ആമുഖം

ആമുഖം

ഭാഷ/സാഹിത്യം തുടങ്ങിയ പതിവു ഴാനറുകൾ വിട്ട് സംസ്കാരം, വിവർത്തനം, പ്രാദേശികചരിത്രം, സിനിമ, നവമാധ്യമങ്ങൾ, ഭാഷാ ഭേദങ്ങൾ എന്നിങ്ങനെ പല മേഖലകളിലേയ്ക്കും മലയാള ഗവേഷണത്തിന്റെ പരിധി വിപുലമായിക്കൊണ്ടിരിക്കുകയാണ്. സാംസ്കാരിക ജീവിതത്തിന്റെ വിവിധ വശങ്ങളെ സ്പർശിക്കുന്ന പ്രമേയങ്ങൾ ഗവേഷണമേഖലയിൽ കടന്നു വരുന്നു. ശക്തമാ‍ായ സൈദ്ധാന്തിക അടിത്തറയോടു കൂടി തങ്ങൾ തെരഞ്ഞെടുത്ത വിഷയത്തെ ആർജ്ജവത്തോടെ അവതരിപ്പിക്കാൻ ഗവേഷകർക്കു സാധിക്കുന്നുണ്ട്.കാലിക പ്രസക്തിയുള്ള വിഷയങ്ങൾ വേറിട്ട കാഴ്ചപ്പാടുകളോടെ പ്രബന്ധങ്ങളിൽ ആവർത്തിച്ച് അവതരിപ്പിക്ക പ്പെടുന്നു. വിമർശനാത്മക വ്യവഹാര വിശകലനം പോലുള്ള രീതിശാസ്ത്രപദ്ധതികൾ ഗവേഷകർക്ക് കൂടുതൽ സ്വീകാര്യമാവുകയും ചെയ്യുന്നു. ഇങ്ങനെ വിഷയസ്വീകരണത്തിലും വിശകലനത്തിലുമൊക്കെ വരുന്ന മാറ്റത്തെ തിരിച്ചറിയുകയും ക്രിയാത്മകമായ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട അക്കാദമിക സമൂഹമെന്ന നിലയിലാണ് കേരളത്തിലെ സർവ്വകലാശാലകളിലേയും കോളേജുകളിലെയും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പി.ജി.പ്രോജക്ടുകളിൽ നിന്നും മികച്ച പ്രബന്ധങ്ങൾ കണ്ടെത്തി അവയ്ക്ക് അംഗീകാരം നൽകാൻ പട്ടാമ്പി ഗവൺമെന്റ് കോളേജ് മലയാളവിഭാഗം തീരുമാനിക്കുന്നത്.

അതിന്റെയടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുകയും ഡോ.കെ.എം.അനിൽ, ഡോ.ടി.ശ്രീവത്സൻ ,ഡോ.ഗോപു.എസ്.പിള്ളൈ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയെ പ്രബന്ധ മൂല്യനിർണ്ണയത്തിനായി നിയോഗിക്കുകയും ചെയ്തു.ലഭിച്ച അമ്പതിലധികം പ്രബന്ധങ്ങളിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ നാലു പ്രബന്ധങ്ങൾ കമ്മിറ്റി തെരഞ്ഞെടുത്തു.ഗവേഷണ രംഗത്തേയ്ക്ക് കടന്നുവരുന്ന വിദ്യാർഥി കൾക്കുള്ള പ്രോത്സാഹനമെന്ന നിലയിൽ ഈ പ്രബന്ധങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു.അതോടൊപ്പം കമ്മിറ്റി പ്രത്യേകം പരാമർശിച്ച മറ്റൊരു പ്രബന്ധം കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പ്രബന്ധം പൂർണ്ണമായും പ്രസിദ്ധീകരിക്കാനുള്ള അസൗകര്യം മൂലം പ്രബന്ധങ്ങളുടെ സംക്ഷിപ്തരൂപമാണ് ഇവിടെ ചേർത്തിട്ടുള്ളത്. വരും വർഷങ്ങളിൽ കൂടുതൽ സൂക്ഷ്മതയോടെ ഗവേഷണത്തെ സമീപിക്കുന്നതിന് ‘പ്രബന്ധസംഹിത‘ എന്ന ഈ പുസ്തകം ഉപകരിക്കുമെന്ന് കരുതുന്നു.

 

ഡോ.തനുജ ജി
എഡിറ്റർ