേരുന്ന സാർവ്വലൗകികതാളം.
  • താളം സാമൂഹികപ്രതിരോധമാണ്; മാനസികജൈവികസത്തയാണ്.
  • ഭാഷയോ ഭാഷയ്ക്കുള്ളിലെ കേളിയോ പഠിപ്പിക്കാനാവില്ല. ഭാഷയുടെ പ്രായോഗികതലത്തിലെ വികാസമാണ് ഭാഷാകേളികളുടെ ലക്ഷ്യം.
  • ഭാഷയുടെ ആന്തരികഘടനയെ തിരിച്ചറിയുകയാണ് ഭാഷാകേളിയുടെ പരിശീലനത്തിലൂടെ നടക്കുന്നത്.
  • ഭാഷാകേളികളിലൂടെ, അവയുടെ ആവർത്തനങ്ങളിലൂടെ, താളവും ഈണവും സംരക്ഷിക്കപ്പെടുന്നു.

ഓരോ മനുഷ്യന്റെയുള്ളിലും അനന്യമായ (unique) ശബ്ദപ്രപഞ്ചമുണ്ട്. ഈ ശബ്ദപ്രപഞ്ചംതന്നെയാണ് താളതരംഗങ്ങൾക്ക് അടിസ്ഥാനം. ധ്വനി അർത്ഥാന്തരവായനയായി മാറുന്നത് ഇതേ ചേർച്ചയുടെ (coherence) മറ്റൊരു തലമായി വ്യാഖ്യാനിക്കാൻ കഴിയുന്നു. മനസ്സിലാക്കലുകളിലും ധാരണകളിലും ചേർച്ച സ്വാധീനിക്കുന്നു.

സൂചകങ്ങളും സൂചിതങ്ങളും തമ്മിൽ ഏകത്വമോ ചേർച്ചയോ സാധ്യമല്ല. സൂചകങ്ങൾ നല്കി ഊഹതന്ത്രത്തെ ഉത്തേജിപ്പിക്കുകയും സൂചിതങ്ങളുടെ സാധ്യതയി ലേക്ക് മനസ്സിന്റെ ശ്രദ്ധ എത്തിച്ചേരുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഭാഷാകേളിയുടെ താളവ്യവസ്ഥ. ഇതു നിരന്തരമായി പ്രായോഗികതലത്തിൽ നടക്കുന്ന ഭാഷാഭ്യസന മാകുമ്പോഴാണ് ഭാഷയുടെ ആന്തരികതാളത്തിലേക്ക് ഭാഷകന് എത്തിച്ചേരാനാവുക. സംഭാഷണരൂപത്തിലുള്ള നാടൻഗാനങ്ങളും കഥാഗാനങ്ങളും ചോദ്യപ്പയറ്റുകളുമെല്ലാം ഇങ്ങനെയുള്ള ഭാഷയുടെ ഏകകങ്ങളിലെത്താനുള്ള ചൊൽപ്പരിശീലനങ്ങളാണ്. പ്രൈമറി ക്ലാസ്സുകളിൽ അഭിനയഗാനങ്ങളും ആംഗ്യങ്ങളും സൂചകങ്ങളുടെ ലോകത്തെ മസ്തിഷ്‌കത്തിന് പരിചിതമാക്കുന്നു. സൂചകങ്ങൾ ചോദ്യങ്ങളും സൂചിതങ്ങൾ ഉത്തരങ്ങളുമായി കണക്കാക്കിയാൽ സന്ദർഭത്തിനനുസരിച്ചുള്ള ഉത്തരങ്ങളുടെ തെരഞ്ഞെടുപ്പാണ് ഭാഷാകേളികൾ ശീലമാക്കുന്നത്. ഭാഷാകേളികളിലൂടെ ഭാഷ പഠിപ്പിക്കുകയല്ല; ഭാഷയുടെ പ്രായോഗികതലം നിത്യജീവിത്തിന്റെ ശൈലിയാക്കി മാറ്റുകയാണ്. ഭാഷ സന്ദർഭത്തിനനുസരിച്ച് ഉപയോഗിക്കുന്നതിനുള്ള നിരന്തരപരിശീലനംകൂടിയാണിത്.

ഓരോ ഭാഷയ്ക്കും ഓരോ താളക്രമമാകുന്നത് വ്യക്തികളിലും സമൂഹങ്ങളിലുമുള്ള വ്യത്യാസമനുസരിച്ചാണ്. ഭാഷാകേളികൾ രൂപപ്പെടുന്നതും ഭാഷയുടെ ആന്തരികഘടനയനുസരിച്ചാണ്. പുതിയൊരു ഭാഷ പഠിക്കുമ്പോൾ മാനസികവ്യാകരണം (UG) തിരുത്തിയെഴുതുകയും പുതിയ ഭാഷയ്ക്കനുസരിച്ച് വിശാലമാക്കുകയുമാണ് ചെയ്യുന്നത്. പുതിയ ഭാഷ പഠിക്കാതെ ആ ഭാഷയിലുള്ള കളികൾ മനസ്സിലാക്കാനോ കളിക്കാനോ സാധിക്കില്ല. ഭാഷയിലുള്ള കളികളും ഭാഷകൊണ്ടുള്ള കളികളും പുതിയ ഭാഷാനിയമങ്ങളറിയാതെ പ്രയോഗിക്കാനാവില്ല. ഇവിടെ പുതിയ ഭാഷ ആർജ്ജിക്കുകയോ പഠിക്കുകയോ അല്ല. താരതമ്യപഠനത്തിലൂടെ സാർവ്വലൗകിക വ്യാകരണം വികസിപ്പിച്ചെടുക്കുകയാണ്. നിയമങ്ങളെല്ലാം അലിഖിതമാണ്; ആന്തരികഘടനയിലാണ്. വളരെ സൂക്ഷ്മമായ താരതമ്യത്തിലൂടെയാണ് മസ്തിഷ്‌കം രണ്ടാം ഭാഷയ്ക്കു തയ്യാറെടുക്കുന്നത്. ഒന്നിലധികം ഭാഷ പതിവായി കൈകാര്യം ചെയ്യുന്നത് ഭാഷാവികാസത്തിൽ പ്രസക്തമാണെന്നു ചോംസ്‌കി സൂചിപ്പിക്കുന്നുണ്ട്.

അന്തർഭാവത്തെ കേന്ദ്രീകരിക്കുവാൻ ആവർത്തനങ്ങളിലൂടെ സാധിക്കുന്നു. ഭാഷാകേളിയുടെ സങ്കല്പത്തിലും വാചകത്തിനുള്ളിലെ കളികളും പദത്തിന്റെ അർത്ഥസഞ്ചാരങ്ങളും ആവർത്തനത്തിലൂടെ സൂക്ഷ്മതാളത്തെ തിരിച്ചറിയുന്നു എന്ന ആശയം കൃത്യമാക്കുന്നു. പ്രാസങ്ങളുടെ (rhyme) ആവർത്തനമായിരുന്നു അക്ഷരശ്ലോകത്തിന്റെ ആദ്യരൂപമെന്ന ധാരണയിൽ ഭാഷാകേളികൾ ആവർത്തനത്തിന്റെ ചിട്ടപ്പെടുത്തിയ രൂപങ്ങളാകുന്നുവെന്ന നിഗമനത്തിലെത്താം. കേൾവിയുടെ സ്വാധീനമാകുന്നതും ആവർത്തനത്തിൽനിന്ന് തെരഞ്ഞെടുക്കുന്ന ശബ്ദങ്ങളാണ്. ഓർമ്മയും ചിന്തയും ഭാഷാനിർമ്മിതികളും നിർണ്ണയിക്കുന്ന താളമായി മാറുന്നതു ഭാഷയുടെ ആന്തരികഘടനകളാണ്. ആന്തരികഘടനയിലെ സങ്കല്പന തലത്തിലേക്കു ഭാഷാശാസ്ത്രം ഇന്നു കേന്ദ്രീകരിക്കുന്നു. സങ്കല്പനതലത്തിലെ സൂചകങ്ങളുടെ അർത്ഥങ്ങളിലേക്കെത്തുന്നതും ഭാഷയുടെ താളതരംഗങ്ങളിലൂടെയാണ്. ഭാഷാകേളികളും ഭാഷകൊണ്ടുള്ള കേളികളും ശബ്ദത്തിന്റെ സൂക്ഷ്മരൂപങ്ങളാണ് മസ്തിഷ്‌കത്തിലും മനസ്സിലും അടയാളപ്പെടുത്തുന്നത്.

ഗ്രന്ഥസൂചി

  1. നമ്പൂതിരിപ്പാട്, ഉഷ. 1994. സാമൂഹികഭാഷാശാസ്ത്രം. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
  2. നാരംഗ്, ഗോപിചന്ദ്. 2013. ഘടനാവാദവും ഉത്തരഘടനാവാദവും പൗരസ്ത്യകാവ്യമീമാംസയും. ന്യൂ ഡെൽഹി: സാഹിത്യ അക്കാദമി.
  3. പ്രഭാകരവാര്യർ, കെ.എം. 1978. ഭാഷയും മനഃശാസ്ത്രവും. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്






എംഎ മലയാളം, സ്ക്കൂൾ ഓഫ് ലെറ്റേഴ്സ്,മഹാത്മാഗാന്ധി സർവ്വകലാശാല