മലയാളത്തിലെ പ്രത്യയങ്ങൾ വ്യാകരണാർഥവും പ്രകരണാർഥവും

മലയാളത്തിലെ പ്രത്യയങ്ങൾ വ്യാകരണാർഥവും പ്രകരണാർഥവും

അശ്വിത കൃഷ്ണ പി

            ഭാഷയെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ് പ്രത്യയങ്ങൾ. അവ അർഥസംവേദന ഉപാധികൂടിയാണ്. സംശ്ലിഷ്ടകക്ഷ്യയിൽ ഉൾപ്പെടുന്ന ഭാഷ എന്ന നിലയിൽ മലയാളത്തിൽ പദങ്ങളിൽനിന്ന് പ്രത്യയങ്ങളെ വേർതിരിച്ചു കാണിക്കാനാകും. 'അവൻ അമ്മ സ്നേഹം' എന്നിവ പദക്കൂട്ടമാണ്. ഇതിന് ഒരു വാക്യം എന്ന നിലയിൽ അർഥസാധുത ഇല്ല. പ്രത്യയങ്ങളുടെ സാന്നിധ്യത്തോടുകൂടി മാത്രമേ അർഥയുക്തമായ ഒരു വാക്യമായി ഈ പദക്കൂട്ടത്തിന് മാറാൻ സാധിക്കുകയുള്ളൂ.'അവൻ അമ്മയെ സ്നേഹിച്ചു' എന്നത് മുകളിൽക്കൊടുത്ത പദങ്ങൾ ചേർത്തുണ്ടാക്കിയ ഒരു വാക്യമാണ്. ഇവിടെ അർഥസംവേദനം നടക്കുന്നുണ്ട്. ഇതിൽനിന്ന് ഒരു വാക്യത്തിൽ പ്രത്യയത്തിനുള്ള പങ്ക് വ്യക്തമാകും. പ്രത്യയങ്ങൾ മാറുന്നതിനനുസരിച്ച് വാക്യങ്ങളുടെ അർഥത്തിനും മാറ്റം സംഭവിക്കും.

പദരൂപീകരണത്തിൽ പ്രകൃതിയോടൊപ്പം ചേർന്നുനിൽക്കുന്ന വ്യാകരണഘടകമാണ് പ്രത്യയം. പ്രകൃതികളിൽ അർഥഭേദം കാണിക്കാൻ ചേർക്കുന്ന രൂപിമങ്ങളാണിവ. പുരഃപ്രത്യയം, പരപ്രത്യയം, അന്തഃപ്രത്യയം എന്നിങ്ങനെ പ്രത്യയങ്ങൾക്ക് അവാന്തര വിഭാഗങ്ങളുണ്ട്. പ്രകൃതിയോട് പ്രത്യയം എങ്ങനെ ചേരുന്നു എന്നതാണ് ഈ വിഭജനത്തിന്റെ അടിസ്ഥാനം. പ്രകൃതിക്ക് മുമ്പ് വരുന്ന പ്രത്യയങ്ങളാണ് പുരഃപ്രത്യയങ്ങൾ. പരപ്രത്യയങ്ങൾ പ്രകൃതിക്ക് ശേഷവും അന്തഃപ്രത്യയങ്ങൾ പ്രകൃതിക്കുള്ളിൽത്തന്നെയും പ്രത്യക്ഷപ്പെടുന്നു. ദ്രാവിഡഭാഷകളിൽ പരപ്രത്യയങ്ങളാണ് ഉള്ളത്. പദങ്ങൾ രണ്ടുതരത്തിൽ ഉണ്ടാവാം. പ്രകൃതി മാത്രമായിട്ടും, പ്രത്യയം ചേർന്നും. മലയാളത്തിൽ പ്രകൃതി നാമമാണെങ്കിൽ ലിംഗം, വചനം, വിഭക്തി എന്നീ വിഭാഗങ്ങളിലുൾപ്പെടുന്ന പ്രത്യയങ്ങളും പ്രകൃതി ക്രിയയാണെങ്കിൽ കാലം, പ്രകാരം തുടങ്ങിയ വിഭാഗങ്ങളിലുള്ള പ്രത്യയങ്ങളുമാണ് പ്രധാനമായി ചേരുക. ഇവയ്ക്കു പുറമേ അവ്യയങ്ങളെയും നിപാതങ്ങളെയും പ്രത്യയമായി പരിഗണിക്കുന്നു.

