Carnival of Poetry Registration

സെമിനാർ 'കവിതാസാഹിത്യചരിത്രം: പുതിയപരിപ്രേക്ഷ്യവും പ്രതിവായനകളും.
'കവിതാസാഹിത്യചരിത്രം:പുതിയപരിപ്രേക്ഷ്യവും പ്രതിവായനകളും.സാഹിത്യ ചരിത്രം എന്നത് എഴുതപ്പെട്ടവയുടെ കേവലമായ സമാഹരണമല്ല. ചരിത്രത്തിലെ പ്രതി വ്യവഹാരങ്ങളെ ഭാവിക്ക് വേണ്ടി വീണ്ടെടുക്കുന്ന പ്രക്രിയയാണ് സാഹിത്യചരിത്രരചന. ഇതുവരെ എഴുതപ്പെടാത്ത പ്രതിരോധസ്ഥലങ്ങളെ രേഖപ്പെടുത്തുക ,അതിന്റെ വൈരുധ്യാത്മക തുടർച്ചകളെ തിരിച്ചറിയുക ,എഴുത്തുകാർ അടയാളപ്പെട്ടുകിടക്കുന്ന വ്യവസ്ഥാപിത സ്ഥലങ്ങൾ പുനർനിർവ്വചിക്കുക തുടങ്ങിയവ സാഹിത്യ ചരിത്രരചനയുടെ ലക്ഷ്യങ്ങൾ ആണ് .

'കേരളം|കവിത:ഭാവിയിലേക്കുള്ള വീണ്ടെടുപ്പുകൾ എന്ന പ്രമേയത്തെ മുൻ നിർത്തി പട്ടാമ്പി കോളേജിൽ 2019 ജനുവരി 23 മുതൽ 26 വരെ നടക്കുന്ന കവിതയുടെ കാർണിവൽ നാലാം പതിപ്പിന്റെ ഭാഗമായി 'കവിതാസാഹിത്യചരിത്രം:പുതിയപരിപ്രേക്ഷ്യവും പ്രതിവായനകളും.' എന്ന വിഷയത്തിൽ മൂന്ന് ദിവസങ്ങളിലായി ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.. സെമിനാറിൽ അവതരിപ്പിക്കുന്നതിനായി മലയാള കവിതാ സാഹിത്യ ചരിത്രത്തിലെ പ്രഖ്യാതവ്യവഹാരങ്ങളെ ചരിത്രപരമായി പുനർനിർണ്ണയിക്കുന്നതോ അജ്ഞാതമായ ജ്ഞാനസ്ഥലങ്ങളെയും സന്ദർഭങ്ങളെയും വീണ്ടെടുക്കുന്നതൊ ആയ ഗവേഷണ പ്രബന്ധങ്ങൾ ഗവേഷകരിൽ നിന്നും അധ്യാപകരിൽ നിന്നും ക്ഷണിക്കുന്നു.

പ്രബന്ധരൂപരേഖ അയയ്‌ക്കേണ്ട അവസാനതീയതി ജനുവരി 15.

സെമിനാറിന്റെ ഉള്ളടക്കത്തെ സംബന്ധിക്കുന്ന വിശദീകരണങ്ങൾ:

വ്യവസ്ഥാപിതമായ മലയാള കവിതാ ചരിത്രത്തിന്റെ രീതി ശാസ്ത്രത്തെത്തന്നെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന നിലപാടാണ് ഈ സെമിനാർ ആവശ്യപ്പെടുന്നത്. കാവ്യാനുഭൂതി എന്നത് ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ നിർമ്മിതിയാണ് എന്ന രീതിശാസ്ത്രത്തിൽ നിന്നുകൊണ്ട് നിലവിലുള്ള സമീപന രീതിയെ പുതിയ പരിപ്രേക്ഷ്യത്തിൽ കാണാൻ പ്രേരിപ്പിക്കുന്ന പ്രതിവായനകളാണ് ക്ഷണിക്കുന്നത്.നിലവിലുള്ള സാഹിത്യരചനയുടെ സമീപനത്തെയും അതിനോടുള്ള വിമർശനത്തെയും ഇങ്ങനെ ക്രോഡീകരിക്കുന്നു:

1. കാവ്യ ഭാഷയെ സമൂഹബാഹ്യമായി കണ്ടു കൊണ്ടുള്ള പ്രസ്ഥാനവിഭജനം. പാട്ട്, മണിപ്രവാളം, പച്ചമലയാളം, ആധുനിക ശിഥില ബിംബ കാവ്യഭാഷാശൈലി, ഉത്തരാധുനിക ഇംഗ്ലീഷ് - ദളിത് മിശ്ര ഭാഷാശൈലി എന്നിങ്ങനെയുള്ള കാവ്യഭാഷാ വിഭജനത്തെ മുൻനിർത്തിയുള്ള ചരിത്രരചന.

ഭാഷയ്ക്ക് മാത്രം ഊന്നൽ നൽകുക ,ഭാഷയെ നിർമ്മിച്ച രാഷട്രീയസാഹചര്യം സംബോധന ചെയ്യാതിരിക്കുക, ഓരോ കാലഘട്ടത്തിലെയും അധീശവ്യവസ്ഥ നിർദ്ദേശിക്കുന്ന കൃത്രിമഭാഷയ്ക്കു പുറത്തുള്ള വലിയ സർഗ്ഗാത്മകലോകത്തെ കാണാതിരിക്കുക എന്നിവയാണ് ഇതിനാൽ സംഭവിക്കുന്നത്. തമിഴും സംസ്കൃതവും സ്വാഭാവികമായി പ്രത്യക്ഷപ്പെടുന്ന ദ്രമിഡ സംഘാതാക്ഷരനിബന്ധനയ്ക്കും വിഭക്ത്യന്തസംസ്കൃത നിബന്ധനയ്ക്കും പുറത്തുള്ള ഭാഷയിലും നാടോടി ഭാഷയിലും സൃഷ്ടിക്കപ്പെട്ട രചനകൾ കണ്ടെടുക്കേണ്ടിയിരിക്കുന്നു. അവയിൽ തന്നെയുള്ള അധീശത്വ പ്രതിരോധ സംഘർഷസ്ഥലങ്ങൾ, വ്യവസ്ഥാപിതകാവ്യഭാഷയോടുള്ള നിഷേധങ്ങൾ,പച്ച മലയാളനിർബന്ധ നിബന്ധനയുടെ രാഷട്രീയം, നാരായണ ഗുരുവിന്റെയും ആശാന്റെയും സ്തോത്രകൃതികളിലെ പച്ച മലയാള ഭാഷയുടെ പ്രസക്തി, പാട്ടുഭാഷയിലെയും ഉത്തരാധുനിക ദളിത് ഭാഷയിലെയും നിർമ്മിതികളിലെ രാഷട്രീയ സന്ദർഭങ്ങൾ, പാട്ട്, മണി പ്രവാളം, ആധുനിക ശിