ഗദ്യഭാഷയും ആധുനികവ്യവഹാരങ്ങളും:     വിവർത്തനത്തിലെ  അ(വ)ബോധങ്ങൾ

ഗദ്യഭാഷയും ആധുനികവ്യവഹാരങ്ങളും:     വിവർത്തനത്തിലെ  അ()ബോധങ്ങൾ

                                                   - അൻവർ അലി എൻ

 

താക്കോൽ വാക്കുകൾ  

ഗദ്യം (Prose), ആധുനികത (Modernity), വ്യവഹാരം (Discourse), വിവർത്തനം (Translation), ഇഴപ്പം (Texture)

സംഗ്രഹം

       ഗദ്യഭാഷയെക്കുറിച്ച് പലവഴിക്കുള്ള പഠനങ്ങൾ മലയാളത്തിൽ നടന്നു കഴിഞ്ഞിട്ടുണ്ട്. ഗദ്യത്തിന്റെ രൂപപ്പെടലിനെ ചരിത്രബന്ധങ്ങൾക്കകത്തു വച്ച് വിശകലനം ചെയ്യുന്ന പഠനങ്ങളെല്ലാം തന്നെ ഗദ്യത്തെ ആധുനികതയുടെ രൂപമായി കാണുന്നു. ആധുനികതയുടെ ചരിത്രസന്ദർഭത്തിലാണ് ഗദ്യത്തിന് ഭാഷയിൽ മേൽകൈ ലഭിക്കുന്നത്. മലയാളത്തിൽ ഗദ്യത്തിന് പ്രാമുഖ്യമുള്ള വ്യവഹാരങ്ങൾ വികസിച്ചുവരുന്നത് പത്തൊമ്പതാം നൂറ്റാണ്ടോടെയാണ്. പ്രധാനമായും മിഷണറി പ്രവർത്തനങ്ങളിലൂടെ യാണ് ഈ വ്യവഹാരങ്ങൾ നിലവിൽ വന്നത്. നവോത്ഥാനത്തിന്റെയും ദേശീയതയുടെയും ചരിത്രസന്ദർഭത്തിൽ ഗദ്യഭാഷയുടെ മാനകീകരണവും സംഭവിക്കുന്നുണ്ട്. എന്നാൽ, ഗദ്യവും ആധുനികതയും തമ്മിലുള്ള വിനിമയങ്ങളെ ആധുനികതയുടെ രൂപം എന്ന ഒറ്റ പ്രസ്താവത്തിൽ ഒതുക്കാവുന്നതല്ല. ആധുനികതയുടെ സ്ഥാനങ്ങളായി മാറിയ വ്യവഹാരങ്ങൾ ഗദ്യത്തിൽ പലവഴിക്ക് ഇടപെടുന്നുണ്ട്. ഈ വ്യവഹാരങ്ങളിലൂടെ തന്നെയാണ് ഗദ്യഭാഷ രൂപപ്പെടുന്നതും. വ്യവഹാരങ്ങൾ ഗദ്യത്ത നിർണയിച്ചു എന്ന നിലക്കുള്ള നിർണയവാദപരമായ സമീപനമല്ല, ഗദ്യവും വ്യവഹാരങ്ങളും തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധത്തിൽ ഉൗന്നുന്ന ആപേക്ഷിക (Relational) സമീപനമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. അപ്പോൾ, ഗദ്യത്തെ കേവലമായ 'രൂപം'എന്ന നിലയിൽ മനസിലാക്കിയാൽ പോരാ. 'പ്രക്രിയ'എന്ന നിലയ്ക്ക് ഗദ്യത്തെ മനസിലാക്കുമ്പോൾ ആധുനികതയുടെ ആഭ്യന്തരവൈരുദ്ധ്യങ്ങളും ആന്തരികസംഘർഷങ്ങളും ഗദ്യത്തിൽ ഇടപെടുന്നത് കാണാം.

ആമുഖം

       ആധുനികതയുടെ രൂപം എന്ന നിലയ്ക്കാണ് ഗദ്യം പൊതുവേ മനസ്സിലാക്കപ്പെടുന്നത്. ആധുനികതയുടെ ചരിത്രസന്ദർഭത്തിലാണ് ഗദ്യം ഭാഷയിൽ മേൽകൈ്ക നേടുന്നത്. അതായത്, ആധുനികതയ്ക്ക് മുൻപ് ഗദ്യമേ ഇല്ല എന്നല്ല. മറിച്ച്, ഫ്യൂഡൽ ഘടനയിലെ പദ്യകേന്ദ്രിത വ്യവഹാരങ്ങൾ ആധുനികതയോടെ അപ്രസക്തമാകുന്നു. പുതിയ ബന്ധങ്ങളെയും അവ നിർമ്മിക്കുന്ന അനുഭവലോകങ്ങളെയും ആവിഷ്കരിക്കാൻ പഴയ പദ്യവ്യവഹാരം മതിയാകാതെ വരുന്നു. ഫ്യൂഡൽ ജ്ഞാനത്തിന്റെ കേന്ദ്രം പദ്യമാണ്; പദ്യവ്യവഹാരങ്ങളാണ്. എന്നാൽ, യുക്തിയിലധിഷ്ഠിതമായ ആധുനികലോകത്തിന്റെ ആവിഷ്കാരപ്രകാരമാകാൻ ഗദ്യത്തിനേ സാധിക്കുകയുള്ളൂ. ആധുനികത സാധ്യമാക്കിയതും ആധുനികതയെ സാധ്യമാക്കിയതുമായ വ്യവഹാരങ്ങളെല്ലാം തന്നെ ഗദ്യത്തിലാണ് നിലവിൽ വന്നത്. ആധുനികത ഗദ്യത്തെ നിർമ്മിച്ചു എന്നു മാത്രമല്ല, ആധുനികതയുടെ അനുഭൂതിലോകം നിർമ്മിക്കപ്പെട്ടത് ഗദ്യത്തിലാണെന്ന് കൂടി മനസ്സിലാക്കണം. ‘അച്ചടിയെ’ പരിഗണിക്കാതെ ഈ ആലോചന പൂർത്തിയാക്കാൻ കഴിയില്ല. ആധുനികതയെ സാധ്യമാക്കിയ പ്രധാന സാങ്കേതിക പരിവർത്തനം എന്ന നിലയ്ക്കാണ് അച്ചടി ഇന്ന് മനസ്സിലാക്കപ്പെടുന്നത്. കേവലം പുതിയൊരു സങ്കേതത്തെയല്ല, കാഴ്ചയുടെയും അനുഭവത്തിന്റെയും പുതിയ ലോകത്തെയാണ് അച്ചടി നിർമ്മിച്ചതെന്ന് മാർഷൽ മക്ലൂഹൻ അഭിപ്രായപ്പെടുന്നുണ്ട്. ഗദ്യം ഭാഷയുടെ കേന്ദ്രത്തിലേക്ക് വരുന്നത് അച്ചടിയിലൂടെ അത് വ്യാപിക്കുന്നതോടെ കൂടിയാണ്. എഴുത്തിൽ നിന്നും അച്ചടിയിലേക്കുള്ള പരിണാമം ഗ്രന്ഥത്തിൽ നിന്നും പുസ്തകത്തിലേക്കും പാരായണത്തിൽ നിന്നും വായനയിലേക്കും ഫ്യൂഡൽ പറ്റായ്മയിൽ നിന്നും ഒറ്റയായ മനുഷ്യനിലേക്കും കൂടിയുള്ളതാണ്. ഈ ഗദ്യമാണ് സ്വയംപൂർണനും അനന്യനുമായ മനുഷ്യനേയും പൗരനേയും തിരശ്ചീനസഖാത്വത്തിന്റെ വിഭാവകസമൂഹങ്ങളായ ദേശീയതകളേയും നിർമ്മിച്ചത്. ഇതോടെ ഭാഷകൾ ദൈവത്തിന്റേത് എന്നതിൽ നിന്നും അത്, സംസാരിക്കുന്ന മനുഷ്യരുടേതായി മാറുന്നു എന്ന് ബെനഡിക്ട് ആൻഡേഴ്സൺ (2006:86) പറയുന്നു. ഇത് പുതിയൊരു ലോകക്രമത്തിലേക്കുള്ള വിച്ഛേദം കൂടിയാണ്. ഈ ചരിത്രബന്ധങ്ങൾക്ക് അകത്ത് വച്ച് വേണം ഗദ്യത്തെ മനസ്സിലാക്കാൻ.

വിവർത്തനവും കോളനിയനന്തരനോട്ടവും

                 ഗദ്യത്തിന്റെ രൂപപ്പെടലിനെ ചരിത്രവത്കരിക്കുന്ന സൈദ്ധാന്തികാലോചനകളെല്ലാം തന്നെ പൊതുവേ യൂറോപ്യൻ ആധുനികതയുടെ അനുഭവമണ്ഡലത്തിനുള്ളിൽ നിൽക്കുന്നവയാണ്. ആൻഡേഴ്സന്റെയും മക്ലൂഹന്റെയുമൊക്കെ പഠനങ്ങൾ ഗദ്യത്തെയും ആധുനികതയെയും കോർത്തുകെട്ടുന്നത് യൂറോപ്യൻ അനുഭവത്തെ മുൻനിർത്തിയാണ്. എന്നാൽ, യൂറോപ്യൻ ആധുനികതയുടെ അതേ നിലയ്ക്കല്ല കോളനീകൃതരാജ്യങ്ങളിൽ ആധുനികത ഉരുവംകൊണ്ടതും ഇടപെട്ടതും. അധിനിവേശത്തിന്റെയും കോളനീകരണത്തിന്റെയും ഇടനിലയിലൂടെയാണ് കോളനീകൃതരാജ്യങ്ങളിൽ ആധുനികത കടന്നുവരുന്നത്. ഈ കൊളോണിയൽ ആധുനികതയിൽ അധിനിവേശത്തിന്റെ അവബോധം സ്വതവേ നിഹിതമാണ്. അതുകൊണ്ടുതന്നെ കോളനീകൃത രാജ്യങ്ങളിലെ ഗദ്യഭാഷയെക്കുറിച്ചുള്ള ആലോചനകൾ ഈ അധികാരബന്ധത്തെയും കൂടി കണക്കിലെ ടുക്കേണ്ടതുണ്ട്. ഇവിടെയാണ് കോളനിയനന്തര വിവർത്തനപഠനങ്ങൾ പുതിയൊരു വഴി തുറന്നുതരുന്നത്.

     വിവർത്തനത്തെ കേവലം പാഠപരമായ പ്രക്രിയയായല്ല, അവബോധാത്മകവ്യവഹാരമായാണ് കോളനിയനന്തര വിവർത്തന പഠനങ്ങൾ മനസിലാക്കുന്നത്. കോളനീകരണവും വിവർത്തനവും തമ്മിലുള്ള ബന്ധത്തെയാണ് കോളനിയനന്തരവിവർത്തനപഠനങ്ങൾ കണ്ടെടുക്കുന്നത്. കോളനീകരണവും വിവർത്തനവും തോളോടുതോൾ ചേർന്ന് പോയിരുന്നവയാണെന്ന് സൂസൻ ബാസ്നെറ്റ് പറയുന്നു. കോളനീകരണത്തെ തന്നെ ഒരു വിവർത്തനപ്രക്രിയയായാണ് കോളനിയനന്തരവിവർത്തനപഠനങ്ങൾ കാണുന്നത്. കോളനികളിൽ തങ്ങളുടെ പകർപ്പുകളെ സൃഷ്ഠിക്കാനാണ് കോളനീകരണശക്തികൾ ശ്രമിച്ചത്. പകർപ്പ് എപ്പോഴും മൂലത്തെ (Original) അപേക്ഷിച്ച് രണ്ടാം തരമോ താഴേക്കിടയിലുള്ളതോ ആയിരിക്കും. വിവർത്തനത്തെ സംബന്ധിച്ച പാശ്ചാത്യവീക്ഷണത്തിന്റെ കേന്ദ്രമാണ് മൂലത്തോടുള്ള വിശ്വാസ്യത (Fidelity to the original). ഇത് ആധുനികമായ ബോധം കൂടിയാണ്. കൃതിയുടെ ഉടമയായി എഴുത്തുകാരൻ/ എഴുത്തുകാരി മാറുന്നത് അച്ചടിയുടെ വ്യാപനത്തോടെയും സാക്ഷരതയുടെ പ്രചാരത്തോടെയുമാണ്. കൃതിക്ക് മേലുള്ള ഈ ഉടമസ്ഥതയാണ് മൂലത്തിന്റെ ആധികാരികതയായി മാറുന്നത്. ആധികാരികമായ മൂലം എന്ന സങ്കല്പനം തന്നെ ആദ്യകാല കൊളോണിയൽ വികാസത്തിന്റെ ചരിത്രഘട്ടത്തോട് ചേർന്ന് നിൽക്കുന്നു. ഇങ്ങനെ കോളനീകരണവും പാശ്ചാത്യവിവർത്താനാവബോധവും ചരിത്രപരമായി ബന്ധപ്പെട്ടിരി ക്കുന്നു.

        മൂലത്തിന്റെ ആധികാരികതയിൽ കേന്ദ്രീകരിക്കുന്ന ഏകഭാഷ യൂറോപ്യൻ സമൂഹങ്ങളുടെ വിവർത്തനവീക്ഷണത്തെ പ്രശ്നവത്കരിക്കുകയാണ് കോളനിയനന്തരവിവർത്തനപഠനങ്ങൾ. മൂന്നാംലോക ബഹുഭാഷസമൂഹങ്ങളുടെ വിവർത്തനവീക്ഷണത്ത മുൻനിർത്തിയാണ് ഇത് സാധ്യമാകുന്നത്. യൂറോപ്യൻ ഏകഭാഷസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം വിവർത്തനമെന്നത് ആത്മത്തിന് മേലുള്ള അന്യത്തിന്റെ കടന്നുകയറ്റമാണ്. ആത്മത്തെ നിർവചിക്കാൻ ഉതകുന്നിടത്തോളം മാത്രമേ അത് ആശാസ്യകരമാകുന്നുള്ളൂ. എന്നാൽ, മൂന്നാംലോക ബഹുഭാഷ സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം വിവർത്തനം ആത്മബോധ ത്തിന്റെ ഭാഗം തന്നെയാണ്. മൂന്നാംലോക സമൂഹങ്ങൾക്ക് പൊതുവായുള്ള ഒന്നായി ജി. എൻ. ദേവി വിവർത്തനാവബോധത്തെ (Translating Consciousness) കാണുന്നു. മൂലത്തിന്റെ തനിമയല്ല അതിന്റെ അടിസ്ഥാനം. മറിച്ച്, ആത്മത്തെ നിർമ്മിച്ചെടുക്കുന്ന അടിസ്ഥാന പ്രക്രിയകളിൽ ഒന്നാണ് അത്. ഒരു അധീശ കൊളോണിയൽ ഭാഷ സവിശേഷസ്ഥാനം കൈയ്യാളിയിരുന്ന ഭൂരിഭാഗം മൂന്നാംലോകരാജ്യങ്ങളിലും ഇത്തരം സമൂഹങ്ങൾ നിലനിൽക്കുന്നതായി ജി. എൻ. ദേവി നിരീക്ഷിക്കുന്നുണ്ട് (1999:185). അധീശപരമായ സംസ്കൃത - തമിഴ് പരമ്പര്യങ്ങളിൽ നിന്ന് വിഭിന്നമായ തദ്ദേശീയ സ്വത്വം നിർവചിക്കുന്നതിൽ കേരളത്തിൽ വിവർത്തനം വഹിച്ച പങ്ക് ഇ. വി. രാമകൃഷ്ണൻ ചർച്ച ചെയ്യുന്നുണ്ട്. ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ എന്നിവരെ മുൻനിർത്തിയാണ് അദ്ദേഹം ഈ വാദം അവതരിപ്പിക്കുന്നത്. “ഈ മൂന്നു കവികളും സ്വീകരിച്ച വിവർത്തനവഴികൾ കേരളത്തിന്റെ സാഹിത്യസംസ്കാരത്തെ പുതുക്കിപ്പണിയുന്നുണ്ട്. ഈ പ്രക്രിയയിൽ അധീശത്വത്തെയും ഒഴിച്ചുനിർത്തലിനെയും ഉറപ്പിച്ചെടുക്കുന്ന അധികാരഘടനകളെ പ്രതിരോധിച്ചുകൊണ്ട് അവ സാമൂഹികമായ ഇടത്തെ വിപുലപ്പെടുത്തുകയും ചെയ്യുന്നു” (2017:156). വിവർത്തനം മൂലത്തിന്റെ പകർപ്പായല്ല, അന്യത്തെ ഉൾക്കൊള്ളുന്നതിനുള്ള വഴിയായാണ് ഇവിടെ പ്രവർത്തിക്കുന്നത്. പാശ്ചാത്യ അതിഭൗതികതയിൽനിന്നും അതിന്റെ നോട്ടം അടിസ്ഥാനപരമായി വേറിട്ടിരിക്കുന്നു. തനിമയുടെയും പകർപ്പിന്റേയുമല്ല, രൂപപ്പെടലിന്റേയും ചെറുക്കലിന്റേയും നോട്ടമാണത്. ഇവിടെ മൂലത്തിന്റെ തനിമയല്ല വിഷയം. ഒരു ജീവിതസംസ്കാരത്തിന്റെ വിഭിന്ന ഘടകങ്ങളെ ഉൾക്കൊള്ളുന്നതിനായി പലതാക്കപ്പെട്ട പൂർവ്വപാഠങ്ങളാണ് ഇവിടെ മൂലം (2017:148). ഈ വിവർത്തനാവബോധത്തെ അവബോധത്തിന്റെ വിവർത്തനമാക്കി മാറ്റുകയാണ് കോളനീകരണം ചെയ്യുന്നത്.

      വിവർത്തനത്തെ സംബന്ധിക്കുന്ന മൂന്നാംലോക അവബോധം അതിനെ കേവലം പ്രതിഫലനാത്മകമായല്ല മനസ്സിലാക്കുന്നത്. മറിച്ച്, അതിന്റെ നിർമാണശേഷിയെ പ്രധാനമായി കാണുന്നു. ഈ അവബോധമാണ് വിവർത്തനത്തിലെ പലവക സംസ്കാര ബലങ്ങളിലേക്ക് നോട്ടമെറിയാൻ കോളനിയനന്തര വിവർത്തനപഠിതാക്കളെ പ്രേരിപ്പിച്ചതും. കോളനീകൃതരാജ്യങ്ങളിലെ ഗദ്യഭാഷയുടെ രൂപീകരണത്തെ സംബന്ധിച്ച ആലോചനകളിൽ അതുകൊണ്ടുതന്നെ വിവർത്തനം പ്രധാനപ്പെട്ടതാണ്. കൊളോണിയൽ ആധുനികതയുടെ നിർമ്മിതിയിൽ വിവർത്തനത്തിന് നിർണായക പങ്കുണ്ട്. അഥവാ കോളനീകരണത്തന്നെ വിവർത്തനമെന്ന നിലയിൽ കണ്ടെടുക്കുമ്പോൾ കൊളോണിയൽ വ്യവഹാരങ്ങളിൽ നിലീനമായ വിവർത്തനയുക്തി നിർണായകമാണ്.

     കോളനീകൃതരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പത്തൊമ്പതാം നൂറ്റാണ്ട് വിവർത്തനങ്ങളുടെ നൂറ്റാണ്ടു കൂടിയാണ്. വലിയതോതിലുള്ള വിവർത്തനശ്രമങ്ങൾ, വിശേഷിച്ചും മിഷണറി പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ഘട്ടത്തിൽ കോളനികളിൽ നടക്കുന്നുണ്ട്. ഈ വിവർത്തനങ്ങളിലൂടെയാണ് ഗദ്യകേന്ദ്രിതമായ വ്യവഹാരങ്ങൾ കോളനിരാജ്യങ്ങളിൽ രൂപപ്പെടുന്നത്. ഈ വിവർത്തനങ്ങളെ സാധ്യമാക്കിയത് അച്ചടിയുടെ വ്യാപനവുമാണ്. മിഷണറി വിവർത്തനങ്ങളിൽ നിശ്ചയമായും പ്രധാനസ്ഥാനം ബൈബിൾ വിവർത്തനങ്ങൾക്കാണ്. മിഷണറിമാർ ആദ്യം വിവർത്തനം ചെയ്യാൻ ശ്രമിച്ചതും ബൈബിൾ തന്നെ. ബൈബിൾ വിവർത്തനങ്ങൾ പുതിയൊരുഎഴുത്ത് (ഗദ്യ) ഭാഷയെ കോളനികളിൽ അവതരിപ്പിക്കുന്നു. ബൈബിൾ വിവർത്തനങ്ങളോട് ചേർന്ന് കോളനീകൃതഭാഷകളിൽ നിഘണ്ടുക്കളും വ്യാകരണങ്ങളും നിർമ്മിക്കപ്പെടുന്നുണ്ട്. ഘാനയിൽ ‘ഗാ’, ‘ത്വിബി’ എന്നീ ഭാഷകളിലേക്ക് ബൈബിൾ വിവർത്തനം ചെയ്യുന്നത് പ്രസ്ബിറ്റേറിയൻ മിഷണറിമാരാണ്. ഇതിനെത്തുടർന്നാണ് 1858ൽ റവ. ജോഹന്നാസ് സിമ്മർബാൻ ‘ഗാ’ ഭാഷയിലെ ആദ്യ വ്യാകരണഗ്രന്ഥം രചിക്കുന്നത്. 1874ൽ റവ. ജെ. ജി. ക്രിസ്റ്റലറാണ് ‘ത്വിബി’ ഭാഷയിൽ വ്യാകരണവും നിഘണ്ടവുംനിർമ്മിക്കുന്നത്. ‘ഇവേ’ ഭാഷയിലും പ്രസ്ബിറ്റേറിയൻ മിഷണറിമാർ സമാനപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ‘എൻസിമ’ ഭാഷയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് റോമൻ കാത്തലിക് മിഷണറിമാർ ആയിരുന്നു. നൈജീരിയയിൽ ‘യോറുബ’ ഭാഷയിലെ സാഹിത്യവികാസത്തിന് നിർണായക സംഭാവനകൾ നൽകിയത് ചർച്ച് മിഷൻ സൊസൈറ്റി മിഷണറിമാരാണ്. നാട്ടുമിഷണറിയായിരുന്ന അജായി കവുത്തർ ആണ് ‘യോറുബ’ ഭാഷയിലെ ആദ്യ ബൈബിൾ വിവർത്തനം പ്രസിദ്ധീകരിക്കുന്നത്. ‘ഇവേ - ഇറോഹിം’ (Iwe - Irohim) എന്ന പേരിൽ യോറുബ ഭാഷയിലെ ആദ്യപത്രം ആരംഭിക്കുന്നതും 1859ൽ മിഷണറിമാരാണ്. ‘എഫിക്’, ‘കനൂരി’, ‘ഇഗ്ബോ’ തുടങ്ങിയ മറ്റ് നൈജീരിയൻ ഭാഷകളിലും സമാനപ്രവർത്തനങ്ങൾ കാണാം. കിഴക്കനാഫിക്കയിലെ ‘സ്വാഹിലി’ ഭാഷയിലേക്ക് പുതിയനിയമം ആദ്യമായി വിവർത്തനം ചെയ്യുന്നത് റവ. ക്രാഫ് എന്ന മിഷണറിയാണ്. ഇദ്ദേഹം തന്നെയാണ് ‘സ്വാഹിലി’ ഭാഷയിലെ അടിസ്ഥാന ഗ്രന്ഥങ്ങൾ നിർമ്മിച്ചതും. ‘സ്വാഹിലി’ ഭാഷയിലെ സ്വതന്ത്രസാഹിത്യത്തിന്റെ വികാസത്തിൽ മിഷണറി വിവർത്തനങ്ങൾ നിർണായക സ്വാധീനമായിരുന്നതായി വിൽഹനോവ അഭിപ്രായപ്പെടുന്നു. “തദ്ദേശീയ ആഫ്രിക്കൻ ഭാഷകൾക്ക് ഒരു എഴുത്തുരൂപം നൽകുകയും ആ ഭാഷയിൽ വിവർത്തനസാഹിത്യത്തിന് ആരംഭം കുറിക്കുകയും ചെയ്തത് മിഷനറിമാരാണ്........ ക്രിസ്തീയവത്കരണം എഴുത്തിലൂടെയും വായനയിലൂടെയും ആഫ്രിക്കൻ തദ്ദേശീയഭാഷകളിലെ സാഹിത്യത്തിന്റെയും സാക്ഷരതയുടെയും വികാസത്തോടെയാണ് സാധ്യമായത്” (2018:86). ‘സ്വാഹിലി’ ഭാഷയിലെ ആദ്യ വൃത്താന്തപത്രങ്ങൾ ആരംഭിക്കുന്നതും മിഷണറിമാരാണ്. 1888ൽ ‘സിമിലൂനി’, 1894ൽ ‘ഹബാറി സാ മുവാസി’ എന്നീ പത്രങ്ങൾ യു. എം. ഗി. എ. മിഷണറിമാർ ആരംഭിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയിലാണ് ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിജ്ഞാനമേഖലകളിലെ പുസ്തകങ്ങളുടെ വിവർത്തനങ്ങൾ സംഭവിക്കുന്നത്.

       ഇന്ത്യൻ ഭാഷകളിലും കൊളോണിയൽ ഘട്ടത്തിൽ സമാനമായ വിവർത്തനശ്രമങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയിലെ മിഷണറി വിവർത്തനത്തിന്റെ ചരിത്രവും ആരംഭിക്കുന്നത് ബൈബിളിൽ നിന്ന് തന്നെയാണ്. ബൈബിൾ വിവർത്തനങ്ങളോടൊപ്പം തന്നെ ഭാഷയിലെ അടിസ്ഥാനഗ്രന്ഥങ്ങൾ നിർമ്മിക്കപ്പെടുന്ന രീതി ഇന്ത്യൻ ഭാഷകളിലും കാണാം. ബൈബിൾ ആദ്യമായി വിവർത്തനം ചെയ്യപ്പെടുന്ന ഇന്ത്യൻ ഭാഷ തമിഴാണ്. സീഗൻബാൾഗ് എന്ന പ്രൊട്ടസ്റ്റന്റ് മിഷണറിയാണ് 1714ൽ പുതിയനിയമം തമിഴിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നത്. ഇദ്ദേഹം ലാറ്റിനിൽ ഒരു തമിഴ് വ്യാകരണഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1719ൽ മരിക്കുമ്പോൾ പഴയനിയമം റൂത്തിന്റെ പുസ്തകം വരെയുള്ള വിവർത്തനം അദ്ദേഹം പൂർത്തിയാക്കിയിരുന്നു. തെലുങ്കിലേക്ക് ബൈബിൾ ആദ്യമായി വിവർത്തനം ചെയ്യുന്നത് ജർമ്മൻ ലൂഥറൻ മിഷണറിയായ ബെഞ്ചമിൻ ഷൂൾസ് ആണ്. 1727ൽ പഴയനിയമത്തിന്റെയും 1732ൽ പുതിയനിയമത്തിന്റെയും വിവർത്തനം അദ്ദേഹം പൂർത്തിയാക്കി യെങ്കിലും തെലുങ്ക് മുദ്രണങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇവ അച്ചടിയിലേക്ക് എത്തിയില്ല . തെലുങ്കിലെ ആദ്യ വ്യാകരണഗ്രന്ഥമായ ‘ഗ്രമാറ്റിക്ക തെലുങ്കിക്ക’യും (1728) അച്ചടിക്കപ്പെട്ട ആദ്യ പുസ്തകമായ ‘മോയാനികി കൊഞ്ചു പൊതൃദോവ’ (1740)യും രചിച്ചത് ഷൂൾസ് ആണ്. പിന്നീട് അച്ചടിയിലെത്തിയ ആദ്യ തെലുങ്ക് ബൈബിൾ വിവർത്തനത്തിന്റെ രചയിതാവായ കാരിയും തെലുങ്കിലെ ഒരു വ്യാകരണഗ്രന്ഥം രചിക്കുന്നുണ്ട് (1814). വെസ്ലിയൻ, ബാസൽ മിഷണറിമാർ സമാനമായ പ്രവർത്തനങ്ങൾ കന്നടയിലും നടത്തുന്നുണ്ട്. മിഷനറിമാർ സ്ഥാപിച്ച പ്രസുകളാണ് കന്നഡ ഭാഷയുടെ മാനകഭേദത്തെ സാധ്യമാക്കിയതെന്ന് രാജേന്ദ്ര ചെന്നി അഭിപ്രാപ്പെടുന്നു. “സാഹിത്യ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചുള്ള ആശയം, ബന്ധപ്പെട്ട കൃതികളുടെ അച്ചടിയിലുള്ള ലഭ്യത, ലിപിയുടെ മാനകീകരണം (മുദ്രണങ്ങളുടെ ഉൾപ്പെടെ), മാനകഭാഷയുടെ നിർമ്മിതി തുടങ്ങിയ ഭാഷാപരമായ ഉപദേശീയതയുടെ പ്രധാന ഘടകങ്ങൾ എല്ലാം തന്നെ പ്രധാനമായും കർണാടകയിലെ മിഷണറിമാരുടെ സംഭാവനകളായിരുന്നു” (2013:86) എന്ന് അദ്ദേഹം പറയുന്നു. മിഷണറി പാഠപുസ്തകങ്ങളിലൂടെയും പത്രമാസികകളിലൂടെയും മറ്റ് പുസ്തകങ്ങളിലൂടെയും ശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം തുടങ്ങിയ വ്യവഹാരങ്ങളും ഈ ഭാഷകളിലേക്ക് വിവർത്തനം ചെയ്തെത്തുന്നു. മിഷണറിമാർ തന്നെ കൊണ്ടുവന്ന അച്ചടിയുടെ വ്യാപനമാണ് ഇത് സാധ്യമാക്കിയത്. ദേശീയതയുടെ ചരിത്രസന്ദർഭത്തിൽ ഈ വ്യവഹാരങ്ങളിലെല്ലാം വിവർത്തനത്തിന്റെ മറ്റൊരു തലം പ്രാവർത്തികമാകുന്നു. മഹത്തായ ഇന്ത്യൻ പാരമ്പര്യത്തിൽ നിന്നുള്ള വിവർത്തനമാണത്. വിവർത്തനങ്ങളുടെ ഈ വലിയ കുത്തൊഴുക്കുകൾക്കുള്ളിലാണ് കോളനീകൃതരാജ്യങ്ങളിലെ ഗദ്യഭാഷ രൂപപ്പെടുന്നത്.

വ്യവഹാരങ്ങളിലെ അ()ബോധനിർമ്മിതി: കോളനീകരണവും ദേശീയതയും.

    കോളനീകരണത്തിന്റെ ചരിത്രസന്ദർഭത്തിലാണ് കോളനീകൃത രാജ്യങ്ങളിൽ ആധുനികതയുടെ വ്യവഹാര രൂപങ്ങൾ സ്ഥാപിതമാകുന്നത്. ഇതിൽ മിഷണറി പ്രവർത്തനങ്ങൾക്ക് നിർണായക പങ്കുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം പല വഴിക്കുള്ള മിഷണറി പ്രവർത്തനങ്ങളാണ് ആധുനികവ്യവഹാരങ്ങളുടെ സ്ഥാപനവത്കരണം സാധ്യമാക്കുന്നത്. പഴയ വ്യവഹാരക്രമങ്ങളെ അപ്പാടെ തകിടം മറിച്ചുകൊണ്ട് ഈ പുതിയ വ്യവഹാരങ്ങൾ സ്ഥാനപ്പെട്ടു എന്നല്ല, അവ ഒറ്റതിരിഞ്ഞു നിൽക്കുന്നതുമല്ല. വ്യവഹാരങ്ങളെ ഒറ്റയൊറ്റയായ സ്ഥാനങ്ങളായി കാണാനാവില്ലെന്ന് ഫൂക്കോ തന്നെ പറയുന്നുണ്ട്. യൂറോപ്യൻ ആധുനികതയുടെ മാനദണ്ഡങ്ങളുപയോഗിച്ച് വ്യവഹാരങ്ങളെ പൂർണ്ണമായി അളക്കാനാവില്ല. കോളനീകരണവുമായി ചേർത്തുനിർത്തി മാത്രമേ മനസ്സിലാക്കാനാവൂ. ഇവിടെയാണ് വിവർത്തനം പ്രധാനാമാകുന്നത്. കോളനീകൃതസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ഇവയെല്ലാംതന്നെ അന്യമായ വ്യവഹാരങ്ങളാണ്. അതുകൊണ്ടുതന്നെ വിവർത്തനം ഈ വ്യവഹാരങ്ങളിൽ നിഹിതമായ പ്രവർത്തനമാണ്. വിവർത്തനം കോളനീകരണത്തിന്റെ അധികാരബലങ്ങൾക്കുള്ളിലാണ് ഈ വിവർത്തനങ്ങൾ സംഭവിക്കുന്നത്. ഈ വ്യവഹാരങ്ങളെല്ലാം തന്നെകൊളോണിയൽ അധികാരത്തിന്റെ ഉപകരണങ്ങളായിരുന്നു എന്ന ഉപകരണവാദയുക്തിയല്ല ഇവിടെ സ്വീകരിച്ചിരിക്കുന്നത്. മറിച്ച്, കൊളോണിയൽ അധികാരത്തിന്റെ അവബോധം ഈ വ്യവഹാരങ്ങളിൽ സ്വതവേ വ്യാപിച്ചിരിക്കുന്നു എന്നാണ്.

     ഈ വ്യവഹാരാപഗ്രഥനത്തിൽ വിവർത്തനത്തിന്  വലിയപങ്കുണ്ട്. കൊളോണിയൽ വ്യവഹാരങ്ങളിൽ നിഹിതമായയുക്തിയാണ് വിവർത്തനത്തിന്റേത്. വ്യാവഹാരിക രൂപീകരണത്തിൽ വിവർത്തനത്തിന്റെ ബോധങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ വിവർത്തനത്തെ വ്യാവഹാരികമായി വേണം മനസ്സിലാക്കാൻ. അധികാരത്തിന്റെ ബലങ്ങൾ നിരന്തരം ഉരുവമെടുക്കുന്ന മണ്ഡലമാണത്.നിരഞ്ജനതേജസ്വിനി അവതരിപ്പിക്കുന്ന വിവർത്തന ത്തെ സ്ഥാനപ്പെടുത്തൽ (SitingTranslation) എന്ന സങ്കല്പനം ഇത്തരത്തിലൊന്നാണ്. വിവർത്തനവുമായി ബന്ധപ്പെട്ട പലവകസംസ്കാരികബന്ധങ്ങളിലാണ്  നിരഞ്ജനയുടെ ഊന്നൽ. കോളനീകരണത്തിനു കീഴിൽ പ്രവർത്തിക്കുന്ന അധികാരത്തിന്റെ അസമാനമായ ബന്ധങ്ങൾക്കുള്ളിലാണ് വിവർത്തനം ഒരു പ്രവർത്തനം നിലയിൽ രൂപപ്പെടുന്നത്. വിവർത്തനം അങ്ങനെ അടക്കി നിർത്തലിന്റെ തന്ത്രങ്ങളെ  ഉത്പാദിപ്പിക്കുകയും പലതരം വ്യവഹാരങ്ങളിലൂടെ കൊളോണിയൽ സംസ്കാരത്തെ  ഉറപ്പിക്കുന്നതിൽ പങ്കുപറ്റുകയും ചെയ്യുന്നതായി നിരഞ്ജന തേജസ്വിനി നിരീക്ഷിക്കുന്നു(2013:47).

      ഈ വ്യവഹാരങ്ങൾ നിലവിൽ വരുകയും നിശ്ചലമായി തുടരുകയുമല്ല ചെയ്യുന്നത്. കൊളോണിയൽ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടെ അവ കൃത്യമായും സ്ഥാപനവത്കരിക്കപ്പെടുന്നുണ്ട്. എന്നാൽ ദേശീയതാബോധത്തിന്റെ ആവിർഭാവത്തോടെ ജ്ഞാനിമപരമായ സൂക്ഷ്മവിച്ഛേദങ്ങൾ ഈ വ്യവഹാരങ്ങളിൽ സംഭവിക്കുന്നുണ്ട്. അവയുടെ വ്യവഹാര രൂപീകരണങ്ങളിലും ക്രമീകരണങ്ങളിലും ഈ മാറ്റം കാണാം. ഈ വ്യവഹാരങ്ങളെ അന്യമായി മനസ്സിലാക്കാനും അവയെ മുൻനിർത്തി ആത്മത്തെ നിർവചിക്കാനും നിർമ്മിച്ചെടുക്കാനുമുള്ള ശ്രമങ്ങളാണ് ഈ സന്ദർഭത്തിൽ നടക്കുന്നത്. വിവർത്തനത്തിന്റെ മറ്റൊരു തലം ഇവിടെ പ്രാവർത്തികമാകുന്നു. ഭാരതീയമായ മഹാപാരമ്പര്യത്തിൽ നിന്നുള്ള വിവർത്തനങ്ങളാണത്. ഈ വിവർത്തനമാണ് ദേശബോധത്ത സാധ്യമാക്കുന്നതും. ദേശീയതയും ദേശബോധവും ഇവിടെയും വ്യവഹാരങ്ങളിലാകെ വ്യാപിച്ചുകിടക്കുന്നു. കോളനീകരണത്തിന്റേയും ദേശീയതയുടേയും വ്യവഹാരസമഗ്രതയ്ക്കുള്ളിൽ ഉരുവമെടുക്കുകയും പ്രചരിക്കുകയും ചെയ്യുന്ന ചില വിശേഷവ്യവഹാരങ്ങളുടെ സൂക്ഷ്മവിശകലനത്തിലൂടെ ഈ ബന്ധവിച്ഛേദങ്ങളെ മനസ്സിലാക്കാവുന്നതാണ്. “സംസ്കൃതത്തിൽ നിന്നും ഇന്ത്യൻ ഭാഷയിലേക്കും, ഇന്ത്യൻ ഭാഷകൾക്കിടയിലും നടന്നിട്ടുള്ള വലിയ വിവർത്തനശ്രമങ്ങൾ ബഹുഭാഷാസമൂഹമായ ഇന്ത്യയുടെ ദേശനിർമ്മിതിയിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുള്ളതായി അഭിപ്രായപ്പെടുന്നകുമാർദാസ്(2013:86)വിവർത്തനത്തെ തന്നെ ദേശനിർമ്മാണം ആയാണ്  കാണുന്നത് (Translation as Nation Building).

      ശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, വൈദ്യം, സാമ്പത്തികശാസ്ത്രം തുടങ്ങിയ ആധുനികതയോടുകൂടി നിലവിൽ വരുന്ന വ്യവഹാരങ്ങളെ ഇവിടെ പ്രധാനമായി പരിഗണിക്കേണ്ടതാണ്. ഇവയിലൂടെയാണ് ഗദ്യഭാഷ നിലവിൽ വരുന്നത്. അതിനർത്ഥം ഇവ ഗദ്യത്തെ നിർണയിച്ചു എന്നല്ല. മറിച്ച്, ഇവയുമായി ബന്ധപ്പെടുത്തിക്കൊണ്ടേ ഗദ്യത്തിന്റെ ഉരുവപ്പെടലിനെ മനസിലാക്കാൻ പറ്റൂ. അങ്ങനെ നോക്കുമ്പോൾ ഈ വ്യവഹാരങ്ങൾ അങ്ങനെതന്നെ വിവർത്തനവ്യവഹാരങ്ങളാണെന്ന് മനസിലാക്കാൻ സാധിക്കും.

       ഒരു മാതൃകയായി ശാസ്ത്രത്തെ ഇവിടെ സൂക്ഷ്മമായി പരിശോധിക്കാം. ആധുനികതയുടെ നിർണയസ്ഥാനങ്ങളിലൊന്നാണ് ശാസ്ത്രം. ആധുനികാവബോധത്തിന്റെ അടിപ്പടവിൽ ശാസ്ത്രചിന്തയുടെ ഒരടരും കാണാം. പത്തൊമ്പതാം നൂറ്റാണ്ടിൽ അച്ചടി വ്യാപിക്കുന്നതോടെയാണ് മലയാളത്തിൽ ശാസ്ത്രസംബന്ധിയായ എഴുത്തുകൾ വരുന്നത്. ആദ്യകാല മാസികകളിലും പാഠപുസ്തകങ്ങളിലുമാണ് ശാസ്ത്രവിഷയങ്ങൾ ആദ്യമായി ചർച്ച ചെയ്യപ്പെടുന്നത്. മിഷണറിമാരിലൂടെയാണ് ശാസ്ത്രം മലയാളത്തിൽ/ കേരളത്തിൽ കപ്പലിറങ്ങുന്നതെന്ന് പറയാം. അച്ചടിയും ആധുനിക വിദ്യാഭ്യാസവുമെല്ലാം ചേർന്ന് നിൽക്കുന്ന കേരളത്തിന്റെ/ മലയാളത്തിന്റെ ആധുനികീകരണ സന്ദർഭത്തിലാണ് ശാസ്ത്രം അതിന്റെ വരവറിയിക്കുന്നത്. എന്നാൽ യൂറോപ്യൻ ആധുനികതയിൽ ഇടപെട്ട ശാസ്ത്രം കൊണ്ട് കൊളോണിയൽ ആധുനികതയിലെ ശാസ്ത്രത്തെ തെളിച്ചെടുക്കാനാവില്ല.

        കോളനീകൃത രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ശാസ്ത്രത്തെ കോളനീകരണത്തിൽ നിന്നും വേറിട്ട് കാണാൻ കഴിയില്ല. കോളനീകരണത്തോട് കെട്ടുപിണഞ്ഞാണ് കോളനികളിൽ ശാസ്ത്രം എന്ന വ്യവഹാരം സ്ഥാപനവത്കരിക്കപ്പെടുന്നത്. കൊളോണിയൽ അധികാരത്തിന്റെ കേവലമായ ഉപകരണമായല്ല ശാസ്ത്രം ഇവിടെ പ്രവർത്തിക്കുന്നത്. മറിച്ച്, കൊളോണിയൽ അധികാരബലങ്ങൾ ശാസ്ത്രത്തിൽ നിലീനവും വ്യാപൃതവുമാണ്. കോളനീകരണത്തോട് ശാസ്ത്രം ഇഴപിരിക്കാനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നതുകൊണ്ട് തന്നെ കോളനിയനന്തരചിന്തകൾ ശാസ്ത്രത്തെ തന്നെ സാമ്രാജ്യമെന്ന (Science as Empire) നിലയിൽ മനസ്സിലാക്കുന്നു. “കോളനീകരണത്തെ പോലെ തന്നെ കൊളോണിയൽ ശാസ്ത്രവും സ്ഥാപനങ്ങളുടെയും ഘടനകളുടെയും കൂട്ടം എന്നതിലുപരിയായി സാമ്പത്തികവും സാംസ്കാരികവുമായ ഇടപെടലാണ്” (1997:2) എന്ന് ദീപക് കുമാർ പറയുന്നതിന്റെ യുക്തി അതാണ്.

    പത്തൊമ്പതാം നൂറ്റാണ്ടിലെ മിഷണറി രചനകളിലെ ശാസ്ത്രം ഈ കൊളോണിയൽ ശാസ്ത്രമാണ്. യൂറോപ്യൻ ആധുനികതയിൽ സങ്കുചിത മതാവബോധത്തിന്റെ എതിർനിലയിൽ നിന്ന ശാസ്ത്രം ഇവിടെ കൊളോണിയൽ മതാവബോധവുമായി കൂട്ടുചേർന്നു കിടക്കുന്നു. 1848ലെ ജ്ഞാനനിക്ഷേപം ലക്കത്തിൽ ആഴ്ചവട്ടങ്ങളുടെ പൊതുമയെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. “അത് ലോകാരംഭം മുതൽ പ്രമാണിച്ചു വരുന്നു. അത് സകല മനുഷ്യജാതിയുടെയും ആദ്യമാതാപിതാക്കന്മാരായവർക്ക ദൈവം കൊടുത്ത കല്പനപ്രകാരം നിശ്ചയിക്കപ്പെട്ടതാകുന്നു. ആറ് ദിവസംകൊണ്ട് ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; ഏഴാം ദിവസം സ്വസ്ഥമായി: ആ ഏഴാം ദിവസത്തെ അനുഗ്രഹിച്ച് അതിനെ ശുദ്ധീകരിച്ചു മനുഷ്യജാതിയുടെ ആദ്യ മാതാപിതാക്കന്മാർ ഈ കല്പനയെ അനുസരിച്ച ആയത തങ്ങളുടെ മക്കളെ പഠിപ്പിച്ച് ഇങ്ങനെ എല്ലാ ദിക്കിലും ദിവസങ്ങൾ ഏഴായിട്ട കൂട്ടുന്നതിന ഇടവന്നു. ലോകത്തിൽ മുഴുവനും ആഴ്ചവട്ടങ്ങളെ ഒരുപോലെ കൂട്ടിയും വരുന്നു” (2002:162).

മൂന്നാംലക്കത്തിൽ കടൽകക്കകളുടെ രൂപീകരണത്തിനു കാരണമായ പ്രളയം വിശദീകരിക്കപ്പെടുന്നത് ഇങ്ങനെയാണ്: “പ്രളയത്തെ കുറിച്ച നെരായിട്ടുള്ള വർത്തമാനം വെദപുസ്തകത്തിൽ നൊക്കിയാൽ കാണാം (1 മൊശെ 6, 7, 8 അദ്ധ്യായങ്ങൾ). മനുഷ്യന്റെ പാപം നിമിത്തം ദൈവം ജലപ്രളയത്ത അയച്ചു. “വെള്ളങ്ങൾ ഭൂമിയുടെ മെൽ എറ്റവും വളരെ അധികപ്പെട്ടു. ആകാശത്തിൻ കീഴിൽ എല്ലാടവുമുള്ള ഉയർന്ന പർവതങ്ങൾ ഒക്കയും മൂടപ്പെട്ടു. അപ്പൊൾ പക്ഷികളും മൃഗങ്ങളും കാട്ടുമൃഗങ്ങളും ഭൂമിയുടെ മെൽ ഇഴയുന്ന സകല ഇഴജാതിയുമായി ഭൂമിയുടെ മെൽ സഞ്ചരിച്ചിരുന്ന ജഡം ഒക്കെയും സകല മനുഷ്യനും ചത്തുപൊയി. നോഹയും അവനൊടു കൂടെ പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രമെ ജീവനൊടെ ശേഷിച്ചുള്ളൂ (മൊശ 7.19, 21. 23)” (2002:177). ആറാം ലക്കത്തിൽ സമുദ്രത്തെക്കെുറിച്ചുള്ള വിവരണത്തിന്റെ ആദ്യഭാഗം ഇങ്ങനെയാണ്: “കപ്പലുകളിൽ സമുദ്രത്തിലെക്ക് ചെന്ന, എറിയവെള്ളത്തിൽ അദ്ധ്വാനം ചെയ്യുന്നവർ, ഇവർ യഹൊവായുടെ പ്രവൃത്തികളെയും, അഗാധത്തിൽ അവന്റെ അത്ഭുതങ്ങളെയും കാണുന്നു” (2002:208). ഇങ്ങനെ കൊളോണിയൽ മതാവബോധം ശാസ്ത്രവ്യവഹാരത്തിൽ വേർപെടുത്താനാവാതെ ഉൾച്ചേരുന്നു.

             1883ൽ പ്രസിദ്ധീകരിച്ച ഭൗതികശാസ്ത്രത്തിന്റെ ആധാരങ്ങളെ വിശദീകരിക്കുന്ന റവ. ജോഹന്നാസ് ഫ്രോൺമേയറിന്റെ പ്രകൃതിശാസ്ത്രം എന്ന പുസ്തകം കൊളോണിയൽ ശാസ്ത്രത്തിന്റെ മികച്ച മാതൃകയാണ്. ഈ പുസ്തകത്തിന് അദ്ദേഹം എഴുതുന്ന മുഖവുര തുടങ്ങുന്നതു തന്നെ തന്റെ പുസ്തകം വലിയൊരു പുസ്തകത്തിലെ ഒരദ്ധ്യായത്തെ വിശദീകരിക്കുന്നതാണെന്ന് പറഞ്ഞാണ്. ഈ വലിയ പുസ്തകമാകട്ടെ ആധുനിക ശാസ്ത്രഗ്രന്ഥങ്ങളേതുമല്ല, മറിച്ച് ദൈവസൃഷ്ടമായ പ്രപഞ്ചമാണ്. “കേരളനിവാസികളായുള്ളാരേ, എല്ലാ മനുഷ്യർക്കും വായിച്ചറിവാൻ കഴിയുന്നതായ വലിയ പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന അദ്ധ്യായങ്ങൾ ഒന്നിനെ ഞാൻ നിങ്ങളുടെ ഉപയോഗാർത്ഥം വിവരിപ്പാൻ തുനിയുന്നു. ആ വലിയ പുസ്തകമോ സർവ്വേശ്വരന്റെ അത്ഭുതപ്രവൃത്തിയായ ഈ പ്രകൃതി തന്നെയാകുന്നു. അതിൽ എഴുതിയിരിക്കുന്ന അനർഘോപദേശങ്ങളും ദൃഷ്ടാന്തങ്ങളും നാം വായിച്ചറിയേണ്ടത് ഈശ്വരേഷ്ടം അല്ലോ. മേൽപ്പറഞ്ഞ ആദ്ധ്യായത്തിന്റെ വ്യാഖ്യാനമായി എഴുതിയിരിക്കുന്ന ഈ ചെറിയ പുസ്തകത്തിന്റെ ആവശ്യം ലോകമെങ്ങും നാം കേൾക്കുന്ന മഹാദൈവത്തിന്റെ ഭാഷയെ ബോധിച്ചു. ദൈവത്തിന്റെ അഗോചരമായ ജ്ഞാനത്തിനെയും തേജസ്സിനെയും കുറിച്ച് കുറച്ചൊന്ന് അറിഞ്ഞശേഷം “ദൈവമേ, നിന്റെ ക്രിയകൾ എത്ര പെരുകുന്നു! എല്ലാറ്റെയും നീ ജ്ഞാനത്തിൽ തീർത്തു. ഭൂമി നിന്റെ സമ്പത്തിനാൽ സമ്പൂർണം എന്നു സൃഷ്ടാവിനെ സ്തുതിച്ചു ചൊല്ലാനായിട്ടു നമ്മെ ഉത്സാഹിപ്പിക്കുക ആകുന്നു”” (1883:XI). ശാസ്ത്രം ഫ്രോൺമേയറെ സംബന്ധിച്ചിടത്തോളം ദൈവജ്ഞാനത്തിനെതിരല്ല. മറിച്ച,് അതിനോട് ചേർന്നു നിൽക്കുന്നതും അതിനെ സാധൂകരിക്കുന്നതുമാണ്. “ചിലർ പ്രകൃതിശാസ്ത്രം അഭ്യസിച്ചിട്ട് ദൈവം ഇല്ലെന്നും പ്രകൃതിയുടെ നിയമങ്ങൾ മാത്രമേ കാണുന്നുള്ളു എന്നും പറഞ്ഞ് ദൈവത്തെ അപമാനിക്കുന്നു. കുരുടൻ വർണങ്ങളെകുറിച്ച് സംസാരിക്കേണ്ട” (1883:XI-XII) എന്നാണ് ഫ്രോൺമേയർക്കു പറയാനുള്ളത്. ഈ ജ്ഞാനം കോളനീകരണത്തിന്റെ ബോധം കൂടിയാണ് “ഇപ്പോഴത്തെ കാലത്ത് രണ്ട് ഹേതുക്കളാൽ വിലാത്തിയിൽ എല്ലാ ശാസ്ത്രങ്ങളും വിളങ്ങുന്ന ഒരു യുഗം ഉദിച്ചു വന്നിരിക്കുന്നു. ഒന്നു ജാതികളെ ഇണക്കി, അവരുടെ ദുരാചാരങ്ങളെയും  ദുർമര്യാദകളെയും നിർത്തൽ ചെയ്ത ക്രിസ്തീയ മാർഗ്ഗവും മറ്റേതു എല്ലാ മ്ലേച്ഛരിൽ നിന്നു രാജ്യത്തെ കാത്തുരക്ഷിച്ച ബലമേറിയ ഗർമ്മാനരാജ്യവും തന്നെ” (1883:XI -XIII)”. “ഈ പ്രകൃതിയെ കീഴടക്കി ഭരിക്കേണ്ടതിന് ദൈവം മനുഷ്യരോടു കല്പിച്ചിട്ടുണ്ടല്ലോ” (1883:ഃ്) എന്ന കോളനീകരണയുക്തിയിലാണ് ഫ്രോൺമേയർ തന്റെ മുഖവുര അവസാനിപ്പിക്കുന്നത്. ഇങ്ങനെ കൊളോണിയൽ ശാസ്ത്രം മതാത്മകതയോടും കോളനീകരണത്തോടും വേർപെടുത്താനാവാതെ യാണ് സ്ഥാപനവത്കരിക്കപ്പെടുന്നത്.

 കൊളോണിയൽ ശാസ്ത്രത്തിന്റെ ഈ വ്യവഹാരം ഒറ്റതിരിഞ്ഞു നിൽക്കുന്നതല്ല. നിലനിൽക്കുന്ന അറിവുവഴികളോടുള്ള സംവാദത്തിൽ നിന്നുമാണ് അത് ഉരുവമെടുക്കുന്നത്. മിഷണറി രചനകളിൽ ശാസ്ത്രം എന്ന പദത്തിന്റെ കൗതുകകരമായ ഉപയോഗം ഇതിന് തെളിവാണ്. ജ്ഞാനനിക്ഷേപത്തിന്റെ ആറാം ലക്കത്തിൽ (1849 മേടം) ശാസ്ത്രത്തിലെ ദേവന്മാർ എന്ന ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ് “മുപ്പത്തുമുക്കോടി ദേവകൾ ഉണ്ടെന്ന് ശാസ്ത്രം പറയുന്നുണ്ടല്ലൊ” (2002:199). ഗുണ്ടർട്ടിന്റെ നളചരിതസാരശോധനയിൽ ഇങ്ങനെ കാണാം; “ഞാൻ പരമാർത്ഥം പറയാം. ഈ നാട്ടിലെ ശാസ്ത്രങ്ങളെ നോക്കുന്തോറും, തെറ്റും കുറവും അധികം കാണുന്നു; സത്യവേദം നോക്കുന്തോറും സാരവും മെൻമയും അധികം തെളിയുന്നു. ഈ നാട്ടുകാരെല്ലാവരും അതിനെ ശോധന ചെയ്കയാൽ കൊള്ളായിരുന്നു” (4:1867). ഇവിടെ ശാസ്ത്രം കൊണ്ട് വ്യവഹരിക്കപ്പെടുന്നത് ഹൈന്ദവ വിജ്ഞാനമാണ്.  ഇതിൽ വേദങ്ങളും പുരാണങ്ങളും സാഹിത്യവുമെല്ലാം പെടും (ഈ ഹൈന്ദവദേശം ഒരു ഓറിയന്റൽ നിർമ്മിതി കൂടിയാണ്). അവ മതാത്മകവുമാണ്.  എന്നാൽ ഇതിനു വിരുദ്ധമായാണ് കൊളോണിയൽ ശാസ്ത്രം ഉരുവമെടുക്കുന്നത്. ഒരു വ്യാവഹാരികരൂപീകരണം അതിന്റെ വിരുദ്ധ വ്യവഹാരങ്ങൾ കൊണ്ട് കൂടിയാണ് നിർവചിക്കപ്പെടുന്നത്. ഇവിടെ ഹിന്ദുശാസ്ത്രം കൊളോണിയൽ ശാസ്ത്രത്തെ ഉറപ്പിക്കുന്ന വിരുദ്ധവ്യവഹാരമാകുന്നു. പശ്ചിമോദയം ഒന്നാം ലക്കത്തിലെ പ്രസ്താവന ഇങ്ങനെയാണ്. “വെളിച്ചം പൂർവ്വദിക്കിൽ നിന്നു മാത്രമല്ല പശ്ചിമദിക്കിൽ നിന്നും വരുന്നത് ആശ്ചര്യം തന്നെ. ഈ കേരളം ദൈവവശാൽ ഇംഗ്ലീഷ്കാർക്കു അധീനമായി വന്നതിനാലൊ, ഈ നാട്ടിൽ അറിഞ്ഞു കൂടാത്ത ചില സംഗതികളെ പടിഞ്ഞാറ്റിൽ നിന്ന് ഇങ്ങോട്ടു കടന്നു വരുവാൻ ഒരു പാലം ഉണ്ടായിരിക്കുന്നു. ഇവിടെ നടപ്പായ വിദ്യകളും ശാസ്ത്രങ്ങളും ഒഴികെ വിലാത്തിയിൽ നടക്കുന്ന പലതും ഉണ്ടു. രണ്ടു വകെക്കും തമ്മിൽ വളരെ ഭേദം ഉണ്ടു താനും. പരമാത്മാ, ജീവാത്മാ തുടങ്ങിയുള്ള മർമോപദേശങ്ങളെ ധ്യാനിച്ച് ഒരോന്നു മറ്റുമുണ്ടാക്കി ദിവ്യശ്ലോകങ്ങളെ ചമെച്ചു വിദ്വാൻമാരെ രസിപ്പിക്കുന്നതു ഹിന്ദുജ്ഞാനത്തിൽ മര്യാദ തന്നെ. കാലദേശാവസ്ഥകളുടെ സൂക്ഷ്മം നിദാനിച്ചറിഞ്ഞു കുട്ടികളുടെ ഉപകാരത്തിന്നായി ഗദ്യമാക്കി പറയുന്നതു വിലാത്തി ജ്ഞാനത്തിന്റെ ലക്ഷണമത്ര” (1847:1). ശാസ്ത്രം എന്ന വ്യവഹാരത്തിന്റെ രൂപീകരണവും ക്രമീകരണവും ഇവിടെ കാണാം. ഇവിടെ ‘പരമാത്മാ, ജീവാത്മാ തുടങ്ങിയുള്ള മർമോപദേശങ്ങളെ ധ്യാനിച്ചു ഒരോന്നു മറ്റുമുണ്ടാക്കി ദിവ്യശ്ലോകങ്ങളെ ചമച്ച് വിദ്വാൻമാരെ രസിപ്പിക്കുന്ന ഹിന്ദുജ്ഞാനം’ എന്നത് ഈ വ്യവഹാരത്തിന് പുറത്താണ്. ‘കാലദേശാവസ്ഥകളുടെ സൂക്ഷ്മം നിദാനിച്ചറിഞ്ഞു കുട്ടികളുടെ ഉപകാരത്തിനായി ഗദ്യമാക്കി പറയുന്ന വിലാത്തി ജ്ഞാനമാണ്’ അതിലുള്ളടങ്ങിയിരിക്കുന്നത്.  അത്തരം പ്രസ്താവനകൾക്കേ ഈ വ്യവഹാരത്തിനകത്തേക്ക് പ്രവേശമുള്ളൂ. അവ ഗദ്യത്തിലുമായിരിക്കും. പ്രസ്താവനകളുടെ തരവും വ്യാവഹാരികരൂപീകരണത്തിൽ നിർണായകമാണ്. കൊളോണിയൽ ശാസ്ത്രമെന്ന വ്യവഹാരത്തിന്റെ രൂപപ്പെടലിൽ നിന്നും അതിന്റെ ക്രമീകരണത്തിൽ നിന്നും പദ്യകേന്ദ്രിതമായ ഹൈന്ദവജ്ഞാനം പുറത്തു പോകുന്നു. അവ ഈ വ്യവഹാര ക്രമീകരണമനുസരിച്ച് സത്യത്മകമോ യുക്തിനിഷ്ഠമോ അല്ല. ഇവിടെ ജ്ഞാനപദവി കൈവരിക്കുന്നത് കോളനിബോധത്തെ വിവർത്തനം ചെയ്യുന്ന ശാസ്ത്രത്തിനാണ്.

