ഭാവുകത്വനിർമ്മിതിയും വിവർത്തനങ്ങളും റുബായിയാത്ത് വിവർത്തനങ്ങളെ മുൻനിർത്തി കാല്പനികഭാവുകത്വനിർമ്മിതിയെക്കുറിച്ചുള്ള പഠനം

ഭാവുകത്വനിർമ്മിതിയും വിവർത്തനങ്ങളും റുബായിയാത്ത് വിവർത്തനങ്ങളെ മുൻനിർത്തി കാല്പനികഭാവുകത്വനിർമ്മിതിയെക്കുറിച്ചുള്ള പഠനം

 

- ഇന്ദുശ്രീ.കെ.

 

സാഹിത്യകൃതിയിലുള്ള ആശയങ്ങളേയും അനുഭൂതികളേയും തിരിച്ചറിഞ്ഞ് ആസ്വദിക്കാനും അവയോട് പ്രതികരിക്കാനും ആവശ്യമായ സംവേദനക്ഷമതയാണ് ഭാവുകത്വം. ഭാവുകത്വം എല്ലാകാലത്തും നിയതമായി നിലനിൽക്കില്ല. സാഹിത്യത്തിന്റെ രൂപതലവും ആശയതലവും അനുഭൂതിതലവും നിരന്തരം മാറ്റങ്ങൾക്കു വിധേയമാകുന്നു. ഭാഷയെപ്പോലെ ഭാവുകത്വവും നിരന്തര പരിണാമിയാണ്. സ്ഥലം, കാലം, ചരിത്രം, രാഷ്ട്രീയം, അധികാരവ്യവസ്ഥ, വൈദേശികസ്വാധീനങ്ങൾ, സാങ്കേതികവിദ്യയുടെ വികാസങ്ങൾ എന്നിങ്ങനെ; പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന അനേകം ഘടകങ്ങൾ ഭാവുകത്വനിര്‍മ്മിതിയെ സ്വാധീനിക്കുന്നുണ്ട്.

 ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് ആശയങ്ങളെ എത്തിക്കുവാനുള്ള മാർഗ്ഗമാണ് വിവർത്തനം. തർജ്ജമ ഒരു ഭാഷാ പ്രവർത്തനം മാത്രമല്ല- അതൊരു സാംസ്കാരിക പ്രവർത്തനം കൂടിയാണ്. സാഹിത്യ കൃതികളുടെ വിവർത്തനം ഭാഷകൾ തമ്മിലുള്ള സാംസ്കാരികവിനിമയത്തിന് കാരണമാകുന്നു. 'സ്രോതഭാഷയിൽ ആവിഷ്കരിക്കപ്പെട്ട ആശയങ്ങളെ കഴിയുന്നത്ര ഏറ്റക്കുറച്ചിൽ കൂടാതെയും, ലക്ഷ്യഭാഷയുടെ ആവിഷ്കരണരീതിയ്ക്ക് ഇണങ്ങുന്ന രീതിയിലും, ലക്ഷ്യഭാഷയിൽ ആവിഷ്കരിക്കുന്നതിനുള്ള പ്രയത്നമാണ് വിവർത്തനം.' വൈദേശികമായ സംസ്കാരത്തിന്റെ സ്വാധീനമാണ് വിവർത്തനത്തിന് കാരണമാകുന്നത്. വൈദേശികസ്വാധീനം ഭാവുകത്വനിർമ്മിതിയെ നിർണ്ണയിക്കുന്ന ഒരു പ്രധാനഘടകമാണ്. അതുകൊണ്ടുതന്നെ, ഒരു കാലഘട്ടത്തിന്റെ ഭാവുകത്വനിർമ്മിതിയിൽ വിവർത്തനം വലിയൊരു പങ്കു വഹിക്കുന്നുണ്ട്.  ബൈബിളും അഭിജ്ഞാനശാകുന്തളവും കഴിഞ്ഞാൽ ലോകഭാഷകളിൽ  ഏറ്റവുമധികം തർജ്ജമകൾ ഉണ്ടായിട്ടുള്ള ഒരു കൃതിയാണ് പേർഷ്യൻ കാവ്യമായ റുബായിയാത്ത്. പേർഷ്യൻ കവിയും ഗണിത ശാസ്ത്രജ്ഞനുമായ ഒമർഖയ്യാമാണ് റുബായിയാത്തിന്റെ രചയിതാവ്.

            നാലുപാദങ്ങളിൽ സവിശേഷമായ പ്രാസം ദീക്ഷിച്ചു കൊണ്ടുള്ള ഒരിനം ഗാഥയാണ് റുബാഇയാഹ്. ഇതിന്റെ ബഹുവചനമാണ് റുബാഇയാത്ത്. ഇങ്ങനെയുള്ള 1200 ഗാഥകൾ ഒമർ ഖയ്യാമിന്റെ പേരിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, അവയിൽ 500 ഗാഥകൾ മാത്രമേ അദ്ദേഹത്തിന്റെതായുള്ളൂ എന്നാണ് പണ്ഡിതാഭിപ്രായം. റുബായിയാത്ത് ഒരൊറ്റ വിഷയത്തെ ആസ്പദമാക്കി ശ്ലോകരൂപത്തിൽ രചിച്ച ഒരു കാവ്യമല്ല. ഓരോ ശ്ലോകവും വ്യക്തമായ ഓരോ ആശയത്തെ സംഗീതാത്മകമായ വരികളിലൂടെ ആവിഷ്കരിക്കുകയാണ്. ചതുഷ്പദികൾ സ്വതന്ത്രവും സ്വയം പൂർണ്ണവുമാണ്. എങ്കിലും ഭാവതലത്തിൽ അവയ്ക്ക് ബന്ധമുണ്ട്.             റുബായിയാത്തിന്റെ കർത്താവായ ഒമർഖയ്യാം എ.ഡി പതിനൊന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ പേർഷ്യയിലെ ഖുറാസൻ എന്ന പ്രവിശ്യയിലുള്ള നൈഷാപ്പൂരിലാണ് ജനിച്ചത്. തത്വശാസ്ത്രം, നീതിന്യായം, ചരിത്രം, ഗണിതം, ജ്യോതിശാസ്ത്രം എന്നിങ്ങനെ വിവിധ വൈജ്ഞാനിക മേഖലകളിൽ ഒമർ ഖയ്യാമിന് ആഴത്തിലുള്ള അറിവുണ്ടായിരുന്നു. ബീജഗണിതമുൾപ്പെടെ വിവിധ ശാസ്ത്രങ്ങളിൽ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളിൽ പലതും ഇന്ന് ലഭ്യമല്ല. എന്നാൽ, ഒമർ ഖയ്യാം ലോകപ്രശസ്തനായത് കവി എന്ന നിലയിലാണ് - റുബായിയാത്ത് എന്ന ഒരൊറ്റ കാവ്യത്തിലൂടെ.

ഒമർ ഖയ്യാമും റുബായിയാത്തും ലോകമെമ്പാടും പ്രതിഷ്ഠ നേടിയത് എഡ്വേർഡ്സ് ഫിറ്റ്സ്ജെറാൾഡ് (Edward FitzGerald) എന്ന വിവർത്തകനിലൂടെയാണ്. പതിനൊന്നാം നൂറ്റാണ്ടിൽ വിരചിതമായ റുബായിയാത്ത് തുടർന്ന് ആറു നൂറ്റാണ്ടോളം പാശ്ചാത്യലോകത്തിന് അജ്ഞാതമായിരുന്നു. ഈ കാവ്യത്തെ 'Rubaiyat of Omar Khayyam' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഫിറ്റ്സ്ജെറാൾഡിന്റെ തർജ്ജമയാണ് റുബായിയാത്തിനെ പാശ്ചാത്യലോകത്തിന് പരിചിതമാക്കിയത്.

            ദേശഭാഷകൾക്ക് അതീതമായി റുബായിയാത്തിന് ആസ്വാദകരും അനുവാചകരുമുണ്ടായി. ജീവിതം ക്ഷണികമാണെന്ന ബോധത്തിൽ നിന്ന് ഉളവാകുന്ന തീവ്രമായ വിഷാദത്തെ അകറ്റുവാനുള്ള ആഹ്വാനമാണ് റുബായിയാത്ത് മുന്നോട്ടുവയ്ക്കുന്നത്. ഒമർ ഖയ്യാമിന്റെ കവിത പൂർണമായും ഭൗതികവാദത്തിലധിഷ്ഠിതമാണെന്ന് സമർത്ഥിക്കുന്നവരുണ്ട്. ദൈവഭക്തിയെ പ്രണയപാരവശ്യമാക്കിമാറ്റുന്ന സൂഫീദർശനമാണ് ഈ കാവ്യത്തിൽ നിറഞ്ഞിരിക്കുന്നത് എന്ന് വാദിക്കുന്നവരുമുണ്ട്. ലോകം റുബായിയാത്തിനേയും ഒമർ ഖയ്യാമിനേയും അറിഞ്ഞത് ഫിറ്റ്സ്ജെറാൾഡിന്റെ വിവർത്തനത്തിലൂടെയാണ്. എന്നാൽ,  അദ്ദേഹത്തിന്റെ തർജ്ജമ മൂലകൃതിയുടെ നേർപ്പകർപ്പായിരുന്നില്ല;അതൊരു സ്വതന്ത്ര തർജ്ജമയായിരുന്നു. അതുകൊണ്ട്, ഫിറ്റ്സ്ജെറാൾഡിന്റെ വിവർത്തനം ഒമർഖയ്യാമിന്റെ കവിതയിൽ നിന്ന് അല്പം വ്യത്യസ്തമാണെന്ന് പീറ്റർ അവേരിയും ഉമ്പർട്ടോ എക്കോയും ഉൾപ്പെടെയുള്ള പണ്ഡിതർ നിരീക്ഷിച്ചിട്ടുണ്ട്. റുബായിയാത്ത് വ്യത്യസ്ത രീതിയിൽ വായിക്കപ്പെടുന്നതിനുള്ള ഒരു കാരണം ഇതാണ്. കവിതയിലെ ദർശനത്തെ വ്യാഖ്യാനം ചെയ്യുന്ന രീതിയിലുള്ള വൈവിധ്യം റുബായിയാത്തിന്റെ ഓരോ തർജ്ജമകളേയും വ്യത്യസ്തമാക്കുന്നു. പരസ്പരം നേർവിപരീതമായ ആശയങ്ങൾ ഈ കാവ്യത്തിൽ ഉൾച്ചേർന്നിരിക്കുന്നതായി വായനക്കാർക്ക് അനുഭവപ്പെടും. ഫിറ്റ്സ്ജെറാൾഡിന്റെ തർജ്ജമയ്ക്ക് മൂലകൃതിയോടുള്ള വിശ്വസ്തത ഇന്നും ഒരു തർക്കവിഷയമാണ്. എന്നാൽ, ഭാവുകത്വനിർമ്മിതിയെക്കുറിച്ച് പഠിക്കുമ്പോൾ വിവർത്തനങ്ങൾക്ക് മൂലകൃതിയോടുള്ള വിശ്വസ്തതയേക്കാൾ അവയിൽ ഉൾച്ചേർന്നിരിക്കുന്ന സർഗാത്മകതയാണ് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്. ഓരോ വായനയിലും പുതിയ അർത്ഥങ്ങൾ നൽകുന്ന കൃതി കാലത്തെ അതിജീവിക്കും. ഒമർ ഖയ്യാം മുന്നോട്ടുവയ്ക്കുന്ന ജീവിതദർശനത്തിന്റെ സവിശേഷത തന്നെയാണ് റുബായിയാത്തിന് ഇത്രയധികം ആസ്വാദകരുണ്ടാകുന്നതിനുള്ള കാരണം. ഒരു വശത്ത് കയ്യിൽ മധുചഷകവും അരികിൽ പ്രണയിനിയുമായി ജീവിതത്തിന്റെ  ഓരോ നിമിഷവും ആഘോഷിച്ച് വിലാസലഹരിയിൽ ആറാടുന്ന കവിയായും; മറുവശത്ത്, ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് മനസ്സിലാക്കി ഭക്തിയെ പ്രണയമാക്കി ദൈവത്തിൽ അലിഞ്ഞുചേരാൻ വെമ്പുന്ന ചിരവൈരാഗിയായും ഒമർ ഖയ്യാം വ്യാഖ്യാനിക്കപ്പെടുന്നു. റുബായിയാത്ത് എന്ന കാവ്യത്തിനുള്ളിൽ സവിശേഷമായ കഥയോ കഥാപാത്രങ്ങളോ ഇല്ല. കവിയുടെ ആത്മഭാഷണങ്ങളുടെ രൂപത്തിലാണ് കവിത ആഖ്യാനം ചെയ്തിരിക്കുന്നത്. മധുശാലയിലിരുന്ന് സുഹൃത്തിനോടു സംസാരിക്കുന്ന മട്ടിലാണ് റുബായിയാത്ത്  ആവിഷ്കരിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ കവി വീഞ്ഞു പകരുന്ന കാമുകിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. വിധിയോടുള്ള അസ്തിത്വപരമായ കലഹം റുബായിയാത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ജരണവും മരണവും മനുഷ്യജീവിതത്തിന്റെ അനിവാര്യതകളാണ്. അവയെ ഭയന്ന്, വിഷമിച്ചിരിക്കാതെ ജീവിതത്തിലെ ഓരോ നിമിഷത്തെയും ആസ്വദിക്കണമെന്നാണ് ഒമർ ഖയ്യാമിന്റെ നിലപാട്. റുബായിയാത്ത് ജീവിതരതിയുടെ കവിതയാണ്.

            റുബായിയാത്തിന്റെ തർജ്ജമയിലൂടെ ലോകപ്രശസ്തി നേടിയ ഇംഗ്ലീഷ് കവിയാണ്  എഡ്വേർഡ് ഫിറ്റ്സ്ജെറാൾഡ്. ഫിറ്റ്സ്ജെറാൾഡിന്റെ വിവർത്തനം തികച്ചും സ്വതന്ത്രമായിരുന്നു. 'വിവർത്തനം ജീവനുള്ളതാവണം. മൂലപാഠത്തെ അതേപടി കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ ജീവിതമെങ്കിലും; അത് അല്പം മോശമാണെങ്കിൽക്കൂടിയും വിവർത്തനത്തിൽ ഉൾചേർന്നിരി ക്കണം. സ്റ്റഫ് ചെയ്ത് നിർമ്മിച്ച കഴുകനെക്കാൾ ജീവനുള്ള കുരുവിയാണ് ഭേദം.' എന്നായിരുന്നു ഫിറ്റ്സ്ജെറാൾഡിന്റെ കാഴ്ചപ്പാട്. ഈ സ്വാതന്ത്ര്യബോധം അദ്ദേഹത്തിന്റെ തർജ്ജമയിൽ വളരെ പ്രകടമാണ്. ഒമർ ഖയ്യാമിന്റെ കാവ്യം തന്നിൽ ഉളവാക്കിയ ഭാവപരവും ചിന്താപരവുമായ പ്രതികരണങ്ങൾ സ്വന്തംശൈലിയിൽ ആവിഷ്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഫിറ്റ്സ്ജെറാൾഡ് വിവർത്തനം ചെയ്ത ചതുഷ്പദികളെ അതേപോലെ മൂലകൃതിയിൽ കണ്ടെത്താൻ സാധിക്കില്ലെന്ന് ഒമർഖയ്യാമിന്റെ റുബായിയാത്തിന് പിന്നീട് പ്രത്യക്ഷതർജ്ജമകൾ തയ്യാറാക്കിയ വിവർത്തകർ പറഞ്ഞിട്ടുണ്ട്. റുബായിയാത്തിലെ ചതുഷ്പദികൾ ഓരോന്നും സ്വതന്ത്രമാണ്. അടുത്തുള്ള ചതുഷ്പദിയുടെ അർത്ഥവുമായി ചേർത്തു നോക്കാതെ തന്നെ അവയെ ആസ്വദിക്കമായിരുന്നു. ഈ പദ്യങ്ങൾക്ക് പൂർവ്വാപരക്രമം ഉണ്ടാകുന്ന വിധത്തിൽ അവയെ തിരഞ്ഞെടുത്തു വിന്യസിച്ചത് ഫിറ്റ്സ്ജെറാൾഡായിരുന്നു. 1859-ൽ ഫിറ്റ്സ് ജെറാൾഡ് തന്റെ വിവർത്തനത്തെ 'Rubaiyat of Omar Khayyam' എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ചു. പിന്നീട് ഈ പുസ്തകത്തിന്‌ അഞ്ച് പതിപ്പുകളുണ്ടായി. ഫിറ്റ്സ്ജെറാൾഡ് തന്റെ വിവർത്തനത്തെ നവീകരിക്കുവാനും മെച്ചപ്പെടുത്തുവാനും ശ്രമിച്ചതുകൊണ്ട് റുബായിയാത്തിലെ പല ശ്ലോകങ്ങളും പാഠഭേദങ്ങൾ ഉണ്ടായി. പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന്റെ സാമൂഹികഘടന റുബായിയാത്തിന്റെ പ്രചാരണത്തിനു പിന്നിലെ നിർണായകമായ ഒരു കാരണമാണ്. വിക്ടോറിയൻ കാലഘട്ടത്തിലെ വിശ്വാസ സംഹിതകളോടുള്ള സാഹിതീയമായ കലഹത്തിന് റുബായിയാത്ത് ഊർജ്ജം പകർന്നു. അക്കാലത്തെ കാവ്യഭാവുകത്വത്തെ ഈ കൃതി ഗാഢമായി സ്വാധീനിച്ചു. അധികാരവ്യവസ്ഥയുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടാതെ തുടരുന്നതിനു വേണ്ടി, മതത്തിന്റെയും ആദർശത്തിന്റെയും പേരിൽ മനുഷ്യമനസ്സിന്റെ നൈസർഗ്ഗിക വികാരങ്ങളേയും ഗുണങ്ങളേയും അടിച്ചമർത്തിയിരുന്ന ഒരു കാലമായിരുന്നു അത്. ഇംഗ്ലണ്ടിലെ യുവതലമുറ തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് വിഘാതമായ സാമൂഹ്യവ്യവസ്ഥയോടുള്ള പ്രതിഷേധമായി തന്നെ ഈ കാവ്യത്തെ  അടയാളപ്പെടുത്തി. ഫിറ്റ്സ്ജെറാൾഡിന്റെ തർജ്ജമയ്ക്ക് വലിയ പ്രചാരം ലഭിച്ചുവെങ്കിലും ആധികാരികമോ വിശ്വസ്തമോ അല്ല എന്ന് ചില നിരൂപകർ അഭിപ്രായപ്പെട്ടു. അദ്ദേഹം വിവർത്തനത്തിൽ എടുത്ത സ്വാതന്ത്ര്യം കാരണം റുബായിയാത്ത് തർജ്ജമയ്ക്ക് സ്വതന്ത്ര കൃതിയുടെ പരിവേഷം കിട്ടി.

            റുബായിയാത്ത് മലയാളികളെ ഏറെ സ്വാധീനിച്ച ഒരു കാവ്യമാണ്. ഒമർഖയ്യാമിന്റെ ഈ കൃതിയ്ക്ക് മലയാളത്തിൽ ഒട്ടേറെ തർജ്ജമകൾ ഉണ്ടായിട്ടുണ്ട്. ഫിറ്റ്സ്ജെറാൾഡിന്റെ പാഠത്തെ ആധാരമാക്കി രചിച്ചവയാണ് ഈ വിവർത്തനങ്ങളിൽ അധികവും. പേർഷ്യൻ മൂലകൃതിയിൽ നിന്ന് നേരിട്ടുള്ള വിവർത്തനങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഫിറ്റ്സ് ജെറാൾഡിന്റെ റുബായിയാത്ത് വിവർത്തനത്തിന് മലയാള പരിഭാഷകൾ വന്നുതുടങ്ങിയത് മുപ്പതുകളിലാണ്. ആദ്യമായി ഈ കാവ്യം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ജി.ശങ്കരക്കുറുപ്പാണ്. അദ്ദേഹം 1932-ൽ 'വിലാസലഹരി' എന്ന പേരിൽ റുബായിയാത്ത് തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചു.

           ജി.ശങ്കരക്കുറുപ്പിന്റെ 'വിലാസലഹരി' (1932), എം.പി അപ്പന്റെ 'ജീവിതോത്സവം' (1935), അമ്പാടി രാഘവപ്പൊതുവാളിന്റെ 'ഓമർ ഖയ്യാം'(1937), സർദാർ കെ എം പണിക്കരുടെ 'രസികരസായനം' (1944), ചങ്ങമ്പുഴയുടെ 'മദിരോത്സവം' (1947), പുത്തൻകാവ് മാത്തൻ തരകന്റെ 'ജീവിതമാധുരി' (1954) തിരുനല്ലൂർ കരുണാകരന്റെ 'റുബാഇയാത്ത്: ഒമർ ഖയ്യാമിന്റെ ഗാഥകൾ' (1990), വി. മാധവ മേനോന്റെ 'റുബായിയാത്ത്' (1993), ഡോ. ഉമർ തറമേലിന്റെ 'റുബാഇയ്യാത്ത്' (2006) എന്നിവ റുബായിയാത്തിന്റെ പ്രസിദ്ധിനേടിയ മലയാളപരിഭാഷകളാണ്. ഈ പരിഭാഷകളിൽ ചങ്ങമ്പുഴയുടെ 'മദിരോത്സവം' വ്യത്യസ്തത പുലർത്തുന്നു. മദിരോത്സവം സ്വതന്ത്ര തർജ്ജമയാണ്. ബാക്കി എട്ടു കൃതികളും പദാനുപദവിവർത്തനങ്ങളാണ്.           റുബായിയാത്തിന്റെ മലയാളപരിഭാഷകൾ, അവ പദാനുപദ വിവർത്തന ങ്ങളാണെങ്കിൽപ്പോലും പരസ്പരം വ്യത്യസ്തത പുലർത്തുന്നു. കേരളീയമായ കാവ്യസംസ്കാരത്തിന്റെ ബഹുസ്വരതയുടെ ഒരംശം ഈ വിവർത്തനങ്ങളിൽ പ്രകടമാണ്. വ്യത്യസ്ത വീക്ഷണവും കാവ്യാഭിമുഖ്യവും പുലർത്തുന്നവരാണ് റുബായിയാത്തിന് പരിഭാഷ നൽകിയവർ. ഈ തർജ്ജമകളിൽ തെളിയുന്ന ഭാവുകത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ ഫിറ്റ്സ്ജെറാൾഡിന്റെ വിവർത്തനത്തിലെ പന്ത്രണ്ടാമത്തെ ശ്ലോകത്തെ ഈ വിവർത്തകർ എങ്ങനെ വിവർത്തനം ചെയ്തു എന്നു നോക്കാം:

' A Book of verse underneath the bough

A Jug of wine, a Loaf of Bread and Thou

Beside me singing in the Wilderness

Oh, Wilderness is paradise enow'

                   ( Rubaiyat of Omar Khayyam - Fifth edition)

 

'തേനഞ്ചുന്ന ലഘു കാവ്യം,

            വല്ലതുമാഹാരമല്പം

പാനപാത്രം നിറയെ

            മധുമധുരം,

ഗാനം ചെയ്യും നീയരികെ,

            പ്പാദപത്തണലി,ലയ്യാ!