മലയാളത്തിലെ പ്രത്യയങ്ങളെയും അവയുടെ വ്യാകരണാർഥത്തെയും താഴെ ക്രോഡീകരിക്കുന്നു.

പ്രത്യയങ്ങളും വ്യാകരണാർഥങ്ങളും

കേരളപാണിനീയത്തിൽ ഏ.ആർ.രാജരാജവർമ്മ പ്രത്യയങ്ങളുടെ വ്യാകരണാർഥത്തെക്കുറിച്ചും അവയുടെ പ്രയോഗത്തെയും വിശദീകരിക്കുന്നുണ്ട്.

ലിംഗപ്രത്യയങ്ങൾ: നാമപ്രകൃതിയുടെ ലിംഗത്തെക്കുറിക്കാൻ ഉപയോഗിക്കുന്ന പ്രത്യയങ്ങളാണിവ.

അൻ - പുല്ലിംഗം - അവൻ

അൾ - സ്ത്രീലിംഗം - അവൾ

ഇ - സ്ത്രീലിംഗം - കേമി 1

തു - നപുംസകലിംഗം - അതു/ അത്

അം - നപുംസകലിംഗം - കേമം 2

(Foot Note: 1. അരയത്തി, മടിച്ചി എന്നിങ്ങനെ സ്ത്രീലിംഗ പ്രത്യയങ്ങളായി -ത്തി, -ച്ചി എന്നീ രൂപങ്ങളും വരുന്നു. 2. -അം നപുംസക ലിംഗമാണെന്ന രാജരാജവർമ്മയുടെ വീക്ഷണത്തിൽ അപാകതയുണ്ട്.)

 വചനപ്രത്യയങ്ങൾ: വചനം കാണിക്കുന്നതിന് വേണ്ട് നാമങ്ങളോടുകൂടി ചേർക്കുന്ന പ്രത്യയങ്ങളാണ് വചനപ്രത്യയങ്ങൾ. ഏകവചനം, ബഹുവചനം എന്നിങ്ങനെ വചനങ്ങൾ രണ്ടുവിധമുണ്ട്. ഏകവചനത്തിന് പ്രത്യയമില്ല. ബഹുവചനം സലിംഗം, അലിംഗം, പൂജകം എന്നിങ്ങനെ മൂന്നുവിധമുണ്ട്.

മാർ - സലിംഗബഹുവചനം - അമ്മമാർ, അച്ഛൻമാർ

അർ - അലിംഗബഹുവചനം - മിടുക്കർ, അധ്യാപകർ

കൾ - നപുംസക ബഹുവചനം - മരങ്ങൾ, ആടുകൾ

മാർ, അർ, കൾ - പൂജക ബഹുവചനം -പിതാക്കൾ, ഭട്ടർ, പ്രഭുക്കന്മാർ

അ - സർവനാമ ബഹുവചനം - അവ, ഇവ

വിഭക്തിപ്രത്യയങ്ങൾ: മറ്റു പ്രത്യയങ്ങളുമായുള്ള സംബന്ധത്തെ കുറിക്കുന്നതിനുവേണ്ടി നാമങ്ങളിൽ ചേർക്കുന്ന പ്രത്യയങ്ങളാണ് വിഭക്തികൾ.

എ - പ്രതിഗ്രാഹിക - അമ്മയെ, അച്ഛനെ

ഓട് - സംയോജിക - അമ്മുവിനോട്, വേണുവിനോട്

ക്ക്, ഉ് - ഉദ്ദേശിക - അശ്വിതക്ക്, അശ്വിന്

ആൽ - പ്രയോജിക - അവനാൽ, രോഗത്താൽ

ഉടെ, റ്റെ - സംബന്ധിക - പൂച്ചയുടെ, പശുവിന്റെ

ഇൽ, കൽ - ആധാരിക - വീട്ടിൽ, പടിക്കൽ

കാലപ്രത്യയം: ക്രിയ നടക്കുന്ന സമയത്തെ കുറിക്കുന്നവയാണ് കാലപ്രത്യയങ്ങൾ. ഭൂതം, ഭാവി, വർത്തമാനം എന്നിങ്ങനെ കാലങ്ങൾ മൂന്നുവിധമാണ്.

ഇ, തു - ഭൂതകാലം - പോയി, വന്നു

ഉന്നു - വർത്തമാനകാലം - വരുന്നു, പോകുന്നു

ഉം - ഭാവികാലം - വരും, പോകും

   ക്രിയകളെ മുറ്റുവിന, പറ്റുവിന എന്നിങ്ങനെ വിഭജിക്കാം. മുൻവിനയെച്ചം, പിൻവിനയെച്ചം, തൻവിനയെച്ചം, നടുവിനയെച്ചം, പാക്ഷിക വിനയെച്ചം എന്നിങ്ങനെ പറ്റുവിനകൾ അഞ്ചുവിധമുണ്ട്.

ഇ, ഉ് - മുൻവിനയെച്ചം - പോയിപറഞ്ഞു, വന്നുകണ്ടു

-ആൻ - പിൻവിനയെച്ചം - കാണാൻപോയി, പോവാൻപറഞ്ഞു

എ - തൻവിനയെച്ചം - പോകെക്കണ്ടു, കേൾക്കെപറഞ്ഞു

അ, ക, ഉക - നടുവിനയെച്ചം - അറിക, ചെയ്ക, പറയുക

ഇൽ, കിൽ, ഉകിൽ - പാക്ഷിക വിനയെച്ചം - കേൾക്കിൽ, പറയുകിൽ, അറികിൽ

പ്രകാരം: ധാതു തനിക്കുള്ള അർഥത്തെ ഏതുമട്ടിൽ വെളിപ്പെടുത്തുന്നുവോ അതുതന്നെ പ്രകാരം.

 

അട്ടെ - നിയോജകം - നിനക്ക് നല്ലത് വരട്ടെ

അണം - വിധി - നീ നാളെ ഇവിടെ വരണം

ആം - അനുജ്ഞായകം - ഞാൻ നാളെ വരാം

മറ്റു പ്രത്യയങ്ങൾ: ഈ പഠനത്തിൽ നിപാതങ്ങളെ പ്രത്യയങ്ങളായി പരിഗണിച്ചിരിക്കുന്നു

ഉം - സമുച്ചയനിപാതം - അച്ഛനും അമ്മയും

ഓ - വികൽപ്പനിപാതം - ചേച്ചിയോ ചേട്ടനോ

ഏ - അവധാരണം - അവനേ അത് ചെയ്യൂ

ഊ - അവധാരണം - അവന് അങ്ങനെയേ വരൂ

മലയാളത്തിലെ പ്രത്യയങ്ങളുടെ വ്യാകരണാർഥങ്ങളെ ക്രോഡീകരിച്ചതിൽ നിന്ന് ചില പ്രത്യയങ്ങൾ നാനാർഥ സ്വഭാവം കാണിക്കുന്നുണ്ട് എന്ന് വ്യക്തമാവും. അവയെ ചുവടെ കൊടുത്തിരിക്കുന്നു.