         ദേശീയതയുടെ ചരിത്രഘട്ടത്തിൽ ഈ വ്യാവഹാരിക ക്രമീകരണത്തിൽ ജ്ഞാനിമപരമായ സൂക്ഷ്മവിച്ഛേദം സംഭവിക്കുന്നുണ്ട്. കൊളോണിയൽ ശാസ്ത്രം അതിന്റെ വ്യാവഹാരികക്രമീകരണത്തിന് പുറത്തു നിർത്തിയ സംസ്കൃതജ്ഞാനം ഇവിടെ വ്യവഹാരത്തിനകത്തേയ്ക്ക് കടന്നു വരുന്നു. ഈ വ്യവഹാരത്തിന്റെ ഭാഗമായും പുതിയൊരു ജ്ഞാനസങ്കല്പം ഉരുവം കൊള്ളുന്നുണ്ട്. അതിന്റെ കേന്ദ്രത്തിൽ നിൽക്കുന്ന ആശയം സംസ്കൃതമാണ്, പാശ്ചാത്യത നിർമ്മിച്ച ജ്ഞാനസങ്കല്പത്തിന് പുറത്തുനിന്ന സംസ്കൃതം ഇവിടെ ജ്ഞാനത്തിന്റെ അടിപ്പടവാകുന്നു. കൊളോണിയൽ ഇടപാടുകൾ കളങ്കം ചാർത്താത്ത ദേശീയ ആത്മത്തിന്റെ നിർണയനസ്ഥാനങ്ങളിലൊന്നു കൂടിയായിരുന്നു സംസ്കൃതം. കൊളോണിയൽ ആധുനികതയുടെയും ദേശീയതയുടെയും ചരിത്രസന്ദർഭത്തിൽ സംസ്കൃതവും ഇംഗ്ലീഷും ഭാഷകൾ മാത്രമായല്ല സവിശേഷ ലോകബോധങ്ങൾ കൂടിയായാണ് നിലകൊണ്ടത്. ഈ സന്ദർഭത്തിലെ ശാസ്ത്രരചനകളിലെല്ലാം തന്നെ ഭാരതീയമായ സംസ്കൃതവൈജ്ഞാനികത/ വൈദേശികമായ പാശ്ചാത്യ  ശാസ്ത്രജ്ഞാനം എന്ന ആത്മ/ അന്യ ബോധങ്ങൾ കാണാനാകും. ഭാഷാസാഹിത്യത്തിന്റെ ശാസ്ത്രീയ അഭിവൃദ്ധി എന്ന ലേഖനത്തിൽ വടക്കുംകൂർ രാജരാജവർമ ഇക്കാര്യം വിശദമാക്കുന്നുണ്ട്. “സംസ്കൃതത്തിൽ ഏതെല്ലാം ശാസ്ത്രങ്ങളുണ്ടോ ആ ശാസ്ത്രങ്ങളെല്ലാം ഭാഷയിലുണ്ടാകണം.... നമുക്ക് ആവശ്യമുള്ള സകലശാസ്ത്രങ്ങളും സംസ്കൃതത്തിൽ നിന്ന് ഭാഷയിലാക്കി നിർമ്മിക്കണം. സംസ്കൃതത്തിൽ ഇല്ലാത്തവയെ സ്വതന്ത്രമായി ഉണ്ടാക്കേണ്ടതുമാണ്. ഇപ്പോൾ നമുക്ക് തൊട്ടതിനൊക്കെ അന്യഭാഷയുടെ സഹായം വേണ്ടിയിരിക്കുന്നു. വൈദ്യം, ജ്യോതിഷം മുതലായവയിൽ ഉൽകൃഷ്ടമായ ജ്ഞാനം സമ്പാദിക്കണമെങ്കിൽ സംസ്കൃതത്തെ ആശ്രയിക്കണം”. ഇങ്ങനെ അന്യത്തിന്റെ എതിർനിലയിൽ സ്ഥാനപ്പെടുന്ന ആത്മത്തിന്റെ ആധാരമാകുന്നു സംസ്കൃതം. ആർഷപാരമ്പര്യത്തെ സംബന്ധിച്ച് മലയാളഭാഷയും ശാസ്ത്രഗ്രന്ഥങ്ങളും എന്ന ലേഖനത്തിൽ മുണ്ടശ്ശേരി പറയുന്നത് ഇങ്ങനെയാണ്. “വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും കാവ്യങ്ങളും മാത്രമല്ല ആര്യപുരാതന്മാരുടെ സമ്പാദ്യങ്ങൾ. തർക്കം, ദർശനം, ജ്യോതിഷം, ഗണിതം, ആയുർവേദം എന്നിങ്ങനെ എത്രയെത്ര അനർഘരത്നങ്ങൾ അവരുടെ സംസ്കാരശേവധിയിൽ അടങ്ങിയിരിക്കുന്നു. അതിന്റെ കാന്തികധോരണി ഇപ്പോഴും ലോകത്തിന്റെ കണ്ണുകളെ മഞ്ഞളിപ്പിക്കത്തക്കതാണ്”. കൊളോണിയൽ ശാസ്ത്രത്തിൽ നിന്നും കോളനീകരണത്തെ വേറിട്ടു കാണാനാകാത്തതുപോലെ ദേശീയതയുടെ ചരിത്രസന്ദർഭത്തിലും ദേശം ശാസ്ത്രത്തിൽ നിന്നും വേറിട്ടു നിൽക്കുന്നില്ല. ദേശബോധത്തിന്റെ ആവിഷ്കാരപ്രകാരമായല്ല ശാസ്ത്രം നിൽകുന്നത്. മറിച്ച്, ശാസ്ത്രത്തിൽ ദേശം വ്യാപൃതമാണ്. ഈ ദേശം ഓറിയന്റലിസ്റ്റുകൾ കണ്ടെത്തിയ ഇന്ത്യൻ മഹാപാരമ്പര്യവുമാണ്. ഈ മഹാപാരമ്പര്യത്തിൽ നിന്നുള്ള വിവർത്തനം കൂടിയായാണ് ദേശീയ ശാസ്ത്രം ഉരുവമെടുക്കുന്നത്. വിവർത്തനം ഈ  വ്യാവഹാരികരൂപീകരണത്തിന്റെയും നിർണായക ഘടകമാണ്. ശാസ്ത്രത്തെ ദേശീയമായി കണ്ടെടുക്കുന്ന നിരവധി സന്ദർഭങ്ങൾ ഈ ഘട്ടത്തിൽ കാണാം. 1085ലെ കേരളചിന്താമണി വാരികയിൽ മയ്യനാട് ജെ. അഗസ്റ്റിൻ എഴുതിയ ഇൻഡ്യക്കു ഇംഗ്ലീഷുകാരിൽ നിന്നു ലഭിച്ചിട്ടുള്ള ഗുണങ്ങൾ എന്ന ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്. “ഇൻഡ്യന്മാരുടേ സാഹിത്യഗ്രന്ഥങ്ങളും ശാസ്ത്രീയഗ്രന്ഥങ്ങളും ഉത്ഭവിച്ചതു അക്കാലങ്ങളിലായിരുന്നു. ഹിന്ദുക്കളുടെ ബുദ്ധിചാതുര്യ ത്തിന്റെ ധവളിമ എത്രമാത്രം ഉണ്ടായിരുന്നു എന്നു അവരുടെ ഗ്രന്ഥങ്ങളെ മനസ്സിരുത്തി വായിക്കുന്ന ഏവനും ബോധ്യപ്പെടാതിരിക്കയില്ല. അവയോളം വിലയുള്ളതായി ലോകത്തിൽ മറ്റധികം ഗ്രന്ഥങ്ങൾ ഇല്ലെന്നു പറയുന്നതു അവാസ്തവമല്ലെന്നു..... നമുക്കുബോധപ്പെടും” (1085:1). ഇതേ വർഷം തന്നെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഇങ്ങനെ എഴുതുന്നു; “ശാസ്ത്രീയ തത്വങ്ങളെ ശ്രോതാക്കൾക്കു രുചിയ്ക്കത്തക്കവിധം ഉപന്യസിക്കുന്നതായ മറ്റൊരു മാർഗം നമ്മുടെ വൈദികപൗരാണിക കാലങ്ങളിൽ നടപ്പുണ്ടായിരുന്നു. അതു മുൻപറഞ്ഞ പാശ്ചാത്യ പൗരസ്ത്യ സമ്പ്രദായങ്ങളിൽ നിന്നു വളരെ വ്യത്യാസപ്പെട്ട മട്ടായിരുന്നു. ആ മാർഗ്ഗം ഇന്നും എന്നും നശിക്കുന്നതല്ല. എങ്കിലും ഇതു ശാസ്ത്രതത്വ പ്രകടനമാർഗ്ഗമാണെന്നു പോലും അധികജനങ്ങളറിയാത്ത മട്ടിൽ മൂടി കിടക്കുന്നു. നാം നിത്യം അതു കാണുണ്ടെങ്കിലും അറിഞ്ഞു കാണുന്നില്ല. ഇത്തരം മാർഗ്ഗം പലവഴിയായിത്തിരിഞ്ഞിട്ടുമുണ്ടു. അവക്കെല്ലാം കൂടി ‘ആർഷങ്ങളായ അലങ്കാരങ്ങൾ’ എന്നൊരു പേർ പറയാം” (1085:11). 1093ലെ മംഗളോദയത്തിൽ കാലനിർണ്ണയം എന്ന ലേഖനത്തിൽ “പ്രാചീന ഹിന്ദുക്കളുടെ ഗവേഷണ സാമർത്ഥ്യം മനസ്സിലാക്കുന്നതിന്നു നമ്മുടെ ശാസ്ത്രങ്ങളിൽ ഒളിച്ചു കിടക്കുന്ന ഓരോ തത്വങ്ങൾ വളരെ സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ” (1093:233) എന്നു കാണാം. 1078ലെ ഭാഷാപോഷിണിയിൽ എം. ശേഷഗിരിപ്രഭു എഴുതിയ പുരുഷാർത്ഥത്തെക്കുറിച്ചുള്ള പ്രാചീന ഭാരതീയന്മാരുടെ അഭിപ്രായം എന്ന ലേഖനത്തിൽ പ്രാചീനശാസ്ത്രം കടന്നുവരുന്നത് വംശബോധത്തോടോപ്പമാണ്. “തങ്ങൾ ആര്യവംശത്തിൽ ചേർന്നവരാ കകൊണ്ടും ആ ആര്യവംശത്തിന്റെ ആദ്യചരിതം വേദങ്ങളിൽ നിക്ഷേപിച്ചിരിക്കയാൽ അവയ്ക്കു ഹിന്ദുക്കൾക്കു മാത്രമല്ല എല്ലാ ആര്യന്മാർക്കും അവകാശമുള്ളതുകൊണ്ടും വേദങ്ങൾ എല്ലാവരും പഠിക്കേണ്ടതാകുന്നു” (1073:1). കോളനീകരണത്തിന്റെ ബോധത്തിൽ കൈ്രസ്തവികത നിലീനമായ പോലെ ഇവിടെ ജ്ഞാനത്തിൽ ഹൈന്ദവികതയും നിലീനമാണ്. 1066ലെ വിദ്യാവിനോദിനിയിൽ വായു എന്ന ലേഖനത്തിൽ ദോഷനിവാരണമാർഗ്ഗം ഈശ്വരനാണ്. “ഒരു ഞെരുപ്പുകുടത്തിൽ നിന്നും രണ്ടുമൂന്നാളുകളുടെ ഉഛ്വാസത്തിൽനിന്നും ഉണ്ടാകുന്ന അംഗാരകാമ്ലം കൊണ്ട പലർക്കും രോഗങ്ങളും മൂത്രവും മറ്റും ഉണ്ടാകുന്നതാണെങ്കിൽ ഈ ഭൂമിയിൽ ഇത്രവളരെ തീ കത്തുകയും ഇത്രവളരെ ജനങ്ങൾ ഉഛ്വസിക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ മനുഷ്യർ ജീവിച്ചിരിക്കുന്നത എന്ന ആരെങ്കിലും ചോദിച്ചേക്കാം. എന്നാൽ സർവ്വനിയന്താവായ ഈശ്വരൻ ഈ ദോഷത്തിന്റെ നിവാരണത്തിന്നു വേണ്ടമാർഗ്ഗങ്ങളെയും ഉണ്ടാക്കീട്ടുണ്ട” (1066:38). 1071ലെ വിദ്യാവിനോദിനിയിൽ ശാസ്ത്രം മതത്തെ ഉറപ്പിക്കുമെന്ന ഫ്രോൺമേയറുടതിനു സമാനമായ പ്രസ്താവം കാണാം. “മുമ്പിൽ ദൈവികശക്തിയാൽ മാത്രം പ്രതിപാദ്യങ്ങളായി വിചാരിക്കപ്പെട്ടിരുന്ന മഹാവിഷയങ്ങളെ ഒക്കെയും ഇപ്പോൾ ശാസ്ത്രന്യായങ്ങൾ സ്ഫുടം വിശദീകരിച്ചു തുടങ്ങിയപ്പോഴേക്കു മതത്തിലാകട്ടേ ഈശ്വരനിലാകട്ടേ ജനങ്ങൾക്കു വിശ്വാസമില്ലാതായി തീരുന്നല്ലോ എന്നു കഠിനമായി വ്യസനിക്കുന്നവർ ഇക്കാലത്തു ചുരുക്കമല്ല. എന്നാൽ അവർ അനുശോച്യമായുള്ളതിനു വേണ്ടി ശോചിക്കയാണ ചെയ്യുന്നത, എന്തെന്നാൽ വാസ്തവത്തിൽ ശാസ്ത്ര പ്രചാരം എത്ര അധികമാകുന്നോ അത്രയും മതവിശ്വാസം ഒന്നുകൂടി ഉറപ്പായി  തീരുന്നതേഉള്ളൂ” (1071:1-2). ഗദ്യമാലികയിൽ സൂര്യനെ സംബന്ധിക്കുന്ന ലേഖനം ഉപസംഹരിക്കുകപ്പെടുന്നത് ഇങ്ങനെയാണ്, “ഇങ്ങനെ സകല പ്രമാണങ്ങൾക്കുമാധാരം സൂര്യനാണെന്നു സിദ്ധമായതിനാൽ സൂക്ഷ്മദർശികളായിരിക്കുന്ന നമ്മുടെ പുരാതനന്മാർ സൂര്യനെ ജഗത്മാവും, ജഗദീശ്വരനുമായിരിക്കുന്ന ആ പരമപുരുഷനു പ്രതിനിധിയായി കൽപ്പിച്ച് അദ്ദേഹത്തെ ഗായത്ര്യാദി മന്ത്രങ്ങളെക്കൊണ്ട് ആരാധന ചെയ്യുന്നതു യുക്തം തന്നെ” (1920: ).

 

     ജ്ഞാനിമപരമായ ഈ വിച്ഛേദത്തെ കൃത്യമായി മനസ്സിലാക്കാൻ   ജ്യോതിശാസ്ത്രം എന്ന വിഷയമേഖല സഹായിക്കും. കൊളോണിയൽ വിജ്ഞാനത്തിന്റെ ആധികാരികതയെ അടിവരയിടുന്ന ജ്ഞാനമേഖല എന്നോണമാണ് മിഷണറി രചനകളിൽ ജ്യോതിശാസ്ത്രം സ്ഥാനപ്പെടുന്നത്. ടെലസ്കോപ്പിന്റെ കണ്ടുപിടുത്തത്തോടെ ജ്യോതിശാസ്ത്രത്തെ സംബന്ധിച്ച സൂക്ഷ്മവും ശരിയുമായ അറിവ് യൂറോപ്പിന്റെ കുത്തകയായി തീർന്നു. ഈ ആശയലോകത്തെയാണ് ജ്യോതിശാസ്ത്രത്തെ സംബന്ധിച്ച മിഷണറി രചനകൾ ആവിഷ്കരിക്കുന്നത്. പശ്ചിമോദയത്തിന്റെ ആദ്യ ലക്കത്തിൽത്തന്നെ ജ്യോതിഷവിദ്യയെ സംബന്ധിച്ച ലേഖനം കാണാം. “പണ്ടുപലരാജ്യക്കാരും ഒരൊരൊ ഗുണദൊഷങ്ങൾ മനുഷ്യർക്കു വരുന്നത് നക്ഷത്രങ്ങളുടെ കടാക്ഷബലത്താൽ തന്നെ എന്നു നിരൂപിച്ചു ജനനരാശിയിങ്കലെ ഗ്രഹനക്ഷത്രാദിസ്ഥിതികൊണ്ടും ഗ്രഹചാരഭേദം കൊണ്ടും വെവ്വേറെ അനുഭവങ്ങൾ കാണും എന്നു സങ്കല്പിച്ചും ഗ്രഹണങ്ങളും ധൂമകൈതുക്കളും കണ്ടു വളരെ പെടിച്ചും ഇരിക്കുന്നു. ആ വിദ്യയെ നന്നായി അന്വെഷണം കഴിച്ചവർ എല്ലാവരും ജ്യാതിഷത്താൽ വരുന്ന ഈ വക ഭാവിജ്ഞാനം വ്യർത്ഥം അത്രെ എന്നു കണ്ടിരിക്കുന്നു. അതുകൊണ്ടു സുബുദ്ധിയുള്ള ജ്യോതിഷക്കാർ അപ്രകാരം ഒന്നും തിരയാതെ കണ്ണിനാലും ഗണിതത്താലും കഴിയുന്നേടത്തോളം ജ്യോതിസ്സുകളുടെ അവസ്ഥഎന്തെന്നു വിചാരിക്കെ ഉള്ളു” (1847:1-2). ഈ പ്രസ്താവനകളിലൂടെ   ജ്യോതിഷവിദ്യയെ സംബന്ധിച്ച ശരിയായ അറിവ് യൂറോപ്പിന്റേതാകുന്നു. ഗ്രഹാദികളെ സംബന്ധിക്കുന്ന ആലോചനകൾ മിഷണറി രചനകളിലെല്ലാം കാണാം. ഭൂമിശാസ്ത്രപുസ്തകങ്ങൾ എല്ലാം തന്നെ തുടങ്ങുന്നത് സൗരയൂഥസംബന്ധിയായ ആലോചനകളിലാണ്. പശ്ചിമോദയം, ജ്ഞാനനിക്ഷേപം തുടങ്ങിയ മാസികകളുടെ എല്ലാ ലക്കങ്ങളിലും ജ്യോതിശാസ്ത്രസംബന്ധിയായ എഴുത്തുകൾ വരുന്നുണ്ട്.

