News

അന്തർ ദേശീയ അറബി കവി സംഗമം 23ന്.
 
പട്ടാമ്പി: ഗവ.സംസ്കൃത കോളേജ് അറബിക് വിഭാഗം, ഐ.ക്യു.എ.സി, അക്കാഡമി ഓഫ് എക്സലൻസ് എന്നിവയുടെ സഹകരണത്തോടെ അറബി കവികളുടെ 'ഇൻ്റർ നേഷണൽ അസംബ്ളി ' സംഘടിപ്പിക്കുന്നു.23 ന് ഞായർ വൈകീട്ട് 3 മണിക്ക് സൂം പ്ളാറ്റ്ഫോമിലാണ് സംഗമം നടക്കുക. ന്യൂസിലാൻ്റിൽ സ്ഥിരതാമസക്കാരനായ ഇറാഖി കവി ബാസിം ഫുറാത്ത്, ജർമ്മനിയിൽ അഭയം തേടിയ കുർദിസ്ഥാൻ കവി ഹുസൈൻ ഹബ്ശ്, ഫലസ്ഥീൻ കവി മൂസ 
ഹവാമിദ തുടങ്ങി, കഴിഞ്ഞ വർഷം അറബി പഠന വകുപ്പ് പ്രസിദ്ധീകരിച്ച 'അകലത്തിൻ്റെ അളവുകൾ' എന്ന ആധുനിക അറബി കവിതാ വിവർത്ത പുസ്തകത്തിലുൾപ്പെട്ട, വിവിധ നാടുകളിൽ നിന്നുള്ള കവികളും സാഹിത്യ പ്രേമികളും സമ്മേളിക്കും. പ്രിൻസിപ്പൽ ഡോ.എം.ജോതിരാജ് ഉദ്ഘാടനം ചെയ്യും. അറബിക് വിഭാഗം മേധാവി ഡോ.അബ്ദു പതിയിൽ, അക്കാഡമി ഓഫ് എക്സലൻസ് ചെയർമാൻ ഡോ.സാബിർ നവാസ്, ഐ.ക്യു.എ. സി കോഡിനേറ്റർ ഡോ.എച്ച് കെ.സന്തോഷ്, കൺവീനർമാരായ ഡോ.എം.കെ.അബ്ദുൽ റഹീം, ടി.കെ.മുഹമ്മദലി തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകും. പങ്കെടുക്കാനുദ്ദേശിക്കുന്നവർക്ക് https://forms.gle/qVRqYRFrwcXMjmVc8 ലിങ്കിൽ രജിസ്റ്റർ ചെയ്യാം. പങ്കെടുത്തവർക്ക് ഇ- സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതാണ്.
 
സമകാലീനകഥാസാഹിത്യം-അനുഭവം, വായന, വിലയിരുത്തൽ.
അന്തർദേശീയ വെബിനാർപരമ്പര
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ് മലയാളവിഭാഗം 2020 ആഗസ്റ്റ് 20 മുതൽ 30 വരെ സമകാലീന കഥാസാഹിത്യത്തെ മുൻ നിർത്തി ഒരു അന്തർദേശീയ വെബിനാർപരമ്പര നടത്തുന്നു. സമകാലീനകഥാസാഹിത്യം – അനുഭവം, വായന, വിലയിരുത്തൽ എന്നതാണ് വെബിനാറിന്റെ വിഷയം.
പതിവു വെബിനാർ രീതികളിൽനിന്ന് വ്യത്യസ്തമായി അക്കാദമിക സമൂഹത്തിനപ്പുറമുള്ള വായനക്കാരടങ്ങുന്ന വലിയൊരു സമൂഹത്തെക്കൂടി ചേർത്തുപിടിച്ചുകൊണ്ട് കേരളത്തിലെത്തന്നെ ഏറ്റവും വലിയ ഒരു ഓൺലൈൻ സാഹിത്യോത്സവമായാണ് വെബിനാർ രൂപകല്പന ചെയ്തിരിക്കുന്നത്.
പ്രമുഖരായ സമകാലീന മലയാള കഥാകൃത്തുക്കളുടെയും നോവലിസ്റ്റുകളുടെയും എഴുത്തനുഭവങ്ങൾ, അവരുമായുള്ള സംവാദങ്ങൾ, പ്രശസ്ത നിരൂപകരുടെ പ്രഭാഷണങ്ങൾ, ഗവേഷകരുടെയും അദ്ധ്യാപകരുടെയും പ്രബന്ധാവതരണങ്ങൾ എന്നിങ്ങനെ മൂന്ന് മണ്ഡലങ്ങളിലായി അമ്പതോളം സെഷനുകളായാണ് വെബിനാർ സംവിധാനം ചെയ്തിരിക്കുന്നത്. സാംസ്കാരികപ്രവർത്തകരും വായനക്കാരും പങ്കെടുക്കുന്ന പൊതുസംവാദങ്ങളും വെബിനാറിന്റെ ഭാഗമാണ്.
പ്രബന്ധാവതരണത്തിന്റെ വിഷയമേഖലകൾ:
1. സമകാലിക മലയാളനോവൽ
• ആഖ്യാന സവിശേഷത
• പ്രമേയ നിർമ്മിതി
• കഥാപാത്ര നിർമ്മിതി
• അന്തരീക്ഷ നിർമ്മിതി
• ഭാഷാ നിർമ്മിതി
2. സമകാലിക മലയാള ചെറുകഥ
• ആഖ്യാന സവിശേഷത
• പ്രമേയ നിർമ്മിതി
• കഥാപാത്ര നിർമ്മിതി
• അന്തരീക്ഷ നിർമ്മിതി
• ഭാഷാ നിർമ്മിതി
യുട്യൂബ് ലൈവ് , ഗൂഗിൾ മീറ്റ് എന്നീ അവതരണ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പങ്കെടുക്കാവുന്ന ചർച്ചകൾ ഉൾപ്പെടുത്തിയാണ് എല്ലാ സെഷനുകളും നടക്കുക.
ലോകത്തെ പലഭാഗത്തുമുള്ള മലയാളി കൂട്ടായ്മകളും ഈ വെബിനാറിന്റെ ഭാഗമാവുന്നുണ്ട്. ‘പ്രവാസി: അനുഭവം, ആഖ്യാനം, വായന’ എന്ന വിഷയമേഖലയിൽ യു. എസ്. ഗൾഫ് പ്രദേശങ്ങളിൽനിന്നുള്ള സാംസ്കാരികപ്രവർത്തകർ സംവാദങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
മലയാള‌നാട് വെബ് ജേർണൽ, ലോഗോസ് ബുക്ക്സ്, വായനാരാമം – കാനഡ തുടങ്ങിയ സാംസ്കാരികസംഘടനകളും സ്ഥാപനങ്ങളും വെബിനാർ സംഘാടനത്തിൽ പങ്കുചേരുന്നു.