ഇ - സ്ത്രീലിംഗപ്രത്യയം, ഭൂതകാല പ്രത്യയം, മുൻവിനയെച്ചം

ഉ് - ഉദ്ദേശികാ വിഭക്തി, മുൻവിനയെച്ചം

ഇൽ - ആധാരികാവിഭക്തി, പാക്ഷികവിനയെച്ചം

അ - സർവനാമ ബഹുവചനം, നടുവിനയെച്ചം

എ - പ്രതിഗ്രാഹികാ പ്രത്യയം, തൻവിനയെച്ചം

ഉം - ഭാവികാല പ്രത്യയം, സമുച്ചയനിപാതം

       ബഹുവചന പ്രത്യയങ്ങളുടെ നാനാർഥ സ്വഭാവം നോക്കുക. സലിംഗം, അലിംഗം, നപുംസകം എന്നിങ്ങനെയുള്ള ബഹുവചന പ്രത്യയങ്ങളെല്ലാം പൂജക ബഹുവചനം എന്ന അർഥംകൂടി വഹിക്കുന്നുണ്ട്. അതിനാൽ ബഹുവചന പ്രത്യയങ്ങൾക്കെല്ലാം നാനാർഥമുണ്ട്.

          മലയാളത്തിലെ പ്രത്യയങ്ങളെ പ്രയോഗവിജ്ഞാനത്തിന്റെ (Pragmatism) അടിസ്ഥാനത്തിൽ വിശദീകരിക്കാനാവും. ചോംസ്‌കിയൻ ഭാഷാശാസ്ത്രത്തിന്റെ അപസാന്ദർഭീകരണത്തിനെതിരേ വന്ന ഭാഷാസമീപനമാണ് പ്രകരണവിജ്ഞാനം. വ്യാകരണഘടനയോടുകൂടിയ ഭാഷയും സന്ദർഭവും തമ്മിലുള്ള ബന്ധമാണ് പ്രകരണവിജ്ഞാനമെന്ന് സ്റ്റീഫൻ സി. ലെവിൻസൺ നിർവചിക്കുന്നുണ്ട്. (2010:9). പ്രകരണബദ്ധമായ ഭാഷയ്ക്ക് സന്ദർഭവുമായുള്ള ബന്ധത്തെയാണ് ലെവിൻസൺ പരിഗണിക്കുന്നത്. സന്ദർഭം മാറുന്നതിനനുസരിച്ച് ഭാഷയ്ക്ക് അർഥവ്യതിയാനമുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. പ്രകരണത്തിൽ ഈണത്തിനും വലിയ പ്രാധാന്യമുണ്ട്. പ്രകരണവിജ്ഞാനം വാമൊഴിയെ വരമൊഴിക്കൊപ്പം തന്നെ പരിഗണിക്കുന്നു എന്നതാണ് ഇതിന്റെ കാരണം. ഈണവ്യതിയാനം വാക്യത്തെ വ്യത്യസ്തമായ അർഥങ്ങൾ സ്വീകരിക്കാൻ പര്യാപ്തമാക്കുന്നുണ്ട്. അതിനാൽത്തന്നെ പ്രകരണം നാനാർഥങ്ങൾക്ക് കാരണമാകുന്നു. മലയാളത്തിലെ പ്രത്യയങ്ങളുടെ പ്രകരണാർഥങ്ങൾ പരിശോധിക്കാം.

പ്രത്യയങ്ങളും പ്രകരണാർഥങ്ങളും

അവധാരണ പ്രത്യയമായ ഏ പ്രത്യയത്തിന്റെ ചില പ്രയോഗങ്ങൾ ശ്രദ്ധിക്കുക.

  1. പണ്ടേ ദിവ്യ ഇങ്ങനെയാണ്
  2. അവൻ കുറേ വായിക്കും
  3. മിഴിയിൽനിന്നും മിഴിയിലേക്ക് തോണിതുഴഞ്ഞേ പോയീ നമ്മൾ
  4. അവൻ എഴുതിക്കൊണ്ടേ ഇരുന്നു
  5. ദൈവമേ, എന്റെ തെറ്റുകൾ പൊറുക്കണേ
  6. ലക്ഷ്മിയും ഇവളേ, ദേവിയും ഇവളേ
  7. ആ പുസ്തകമൊന്ന് എടുത്തേ
  8. വിനാശകാലേ വിപരീത ബുദ്ധി

ഉദാഹരണം (1), (2) ശ്രദ്ധിക്കുക. ഏ പ്രത്യയം ചേർന്ന നീട്ടലുകൾ ഒരുകാര്യത്തെ വലുതാക്കി കാണിക്കുക എന്ന ധർമ്മമാണ് ചെയ്യുന്നത്. പണ്ട് മുതൽ ദിവ്യ ഇങ്ങനെയാണ്, പണ്ട് മുതലേ അവൾ ഇങ്ങനെയാണ് എന്നീ രണ്ട് പ്രയോഗങ്ങളെ ചേർത്തുവെച്ച് പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാണ്. 'കുറേ' എന്ന പ്രയോഗം ഇവിടെ എണ്ണാനാവാത്തത്ര എന്ന തരത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. ഉദാഹരണം (3)-ൽ 2018-ൽ പുറത്തിങ്ങിയ മായാനദി എന്ന മലയാള സിനിമയിലെ ഒരു ഗാനത്തിന്റെ വരികളാണ്. അതിലെ 'തോണി തുഴഞ്ഞേ' എന്ന പ്രയോഗം തോണി തുഴഞ്ഞുകൊണ്ട് എന്ന അർഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. അതായത്, ഏ പ്രത്യയം - കൊണ്ട് എന്ന അർഥത്തെ കുറിക്കുന്നുണ്ട്. കൊണ്ട് എന്ന ഗതിയോട് -ഏ ചേരുമ്പോൾ ആത്മാർഥമായി ഒരുകാര്യം തുടരുന്നു എന്ന അർഥം വരുന്നു. അവൻ കരഞ്ഞുകൊണ്ടേയിരുന്നു, അമ്മു പഠിച്ചുകൊണ്ടേയിരുന്നു എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഉദാഹരണം.

 

 ഉദാഹരണം (5)-ൽ വിധേയത്വമാണ് പ്രകടമാകുന്നത്. വിധായകത്തിനൊപ്പം ചേരുമ്പോൾ ആണ് ഏ പ്രത്യയത്തിന് ഈ അർഥം കൈവരുന്നത്.

 ഉദാഹരണം (6)-ൽ തന്നെ എന്ന ഗതിയാണ് -ഏയുടെ അർഥം. 'ഭഗവാനേ നീയേ ശരണം' എന്ന പ്രയോഗത്തിലെ ഏ പ്രത്യയവും ഇതേ അർഥത്തിലാണ് ഉപയോഗിക്കുന്നത്. ഉദാഹരണം (7)-ൽ എടുക്കൂ എന്ന അർഥത്തിൽ -ഏ ആവശ്യത്തെ സൂചിപ്പിക്കുന്നു. ഉദാഹരണം (8)-ൽ -അത്ത് എന്ന ആധാരികയ്ക്ക് പകരമായാണ് -ഏ നിലനിൽക്കുന്നത്. അതിനാൽ -ഏ ആധാരികാർഥത്തെക്കൂടി ഉൾക്കൊള്ളുന്നു.

          പ്രകരണത്തോടൊപ്പംതന്നെ ഈണവും നാനാർഥത്തിന് കാരണമാകാറുണ്ട്. പ്രകാര പ്രത്യയങ്ങൾ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. അനുജ്ഞായകത്തിന്റെ പ്രത്യയമായ -ആം പ്രയോഗിക്കുന്ന ചില സന്ദർഭങ്ങൾ ചുവടെ ചേർക്കുന്നു.

  1. ഇന്ന് ഉച്ചയ്ക്ക് നിങ്ങൾക്ക് വീട്ടിൽ പോകാം
  2. കാവിലെ പാട്ടുമത്സരത്തിന് കാണാം
  3. മാല മോഷ്ടിച്ചത് രാമനാകാം
  4. നന്ദൻ അങ്ങനെയൊക്കെ ചെയ്തേക്കാം
  5. നമുക്ക് പരീക്ഷ നന്നായി എഴുതാം

  ഉദാഹരണം (1) അറിയിപ്പ്, അനുമതിയുടെ സ്വഭാവമാണ് കാണിക്കുന്നത്. (2) വെല്ലുവിളിയാണ്. ഈണവ്യത്യസമാണ് ഇവിടെ കാണാം എന്ന പ്രയോഗത്തിന് വെല്ലുവിളിയുടെ അർഥം നൽകുന്നത്. ഉദാഹരണം (3)-ൽ രാമനാണ് മാല മോഷ്ടിച്ചത് എന്ന് വ്യക്തമല്ല. എന്നാലും സംശയം നിലനിൽക്കുന്നുമുണ്ട്. അതിനാൽ സന്ദേഹം എന്ന അർഥമാണ് ഇവിടെ വരുന്നത്. അതുപോലെതന്നെ വാക്യം (4)-ൽ നന്ദൻ ഇതുവരെ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും ഇനി ചെയ്തേക്കാമെന്നുമുള്ള അനിശ്ചിതാർഥം വരുന്നു. ഉദാഹരണം (5)-ൽ നന്നായി പരീക്ഷയെഴുതാൻ സാധിക്കും എന്ന പ്രതീക്ഷയാണ് ഉളവാക്കുന്നത്. ഇവിടെയെല്ലാം ആം എന്ന അനുജ്ഞായകത്തിന് നാനാർഥം നൽകുന്നത് ഈണമാണ്.

              മലയാളത്തിലെ സർവനാമ ബഹുവചനപ്രത്യയവും നടുവിനയെച്ച പ്രത്യയവുമായ '-അ' ക്രിയാധാതുവിനോടുകൂടി ചോദ്യപ്രത്യയമായി ഭാഷയിൽ പ്രത്യക്ഷപ്പെടാറുണ്ട്. വാമൊഴിയിലാണ് ഈ പ്രയോഗം കാണുന്നത്. മലയാള സിനിമകളിൽ പ്രാദേശികഭാഷാപ്രയോഗത്തിന്റെ ഫലമായാണ് 'ആ' എന്ന പ്രത്യയം 'ഓ' എന്ന ചോദ്യ പ്രത്യയമായി സാമാന്യവ്യവഹാരത്തിൽ സാധാരണമാകുന്നത്.

ഉദാ: നീ അവളെ കണ്ട, അവൾ വല്ലതും പറഞ്ഞ

മലയാളത്തിലെ സമുച്ചയനിപാതം -ഉം എന്നതിന്റെ വ്യത്യസ്ത പ്രയോഗങ്ങൾ ശ്രദ്ധിക്കുക.

  1. മുത്തപ്പന്റെ ഉണ്ണീ ഉണരുണര് കയ്യും പിടിച്ചുണ്ണീ ഉയരുയര്.
  2. കണ്ണൻ പരീക്ഷയിൽ ജയിയ്ക്കും.
  3. ഏതില്ലത്തും കയറ്റാവുന്നതും കൂട്ടാവുന്നതുമായ സാമ്പാർ
  4. നാളത്തെ പരിപാടിയ്ക്ക് അർച്ചനയും വരുമോ?
  5. എനിയ്ക്കത് എളുപ്പത്തിൽ ചെയ്യാൻ സാധിയ്ക്കും
  6. ഞാൻ നാളെ അവിടെ പോകും
  7. ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കൻമാരെയും മുതിർന്നവരെയും

ബഹുമാനിയ്ക്കും

  1. അവൻ നാളെ വരുമായിരിയ്ക്കും
  2. അവനെ ഒന്നിനും കൊള്ളില്ല
  3. അവർ അഞ്ചുപേരും ഒരുമിച്ചാണ് വന്നത്
  4. അവൻ നിന്നെ ഒന്നും ചെയ്യില്ല
  5. നാളെ അവർക്കും ഭക്ഷണം കൊടുക്കണം.
  6. അച്ഛൻ: ലളിതേ, നീ

ലളിത: ഉം, ഞാനിവിടെയുണ്ട്.

  1. നന്ദൻ: മായേ; നിനക്കെന്നെ ഇഷ്ടമാണോ?

മായ: ഉം.

  1. ഒരു മുത്തശ്ശി കഥ പറയുകയാണ്.

മുത്തശ്ശി : പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു മുയലച്ചനുണ്ടായിരുന്നു.

കുട്ടി : ഉം

മുത്തശ്ശി : മുയലച്ചൻ മഹാ സൂത്രശാലിയായിരുന്നു.

കുട്ടി : ഉം

     2018-ൽ ഇറങ്ങിയ ഒടിയൻ എന്ന സിനിമയിലെ ഗാനത്തിന്റെ ആദ്യവരികളാണ് ഉദാഹരണം (1). രണ്ടാമത്തെ വരിയിലെ കയ്യും പിടിച്ചുണ്ണീ എന്ന പ്രയോഗം കയ്യിൽ പിടിച്ച എന്ന അർഥമാണ് നൽകുന്നത്. -ഉം പ്രത്യയത്തിന്റെ ആധാരികാസ്വഭാവത്തെയാണ് ഇത് വ്യക്തമാക്കുന്നത്. വാക്യം (2)-ൽ ജയം എന്ന ഉറപ്പ് നൽകുകയാണ് ഉം പ്രത്യയം. നിറപറ സാമ്പാർപൊടിയുടെ പരസ്യവാചകമാണ് ഉദാഹരണം (3). ഏതില്ലത്തും എന്ന പദത്തിലെ -ഉം ഇല്ലം എന്ന പദത്തിന് ആധ്മാനം നൽകുന്നു. ഉദാഹരണം 4-ൽ പരിപാടിയ്ക്ക് മറ്റാരൊക്കെയോ വരുന്നുണ്ട് എന്നത് വ്യക്തമാകുന്നത് ഉം പ്രത്യയത്തിലൂടെയാണ്. എന്നാൽ അർച്ചനയും വരുമോ എന്ന ചോദ്യത്തിൽ -ഉം എന്നതിന് സംശയം എന്ന അർഥം കൂടി ലഭിയ്ക്കുന്നുണ്ട്. വിശ്വാസം എന്ന അർഥത്തെയാണ് വാക്യം (5)-ൽ -ഉം പ്രത്യയം ദ്യോതിപ്പിക്കുന്നത്. വാക്യം (6) ഭാവികാലത്തെ സൂചിപ്പിക്കുന്നതാണ്. ഈ വാക്യത്തിൽ മനോഭാവാർഥം കൂടി വെളിവാകുന്നുണ്ട്. വാശി/ശാഠ്യം ആണ് ഇവിടെ ഭാവം. -ഉം പ്രതിജ്ഞയുടെ സ്വഭാവമാണ് ഉദാഹരണം (7)-ൽ കാണിക്കുന്നത്. ഉദാഹരണം (8)-ൽ സാധ്യത എന്ന അർഥത്തിലാണ് -ഉം നിൽക്കുന്നത്. ഉദാഹരണം (9)-ൽ ഉം പ്രത്യയം പാരമ്യത്തെ കാണിക്കുന്നു. എല്ലാവരും എന്ന അർഥമാണ് (10)-ആമത്തെ ഉദാഹരണത്തിൽ -ഉം പ്രത്യയത്തിനുള്ളത്. ഉദാഹരണം (11)-ൽ -ഉം നിഷേധദാർഢ്യമാണ് (2003:115). നാളെ അവർക്കുംകൂടി ഭക്ഷണം കൊടുക്കണം എന്നാണ് ഉദാഹരണം (12) അർഥമാക്കുന്നത്. കൂടി എന്ന അർഥത്തെയാണ് -ഉം ഇവിടെ ഉൾക്കൊള്ളുന്നത്. ഉദാഹരണം (13)-ൽ വിളികേൾക്കലാണ്. ആശ്രിതരൂപിമമായല്ല, സ്വതന്ത്രരൂപമായാണ് -ഉം ഈ സന്ദർഭത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഉദാഹരണം (14)-ലെ സംഭാഷണശകലത്തിൽ ഉം സമ്മതത്തെ കുറിക്കുന്നു. ഉദാഹരണം (15)-ലാകട്ടെ മുത്തശ്ശി പറയുന്ന കാര്യങ്ങൾ മൂളിക്കേൾക്കുകയാണ് കുട്ടി. താൻ ശ്രദ്ധിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഈ മൂളൽ.

            മലയാളത്തിലെ പ്രത്യയങ്ങളിൽ ചിലതിന്റെ പ്രകരണാർഥങ്ങളെ അപഗ്രഥിച്ചതിൽനിന്ന് മലയാളത്തിലെ പ്രത്യയങ്ങൾ നാനാർഥ സ്വഭാവമുള്ളവയാണെന്ന് വ്യക്തമാവുന്നു. ഈ നാനാർഥങ്ങളിൽ വ്യാകരണാർഥവും പ്രകരണാർഥവും ഉൾപ്പെടുന്നുണ്ട്. മലയാളത്തിലെ പ്രത്യയങ്ങളെല്ലാം ആശ്രിതരൂപിമങ്ങളല്ല പ്രകരണത്തിൽ ഇവയ്ക്ക് സ്വതന്ത്രരൂപിമങ്ങളായി നിൽക്കാൻ സാധിക്കുന്നുണ്ട് എന്ന് ഉം എന്ന നിപാതത്തെ മുൻനിർത്തി വാദിക്കാനാകും. കൂടാതെ നിപാതങ്ങൾക്ക് പ്രകരണത്തിൽ അർഥഭേദസാധ്യതകൾ കൂടുതലുണ്ട്. ക്രിയാധാതുവിനോട് ചേരുന്ന പ്രത്യങ്ങൾക്കാണ് പ്രകരണത്തിൽ വ്യത്യസ്തമായ അർഥങ്ങൾ ലഭിക്കുന്നത്. നാമങ്ങളോട് ചേരുന്ന പ്രത്യയങ്ങൾക്ക് വളരെ കുറച്ച് സന്ദർഭങ്ങളിൽമാത്രമേ അർഥഭേദം സംഭവിക്കുന്നുള്ളൂ.

                മലയാളത്തിലെ പ്രത്യയങ്ങൾക്ക് നാനാർഥ സ്വഭാവമുണ്ടെന്ന് ഈ പഠനം തെളിയിക്കുന്നു. ഈ നാനാർഥഘടനയ്ക്കുള്ള കാരണങ്ങൾ കണ്ടെത്തുക എന്നത് ഈ അന്വേഷണത്തിന്റെ തുടർസാധ്യതയാണ്. ചോംസ്‌കിയൻ വാക്യാപഗ്രഥനരീതി, ധൈഷണികഭാഷാശാസ്ത്രം, ന്യൂറോശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കിയുള്ള അന്വേഷണങ്ങൾ ഇതിന്റെ ഭാവിപഠനങ്ങളിലേക്ക് വഴിതുറക്കും.

ഗ്രന്ഥസൂചി

  • കുഞ്ഞൻപിള്ള ശൂരനാട്ട്, (എഡി). മലയാളമഹാനിഘണ്ടു, വോള്യം 2. തിരുവനന്തപുരം: കേരളസർവകലാശാല.
  • ഗിരീഷ്, പി.എം. അധികാരവും ഭാഷയും. കോഴിക്കോട്: ഐ ബുക്സ് കേരള.
  • രാജരാജവർമ്മ, ഏ.ആർ. കേരളപാണിനീയം. കോട്ടയം: ഡി.സി. ബുക്സ്.
  • ശ്രീകുമാരി, കെ. മലയാളത്തിലെ നാമവർഗ്ഗം. കോട്ടയം: കറന്റ്ബുക്സ്.
  • സുമിജോയ്, 2010. 'പ്രയോഗവിജ്ഞാനം സാമാന്യവീക്ഷണത്തിൽ'. ഭാഷ നവീന വഴികൾ. (എഡി: മാർക്കോസ് വി.പി, മോടയിൽ സാബു). ആലുവ: ഭൂമി മലയാളം- ലക്കം 2010 ജനുവരി
  • Levinson, Stephen C. 2003. Pragmatisc. New York: Cambridge University Press.

 

 

 

 

എംഎ മലയാളം,മദ്രാസ് സർവ്വകലാശാല