      ദേശീയതയുടെ ചരിത്രസന്ദർഭത്തിൽ ജ്യോതിശാസ്ത്രം എന്ന ജ്ഞാനമേഖലയുടെ ആധികാരികഭാഷ്യങ്ങളാകുന്നത് പൗരാണിക ഭാരതത്തിന്റെ ആരായലുകളാണ്. ഏ. ആർ. രാജരാജവർമ്മ തന്നെ ജ്യോതിശാസ്ത്രസംബന്ധിയായി കേരളത്തിലെ ജൗതിഷം, ഹിന്ദുക്കളുടെ ഇടയിൽ ജൗതിശാസ്ത്രാഭിവൃദ്ധി എന്നിങ്ങനെ രണ്ട് ലേഖനങ്ങൾ എഴുതുന്നുണ്ട്. കേരളത്തിലെ ജൗതിഷം എന്ന ലേഖനത്തിൽ യൂറോപ്പിനെക്കാളും മേത്തരമായി ഏ. ആർ. ഭാരതീയ ജ്യോതിഷത്തെ സ്ഥാപിക്കുന്നു. “ഹിന്ദുക്കൾ ആദ്യകാലം മുതൽ തന്നെ ജ്യോതിഷത്തിൽ പരമനിപുണന്മാരായിരുന്നു. യൂറോപ്പു ഖണ്ഡത്തിൽ മിക്ക ജാതിക്കാരും വില്ലും അമ്പും ധരിച്ച് ഇരതേടി നടന്നും ക്ഷുദ്ര പക്ഷി മൃഗാദികളെ കൊന്നു തിന്നുകൊണ്ട് കാട്ടാളനിർവിശേഷം കാടുവാണുകൊണ്ടിരുന്ന കാലങ്ങളിൽ ഇന്ത്യാക്കാരും ചീനത്തുകാരും ഗ്രഹവേദയന്ത്രങ്ങളെ നിർമ്മിച്ച് അവയുടെ സഹായത്തോടു കൂടി നക്ഷ ത്രബംഗ്ലാവിലൽ ഇരുന്ന് ആകാശഗോളത്ത അളന്ന് തിട്ടപ്പെടുത്തുകയായിരുന്നു” (1924:110). പശ്ചിമോദയത്തിൽ കണ്ട ജ്യോതിശാസ്ത്ര വിശദീകരണത്തിനുള്ള മറുമൊഴിയാണിത്. ഭാരതീയജ്ഞാനത്തിന് മേൽ പശ്ചാത്യജ്ഞാനത്തിന്റെ മേന്മ ഉറപ്പിക്കുന്ന ജ്ഞാനസങ്കല്പത്തിൽ നിന്നും പശ്ചാത്യജ്ഞാനത്തിന് മേൽ ഭാരതീയ ജ്ഞാനത്തിന്റെ മേന്മ ഉറപ്പിക്കുന്ന ജ്ഞാനസങ്കല്പത്തിലേക്കുള്ള പരിവർത്തനം കൂടിയാണിത്. ഇതേ ലേഖനത്തിൽ തന്നെ “കേരളത്തിലെ കാലഗണന പോലെ ശാസ്ത്രാനുസൃതമായ ഒരു സമ്പ്രദായം ഭൂഗോളത്തിൽ മറ്റൊരിടത്തും ഇല്ലെന്നു പറയാം” (1924:114) എന്നും ഏ. ആർ. പ്രഖ്യാപിക്കുന്നുണ്ട്. “ഇന്ത്യയ്ക്ക് വെളിയിലുള്ള യൂറോപ്പു രാജ്യങ്ങളിലെ കാലഗണനാ സമ്പ്രദായം സൗരമാനാനുസൃതമാണെങ്കിലും അവരുടെ മാസങ്ങൾക്കുള്ള തീയതിവ്യവസ്ഥ ജ്യോതിശാസ്ത്രസിദ്ധാന്തങ്ങളെ അനുസരിച്ചല്ല” (1924:116) എന്നും തുടർന്ന് കാണാം. പശ്ചിമോദയത്തിന്റെ ജ്ഞാനസങ്കല്പത്തിൽ ഭാരതീയ ജ്യോതിഷം അശാസ്ത്രീയമായപ്പോൾ ഇവിടെ യൂറോപ്യൻ രീതി ശാസ്ത്രപരമല്ലാതാവുന്നു. പൗരസ്ത്യതക്ക് മേലുള്ള പാശ്ചാത്യതയുടെ ഏറ്റവും വലിയ ആരോപണം ചരിത്രമില്ല അഥവാ രേഖപ്പെടുത്തലുകൾ ഇല്ല എന്നതാണ്. കേരളീയ ജ്യോതിഷത്തിൽ നിലനിന്നിരുന്ന അക്ഷരസംഖ്യ, കപടയാദിസംഖ്യ, പരപ്പേർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സമ്പ്രദായത്തെ മുൻനിർത്തി ഈ ആക്ഷേപത്തെയും ഏ. ആർ. തള്ളിക്കളയുന്നുണ്ട്. അക്കങ്ങളെ വളരെ ലഘുവായി ശ്ലോകങ്ങളിലും മറ്റും ചേർക്കുന്ന സമ്പ്രദായമാണിത്. ഹിന്ദുക്കളുടെ ഇടയിൽ ജ്യോതിശാസ്ത്രാഭിവൃദ്ധി എന്ന ലേഖനം തുടങ്ങുന്നത് തന്നെ “ഇന്ത്യയിലേക്കു കടന്നുവന്ന ആര്യന്മാർ ആദ്യനിവാസികളായിരുന്ന മ്ലേച്ഛപിശാചരാക്ഷസദസ്യുക്കളെ എല്ലാം ആട്ടിഓടിച്ച് പ്രശാന്തരാമണീയങ്ങളായ സരസ്വതീ തീരങ്ങളിൽ യാഗകർമ്മകങ്ങൾ ചെയ്ത വിവിധ വിചിത്രവസ്തജാലപരിപൂർണ്ണമായ ജഗത്തിന്റെ അധിഷ്ഠാതാവായ പരമേശ്വരന്റെ അനുഭാവവിലാസങ്ങളെ ആരാധിച്ചുകൊണ്ടും പ്രോത്സവങ്ങൾ ഘോഷിച്ച് ആനന്ദിച്ചുകൊണ്ടും നിരുപദ്രവമായി വസിച്ചിരുന്ന കാലങ്ങളിൽതന്നെ അവർക്കു ജ്യോതിശാസ്ത്രത്തിന്റെ പല തത്വങ്ങളിലും നൈപുണ്യം സിദ്ധിച്ചിരുന്നു. സരസ്വതീ തടാധിവാസത്തിനു വളരെ മുമ്പു തന്നെ ഓരോരോ വിശേഷസന്ദർഭങ്ങളിൽ ഓരോ മഹർഷിമാരുടെ ഹൃദയങ്ങളിൽ ഉദയം പ്രാപിച്ച ഗുരുപരമ്പരയാ ശിഷ്യന്മാരാലഭ്യസിക്കപ്പെട്ടുവന്നിരുന്ന ഋഗ്വേദമന്ത്രങ്ങളിൽ പല സ്ഥലങ്ങളിലും ജ്യോതിശാസ്ത്രതത്വങ്ങളേപ്പറ്റി സരസമായും സചമൽകാരമായും പ്രസ്താവിച്ചു കാണുന്നുണ്ട്” (1987:295) എന്നിങ്ങനെയാണ്. ഇങ്ങനെ കൊളോണിയൽ ജ്ഞാനം ജ്ഞാനിമമായ വ്യാവഹാരികക്രമീകരണത്തെ മാറ്റിമറിച്ചുകൊണ്ട് സംസ്കൃതകേന്ദ്രിതമായ ദേശമെന്ന ജ്ഞാനിമത്തെ മുൻനിർത്തിയ വ്യാവഹാരികക്രമീകരണം ഇവിടെ സംഭവിക്കുന്നു. ഒന്നിനെ മറ്റൊന്ന് ആദേശം ചെയ്തു എന്ന യുക്തിയിലല്ല. മറിച്ച്, അറിവധികാരത്തിന്റെ സങ്കീർണ്ണമണ്ഡലമെന്ന നിലയ്ക്കാണ് ശാസ്ത്രമെന്ന വ്യവഹാരം കോളനീകൃതരാജ്യങ്ങളിൽ ഉരുവംകൊള്ളുന്നത് എന്നതാണ് പ്രധാനം.

      കൊളോണിയൽ ഘട്ടത്തിൽനിന്നും ദേശീയഘട്ടത്തിലെത്തുമ്പോൾ കോളനീകരണത്തോടെ രൂപപ്പെട്ട വ്യവഹാരരൂപങ്ങളിൽ ജ്ഞാനിമപരമായ സൂക്ഷ്മവിച്ഛേദങ്ങൾ സംഭവിക്കുന്നത് കാണാം. പ്രധാനമായും കൊളോണിയൽ വ്യവഹാരങ്ങൾ അവയുടേതായ വ്യാവഹാരിക ക്രമീകരണങ്ങളിലൂടെ പുറത്തുനിർത്തിയ  അപരലോകങ്ങൾ ദേശീയതയുടെ സന്ദർഭത്തിൽ വ്യവഹാര മണ്ഡലത്തിലേക്ക് കടന്നുവരുന്നു. പ്രധാനമായും ഇതിനടിസ്ഥാന മാക്കുന്നത് ദേശവും ദേശഭാവനയുമാണ്. ഈ ദേശഭാവനയും വ്യവഹാരങ്ങളിലേക്ക് അതിന്റേതായ പ്രവർജന യുക്തികളെ കൊണ്ടുവരുന്നുണ്ട്. ദേശീയതയുടെ സന്ദർഭത്തിലെ ജ്ഞാനിമ വിച്ഛേദത്തെ കേവലം പ്രതികരണാത്മകമോ ആദർശാത്മകമോ ആയല്ല മനസ്സിലാക്കേണ്ടത്. ഇവ രണ്ടിലും നിർമാണപരമായ പ്രവർത്തനങ്ങൾ തന്നെയാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് തുടർച്ചയും ഇടർച്ചയും കാണാം. നിരഞ്ജന തേജസ്വിനി പറയുന്ന അധികാരത്തിന്റെ അസമാനമായ ബന്ധങ്ങൾക്കുള്ളിലാണ് ഈ വ്യവഹാരരൂപീകരണങ്ങൾ അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ ഈ ബന്ധങ്ങളെ മുൻനിർത്തി വേണം വ്യവഹാരക്രമീകരണങ്ങളെ മനസ്സിലാക്കാൻ. ഈ രണ്ടു ഘട്ടങ്ങളിലും വ്യവഹാരങ്ങളിൽ നിന്നും തദ്ദേശീയവും കീഴാളവുമായ വിനിമയലോകങ്ങൾ പുറന്തള്ളപ്പെടുന്നു. അഥവാ അവ വ്യാവഹാരികമായ ആധികാരികതയ്ക്ക് പുറത്താണ്.

ഗദ്യഭാഷയും വ്യവഹാരങ്ങളും

      ഗദ്യഭാഷയുടെ രൂപീകരണത്തിൽ വ്യവഹാരങ്ങൾക്ക് നിർണായക പങ്കുണ്ട്. വ്യവഹാരങ്ങൾ നിലവിൽ വരികയും നിലനിൽക്കുകയും ചെയ്യുന്നത് ഗദ്യത്തിലാണ്. വ്യവഹാരങ്ങൾ ഗദ്യത്തിലൂടെ ആവിഷ്കരിക്കപ്പെടുകയല്ല. മറിച്ച്, ഗദ്യത്തിൽ നിർമ്മിക്കപ്പെടുകയാണ്. ഈ വ്യവഹാരങ്ങളിലൂടെ തന്നെയാണ് ഗദ്യഭാഷ രൂപപ്പെടുന്നതും. അതുകൊണ്ടുതന്നെ വ്യവഹാരങ്ങളിലെ സൂക്ഷ്മമായ പരിവർത്തനങ്ങൾ ഗദ്യത്തിലും ഇടപെടുന്നുണ്ട്. വ്യവഹാരങ്ങളിലെ വിവർത്തനത്തിന്റെ തലം ഇവിടെ പ്രധാനമാണ്. കോളനീകരണത്തിന്റെ സന്ദർഭത്തിലും ദേശീയതയുടെ സന്ദർഭത്തിലും രണ്ട് വഴിക്കുള്ള വിവർത്തനങ്ങൾ വ്യവഹാരങ്ങളിൽ സംഭവിക്കുന്നുണ്ട്. വിവർത്തനം ഇവിടെ പാഠപരം മാത്രമല്ല, വ്യവഹാരങ്ങളുടെ രൂപപ്പെടലിൽ തന്നെ വിവർത്തനം നിലീനമാണ്. ഇവയെ വിവർത്തനവ്യവഹാരങ്ങളായിവേണം കാണാൻ. വ്യവഹാരികമായ രൂപപ്പെടലുകൾ ഗദ്യത്തിൽ ഏതെല്ലാം വിധത്തിൽ ഇടപെടുന്നു എന്നന്വേഷിക്കേണ്ടത് അതുകൊണ്ട് തന്നെ പ്രധാനമാണ്. “രാഷ്ട്രീയമായി പ്രചോദിതമായ കൊളോണിയൽ വിവർത്തന പ്രവർത്തനങ്ങളെ മനസ്സിലാക്കാൻ ഭാഷാപരം മാത്രമായ വിവർത്തനസിദ്ധാന്തങ്ങൾ മതിയാവില്ല. കോളനീകരണം തുടക്കം കുറിച്ച ഇന്ത്യൻ വിവർത്തനപ്രക്രിയകളുടെ തൃപ്തികരമായ അപഗ്രഥനങ്ങളിലേക്ക് എത്തിച്ചേരാൻ ഭാഷാപരമായ വിവർത്തനസിദ്ധാന്തങ്ങൾക്ക് കൊളോണിയൽ വ്യവഹാരങ്ങളെ ക്കുറിച്ചുള്ള അവബോധത്തിന്റെ പിന്തുണ നൽകേണ്ടതുണ്ട്” (1999:150) എന്ന് ജി. എൻ. ദേവി അഭിപ്രായപ്പെടുന്നുണ്ട്.

ഗദ്യം : രൂപവും പ്രക്രിയയും

      ആധുനികതയെ രേഖീയമായ ഒറ്റ വഴിക്ക് ഇന്ന് മനസ്സിലാക്കാൻ സാധിക്കുകയില്ല. വിശേഷിച്ചും കോളനീകൃതരാജ്യങ്ങളിൽ അധികാര ബലങ്ങളുടെ പല മടങ്ങുകളിലുള്ള സംഘർഷങ്ങൾ അവയ്ക്കകമേ രൂപപ്പെടുന്നുണ്ട്. ആധുനികതയെ സംബന്ധിച്ച ഏത് ആലോചനയും ഈ സംഘർഷങ്ങളെകൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇവിടെയാണ് ആധുനികതയും ഗദ്യവും തമ്മിലുള്ള ബന്ധം പ്രശനാത്മകമാകുന്നത്. ആധുനികതയുടെ രൂപം എന്ന നിലക്കാണ് ഗദ്യം പൊതുവേ മനസ്സിലാക്കപ്പെടുന്നത്. എന്നാൽ, നിശ്ചലമോ സ്ഥിരമോ കേവലമോ ആയ സ്ഥാനമായല്ല ഗദ്യത്ത മനസ്സിലാക്കേ ണ്ടത്, ആധുനികതയോടെ നിലവിൽ വരുന്ന കേവലമായൊരു രൂപം മാത്രമല്ല ഗദ്യം. നിലവിൽ വന്നിട്ട് തന്നെ ഉറച്ച് നിൽക്കുന്ന ചലനമില്ലായ്മയുടെ നിയമങ്ങൾ കൊണ്ടല്ല ഗദ്യത്തെ അളക്കേണ്ടത്. അഴിഞ്ഞു വീഴലുകളിലൂടെയും ചിതറലുകളിലൂടെയും നിരന്തരം രൂപപ്പെട്ടുകൊണ്ടിരിക്കുന്ന (Ever evolving) ഒരു തലം ഗദ്യത്തിനുണ്ട്. അങ്ങനെ നോക്കുമ്പോൾ അധികാരബലങ്ങൾ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു മണ്ഡലമായി ഗദ്യത്തെ കാണാനാകും. ആധുനികീകരണത്തിലെ ആന്തരികസംഘർഷങ്ങളും ആഭ്യന്തരവൈരുദ്ധ്യങ്ങളും ഗദ്യത്തിലും ഇടപെടുന്നുണ്ട്. ഇവിടെയാണ് വ്യവഹാരങ്ങൾ പ്രധാനമാകുന്നത്. ആധുനികവ്യവഹാരങ്ങൾ ഭാഷയിൽ നിർമ്മിക്കപ്പെടുക മാത്രമല്ല ഉണ്ടായത്, ഭാഷ ഈ വ്യവഹാരങ്ങളിലൂടെ നിലവിൽ വരിക കൂടിയായിരുന്നു. ഈ വ്യവഹാരങ്ങളുടെ കേവലവാഹകമോ പ്രതിഫലനമോ അല്ല ഗദ്യം. മറിച്ച്, അവയെ നിർണ്ണയിച്ച അധികാരബന്ധങ്ങൾ ഗദ്യത്തിൽ ഇടപെടുന്നുണ്ട്. ഈ ഇടപെടലുകളെ തെളിച്ചെടുക്കണമെങ്കിൽ ഗദ്യത്തെ ആധുനികതയുടെ കേവലരൂപമായി മനസിലാക്കിയാൽ പോരാ. ആധുനികതയുടെ തന്നെ ആന്തരിക സംഘർഷങ്ങൾക്കും ആഭ്യന്തരവൈരുദ്ധ്യങ്ങൾക്കുമാണ് ഇവിടെ ഉൗന്നൽ. അതായത്, രൂപം എന്ന നിലക്ക് മാത്രമല്ല, നിരന്തരം ഉരുവം കൊള്ളുന്ന പ്രക്രിയ എന്ന നിലയ്ക്ക് കൂടി ഗദ്യത്തെ ഇവിടെ സങ്കല്പനം ചെയ്യുന്നു.

വ്യവഹാരങ്ങളിലെ കർതൃത്വനിർമ്മിതിയും വിവർത്തനത്തിലെ ആത്മവും അന്യവും

         പ്രകൃതിശാസ്ത്രത്തിനെഴുതിയ സമർപ്പണ ലേഖനത്തിൽ റവ. ജോഹന്നാസ് ഫ്രോൺമേയർ ഭാഷയെ കുറിച്ച് കാര്യമായി ആലോചിക്കുന്നുണ്ട്. ഭാഷയിൽ ശാസ്ത്രം അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശാസ്ത്രത്തെ ഭാഷയിൽ ആവിഷ്കരിക്കേണ്ട തിനെക്കുറിച്ചും ഭാഷയുടെ മാനകമാനത്തക്കുറിച്ചും ഫ്രോൺമേയർ സംസാരിക്കുന്നുണ്ട്. അതിനും മുൻപ് 1867 ൽ കൊല്ലം ഡിവിഷണൽ കച്ചേരിയിൽ വച്ചു നടത്തിയ ബാലാഭ്യസനം എന്ന പ്രസംഗത്തിൽ ശാസ്ത്രപുസ്തകങ്ങൾ മലയാളത്തിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ ക്കുറിച്ച് റവ. ജോർജ്ജ് മാത്തനും പറയുന്നുണ്ട്. ശാസ്ത്രത്തിന്റെ ആവിഷ്കാരവുമായി ബന്ധപ്പെട്ടു വരുന്ന ഈ ഭാഷാചർച്ച ശാസ്ത്രത്തെ ആവിഷ്കരിക്കാനുതകുന്ന ഭാഷയുടെ നിർമ്മാണം എന്നോ ഭാഷയുടെ വിവർത്തനക്ഷമത എന്നോ ഉള്ള പരികല്പനകളിൽ സമീകരിക്കാവുന്നതല്ല. അത് ഭാഷയെ സംബന്ധിച്ച ഉപകരണ വാദത്തിൽ നിന്നും ഏറെ മുന്നോട്ടു പോകുന്നില്ല. ശാസ്ത്രത്തെ ആവിഷ്കരിക്കാനുള്ള ഉപകരണമല്ല ഭാഷ. മറിച്ച്, അത് നിർമ്മിക്കപ്പെടുന്നതുതന്നെ ഭാഷയിലാണ്. എല്ലാ വ്യവഹാരങ്ങളെ മുൻനിർത്തിയും ഇത്തരം ഭാഷാപരമായ ആലോചനകൾ സംഭവിക്കുന്നുണ്ട്. ഭാഷയെ പലതിന്റെയും മേളനസ്ഥാന (Converging point)മായി മനസ്സിലാക്കുമ്പോൾ ഈ ഭാഷാചർച്ചയ്ക്ക് മറ്റൊരു മാനം കൈവരുന്നത് കാണാം.

         ഇവിടെ വ്യവഹാരങ്ങളിലെ കർതൃത്വനിർമ്മിതി പ്രധാനമാണ്. വ്യവഹാരണങ്ങൾ അധികാരത്തിന്റെ പ്രയോഗമണ്ഡലങ്ങൾ കൂടിയാണ്, വ്യവഹാരങ്ങളും അവയുടേതായ കർതൃസ്ഥാനങ്ങളെ നിർമ്മിച്ചെടുക്കുന്നുണ്ട്. അധികാരബന്ധങ്ങളിൽ നിന്നുമാണ് ഈ കർതൃസ്ഥാനങ്ങൾ രൂപപ്പെടുന്നത്. കൊളോണിയൽ അധികാരത്തിന് വിധേയപ്പെടുന്ന, കോളനി മേൽക്കോയ്മയെ അംഗീകരിക്കുന്ന കൊളോണിയൽ കർതൃത്വങ്ങളെയാണ് കൊളോണിയൽ വ്യവഹാരങ്ങൾ നിർമ്മിച്ചെടുക്കുന്നത്. വ്യവഹാരങ്ങളിൽ നിലീനവും വ്യാപൃതവുമായ സാമ്രാജ്യത്വബോധങ്ങളുടെ സ്വീകരണസ്ഥാനങ്ങളാണ് ഈ കർതൃത്വങ്ങൾ. ‘ചോരയിലും നിറത്തിലും ഇന്ത്യനും അഭിരുചിയിലും അഭിപ്രായത്തിലും മൂല്യത്തിലും ബുദ്ധിയിലും ഇംഗ്ലീഷുമായ വർഗ്ഗം’   എന്ന മെക്കാളെയുടെ ആശയം ഈ കൊളോണിയൽ കർതൃത്വത്തിന്റേത് കൂടിയാണ്. ഈ വ്യവഹാരങ്ങൾ വിവർത്തനവ്യവഹാരങ്ങളായെതു കൊണ്ടുതന്നെ വിവർത്തനത്തിലെ ആത്മവും അന്യവും ഇവിടെ പ്രധാനവും പ്രശ്നാത്മകവുമാണ്. ശാസ്ത്രസങ്കല്പനങ്ങളും ഭൂപടങ്ങളും ചരിത്രനിർമ്മാണങ്ങളും നാണയകേന്ദ്രിത സാമ്പത്തികവിനിമയങ്ങളും ആധുനിക ചികിത്സാസമ്പ്രദായങ്ങളും അവ ഉൾപ്പെട്ടു നിൽക്കുന്ന വ്യവഹാരമണ്ഡലങ്ങളും അവയെ നിർണയിക്കുന്ന അവബോധവും ഇവിടെ അന്യമാണ്. ഈ അന്യത്തെ ആത്മത്തിന്റെ ഭാഗമാക്കി ആത്മത്തെ ക്രമപ്പെടുത്തുന്ന കോളനീകരണപ്രക്രിയ കൂടിയാണ് വിവർത്തനം.

            വ്യവഹാരങ്ങളിൽ കോളനിയധികാരത്തിന്റേയും മതാത്മകത യുടെയും അവബോധങ്ങൾ നിലീനമാണ്. ഇവ ഭാഷയിലാകുന്നതോടെ, ഈ അവബോധങ്ങൾ ആ ഭാഷകസമൂഹത്തിന്റെ ആത്മത്തിന്റെ ഭാഗം കൂടിയാകുന്നു. കാരണം, ആത്മം നിർമ്മിക്കപ്പെടുന്നത് ഭാഷയിലാണ്. വ്യക്തിയുടേത് മാത്രമല്ല, ദേശത്തിന്റേയും. ഇത് ഫ്രോൺമേയർ തന്നെ സൂചിപ്പിക്കുന്നുണ്ട്. “ഒരുവന്റെ മാതൃഭാഷ വെറും സാന്ദർഭിക കാര്യമല്ല. ഭാഷയിലാണ് അവന്റെ സ്വത്വഘടന - പ്രത്യേകിച്ചും ഒരു രാജ്യത്തിന്റെ - പ്രകടിതമാകുന്നത്. വസ്ത്രം മാറുന്നതുപോലെ ഭാഷയെ കാണാൻ കഴിയില്ല. അങ്ങനെയായാൽ രാജ്യത്തിന്റെ തനിമയും സ്വാഭാവികതയും നഷ്ടമാകുന്നു. നാം പഠിക്കുന്ന ഭാഷയോടുമൊപ്പം ഒരു പുതിയ ആത്മാവ് - സ്വത്വം നമ്മിൽ ഉത്ഭുതമാകുന്നു”. ഭാഷയിലാകുന്നതോടെ വ്യവഹാരങ്ങളും അവയെ നിർണ്ണയിക്കുന്ന അവബോധങ്ങളും ആ വ്യക്തിയുടെയും ദേശത്തിന്റെയും ആത്മത്തിന്റെ ഭാഗം കൂടിയാകുന്നു. ഇങ്ങനെ ആത്മം രൂപപ്പെടുന്ന ഭാഷയിൽ തന്നെ അന്യാവബോധത്ത നിർമ്മിക്കുകയാണ് ഈ രചനകൾ ചെയ്യുന്നത്. അന്യാഅവബോധത്തെ കേവലമായി ആവിഷ്കരിക്കുകയല്ല. മറിച്ച്, ഭാഷയിൽ അവയെ നിർമ്മിച്ചെടുക്കുകയാണ്. അഭിരുചിയിലും താല്പര്യത്തിലും മൂല്യത്തിലും ബുദ്ധിയിലും ഇംഗ്ലീഷ് ആയ വർഗ്ഗം എന്നുള്ള ആത്മത്തിന്റെ ക്രമപ്പെടുത്തൽ തന്നെയാണ് ഈ വിവർത്തനവ്യവഹാരങ്ങൾ ചെയ്യുന്നത്.

      മലയാളത്തിൽ നിലനിന്നിരുന്ന എഴുത്തുശൈലിയിൽ നിന്നും വ്യതിരിക്തവും വ്യത്യസ്തവുമായ ഗദ്യശൈലി ആണ് മിഷനറി രചനകൾ അവതരിപ്പിച്ചത്. ഈ ഗദ്യശൈലി വിവർത്തനത്തിലൂടെ  കടന്നുവരുന്നതുമാണ്. ഇംഗ്ലീഷിന്റെ രീതിയിലേക്ക് മലയാളത്തിന്റെ എഴുത്തിനെ അത് ചേർത്തുനിർത്തുന്നു. സഹായക ക്രിയകളുടെ ഉപയോഗം ഇതിന് തെളിവാണ്. മിഷണറി ഗദ്യത്തിനു മുൻപുള്ള മലയാള ഗദ്യമാതൃകകളിൽ ഒന്നുംതന്നെ സഹായകക്രിയകൾ വലിയതോതിൽ കാണാനാകില്ല. ഇത് ബൈബിൾകേന്ദ്രിത വിവർത്തനങ്ങളിൽ നിന്നും കടന്നുവരുന്നതുമാണ്. ജ്ഞാനാനിക്ഷേപത്തിലെ ലണ്ടൻ പട്ടണത്ത സംബന്ധിക്കുന്ന വിവരണത്തിൽ ഈ ശൈലി തെളിഞ്ഞുകാണാം. “ഈ പട്ടണം ഇംഗളണ്ടിന്റെ തലസ്ഥാനം ആകുന്നു. അതിൽ 15 ലക്ഷം ജനങ്ങൾ പാർക്കുന്നു. അതിന എകദെശം 10 നാഴിക ചുറ്റുണ്ട. വീടുകൾ ഒക്കെയും തെരുവുകൾ ആയിട്ട പണിയിച്ചിരിക്കുന്നു. വലിയ കപ്പലുകളും പുകകപ്പലുകളും അനവധിയായിട്ട എല്ലായപൊഴും സഞ്ചാരമുള്ള ഒരു ആറ ആ പട്ടണത്തിൽ കൂടി ഒഴുകുന്നു” (2002:209). ഇന്ത്യൻ ഭാഷകളിലെ ഗദ്യരൂപീകരണത്തെ സംബന്ധിച്ച് ജി. എൻ. ദേവി നടത്തുന്ന നിരീക്ഷണം ഇവിടെ പ്രധാനമാണ്, ഗദ്യരൂപീകരണത്തിലിടപെട്ട ഇംഗ്ലീഷ് വിവർത്തനം എഴുത്ത്ഭാഷയും സംസാരഭാഷയും തമ്മിലുള്ള അനാശാസ്യകരമായ ഒരു വിടവിനെ നിർമ്മിച്ചു എന്ന് ദേവി പറയുന്നു (1995:149).

              ഇംഗ്ലീഷ് മട്ടിലുള്ള ഈ ഘടനയിലേക്ക് കടന്നുചെന്നത് മലയാളത്തിന്റെ വാമൊഴിവഴക്കങ്ങളായിരുന്നു. അങ്ങനെ ഘടനയിൽ ഇംഗ്ലീഷിനോടും ഇഴപ്പ(Texture)ത്തിൽ പേച്ചുവഴക്കത്തോടും ചേർന്നുനിൽക്കുന്ന എഴുത്തുവഴിയാണ് കൊളോണിയൽ ഘട്ടത്തിൽ രൂപപ്പെടുന്നത്. ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകളെ ക്കുറിച്ചുള്ള പഠനത്തിൽ ദ്രാവിഡീയത്വത്തെ മിഷനറി ഗദ്യത്തിന്റെ സവിശേഷതയായി ഡോ. സ്കറിയ സക്കറിയ കണ്ടെടുക്കുന്നു. “എഴുത്തച്ഛന്റെ രംഗപ്രവേശത്തോടെ സാഹിത്യഭാഷയിൽ നിന്നും ബഹിഷ്കൃതങ്ങളായ ശുദ്ധദ്രാവിഡപദങ്ങൾക്കും പ്രയോഗ വിശേഷങ്ങൾക്കും പിന്നീട് വേണ്ടത്ര സ്ഥാനം ലഭിച്ചത് മിഷണറിമാരുടെ ഗദ്യകൃതികളിലാണ്” (1994:83). ഈ ദ്രാവിഡീയത്വം തമിഴല്ലെന്നും മലയാളത്തിനും തമിഴിനും ഒന്നുപോലെ അവകാശപ്പെട്ട കുടുംബസ്വത്താണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മിഷണറി ഗദ്യത്തിന്റെ ഈ ദ്രാവിഡീയത വ്യാവഹരികമായിക്കൂടി രൂപപ്പെടുന്നതാണ്. ഈ ഗദ്യം ചോരയിലും നിറത്തിലും ഇന്ത്യനും മൂല്യത്തിലും അഭിരുചിയിലും ഇംഗ്ലീഷുമായ കൊളോണിയൽ കർതൃത്വനിർമ്മിതിയുടെ മണ്ഡലം കൂടിയാകുന്നു. അതായത്, കൊളോണിയൽ വ്യവഹാരങ്ങളിലൂടെ രൂപപ്പെടുന്ന കർതൃത്വം ഗദ്യത്തിലും നിലനിൽക്കുന്നു. ഘടനയിൽ ഇംഗ്ലീഷിനോടും ഇഴപ്പത്തിൽ മലയാളത്തിന്റെ പേച്ചുവഴക്കത്തോടും അടുത്തുനിൽക്കുന്ന ഈ ഗദ്യത്തെ ഉള്ളടക്കത്തിൽ പാശ്ചാത്യവും രൂപത്തിൽ മലയാളിയുമായ ഗദ്യം എന്ന ഡോ. സ്കറിയ സക്കറിയയുടെ ആശയത്തോട് ചേർത്തുവെക്കാം. ഉള്ളടക്കത്തിലെ പാശ്ചാത്യത ഇംഗ്ലീഷിനോട് ചേർന്ന ഘടനകയാകുമ്പോൾ രൂപത്തിലെ മലയാളിത്തമാകുന്നത് അതിലെ വാമൊഴിയുടെ ഇഴപ്പമാണ്. ആത്മം നിലവിൽ വരികയും നിലനിൽക്കുകയും ചെയ്യുന്നത് പഴയ വൈഞ്ജാനികഭാഷയിലല്ല. മറിച്ച്, ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന, ജനങ്ങൾ വിനിമയത്തിനു പയോഗിക്കുന്ന ഭാഷയിലാണ്. ഈ ഭാഷയാണ് മിഷണറി ഗദ്യത്തിന്റെ ഭാഷയായത്. ആ ഭാഷയിലേ അന്യാവബോധത്തെ ആത്മത്തോട് വിളക്കിച്ചേർത്ത് ആത്മത്തെ ക്രമപ്പെടുത്താൻ സാധിക്കൂ. അതുകൊണ്ടുതന്നെ അത് പേച്ചിനോട് അടുത്തുനിൽക്കുന്നതായി കാണാം. 1882ലെ ശരീരശാസ്ത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ മാതൃക എന്ന നിലയിൽ പരിശോധിക്കാം. “കങ്കാളത്തെ തല ഉടൽ അംഗങ്ങൾ എന്നീ മൂന്നു മുഖ്യ അംശങ്ങളാക്കി വിഭജിക്കുന്നു. തലയിൽ മന്ദയും മുഖവും ഉടലിൽ ന ട്ടെല്ലും (നെടുമുള്ളും) അതോടു ചേർന്ന നെഞ്ഞുകൂടും ഉക്ക് എൽക്കൂട്ടും അടങ്ങിയിരിക്കുന്നു” (1882:5-6). ഇതേ പുസ്തകത്തിൽ ഇന്ദ്രിയാനുഭവങ്ങൾക്ക് പേര് നൽകിയിരിക്കുന്നത് ഇനങ്ങനെയാണ് : കണ്ടറിവ്, കേട്ടറിവ്, മുകർന്നറിവ്, രുചിച്ചറിവ്, തൊട്ടറിവ്. ഇവിടെ ഇംഗ്ലീഷിനോട് ചേർന്നുനിൽക്കുന്ന ഗദ്യഘടനയ്ക്കുള്ളിലേക്ക് മലയാളത്തിന്റെ പേച്ചുരൂപങ്ങൾ കടന്നുവരുന്നു. 1855ലെ ഭൂമിശാസ്ത്രപാഠപുസ്തകത്തിൽ ഇങ്ങനെ കാണാം: “മെട്ടിലോ മലയിലോ എരിയിലോ കുളത്തിലോ നിന്ന് ഒഴുകി ഓടി കടലിലോ വേറെ ഒരു ആറ്റിലോ ചെന്നുവീഴുന്ന ജല ഓട്ടത്തിനു ആറെന്നു വിളിക്കുന്നു” (1855:13). ഇവിടെ ജല ഓട്ടമെന്ന പ്രയോഗം പേച്ചിൽ നിന്നുതന്നെ വരുന്നതാണ്. ഇതേ പുസ്തകത്തിൽ തന്നെ “അതിൽ പിന്നെ കുഞ്ഞുങ്ങൾ തന്നെ ആ സ്ഥലങ്ങൾ കാണിച്ചുതരുന്നതിനും കടശിയിൽ പറഞ്ഞ കാര്യം മുതൽ ആദിയിൽ പറഞ്ഞ കാര്യം വരെ തലകീഴായി പറയിക്കയും വേണം” (1855:26) എന്നും കാണാം. ഇവിടെ കടശി എന്ന വാക്ക് തിരുവിതാംകൂറിലെ പേച്ചുവഴക്കത്തിൽനിന്നു കടന്നുവരുന്നതാണെന്നതിൽ സംശയമില്ല. നളചരിതസാര ശോധനയിൽ “മുഖം അഴകുള്ളതെന്നുവെച്ചു ആഭരണത്ത ചാടേണമോ?” (1867:5) എന്നും കാണാം. ഇവിടെ ചാടേണമോ എന്ന പ്രയോഗം വടക്കൻ മലബാറിലെ പേച്ചിൽ നിന്നും വന്നതാണ്. യൂറോപ്യൻ സമൂഹങ്ങളിൽ മുൻനിലവിലുണ്ടായിരുന്ന എഴുത്തുഗദ്യം അച്ചടി ഗദ്യമായി മാറിയപ്പോൾ ഭാരതീയഭാഷകളിൽ വാമൊഴിഗദ്യമാണ് അച്ചടിഗദ്യമായി മാറിയതെന്ന് ബാബു ചെറിയാന്റെ നിരീക്ഷണം (2002:53) ഇതിനോട് ചേർത്തുവായിക്കണം. ഡോ. സ്കറിയാ സക്കറിയ ഉദ്ധരിക്കുന്ന ഗുണ്ടർട്ടിന്റെ ജീവിതത്തിലെ ഒരനുഭവവും ഗദ്യചർച്ചയിൽ സവിശേഷമായി നോക്കിക്കാണാം. “മുൻഷിയും ജോൺസണും ഇഴഞ്ഞിഴഞ്ഞുപോകുന്ന പുതിയ ഗദ്യത്തെക്കുറിച്ചു പരാതി പറഞ്ഞു. ഈ ഗദ്യശൈലി പ്രാചീന മലയാളത്തിൽ (ഉദാഹരണം രേഖകൾ തന്നെ) നിന്നു വ്യത്യസ്തമാണ്. ഇതു സംസ്കൃതം പഠിച്ച ശൂദർക്ക് പദാനുപദമായി തർജമ ചെയ്യാ നുള്ള വ്യഗ്രതയുടെ സൃഷ്ട്ടിയത്രെ. മുൻഷിയുടെ ഈ നിരീക്ഷണം ശരിയാണ്. ‘ചെയ്ത’ എന്നതിനു പകരം ‘ചെയ്തിട്ടുള്ള എന്നെഴുതുന്നത് അയാൾ ചൂണ്ടിക്കാണിച്ച നല്ല ഉദാഹരണമാണ്. അയാൾ ചോദിച്ചു; എങ്ങനെ നല്ല മലയാളഗദ്യമുണ്ടാകും? നിങ്ങൾ തലശ്ശേരിയിൽ വല്ലതും എഴുതിയാൽ കോട്ടയത്തുള്ള ഞങ്ങൾക്ക് ഇവിടെ പ്രചാരത്തിലില്ലാത്ത ചില വാക്കുകളെക്കുറിച്ച് എതിർപ്പുകളുണ്ടാകും. കോട്ടയത്തു ഞങ്ങൾ എന്തെങ്കിലും എഴുതി മാവേലിക്കരയ്ക്ക് അയച്ചാൽ അതല്ല വേണ്ടതെന്നു പറഞ്ഞ് അവർ അട്ടഹസി ക്കും! ആ ഘട്ടത്തിൽ ബയിലി പുഞ്ചിരിച്ചുകൊണ്ടു കടന്നുവന്ന് അചഞ്ചലനായി ഇരുപ്പുറപ്പിച്ചു. പ്രാചീനഗ്രീസിൽ സംഭവിച്ചത് ഇവിടെയുമുണ്ടാകാം എന്നു പറഞ്ഞ് (ഒന്നാലോചിച്ചാൽ എനിക്കെങ്ങനെ ഈ താരതമ്യം മനസ്സിലുദിച്ചു!) അയാൾക്ക് ഗ്രീസിലെ നവീനഘട്ടം കടന്നുവരുന്നതിനു മുമ്പുണ്ടായിരുന്ന പ്രവിശ്യകളും ഭാഷാഭേദങ്ങളും കാണിക്കുന്ന ഒരു ചിത്രം ഞാൻ വരച്ചുകൊടുത്തു (അപ്പോൾ ബയിലി വീണ്ടും പുഞ്ചിരിക്കുന്നു). ഈ മുൻഷി നമ്മുടെ മുൻഷിയെക്കാൾ (അയാളും പഠിപ്പുള്ളവൻതന്നെ) സമർഥനാണ്. ക്ലേശിച്ചു പഠിക്കേണ്ടിവരുന്ന കഴമ്പില്ലാത്ത പദ്യങ്ങളെക്കാൾ ഉത്തമഗദ്യത്തിനുളള മേന്മ ഇയാൾ മനസ്സിലാക്കുന്നു” (2016:200). ഇങ്ങനെ ഘടനയിൽ ഇംഗ്ലീഷും ഇഴപ്പത്തിൽ സംസാരഭാഷയുമായ കൊളോണിയൽ ഗദ്യം കൊളോണിയൽ കർതൃത്വത്തിന്റെ നിർമ്മാണസ്ഥാനം കൂടിയാകുന്നു. അധികാരത്തിന്റെ അസമാനമായ ബന്ധങ്ങൾക്കുള്ളിൽ നടക്കുന്ന വിവർത്തനങ്ങളിലൂടെയാണ് ഈ ഗദ്യവും കർതൃത്വവും രൂപപ്പെടുന്നത്. അതായത്, വ്യവഹാരങ്ങളേയും അവ നിർമ്മിക്കുന്ന കർതൃത്വത്തേയും അവ നിർമ്മിക്കുകയും അവയ നിർമ്മിക്കുകയും ചെയ്യുന്ന ഗദ്യത്തേയും  വേറിട്ടുകാണാനാവില്ല. ഇവ മൂന്നും അധികാരബന്ധങ്ങൾക്കുള്ളിൽ കൂടിച്ചേരുന്നു.