കാനനവുമെനിക്കെന്നാൽ

            വാനവലോകം.'

                  ( വിലാസലഹരി ജി.ശങ്കരക്കുറുപ്പ് )

 

'ചിന്താസുന്ദരകാവ്യവും ലഘുതരം

ഭോജ്യങ്ങളും, ചെന്നിറം

ചിന്തിപ്പൂമ്പതപൊങ്ങി വീഞ്ഞു നിറയും

സുസ്ഫടികക്കിണ്ണവും

കാന്തേ, യെന്നരികത്തിളം തണലിൽ നീ

പാടാനുമുണ്ടെങ്കിലോ

കാന്താരസ്ഥലിപോലുമിന്നിവനു ഹാ!

സ്വർലോകമാണോമനേ!'

                           (ജീവിതോത്സവം - എം.പി അപ്പൻ)

 

' കരുതിച്ചെറു ഭക്ഷ്യപേയമല്പം

പെരുതായീട്ടൊരു കാവ്യവും കരത്തിൽ

പിറകെയൊരു പാട്ടുമൂളി നീയെ-

ന്നരികേയിങ്ങനെ വാണുകൊണ്ടു നമ്മൾ

തരുവിൻ തണലോടണഞ്ഞു വന്നാ-

യിരുപേരും പെരുമാറിടുമെന്നതാകിൽ

പെരുതായ വനാന്തരങ്ങൾ നമ്മൾ

ക്കൊരു വാനോർപുരമായി മാറ്റിവയ്ക്കാം'

                   ( ഓമർ ഖയ്യാം - അമ്പാടി രാഘവപ്പൊതുവാൾ)

 

'രസംപെരിയകാവ്യവും വിജനമാം തരുച്ഛായയും

സുരാഭരിതപാത്രവും ചെറുതു ഭോജനം വല്ലതും

അടുത്തു മൃദുഗാനമൻപോടുപൊഴിച്ചു നീയും പ്രിയേ!

വസിക്കിലവിടം നമുക്കടവിയെങ്കിലും സ്വർഗ്ഗമേ'

            (രസികരസായനം - സർദാർ കെ.എം പണിക്കർ )

 

'ചന്ദനശീതളമാമിപ്പൂനിലാവും, പുഴവക്കും,

മന്ദാക്ഷലോലുപയായെന്നരികിൽ നീയും,

പരിമളലഹരിയും പതയുമീമുന്തിരിയും,

പരമോല്ലാസദേ, ഹാ, ഞാൻ നിർവൃതിക്കൊൾവൂ'

                         (മദിരോത്സവം - ചങ്ങമ്പുഴ)

 

'സമധികഭംഗികലർന്നു വിളങ്ങും

ശ്യാമള ശീതള പാദപനിഴലിൽ

സുരുചിരസംഗീതാമൃതവർഷ വി-

ധാന വിലാസിനിയാകിയ നീയും

മദമരുളും പുതുമദിര നിറച്ചൊരു

മണിഭാജനവും ഭോജനലവവും

മധുര മനോഹര കവിതയുമായാൽ

മതി, മരുഭൂവും മമ സുരലോകം'

             (ജീവിതമാധുരി - പുത്തൻകാവ് മാത്തൻ തരകൻ)

 

'ചാഞ്ഞ പച്ചിലച്ചില്ലപ്പടർപ്പിനു

താഴെ വല്ലതുമല്പമാഹാരവും

പാനപാത്രം നിറയും മദിരയും

ഭാവസാന്ദ്രമധുരം കവിതയും

ഗാഢമൗനവിജനതാലീനമാം

ഗാനമാലോലമാലപിച്ചങ്ങനെ

കൂടെ നീയുമുണ്ടെങ്കിൽ കൊടുംവനം -

കൂടി നന്ദനമാണെനിക്കോമനേ'

               (റുബാഇയാത്ത് - ഒമർ ഖയ്യാമിന്റെ ഗാഥകൾ - തിരുനല്ലൂർ കരുണാകരൻ )

 

'ഇവിടെയൊരുതെല്ലു വല്ലാഹാരവും ലസത് -

കവന കൃതിയൊന്നും, മധു പൂർണ്ണ കുംഭവും

അരികിലൊരു ഗീതകം പാടുന്ന നീയുമീ-

ത്തണലി, ലഹ! കൈവരിൽ കാടിതും നാകമാം'

                (റുബായിയാത്ത് - വി. മാധവമേനോൻ)

 

'ഈ വൃക്ഷത്തിൻ തണൽത്തണുവിലുണ്ട്

പ്രണയ സ്രോതസ്സാം കാവ്യപുസ്തകം

ചെന്നിപ്പൂമ്പത നുരയും

നിത്യവിശ്വാസത്തിൻ വീഞ്ഞുകോപ്പയും

കാന്താര നാദധാരയിൽ നിത്യവിശ്രുത കാവ്യമാലപിക്കാൻ

പ്രാണബന്ധുവാം നീ കൂടെയുണ്ടെങ്കിൽ സർവ്വവും മംഗളം'

                  (റുബാഇയ്യാത് - ഡോ. ഉമർ തറമേൽ )

            റുബായിയാത്ത് ലോകമെമ്പാടും ഒരു കാല്പനിക കാവ്യമായിട്ടാണ് അറിയപ്പെട്ടത്. എങ്കിലും, റുബായിയാത്തിന്റെ തർജ്ജമകളെല്ലാം കാല്പനികസ്വഭാവമുള്ളവയായിരുന്നില്ല. ഈ കാവ്യത്തിന്റെ പശ്ചാത്തലത്തലവും അതിൽ വിവരിക്കുന്ന, അരാജകമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ജീവിതരീതിയും കേരളീയരായ ആസ്വാദകർ തുറന്നമനസ്സോടെ സ്വീകരിക്കുമോ എന്ന ആശങ്ക പല വിവർത്തകരേയും ബാധിച്ചിരുന്നു എന്ന് തന്നെയാണ് ഇതിനുള്ള കാരണം. മുപ്പതുകൾക്കും അൻപതുകൾക്കുമിടയിലാണ് റുബായിയാത്തിന് മലയാളത്തിൽ ഏറ്റവുമധികം വിവർത്തനങ്ങൾ ഉണ്ടായത്. കേരളം നവോത്ഥാനമുന്നേറ്റങ്ങളിലൂടെയും രാഷ്ട്രീയ പരിതഃസ്ഥിതികളുടെ വ്യതിയാനങ്ങളിലൂടെയും കടന്നുപോയ ഒരു കാലമായിരുന്നു അത്. ആ കാലഘട്ടത്തിന്റെ സാംസ്കാരിക പശ്ചാത്തലം റുബായിയാത്തിന്റെ തർജ്ജമകളേയും സ്വാധീനിച്ചിട്ടുണ്ട്.

ജീവിതത്തിന്റെ കഠിനപരീക്ഷണങ്ങളൊന്നും അലട്ടാത്ത ഒരു ലോകത്തെക്കുറിച്ചാണ് ഒമർഖയ്യാം പാടുന്നത്. ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് ഏതാനും കാര്യങ്ങൾ പറയുന്നു എന്നതൊഴിച്ചാൽ റുബായിയാത്ത് ജീവിതത്തിന്റെ 'നല്ല കാലത്തെ' ആസ്വദിക്കുവാനുള്ള ആഹ്വാനമാണ്. ബാല്യത്തേയോ വാർദ്ധക്യത്തേയോ ഈ കൃതിയിലെ ജീവിതദർശനം വാസ്തവത്തിൽ അഭിസംബോധന ചെയ്യുന്നില്ല. മധുശാലയിലെ ലഹരി നിറഞ്ഞ നിമിഷങ്ങളിൽ കവിതയുടെ കാലം കുടുങ്ങിക്കിടക്കുന്നു. സമൂഹത്തിന്റെ യാതൊരുവിധ നിയന്ത്രണങ്ങൾക്കും വിധേയരാകാതെ ഭോഗപരതയിൽ മുഴുകുന്നവരാണ് റുബായിയാത്തിലെ മനുഷ്യർ. ഈ മനുഷ്യരെല്ലാം വ്യക്തിബന്ധങ്ങളുടെ കെട്ടുപാടുകളില്ലാതെ സ്വതന്ത്രമനുഷ്യരാണെന്നതും ശ്രദ്ധേയമാണ്. പ്രണയം കാല്പനികകവിതയുടെ പ്രധാനപ്പെട്ട ഒരു വിഷയമാണെങ്കിൽക്കൂടിയും റുബായിയാത്ത് ഒരു പ്രണയ കവിതയല്ലെന്ന് തീർത്തു പറയാം. വീഞ്ഞു പകരുന്ന കാമുകി കാവ്യത്തിലുടനീളമുണ്ടെങ്കിലും അവൾ വീഞ്ഞുപോലെ ഒരു ഉപഭോഗവസ്തു മാത്രമാണിവിടെ. ഒമർഖയ്യാമിന്റെ മധുശാലയ്ക്ക് സമാനവും സമാന്തരമായ ഒരു ലോകം കേരളീയരുടെ ഭാവുകത്വമണ്ഡലത്തിൽ ഉണ്ടെങ്കിൽ അത് ശ്രീകൃഷ്ണനും ഗോപികമാരും രാസലീലയാടിയ വൃന്ദാവനമാണ്. തന്റെ ശയ്യയിൽനിന്ന് 'വന്ധ്യയായ വയോധികയുക്തിയെ ഇറക്കിവിട്ട് മുന്തിരിത്തോപ്പിന്റെ കുമാരിയെ വേൾക്കുന്ന' കവി അനുഭൂതികൾക്ക് പ്രാധാന്യം നൽകുന്ന ഒരു കാല്പനികൻ തന്നെയാണ്. എന്നാൽ, റുബായിയാത്തിനെ യഥാർത്ഥമായ ഒരു കാല്പനികകൃതിയാക്കി മാറ്റുന്നത് ഭോഗപരതയുടെ ചിത്രീകരണമല്ല - അതിന്റെയുള്ളിൽ തെളിയുന്ന വ്യവസ്ഥിതിയോടുള്ള തീവ്രകലഹമാണ്. രാസലീലയിൽ ഇല്ലാത്തതും ഈ ഘടകം തന്നെ. റുബായിയാത്തിലെ ഭോഗപരതയ്ക്ക് ദൈവികതയുടെ പരിവേഷമില്ല.

            1930 നും 1955 നും ഇടയിലാണ് റുബായിയാത്തിന് മലയാളത്തിൽ ഏറ്റവും കൂടുതൽ തർജ്ജമകൾ ഉണ്ടായത്. അയിത്തോച്ചാടനവും സഞ്ചാരസ്വാതന്ത്ര്യവും നേടിയെടുക്കാനായി ഗുരുവായൂർ സത്യാഗ്രഹവും പാലിയം സമരവുമൊക്കെ നടന്ന കാലഘട്ടമായിരുന്നു അത്. ഇതോടൊപ്പം ദേശീയപ്രസ്ഥാനം ജനങ്ങളെ കർമ്മോത്സുകരാക്കി. സമൂഹത്തിൽ ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രചാരമുണ്ടായി. വൈദേശികാധിപത്യം രൂപപ്പെടുത്തിയ വിദ്യാഭ്യാസ സമ്പ്രദായം കാരണം മലയാളികൾക്ക് ആംഗലേയകൃതികൾ പരിചയപ്പെടാൻ അവസരം ഉണ്ടായി. സാമ്പ്രദായികമായ സംസ്കൃത പഠനത്തിനു പകരം ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങിയപ്പോൾ തർജ്ജമ എന്ന പ്രക്രിയയ്ക്ക് സാഹിത്യത്തിൽ കൂടുതൽ പ്രാധാന്യം ലഭിച്ചു. പാശ്ചാത്യ കൃതികളെക്കുറിച്ചുള്ള അറിവ് കേരളീയ കാവ്യഭാവുകത്വത്തിലും മാറ്റങ്ങളുണ്ടാക്കി. നവോത്ഥാനചിന്തകളും വിദ്യാഭ്യാസവും വിദേശശക്തികൾക്കെതിരെയുള്ള വികാരവും ജനതയെ കൂടുതൽ കൂടുതൽ സ്വാതന്ത്ര്യകാംക്ഷികളാക്കി.

            ഈ ഘടകങ്ങൾ മലയാളിയുടെ സാമൂഹ്യജീവിതത്തിലും സദാചാരബോധത്തിലും വലിയ പരിവർത്തനം സൃഷ്ടിച്ചു. മരുമക്കത്തായത്തിൽ നിന്ന്  മക്കത്തായത്തിലേക്ക് ദായക്രമം മാറി. കൂട്ടുകുടുംബങ്ങൾ വിഘടിക്കാൻ ആരംഭിച്ചു. സംബന്ധം പോലുള്ള അസ്ഥിരമായ കുടുംബ സംവിധാനത്തിനു പകരം സ്ഥിരതയുള്ള ഏക ഇണ സമ്പ്രദായത്തെ ചെറുപ്പക്കാർ തെരഞ്ഞെടുത്തു. ദീർഘകാലം ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയിൽ വിക്ടോറിയൻ സദാചാര നിയമങ്ങൾക്ക് വലിയ പ്രതിഷ്ഠ ലഭിച്ചിരുന്നു. ഈ സാമൂഹിക -സാംസ്കാരിക സാഹചര്യത്തിൽ ജീവിച്ചിരുന്ന ജനത റുബായിയാത്തിലെ ഭോഗപരതയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ സാധ്യതയില്ല. പക്ഷേ, റുബായിയാത്തിലെ സ്വാതന്ത്ര്യബോധം ആസ്വാദകരെ സ്വാധീനിച്ചു.

            ജി ശങ്കരക്കുറുപ്പിന്റെ 'വിലാസലഹരി', അമ്പാടി രാഘവ പ്പൊതുവാളിന്റ 'ഓമർഖയ്യാം', സർദാർ കെ.എം.പണിക്കരുടെ 'രസികരസായനം', ചങ്ങമ്പുഴയുടെ 'മദിരോത്സവം', പുത്തൻകാവ് മാത്തൻ തരകന്റെ 'ജീവിതമാധുരി', തിരുനല്ലൂർ കരുണാകരന്റെ 'റുബാഇയാത്ത് - ഒമർഖയ്യാമിന്റെ ഗാഥകൾ' , വി.മാധവമേനോന്റെ 'റുബായിയാത്ത്' എന്നീ കൃതികളെല്ലാം റുബായിയാത്തിന്റെ കാല്പനികവിവർത്തനങ്ങൾ ആണ്. എങ്കിലും, ഇവയിലെല്ലാം കാല്പനികഭാവുകത്വം ഒരേ അളവിലുണ്ടെന്ന് പറയാനാവില്ല. കാല്പനികതയെ അംഗീകരിക്കാത്ത സാമൂഹിക-സാംസ്കാരിക നിയമങ്ങളുടെ പശ്ചാത്തലത്തിൽനിന്ന് പരിഭാഷ നിർവഹിച്ച എഴുത്തുകാരിൽ കാല്പനികതയും നിയോക്ലാസിസവും തമ്മിലുള്ള സംഘർഷം പ്രകടമാണ്. എം.പി അപ്പന്റെ ജീവിതോത്സവവും ഉമർ തറമേലിന്റെ റുബാഇയ്യാതും റുബായിയാത്തിന്റെ അകാല്പനിക വിവർത്തനങ്ങളാണ്. ഈ രണ്ടുകൃതികളിലും തത്വചിന്തയ്ക്കാണ് കൂടുതൽ പ്രാധാന്യം.

            ജി.ശങ്കരക്കുറുപ്പിന്റെ വിലാസലഹരി തികഞ്ഞ കാല്പനിക തർജ്ജമയാണ്. പക്ഷേ, റുബായിയാത്ത് മതം സൃഷ്ടിച്ച ദൈവത്തിന്റെ നീതിയെ ചോദ്യം ചെയ്യുമ്പോൾ ജി.ശങ്കരക്കുറുപ്പ് ആ ദൈവത്തിനു മുൻപിൽ പൂർണ്ണവിധേയനാകുന്നു. 'വിലാസലഹരി'യെ ആത്മീയതയുമായി ബന്ധിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. അതുകൊണ്ടാണ്, 'ഖയ്യാമിന്റെ ഭാവന ആമൂലം സന്മാർഗ്ഗ വിരുദ്ധമായിത്തീർന്നിരിക്കുന്ന ഒരു സമൂഹത്തിന്റെ ഉൽകൃഷ്ട കവിയായിപ്പോയല്ലോ ജി' എന്ന് എം.എൻ വിജയൻ അഭിപ്രായപ്പെട്ടത്. 'ഉമർ ഖയ്യാമിന്റെ പേരിൽ വരച്ചുവച്ചിട്ടുള്ള പറുദീസയുടെ ചിത്രം, ഖയ്യാമിന്റെതല്ലെന്നും ആണെങ്കിൽത്തന്നെ കേവലം പ്രതിരൂപാത്മക മാണെന്നും സ്ഥാപിക്കുവാൻ എല്ലാ ഭാഷയിലെയും എഴുത്തുകാർ ഒരുപാട് മഷി ചെലവാക്കിയിട്ടുണ്ട്' എന്നും അദ്ദേഹം പറയുന്നുണ്ട്. റുബായിയാത്ത് വിവർത്തനം ചെയ്ത പല കവികളും കാവ്യത്തിന്റെ സംഗീതാത്മകതയ്ക്കാണ് പ്രാധാന്യം നൽകിയത്. പ്രാസം നിബന്ധിക്കാനും വൃത്തത്തിൽ കണിശത നിലനിർത്താനും അവർ ശ്രമിച്ചു. പുത്തൻകാവ് മാത്തൻ തരകന്റെ പരിഭാഷ ഇതിന് ഉദാഹരണമാണ്. അമ്പാടി രാഘവ പൊതുവാൾ, സർദാർ കെ.എം പണിക്കർ, വി.മാധവമേനോൻ എന്നീ വിവർത്തകർ പാഠസമമൂല്യത പുലർത്താനാണ് കൂടുതൽ ശ്രമിച്ചത്. ചങ്ങമ്പുഴയുടെയും തിരുനല്ലൂർ കരുണാകരന്റെയും തർജ്ജമകളിലാണ് കാല്പനിക ഭാവുകത്വം അതിന്റെ പൂർണ്ണതയിൽ കാണാൻ സാധിക്കുക. മൂന്നു ഖണ്ഡങ്ങളുള്ള മദിരോത്സവം നാടകീയ സ്വഗതാഖ്യാനശൈലിയിലാണ് എഴുതിയിരിക്കുന്നത്. ദുഖങ്ങളിൽപ്പെട്ടുഴലുന്ന സുഹൃത്തിനെ ആശ്വസിപ്പിക്കുന്ന മട്ടിലാണ് കാവ്യം ആരംഭിക്കുന്നത്. രണ്ടാമത്തെ ഖണ്ഡത്തിൽ ജീവിതത്തിന്റെ നശ്വരതയും മതത്തിന്റെ കാപട്യവുമാണ് പ്രധാന വിഷയം. ഈ ഖണ്ഡത്തിൽ ഹിറ്റ്ലറുടേയും മുസ്സോളിനിയുടേയും പതനത്തെക്കുറിച്ച് ചങ്ങമ്പുഴ പരാമർശിക്കുന്നുണ്ട്. മൂന്നാമത്തെ ഖണ്ഡത്തിൽ കവി സ്നേഹത്തെ സ്തുതിക്കുന്നു. ഫിറ്റ്സ്ജെറാൾഡിന്റെ പന്ത്രണ്ടാം ലോകത്തിലെ 'Wilderness is paradise enow' എന്ന വരി 'പരമോല്ലാസദേ, ഹാ, ഞാൻ നിർവൃതിക്കൊൾവൂ' എന്നാണ് ചങ്ങമ്പുഴ തർജ്ജമ ചെയ്യുന്നത്. പരമമായ നിർവൃതിയുടെ ലോകം തന്നെയാണ് കാല്പനികന്റെ സ്വർഗ്ഗം. മദിരോത്സവത്തിലെ കാമുകി മറ്റു വിവർത്തനങ്ങളിലെ കാമുകിയെപ്പോലെയല്ല. 'പരമോല്ലാസദ' എന്ന് കവി വിശേഷിപ്പിക്കുന്ന 'അവൾ' യഥാർത്ഥത്തിൽ ചങ്ങമ്പുഴയുടെ സ്നേഹസങ്കല്പമാണ് - ഒരു വ്യക്തിയല്ല. തിരുനല്ലൂർ കരുണാകരന്റെ വിവർത്തനം മൂലകൃതിയുടെ അതേപടിയുള്ള പകർപ്പോ അതിനെ അവഗണിക്കുന്ന സ്വതന്ത്രകൃതിയോ അല്ല. മൂലകൃതിയുടെ വായനയും വ്യാഖ്യാനവും സൗന്ദര്യാത്മകമായ പുനരാവിഷ്കരണവുമാണ് ആ കൃതി. ലളിതവും സംഗീതാത്മകവുമാണ് ഈ കൃതിയുടെ ഭാഷ.

എം.പി അപ്പന്റെ ജീവിതോത്സവത്തിൽ മുന്നിട്ടു നിൽക്കുന്ന ഭാവം വിഷാദാത്മകതയാണ്. കാവ്യത്തിലെ അസാധാരണമായ വിഷാദഭാവത്തെ ഫലപ്രദമായി അവതരിപ്പിക്കാൻ ശാർദൂലവിക്രീഡിത വൃത്തം തെരഞ്ഞെടുത്ത പരിഭാഷകൻ ശ്രദ്ധയൂന്നിയത് റുബായിയാത്തിലെ മൃത്യുബോധത്തിലാണെന്ന് വ്യക്തം. ക്ഷണികമായ ജീവിതത്തെ ആനന്ദഭരിതമാക്കണമെന്നു പറയുമ്പോഴും എം.പി അപ്പൻ ഭോഗപരതയെ സ്വീകരിക്കുന്നില്ല. വ്യവസ്ഥിതികളെ മറികടക്കാൻ ആഗ്രഹിക്കുന്ന കാല്പനികനു പകരം അവയെ മനസ്സിലാക്കി സമരസപ്പെട്ടു ജീവിക്കാൻ ശ്രമിക്കുന്ന മനുഷ്യനെയാണ് ജീവിതതോത്സവത്തിൽ കാണാനാവുക. കാമുകിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ചതുഷ്പദികൾ ഈ പരിഭാഷയിൽ കൂടുതലാണ്. 'നാം', 'നമ്മൾ' എന്നീ വാക്കുകൾ കവിതയിൽ ധാരാളമായി ആവർത്തിക്കുന്നുണ്ട്. ഈ കാരണങ്ങൾ കൊണ്ട് കാമുകി സുഖദുഃഖങ്ങളിൽ ഒപ്പം നിൽക്കുന്ന ജീവിതപങ്കാളി തന്നെയാണെന്ന പ്രതീതി വായനക്കാരിലുണ്ടാവുന്നു. ജീവിതോത്സവത്തിൽ കാല്പനികാംശമുണ്ട്. പക്ഷേ, അത് വളരെ നിയന്ത്രിതമാണ്. റുബായിയാത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു തർജ്ജമയാണ് ഡോ.ഉമർ തറമേലിന്റെ റുബാഇയ്യാത്. തർജ്ജമയുടെ കോളനീകൃതയുക്തികളെ തിരസ്കരിച്ച് മൂലകൃതിയുടെ പാഠസംസ്കാരത്തെ കണ്ടെത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഫിറ്റ്സ്ജെറാൾഡിന്റെ വിവർത്തനം ഒരു കൊളോണിയൽ നിർമ്മിതിയാണെന്ന് പല നിരൂപകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 'വിക്ടോറിയൻ രാഷ്ട്രീയയുക്തി യുടേയും യൂറോപ്യൻ സുഖവാദചിന്തയുടേയും പരിസരത്തു വിടർന്ന ഫിറ്റ്സ്ജെറാൾഡിന്റെ പരിഭാഷ പേർഷ്യൻ സംസ്കൃതിയ്ക്കു മുന്നിൽ ഒരു തിരശ്ശീല ആയി മാറുന്നുണ്ട്' എന്ന് പരിഭാഷകൻ നിരീക്ഷിക്കുന്നു. ഉമർ തറമേലിന്റെ പരിഭാഷയിൽ സൂഫീദർശനങ്ങൾക്കാണ് പ്രാധാന്യം. മറ്റു പരിഭാഷകളിലെ മധുചഷകം ഇവിടെ 'നിത്യവിശ്വാസത്തിന്റെ വീഞ്ഞു കോപ്പയാണ്' നിത്യവിശ്രുതകാവ്യമാലപിച്ച് അടുത്തിരിക്കുന്ന വ്യക്തിയെ ഈ തർജ്ജമയിൽ 'പ്രാണബന്ധു' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അലിംഗമായ വിശേഷണമാണിത്. കവിതയുടെ ആഖ്യാതാവും കാവ്യമാലപിക്കുന്ന പ്രാണബന്ധുവും സ്ത്രീയോ പുരുഷനോ ആവാം. മറ്റെല്ലാ തർജ്ജമകളും മധുശാലയിലിരുന്ന് വീഞ്ഞ് ആസ്വദിക്കുന്ന പുരുഷന്റെ വീക്ഷണകോണിലൂടെയാണ് ആവിഷ്കരിക്കപ്പെടുന്നത്. ഇവിടെ രണ്ട് ദൈവഭക്തരെ മാത്രമാണ് കാണാനാവുക. ഫിറ്റ്സ്ജെറാൾഡ് എഴുതിയ ' Wilderness is paradise enow' എന്ന പദത്തെ 'സർവ്വവും മംഗളം' എന്ന് വിവർത്തകൻ ചുരുക്കിയിരിക്കുന്നു. ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കാൻ മനുഷ്യർക്ക് സാധിക്കില്ല എന്ന വിശ്വാസമാണ് ഇതിനു പിന്നിൽ. 'ഹൃദയത്തിന്റെ വികാസമാണ് ഭൂമിയിലെ സ്വർഗ്ഗമെന്ന കാല്പനികാശയം മതവിശ്വാസി അബദ്ധമായി മാത്രമല്ല, ഈശ്വരനിന്ദയായിക്കൂടി കരുതും' എന്ന ഹൃദയകുമാരിയുടെ നിരീക്ഷണം ഇവിടെ ഓർക്കാവുന്നതാണ്. മനുഷ്യജീവിതത്തിന്റെ നശ്വരത ഉമർ തറമേലിന്റെ വിവർത്തനത്തിലെ പ്രധാനപ്പെട്ട ആശയമാണ്. മതത്തോടും ദൈവത്തോടുള്ള വിധേയത്വമാണ് ഈ കൃതിയിലുള്ളത്. മുക്തഛന്ദസ്സിലുള്ള പരിഭാഷയാണ് എന്ന പ്രത്യേകതയും റുബാഇയ്യാതിനുണ്ട്. ആധുനികതയും ഉത്തരാധുനികതയും കവിതയിൽ ഉണ്ടാക്കിയ രൂപപരമായ വ്യതിയാനത്തിന്റെ അടയാളം ഈ വിവർത്തനത്തിലുണ്ട്.

             നവോത്ഥാനകാല്പനികഭാവുകത്വത്തിന്റെ സ്വാധീനം റുബായിയാത്തിന്റെ ആദ്യകാലവിവർത്തനങ്ങളിൽ കാണാം. റുബായിയാത്തിന്റെ കാല്പനിക വിവർത്തനങ്ങൾ കേരളീയ കാല്പനികഭാവുകത്വത്തിന്റെ സൃഷ്ടിയിൽ പങ്കുചേർന്നു. അതുപോലെ തന്നെ, കേരളീയകാല്പനികഭാവുകത്വം റുബായിയാത്തിന്റെ കാല്പനിക വിവർത്തനങ്ങളുടെ നിർമ്മിതിയ്ക്ക് കാരണമാവുകയും ചെയ്തു.

            വിവര്‍ത്തനം ഭാവുകത്വനിർമ്മിതിയെ സ്വാധീനിക്കുന്നു. വിവർത്തനം ഭാവുകത്വത്തെ സ്വാധീനിക്കുന്നതു പോലെത്തന്നെ ഭാവുകത്വം വിവർത്തനത്തേയും സ്വാധീനിക്കുന്നുണ്ട്. മികച്ച വിവർത്തനകൃതികൾ സ്രോതഭാഷാസംസ്കാരത്തെ ലക്ഷ്യഭാഷയ്ക്ക് പരിചയപ്പെടുത്തും. ഈ സാംസ്കാരികവിനിമയം ലക്ഷ്യഭാഷയുടെ ഭാവുകത്വത്തിൽ ചലനങ്ങളുണ്ടാക്കും. ലക്ഷ്യഭാഷയിലെ ആസ്വാദകർക്ക് ഇണങ്ങുന്ന വിധമാണ് വിവർത്തകർ കൃതികളെ പരിഭാഷപ്പെടുത്തുന്നത്. സ്വകീയഭാഷാകൃതികൾ എന്ന പോലെ വിവർത്തനകൃതികളും സംസ്കാരത്തെ സംഘർഷാത്മകമാക്കുന്നു. കാല്പനികത എന്നത് ചിലപ്പോൾ വിപ്ലവാത്മകവും ചിലപ്പോൾ പലായനാത്മകവുമാണ്. റുബായിയാത്തിന്റെ കാല്പനികവിവർത്തനങ്ങളിൽ കേരളീയമായ നവോത്ഥാനകാല്പനികതയുടെ വിപ്ലവാംശങ്ങൾ കാണാം. റുബായിയാത്തിന്റെ ആദ്യകാലപരിഭാഷകളിൽ നിയോക്ലാസിക്ക് കാവ്യസംസ്കാരം പ്രകടമാണ്. വൃത്തവും പ്രാസവും കണിശമായി പാലിക്കാൻ പരിഭാഷകർ ശ്രദ്ധിച്ചു. പക്ഷേ, 2006 ൽ റുബായിയാത്ത് പരിഭാഷപ്പെടുത്തിയ ഡോ.ഉമർ തറമേൽ ആ കാവ്യത്തെ ആവിഷ്കരിച്ചത് മുക്തഛന്ദസ്സിലാണ്. ആധുനികത കേരളത്തിന്റെ ഭാവുകത്വത്തിൽ വരുത്തിയ മാറ്റങ്ങളാണ് ഗദ്യകവിതകളെ അസ്വാദകർക്ക്  സ്വീകാര്യമാക്കിയത്. പോസ്റ്റ് കൊളോണിയൽ ചിന്താപരിസരത്തിൽ നിന്നുകൊണ്ട് തയ്യാറാക്കിയ ഈ പരിഭാഷയിൽ മതപരമായ ഭാവുകത്വം മുന്നിട്ടുനിൽക്കുന്നു. കാലം കാവ്യതർജമകളിൽ ചെലുത്തുന്ന മാറ്റം രൂപഘടനയിൽ മാത്രം ഒതുങ്ങുന്നതല്ല. ഇരുപതാം നൂറ്റാണ്ടിലെ വിവർത്തകരെ പരിഭാഷകൾക്കു പ്രേരിപ്പിച്ചത് പുതിയൊരു കൃതിയെ തന്റെ ഭാഷയ്ക്ക് പരിചയപ്പെടുത്താനുള്ള ആഗ്രഹമായിരിന്നു വെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിവർത്തകരെ സ്വാധീനിക്കുന്ന ഒരു പ്രധാനഘടകം വിവർത്തനത്തിനു പിന്നിലെ രാഷ്ട്രീയമാണ്.

 

ഗ്രന്ഥസൂചി

 

മലയാളം

  1. അപ്പൻ എം.പി. , ജീവിതോത്സവം, ശ്രീ സേതുപാർവതീബായി ഗ്രന്ഥശാല, കോട്ടയം, 1949
  2. ഉമർ തറമേൽ .ഡോ. , റുബാഇയ്യാത്, ഒലീവ് പബ്ലിക്കേഷൻസ്, കോഴിക്കോട്, 2006
  3. കരുണാകരൻ തിരുനല്ലൂർ, റുബാഇയാത്ത്: ഒമർ ഖയ്യാമിന്റെ ഗാഥകൾ, ഡി.സി. ബുക്സ്, കോട്ടയം, 2011
  4. കൃഷ്ണപിള്ള ചങ്ങമ്പുഴ, ചങ്ങമ്പുഴയുടെ വിവർത്തനകവിതകൾ, ചിന്ത പബ്ലിഷേർസ്, തിരുവനന്തപുരം, 2009
  5. കൃഷ്‌ണപിള്ള ചങ്ങമ്പുഴ, ചങ്ങമ്പുഴക്കവിതകൾ, ഡി.സി. ബുക്സ്, കോട്ടയം, 2010
  6. കൃഷ്ണവാരിയർ എൻ.വി. , (എഡി), വിവർത്തനം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,1978
  7. ജയാസുകുമാരൻ, സ്കറിയാ സക്കറിയ, (എഡി), തർജമ സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ, താരതമ്യ പഠന സംഘം, കോട്ടയം, 1997
  8. ജോർജ് കെ.എം.ഡോ. , (എഡി), ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ, ഡി.സി. ബുക്സ്, കോട്ടയം,1988
  9. ജോർജ്ജ് കെ.പി. , നക്സലിസവും മലയാളകവിതയും, മലയാളപഠനഗവേഷണകേന്ദ്രം, തൃശ്ശൂർ, 2015
  10. പണിക്കർ കെ.എം.സർദാർ, രസികരസായനം, ബി.വി ബുക്ക് ഡിപ്പോ & പ്രിന്റിംഗ് വർക്സ്, തിരുവനന്തപുരം,1952
  11. പരമേശ്വരൻ പിള്ള എരുമേലി, മലയാളസാഹിത്യം കാലഘട്ടത്തിലൂടെ, കറന്റ് ബുക്സ്, കോട്ടയം, 2015
  12. പ്രബോധചന്ദ്രൻ വി.ആർ.ഡോ. , (എഡി) വിവർത്തനചിന്തകൾ, കറന്റ് ബുക്സ്, തൃശ്ശൂർ, 1995
  13. മാധവമേനോൻ.വി. , റുബായിയാത്ത്, പരിഷത്ത് പ്രസ്, എറണാകുളം,1993
  14. മാത്തൻ തരകൻ പുത്തൻകാവ്, ജീവിതമാധുരി, ഏഷ്യൻ ബുക്ക് സ്റ്റാൾ, പത്തനംതിട്ട,1954
  15. മുരളീധരൻ നെല്ലിക്കൽ, വിശ്വസാഹിത്യദർശനങ്ങൾ, ഡി.സി. ബുക്സ്, കോട്ടയം, 2003
  16. രാഘവപ്പൊതുവാൾ അമ്പാടി, ഓമർഖയ്യാം, ക്യാപ്ടൻ എ.ആർ പുതുവാൾ, തൃശ്ശൂർ,1937
  17. വസന്തൻ എസ്.കെ. , നമ്മൾ നടന്ന വഴികൾ, മലയാളപഠനഗവേഷണകേന്ദ്രം, തൃശ്ശൂർ, 2011
  18. വിജയൻ എം.എൻ. , ചിതയിലെ വെളിച്ചം, കറന്റ് ബുക്സ്, തൃശ്ശൂർ, 2004
  19. വിശ്വനാഥയ്യർ എൻ.ഇ.ഡോ. , വിവർത്തനവിചാരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2014
  20. ശങ്കരക്കുറുപ്പ് ജി. , ജി.യുടെ കവിതകൾ, ഡി.സി. ബുക്സ്, കോട്ടയം,1999
  21. ഹൃദയകുമാരി ബി. , കാല്പനികത, ഡി.സി ബുക്സ്, കോട്ടയം,1990

 

ഇംഗ്ലീഷ്

  1. FitzGerald Edward, Rubaiyat of Omar Khayyam, Jaico Publishing House, Mumbai, 1964
  2. McLeod John, Beginning Postcolonialism, Viva books private limited, New Delhi, 2010

 

 

 

 

 

 

എം എ മലയാളം ,എസ് എൻ ജി എസ് കോളേജ് ,പട്ടാമ്പി