     നവോത്ഥാന ദേശീയതയുടെ ചരിത്രസന്ദർഭത്തിലെ വ്യവഹാരങ്ങൾ മറ്റൊരു കർതൃത്വത്തെ നിർമ്മിച്ചെടുക്കുന്നു. ഈ കർതൃത്വനിർമ്മിതിയുടെ കേന്ദ്രമാകുന്നത് ഇന്ത്യയുടെ മഹാപാരമ്പര്യമാണ്. ഈ മഹാപാരമ്പര്യത്തിലേക്കുള്ള പ്രവേശനം കൊളോണിയൽ ഇടനിലയിലൂടെ ആയിരുന്നു താനും. ഈ കർത്യത്വ രൂപീകരണത്തെക്കുറിച്ച് ദിലീപ് മേനോൻ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: “കൊളോണിയലിസം അതിന് വിധേയമാകുന്ന സമൂഹങ്ങളിലെ വരേണ്യവർഗ്ഗത്തിൽ അസന്തുഷ്ടിയുണ്ടാക്കുന്നു. പാശ്ചാത്യ നാഗരികതയുടെ ബൃഹദാഖ്യാനങ്ങളിലേക്ക് കടന്നുകൂടി ആധുനികതാ പദ്ധതിയിലെ നിയമവിരുദ്ധ കുടിയേറ്റക്കാരായി ചിലപ്പോഴെങ്കിലും ഈ വർഗ്ഗം ഇടം പിടിക്കാറുണ്ട്. എന്നാൽ കൊളോണിയൽ ആധുനികത കടന്നുവരുന്നത് തദ്ദേശ ആചാരപരമ്പര്യങ്ങളുടെ വിമർശനവുമായിട്ടാണ്. വരേണ്യരുടെ ഭദ്രമായ നിലപാടുതറ അതോടെ ആവിയായിപ്പോകുന്നു. പാശ്ചാത്യജ്ഞാനമെന്ന വിലക്കപ്പെട്ട കനി തിന്നുകഴിഞ്ഞാൽ പാരമ്പര്യത്തിലേക്കുള്ള മടക്കയാത്ര അസാധ്യമായേക്കും. എന്നാൽ ദ്വന്ദ്വാത്മകമായ, കടത്തിപ്പറഞ്ഞാൽ സ്കീസോഫ്രീനിക്കായ ഒരു തരം അവബോധമുണ്ടാക്കുന്നതിലൂടെ തന്ത്രപരമായ ഒരനുരഞ്ജനം സാധ്യമായേക്കും. പാർഥാചാറ്റർജി സൂചിപ്പിച്ചതുപോലെ ഈ വക്രപഥസഞ്ചാരം ഭൗതികമായ ബാഹ്യ (Outer)മണ്ഡലത്തിൽ പാശ്ചാത്യനാഗരികതയുടേയും ശാസ്ത്രത്തിന്റെയും കോയ്മ അംഗീകരിക്കുന്നു. എന്നാൽ, അതേസമയം കൊളോണിയൽ അധികാരത്തിനു പ്രവേശനം ലഭിക്കാത്ത ഒരു ആന്തര (Inner) ആത്മീയമണ്ഡലത്തിലേക്ക് പലായനം ചെയ്ത് സ്വന്തം മുഖം (ആത്മാവും) സംരക്ഷിക്കുകയും ചെയ്യുന്നു. ദേശീയ സംസ്കൃതിയുടേതായ ഈ ആന്തരമണ്ഡലത്തിൽ നിന്നാണ് സുശക്തവും സർഗ്ഗാത്മകവും ചരിത്രപരമായി സുപ്രധാനവുമായ ഒരു പദ്ധതി - പാശ്ചാത്യമല്ലാത്തതും ആധുനികവുമായ ദേശീയസംസ്കാരം പടുക്കുന്ന പദ്ധതി - ദേശീയത തുടങ്ങിവയ്ക്കുന്നത്. കൊളോണിയലിസത്തിനു കീഴിൽ വരേണ്യവർഗ്ഗം ഏറ്റെടുത്ത പാരമ്പര്യ പുനർനിർമ്മാണം - ഒരു വിമർശനാത്മക പാരമ്പര്യവാദം (Critical Traditionalism) - അങ്ങനെ ഒരു ദേശീയ അജണ്ടയായി രൂപപ്പെടുന്നു. കൊളോണിയലിസത്തിനെതിരായ പോരാട്ടത്തിലും സ്വത്വപുനർനിർമ്മിതിയിലും പല രീതിയിലും രൂപത്തിലും ഇതിനെ ഉപയോഗപ്പെടുത്താനാവും” (2014:100-101).

             മിഷണറിഘട്ടത്തിലെ വ്യവഹാര - ഭാഷാചർച്ചകളിൽ നിന്നും നവോത്ഥാന സന്ദർഭത്തിലെ ചർച്ചകൾക്ക് സൂക്ഷ്മമായ ചില വ്യത്യാസങ്ങളുണ്ട്. മിഷണറി ഘട്ടത്തിലെ ചർച്ചയുടെ കേന്ദ്രം വ്യവഹാരങ്ങളാണ്, അന്യാവബോധമാണ്. വ്യവഹാരങ്ങൾ എന്തുകൊണ്ട് ഭാഷയിലായിരിക്കണം എന്നതാണ് ഈ സന്ദർഭത്തിലെ പ്രധാന ചോദ്യം. വ്യവഹാരങ്ങളെ ഭാഷയിൽ നിർമ്മിക്കുക വഴി ആത്മത്ത ക്രമപ്പെടുത്തുന്ന ഒന്നായി അത് മാറുന്നു. ആത്മം നിലവിൽ വരികയും നിലനിൽക്കുകയും ചെയ്യുന്ന ഭാഷയിൽത്തന്നെ അന്യാവബോധത്തെ നിർമ്മിച്ചെടുക്കുകയായിരുന്നു ഇത്. എന്നാൽ, നവോത്ഥാന ദേശീയതയുടെ സന്ദർഭത്തിലെ കേന്ദ്രപ്രശ്നം ഭാഷയാണ്, ആത്മമാണ്. ഭാഷയിൽ എ ന്തുകൊണ്ട് വ്യവഹാരങ്ങൾ ഉണ്ടാകണം എന്നതാണ് ഈ സന്ദർഭത്തിലെ പ്രധാന ആലോചനാവിഷയം. നാട്ടുഭാഷാവിദ്യാഭ്യാസം എന്ന പ്രസംഗത്തിൽ ഓരോ വിഷയത്തിലും ബിരുദങ്ങൾ നേടുന്നവർ അതത് അറിവിനെ ഭാഷയിലേക്ക് കൊണ്ടുവരണമെന്ന് ഏ. ആർ. പറയുന്നുണ്ട്. ഭാഷാപോഷിണി സഭ, ഭാരതവിലാസം സഭ പോലുള്ള സാഹിത്യസഭകളുടെ പ്രവർത്തനംഈ ഘട്ടത്തിൽ പ്രധാനപ്പെട്ടതായിരുന്നു. ഭാഷയിൽ എല്ലാത്തരം അറിവിനെയും കൊണ്ടുവരുന്നതിൽ അവ അക്ഷീണം പ്രയത്നിച്ചു. ഈ ഘട്ടത്തിൽ ശാസ്ത്രലേഖനങ്ങൾ എഴുതുന്നവരിൽ ഏറിയകൂറും ഭാഷാപണ്ഡിതരായിരുന്നു എന്നതും പ്രധാനപ്പെട്ടതാണ്. ഏ. ആർ., മൂർക്കോത്തു കുമാരൻ മുതലായവർ ഇത്തരത്തിൽ നിരവധി രചനകൾ നടത്തുന്നുണ്ട്. ഇത് ഭാഷയെക്കുറിച്ചു മാത്രമുള്ള ചിന്തയല്ലാ, ആത്മത്തെ കുറിച്ചുകൂടിയുള്ളതാണ്. പുതിയൊരു തരത്തിൽ ആത്മം നിർമ്മിക്കപ്പെടുകയും നിർവചിക്കപ്പെടുകയും ചെയ്യുന്ന കാലം കൂടിയാണിത്. ഈ ആത്മനിർവചനത്തിന്റെ കേന്ദ്രം സംസ്കൃതാവബോധമാണെന്നു കണ്ടതാണല്ലോ. ഭാഷയിലൂടെയേ ആത്മനിർമ്മാണം സാധ്യമാകൂ. അതുകൊണ്ടുതന്നെ ഈ സന്ദർഭത്തിൽ ഭാഷയിൽ നടക്കുന്ന പരിവർത്തനങ്ങളിൽ പുതുതായി ഉരുവംകൊണ്ട ആത്മബോധം തെളിഞ്ഞുകാണാം.

               ദേശീയതയുടെ സന്ദർഭത്തിലെ വ്യാവഹാരിക പരിവർത്തനങ്ങളെല്ലാം സംഭവിക്കുന്നത് കൊളോണിയൽ സന്ദർഭത്തിലുറച്ച വ്യാവഹാരിക ഘടനകൾക്കുള്ളിലാണ്. ഈ ഘടനക്കുള്ളിലേക്ക് ദേശത്തെ കൂട്ടുചേർക്കുകയായിരുന്നു അവ. ഈ സന്ദർഭത്തിലെ ഗദ്യം ഘടനയിൽ ഇംഗ്ലീഷിനോട് ചേർന്നു നിൽക്കുമ്പോൾത്തന്നെ ഇഴപ്പത്തിൽ സംസ്കൃതത്തോടു ചേർന്ന് നിൽക്കുന്നു. സംസ്കൃതം ദേശീയ ആത്മത്തിന്റെ കേന്ദ്രവുമായിരുന്നു. മിഷണറി എഴുത്തിലെ പേച്ചുരീതിക്ക് നവോത്ഥാന ദേശീയതയുടെ സന്ദർഭത്തിലെ ഗദ്യത്തിൽ സ്ഥാനമില്ല.പേച്ചുവഴക്കങ്ങൾ ഉറച്ച ഭാഷാസ്വരൂപത്തിന് വഴിമാറുന്നത് കാണാം. ഭാഷ ഒരുതരം ക്ലിപ്തതയിലേക്കും നിശ്ചിതത്വത്തിലേക്കും സംക്രമിക്കുന്നു. എസ്. സുബ്രഹ്മണ്യൻ ഭാഷാപോഷിണിയിൽ എഴുതിയ ഉൗഷ്മാവ് അല്ലെങ്കിൽ ചൂട് എന്ന ലേഖനത്തിന്റെ ഒരു ഭാഗം മാതൃക എന്ന നിലയിൽ പരിശോധിക്കാം. “ഉൗഷ്ടാവിന്റെ കുറേക്കൂടി സാധാരണമായ ഒരു ഉല്പത്തി വിറക്, എണ്ണ, കൽക്കരി, ഗ്യാസ് മുതലായ ഇന്ധനദ്രവ്യങ്ങൾ കത്തി ജ്വലിക്കുന്നതിൽ നിന്നാകുന്നു. ഈ ദ്രവ്യങ്ങളെ കത്തിക്കുന്നതിനു അഗ്നിയുടെ സഹായം ആരംഭത്തിൽ ആവശ്യമുണ്ടെന്നു വരികിലും അവയുടെ ജ്വലനത്തിൽ നിന്നും ഉത്ഭുതമാകുന്ന ചൂട് അളവറ്റതാകുന്നു. ജ്വലനത്തിൽ നിന്നും അവയുടെ അമ്പുകൾ ആകാശത്തിൽ വർത്തിക്കുന്ന അമ്ലജനകത്തോട് രാസയോഗന്യായേന ചേർന്ന് അന്യപദാർത്ഥങ്ങളെ ഉത്പാദിപ്പിക്കുന്നു. അക്കാലത്തുണ്ടാകുന്ന ഉൗഷ്മാവിനും തീയ്ക്കും കാരണം അമ്ലജനകത്തോടുള്ള അവയുടെ രാസയോഗം തന്നെയാകുന്നു” (1924:69). മിഷണറി രചനകളിൽ കാണുന്ന പ്രതിപാദനരീതിയോ ഭാഷയോ അല്ല ഇവിടെ കാണാൻ കഴിയുന്നത്. ഭാഷ കൂടുതൽ വടിവിലേക്കും ക്ലിപ്തതയിലേക്കും നീങ്ങുന്നുണ്ട്.

കൂടുതൽ വ്യക്തതക്കായി 1847ലെ പശ്ചിമോദയത്തിൽ വന്ന ജ്യോതിഷവിദ്യയെക്കുറിച്ചുള്ള ലേഖനത്തിന്റെ ഒരു ഭാഗവും ഏ. ആറിന്റെ കേരളത്തിലെ ജ്യോതിഷം എന്ന ലേഖനത്തിലെ ഒരു ഭാഗവും താരതമ്യം ചെയ്യാം.

1 , “വെള്ളക്കാർ കണ്ണിനു തുണ വെണം എന്നു വെച്ചു കണ്ണാടിക്കുഴലുകളെ ഉണ്ടാക്കി പലെടത്തും രാപകൽ നിത്യം വാനം നോക്കി കൊണ്ടു ഓരോ പുതുമകളെ കണ്ടറിഞ്ഞിരിക്കുന്നു. സൂര്യനെ ചുറ്റി ചെല്ലുന്ന ഗ്രഹങ്ങൾ ഇപ്പോൾ 13 എന്നു തോന്നുന്നു. മുമ്പ് വെള്ളക്കാർ 11 എന്നുപറയും. കഴിഞ്ഞകൊല്ലത്തിലോ കുഴൽ കൊണ്ട് 2 പുതുതായി കണ്ടിരിക്കുന്നു. കണ്ണിന്റെ ക്രിയാവിവരവും അതിനു ആയുധമാകുന്ന കുഴലിന്റെ പ്രയോഗവും പഠിപ്പിക്കുന്നതു ദൃഷ്ടിവിദ്യ തന്നെ” (1847:2).

2 , “കേരളത്തിലെ ജ്യോതിഷത്തെപ്പറ്റി വിചാരണ ചെയ്വാൻ പുറപ്പെടുന്നവന്റെ ദൃഷ്ടിയിൽ ഒന്നാമതായി പതിക്കുന്നത് ഈ നാട്ടിലെ കാലഗണനാസമ്പ്രദായമാകുന്നു. കാലപരിച്ഛേദത്തിനൊക്കെയും കാരണഭൂതൻ സൂര്യനാണെന്നും സർവ്വസമ്മതമാണല്ലോ. സൂര്യന്റെ ഒരു ഉദയം കഴിഞ്ഞ് വേറെ ഒരുദയം വരുന്ന ഇടയെ നാം ഒരു ദിവസം അല്ലെങ്കിൽ തീയതി അല്ലെങ്കിൽ നാൾ എന്നു പറയുന്നു. ഇത്രത്തോളമുള്ള സംഗതിയിൽ ആർക്കും തർക്കമില്ല” (1924:112)

        കണ്ണിനു തുണ വെണം, കണ്ണാടിക്കുഴൽ, ഓരോ പുതുമകളെ കണ്ടറിഞ്ഞിരിക്കുന്നു, 2 പുതുതായി കണ്ടിരിക്കുന്നു എന്നിങ്ങനെ പേച്ചുവഴക്കത്തിന്റെ മുദ്രകൾ പശ്ചിമോദയത്തിലെ ഭാഷയിലുണ്ട്. എന്നാൽ, ഏ. ആറിൽ ഇത്തരം വഴക്കങ്ങളില്ല. ക്ലിപ്തവും നിശ്ചിതവുംവ്യവസ്ഥപ്പെട്ടതുമായ എഴുത്തുവഴക്കത്തിലേക്ക് അപ്പോഴേക്കും ഭാഷ മാറിയിരിക്കുന്നു. അതിൽ സംസ്കൃതത്തിന്റെ സാന്നിധ്യവും സ്വാധീനവും നേരെ തന്നെ കാണാവുന്നതേ ഉള്ളൂ. ഇത്തരം ഭാഷാശ്രമങ്ങളുടെ നിർവ്വാഹകത്വം ആധുനിക വിദ്യാഭ്യാസത്തിന്റെ ആദ്യഗുണഭോക്താക്കളായ സവർണ്ണമധ്യവർഗ്ഗത്തിനായിരുന്നെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇക്കൂട്ടർ തന്നെയാണ് സംസ്കൃതത്തെ ദേശീയതയുടെ ആന്തരആത്മീയ മണ്ഡലമാക്കി ഉറപ്പിച്ചെടുത്തതും. ഇത് മലയാളത്തിൽ മാത്രം അരങ്ങേറുന്ന പരിണാമമല്ല. ഇതര പ്രാദേശികഭാഷകളിലും സമാനതകൾ കാണാം. നാട്ടുഭാഷാ വിദ്യാഭ്യാസത്തിൽ ഏ. ആർ., മലയാളത്തെ ഇതര പ്രാദേശികഭാഷകളോട് ചേർത്തുവയ്ക്കുന്നുണ്ട്. മലയാളഭാഷയും ശാസ്ത്രഗ്രന്ഥങ്ങളും എന്ന ലേഖനത്തിൽ ജോസഫ് മുണ്ടശ്ശേരിയും ബംഗാളിയിലേയും ഹിന്ദിയിലേയും സമാന്തര സംരംഭങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഇങ്ങനെ സംസ്കൃതകേന്ദ്രിതമായ ദേശീയ ആത്മം ഭാഷയിലൂടെ നിർവചിക്കപ്പെടുന്ന ചരിത്രസന്ദർഭമാണിത്. ഈ നിർവചനത്ത സാധ്യമാക്കുന്ന വ്യവഹാരമായാണ് ശാസ്ത്രം നിലകൊള്ളുന്നത്. പാശ്ചാത്യമായ അന്യവും സംസ്കൃതമായ ആത്മവും അതിന്റെ രൂപതലത്തിലും ഭാവതലത്തിലും നിലകൊള്ളുന്നുണ്ട്. ഇവിടെയുംഅധികാരത്തിന്റെ അസമാനമായ ബന്ധങ്ങൾക്കകത്ത് സംഭവിക്കുന്ന വിവർത്തനങ്ങൾ പ്രധാനമാണ്.

       ഭാഷയിലെ ഈ പരിവർത്തനത്തെ സാങ്കേതികപദസ്വീകരണം, സങ്കല്പനവിശദീകരണം എന്നീ രണ്ടു ഘടകങ്ങളെ മുൻനിർത്തി പരിശോധിക്കാം. സാങ്കേതികപദസ്വീകരണത്തിൽ മിഷണറിഘട്ടം പ്രധാനമായും സ്വീകരിക്കുന്ന വഴി നാട്ടുഭാഷയുടേതാണ്. ഫ്രോൺമേയറിന്റെ പ്രകൃതിശാസ്ത്രം ഇതിന് മികച്ച മാതൃകയാണ്. Extension ന് വലിമയെന്നും വിസ്തരണമെന്നുമാണ്ഫ്രോൺമേയർ നൽകുന്ന മലയാളം. Volume പ്രമാണവും massപെരുമയുമാകുന്നു. എന്നാൽ ഭാഷാനവോത്ഥാനത്തിന്റെ ചരിത്രസന്ദർഭത്തിൽ സാങ്കേതിക പദങ്ങൾക്ക്, പ്രധാനമായും സംസ്കൃതം ഉപാധിയാകുന്നു . ഫ്രോൺമേയർ തുറന്നിട്ട വഴിയിൽ നിന്നും വ്യത്യസ്തമായ മാർഗ്ഗമാണിത്. സാങ്കേതികപദങ്ങളുടെ ശബ്ദാനുവാദത്തിന് മുണ്ടശ്ശേരി നാല് മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ഇവയിൽ രണ്ടെണ്ണവും സംസ്കൃതവുമായി ബന്ധപ്പെട്ടതാണ്.

1, ലബ്ധപ്രതിഷ്ഠങ്ങളായ സംസ്കൃതശബ്ദങ്ങളെ തേടിപ്പിടിച്ച് അവയെ ഇംഗ്ലീഷ് ശബ്ദങ്ങളോട് ഒത്ത് നോക്കി പ്രയോഗിക്കുക. (Antiseptic - പൂതിനാശകം, Sulphate of Copper - തുത്ഥം, Square- വർഗം, Square root - വർഗമൂലം, Element - ധാതു, Solstice - സംക്രാന്തി)

2, ധാതുക്കളുടെ സാമ്യം നോക്കി ശബ്ദങ്ങൾ വ്യുത്പാദിപ്പിക്കജശ. പല ഇംഗ്ലീഷ് വാക്കുകളും ധത്സ്വരൂപം മനസിലാക്കി സംസ്കൃതീകരിച്ചു പ്രയോഗിക്കാവുന്നതാണ്. (Mixture - മിശ്രം, Ionisation- അയനം).

     ഈ രീതിയെ മുണ്ടശ്ശേരി ഹിന്ദിയോടും ബംഗാളിയോടും ബന്ധിപ്പിക്കുന്നുമുണ്ട്. “അതിലെ സാങ്കേതികശബ്ദങ്ങളുടെ ശേഷം സംസ്കൃതോത്പന്നങ്ങളാണ്. ഏകദേശം 60 ശതമാനം സംസ്കൃതശബ്ദങ്ങൾ ഇപ്പോൾ കവിതയിലെന്നല്ല സാധാരണ ലേഖനങ്ങളിൽ കൂടി ഉപയോഗിച്ചുവരുന്ന മലയാളഭാഷയ്ക്ക് ശാസ്ത്രപ്രദർശനവിഷയത്തിൽ ഹിന്ദിയെയോ ബംഗാളിയെയോ ന്യായമായി അനുകരിക്കാമെന്നാണ് എന്റെ അഭിപ്രായം” (1935:146). Extension വലിമയെന്നും Mass പെരുമായെന്നും മാറ്റിയ ഭാഷാവബോധമല്ല ഇവിടെ പ്രകടമാകുന്നത്, അത് ആത്മത്തിന്റെ ഭാഷയിൽ അന്യത്തെ നിർമ്മിച്ചപ്പോൾ, ഇവിടെ പുതിയൊരു ആത്മം നിർവ്വചിക്കപെടുകയാണ്.

            സങ്കല്പനങ്ങളുടെ വിശദീകരണത്തിനും ഈ പരിവർത്തനം കാണാം. മിഷണറി രചനകൾ പ്രധാനമായും രണ്ടു വഴികളാണ് സങ്കൽപനവിശദീകരണത്തിന് സ്വീകരിച്ചത്. കേരളീയ ജീവിതപരിസരങ്ങളെയും ക്രൈസ്തവ മതബോധത്തിന്റെ ചിഹ്നങ്ങളെയുമാണ് അവർ പ്രധാനമായും പിന്തുടർന്നത്. ഫ്രോൺമേയറിൽ ഇതിന്റെ മാതൃക കാണാം.

“1. വിഭാജ്യത എന്നത് എന്ത്?

    ഓരോ വസ്തുവിനെയും നിത്യം വിഭാഗിപ്പാൻ കഴിയും. ഒരു പൊൻനാണ്യം കൊണ്ട് ഒരു കുതിരയേയും അതിന്റെ പുറത്തിരിക്കുന്നവനേയും പൊതിയുവാൻ തക്കവണ്ണം അടിച്ചു പരത്തുവാൻ കഴിയും,  ഒരല്പം (മെരുവിൻ) പുഴുകിനെ ഒരു വലിയ ഭവനത്തിൽ വെച്ചാൽ അവിടെയൊക്കെ മണപ്പാൻ കഴിയും. മനുഷ്യർ യന്ത്രങ്ങളെ കൊണ്ട് ഒരു വസ്തുവിനെ എത്രയും ചെറിയ അംശങ്ങളാക്കി വിഭാഗിക്കുന്നുവെങ്കിലും പ്രകൃതിയിൽ നാം ഏറ്റവും ചെറിയ പദാർത്ഥങ്ങൾ കാണുന്നു. ഒരു വയറോടു സമമായ സ്ഥലത്തിൽ 225,000,000 ചെറിയ ജന്തുക്കൾ അടങ്ങിയിരിക്കാം. മനുഷ്യന്റെ രക്തം നിറമില്ലാത്ത ദിവങ്ങളിൽ നീന്തുന്ന എണ്ണപ്പെടാത്ത ചെറിയ ചുവന്ന ഉണ്ടകളെക്കൊണ്ട് ഉളവാകുന്നു. ഒരു ഉണ്ടയുടെ വീതി അംഗുലത്തിന്റെ 3500 അംശം അത്രേ.

  1. വിളക്കിൽ ഒരല്പം എണ്ണ മാത്രം ഉണ്ടായാലും വിളക്ക് കത്തുന്നത് എങ്ങനെ?

വിളക്കിന്റെ തിരി എത്രയും നേരിയ കുഴലുകളുടെ കൂട്ടം എന്നു ഒരുവിധത്തിൽ പറയാം. തിരി കത്തുന്ന സമയം ഈ കുഴലുകളിൽ കൂടി എണ്ണ കയറി പോകുന്നതുകൊണ്ട് എണ്ണ തീർന്നു പോകുന്നതുവരെ ജ്വാലയ്ക്ക് ആധാരമുണ്ടാകും.

  1. കയർ നനഞ്ഞുപോയാൽ നീളം കുറയുന്നത് എന്തുകൊണ്ട്?

     തിരി എന്നതുപോലെ കയറും അനേകം ചെറിയ കുഴലുകളുടെ വർഗ്ഗം ആയിരിക്കുന്നതുകൊണ്ട് കയറു നനഞ്ഞു പോയാൽ ആ കുഴലുകൾ വെള്ളം കുടിക്കുന്നതിനാൽ എത്രയും വീർത്ത് നീളം കുറഞ്ഞു പോകും. ഇവ്വണ്ണം കയറിന്റെ നീളം ചുരുങ്ങിപ്പോകുന്നതിനാൽ വളരെ ബലം ഉണ്ടാകുന്നു” (1883:25).

       കേരളീയ ജീവിതത്തിന്റെ ഭാഗമായ ഉപാധികൾ ആണ് ഇവിടെ വിശദീകരണത്തിന് ഉപയോഗിക്കപ്പെടുന്നത്. അത് അറിവിനെ അനുഭവലോകത്തോടു ചേർത്തു നിർത്തുന്നു.  ഈ അനുഭവലോകമാകട്ടെ പേച്ചിന്റെ ഭാഷയിൽ നിൽക്കുന്നതുമാണ്. ഇങ്ങനെ ആത്മം നിലനിൽക്കുന്ന ഭാഷയിൽ ശാസ്ത്രവും അതിനെ നിർണയിക്കുന്ന അന്യാവബോധവും നിർമ്മിക്കപ്പെടുന്നു. ഇത് സവിശേഷമായൊരു ബോധനമാതൃകയായിത്തീരുന്നുണ്ട്. ഈ ബോധനമാതൃകയും അത് നിൽക്കുന്ന ഭാഷയും അന്യത്തെമുൻനിർത്തി ആത്മത്തെ ക്രമപ്പെടുത്തുന്നത് കൂടിയാണ്.

          ദേശീയതയുടെ സന്ദർഭത്തിൽ സങ്കൽപ്പന വിശദീകരണത്തിലേക്ക് ഭാരതീയമായ മഹാപാരമ്പര്യത്തിന്റെ ചിഹ്നങ്ങൾ കടന്നുവരുന്നു. മൂർക്കോത്തു കുമാരൻ എഴുതിയ ജീവികളുടെ ആഹാര സമ്പാദ്യം എന്ന ലേഖനത്തിൽ മാംസഭുക്കുകളേയും സസ്യഭുക്കുകളേയും വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “മൃഗങ്ങളുടെയും ചെറുവക പ്രാണികളുടെയും ഇടയിൽ മനുഷ്യരെ പോലെ തന്നെ മാംസഭുക്കുകളും സസ്യഭുക്കുകളും ഉണ്ട്. ഇതു വർണ്ണവ്യത്യാസം അനുസരിച്ച് അനുഷ്ഠിച്ചു പോരുന്നതോ അല്ലയോ എന്നു ശാസ്ത്രജ്ഞന്മാരു ഇതുവരെ തീർച്ചപ്പെടുത്തിട്ടില്ലെങ്കിലും സസ്യങ്ങൾ മാത്രം ഭക്ഷിക്കുന്ന പശുക്കളെയും മറ്റും ബ്രാഹ്മണരായി വിചാരിക്കുന്നതിൽ ആർക്കും വിരോധമുണ്ടാകാൻ സംഗതിയില്ല” (1924:72). കെ. സുകുമാരൻ എഴുതുന്ന പരമാണുപ്രാണികൾ എന്ന ലേഖനത്തിൽ ഇങ്ങനെ കാണാം: “അമൃതത്തിന്റെ സഹായമില്ലാതെ തന്നെ മരണമില്ലായ്മ സിദ്ധിച്ചിരിക്കുന്ന ഈ അണുജന്തുക്കൾ” (1924:105). ഇത്തരത്തിൽ ഭൗതികാനുഭവലോകങ്ങൾക്കപ്പുറം സംസ്കൃതത്തിന്റേതായ സവിശേഷ ലോകങ്ങളെ കൂടി സങ്കൽപ്പനവിശദീകരണത്തിന് ഉപയോഗപ്പെടു ത്തുന്നത് കാണാം. അതോടെ ഈ ലോകങ്ങളും അവയെ നിർണയിക്കുന്ന അവബോധവും ആത്മത്തിന്റെ ഭാഗമാണെന്നു വന്നുചേരുന്നു. കൊളോണിയൽ വ്യവഹാരങ്ങൾ പുറത്തു നിർത്തിയ പദ്യം ഇവിടെ വ്യവഹാരങ്ങൾക്കുള്ളിലേക്ക് കടന്നു വരുന്നുണ്ട് . പന്തളം കൃഷ്ണവാര്യർ എഴുതിയ തച്ചുശാസ്ത്രം എന്ന ലേഖനത്തിൽ പഴയ വൈജ്ഞാനികതയുടെ പദ്യഭാഷ വീണ്ടും കടന്നുവരുന്നു. പഴയ ശ്ലോകങ്ങളുടെ നേർപരിഭാഷയാണ് ലേഖനത്തിൽ ഏറിയകൂറും. ഒരു വേള ഭാഷയിൽനിന്നും പുറന്തള്ളപ്പെട്ടു പോയ ഒന്നിനെ മറ്റൊരുതരത്തിൽ ഭാഷയിലേക്ക് കൂട്ടിക്കൊണ്ടുവരികയാണ് ഇവിടെ. അതിനെ കൂടി ആത്മത്തിന്റെ ഭാഗമാക്കുകയാണ്.

    ഗദ്യത്തെ സംബന്ധിച്ച ഘടന/ പദം എന്ന ദ്വന്ദ്വത്തെ ഇവിടെ പ്രശ്നവത്കരിക്കേണ്ടതുണ്ട്. പൊതുവേ ഗദ്യത്തെ ഘടനയുടെ തലത്തിൽ മാത്രമാണ് മനസ്സിലാക്കാറ്. ഘടനയിൽ വരുന്ന പദങ്ങൾ ഏതു തന്നെയായാലും മലയാളത്തിന്റെ ഘടനയിലാണെങ്കിൽ വാചകം മലയാളമാണെന്നാണ്. നിശ്ചയമായും ചോദ്യം മലയാളം ആണോ അല്ലയോ എന്നതാണെങ്കിൽ ഉത്തരം മലയാളമാണ് എന്നു തന്നെയാണ്. പക്ഷേ, ഘടനയിൽ അടുക്കപ്പെടുന്ന പദങ്ങളും പ്രധാനമാണ്. അവ ഒറ്റയൊറ്റയായി നിൽക്കുന്നതല്ല. സവിശേഷമായ വ്യാവഹാരിക പ്രവർത്തനങ്ങളിലൂടെ കടന്നുവരുന്നതാണ്. അതുകൊണ്ടാണ് ഇവിടെ ഇഴപ്പം (Texture) എന്ന സങ്കല്പനം ഉപയോഗിച്ചിരിക്കുന്നത്. ഇഴപ്പം ഒറ്റയായ പദങ്ങളോ കേവലമായ ഘടനയോ അല്ല. പദങ്ങൾ തമ്മിൽത്തമ്മിലും പദങ്ങളും ഘടനയും തമ്മിലുമുള്ള ചേർച്ചയിലൂടെ ഉണ്ടാകുന്നതാണ്. ഘടനയുടെ സാങ്കേതികതയോ പദങ്ങളുടെ നിരുക്തിപരമായ നിലയോ അല്ല ഇഴപ്പത്തെ നിർണ്ണയിക്കുന്നത്. മറിച്ച് ഇവ തമ്മിൽത്തമ്മിൽ ബന്ധപ്പെട്ടുകൊണ്ടാണ് ഭാഷയുടെ ഇഴപ്പം രൂപപ്പെടുന്നത്. കൊളോണിയൽ ഘട്ടത്തിൽ ഗദ്യത്തിലെ നാട്ടുഭാഷയുടെ ഇഴപ്പം കൊളോണിയൽ വ്യവഹാരങ്ങൾ നിർമ്മിക്കാൻ ശ്രമിച്ച കൊളോണിയൽ കർതൃത്വത്തിന്റെ അധികാര ബലങ്ങൾക്കുള്ളിൽ സംഭവിക്കുന്നതാണ്. നവോത്ഥാനദേശീയതയുടെ സന്ദർഭത്തിലാകട്ടെ ഈ ഇഴപ്പം സംസ്കൃതത്തിന്റേതാകുന്നു. സംസ്കൃതത്തിലൂന്നിയ ആത്മനിർവചനത്തിന്റെ സന്ദർഭം കൂടിയാണിത്. ഈ ഗദ്യത്തിലാണ് കേരളീയമായ പൊതുമണ്ഡലം  നിലവിൽ വന്നതെന്നുമോർക്കണം. കേരളീയ പൊതുമണ്ഡല രൂപീകരണത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളിലേക്ക്  ഈ ഗദ്യചർച്ച വികസിപ്പിക്കാവുന്നതാണ്.

ഉപസംഹാരം

      ആധുനികവ്യവഹാരങ്ങളുമായി ബന്ധപ്പെടുത്തി ഗദ്യത്തെ പ്രക്രിയ എന്ന നിലയിൽ സങ്കല്പനവത്കരിക്കുന്ന ഒരു വിചാരമാതൃകയാണ് ഈ പ്രബന്ധത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വ്യവഹാരങ്ങളുടെ സങ്കീർണമണ്ഡലങ്ങളെ അത്രയും ഈ പ്രബന്ധത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ നിർവാഹമില്ല. ഇവിടെ സൂചിപ്പിച്ചിട്ടുള്ള മിഷണറി  ദേശീയ മണ്ഡലങ്ങൾക്ക് വെളിയിലേക്ക് ഈ വിചാരമാതൃകയെ വികസിപ്പിക്കേണ്ടതുണ്ട്. അവയ്ക്ക് പുറത്തുനിന്നിരുന്ന വ്യവഹാരങ്ങളും അവയുടെ ജ്ഞാനമണ്ഡലങ്ങളും അവ തമ്മിൽ തമ്മിലുള്ള ശൃംഖലാബന്ധങ്ങളും ഇവിടെ പരിഗണിക്കണം. അറബി മലയാളത്തിന്റേയും നാട്ടറിവിന്റേയുമൊക്കെ മണ്ഡലങ്ങൾ ഉദാഹരണങ്ങളാണ്. ഈ നിലയിൽ വികസിപ്പിക്കുമ്പോൾ ഗദ്യം കേവലമായ ഭാഷാരൂപം മാത്രമല്ല, സവിശേഷമായ സംസ്കാരബന്ധം കൂടിയാണെന്ന് കാണാം.

ഗ്രന്ഥസൂചി

  1. കുമാരൻ, മൂർക്കോത്ത്, 1924: ജീവികളുടെ ആഹാര സമ്പാദ്യം ഗദ്യമാലിക ഭാഗം 3 (എഡി: എച്ച്. എച്ച്. രാമവർമ്മ), ബി. വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം.
  2. കൃഷ്ണവാര്യർ, പന്തളം, 1924: തച്ചുശാസ്ത്രം ഗദ്യമാലിക ഭാഗം 3 (എഡി: എച്ച്. എച്ച്. രാമവർമ്മ), ബി. വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം.
  3. ജോസഫ് മുണ്ടശ്ശേരി, 1110: "മലയാളഭാഷയും ശാസ്ത്രഗ്രന്ഥങ്ങളും', മംഗളോദയം, എടവം, ലക്കം
  4. ദിലീപ് മേനോൻ, എം., 2014: ‘ജാതിയും കൊളോണിയൽ ആധുനികതയും സരസ്വതിവിജയം വീണ്ടും വായിക്കുമ്പോൾ’, സംസ്കാരവിമർശവും മലയാളഭാവനയും (എഡി. ഷാജി ജേക്കബ്), കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
  5. ബാബു ചെറിയാൻ, ജേക്കബ് എെസക് കാളിമറ്റം, 2002: ജ്ഞാനനിക്ഷേപം: പഠനവും പാഠവും, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
  6. സ്കറിയ സക്കറിയ (എഡി), 2016: മലയാളവും ഹെർമൻ ഗുണ്ടർട്ടും വാല്യം 2, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, തിരൂർ.
  7. രാജരാജവർമ്മ ഏ. ആർ., 1987: ഏ. ആർ. രാജരാജവർമ്മയുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ, രഞ്ജിമ പബ്ലിക്കേഷൻസ്, മാമൂട് ചങ്ങനാശ്ശേരി.
  8. രാജരാജവർമ്മ, വടക്കുംകൂർ, 2019: ‘ഭാഷാസാഹിത്യത്തിന്റെ ശാസ്ത്രീയാഭിവൃദ്ധി’, ഭാഷാനവോത്ഥാനം ചരിത്രവഴികൾ (എഡി: ശ്രീകുമാർ ഏ. ജി.), ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി.
  9. Baber, Saheer, 1998: The Science of the Empire, Oxford University Press, New Delhi.
  10. Bassnet, Susan, Trivedi, Harish, 2002: Post Colonial Translation, Routeledge, Newyork.
  11. Deepak Kumar, 1997: Science and the Raj 1857 -1905, Oxford University Press, New Delhi.
  12. Devy, G. N., 1995: In Another Tongue, Macmillan Publishers, New Delhi.
  13. Niranjana, Tejaswini, 1992: Siting Translation, Orient Longman, New Delhi.
  14. Ramakrishnan, E. V., 2017: Locating Indian Literature, Orient BlackSwan, New Delhi.
  15. Vilhanova, Viera, 2006: Biblical Translations of Early Missionaries in East and Central Africa. I. Translations into Swahili', Asian and African Studies, SAGE Publications, New York.
  16. Vilhanova, Viera, 2007: Christian Missions in Africa and their Role in the Transformation of African Societies ', Adiyan and African Studies, SAGE Publications, New York.

ബ്ലോഗ്

  • ഗ്രന്ഥപ്പുര shijualex.in
  • ധനതത്വനിരൂപണം (1870), 2017 ജനുവരി
  • നളചരിതസാരശോധന (1867), 2018 മാർച്ച്
  • പശ്ചിമോദയം (1847), 2018 ജൂൺ
  • പ്രകൃതിശാസ്ത്രം (1883), 2018 മാർച്ച്
  • ഭൂമിശാസ്ത്രം ഒന്നാം പുസ്തകം (1855), 2018 ഏപ്രിൽ
  • ഭൂമിശാസ്ത്രം, ജോസഫ് പീറ്റ് (1853), 2018 സെപ്റ്റംബർ
  • ഭൂമിശാസ്ത്രം തിരുവിതാംകൊട്ടു സംസ്ഥാനം (1878), 2017 ജനുവരി
  • ലൊകചരിത്രശാസ്ത്രം (1851), 2018 നവംബർ
  • ശരീരശാസ്ത്രം (1882), 2018 ഒക്ടോബർ
  • The English Standard Reader for the use in the fourth standard(1902), 2018 ഡിസംബർ

ആദ്യകാല ആനുകാലികങ്ങൾ

  • കേരളചിന്താമണി, കൊ. വ. 1085 എടവം മുതൽ 1086 മിഥുനം വരെയുള്ള ലക്കങ്ങൾ.
  • ധന്വന്തരി, കൊ. വ. 1079 ചിങ്ങം മുതൽ 1081 തുലാം വരെയുള്ള ലക്കങ്ങൾ.
  • ഭാഷാപോഷിണി, കൊ. വ. 1070 ചിങ്ങം മുതൽ 1078 ചിങ്ങം വരെയുള്ള ലക്കങ്ങൾ.
  • മംഗളോദയം, കൊ. വ. 1085 വൃശ്ചികം മുതൽ 1093 മേടം വരെയുള്ള ലക്കങ്ങൾ.
  • ലക്ഷ്മീവിലാസം, കൊ. വ. 1081 ചിങ്ങം മുതൽ 1082 ചിങ്ങം വരെയുള്ള ലക്കങ്ങൾ.
  • വിദ്യാവിനോദിനി, കൊ. വ. 1065 തുലാം 1075 തുലാം വരെയുള്ള ലക്കങ്ങൾ.

 

 

എം.എ മലയാളം, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി.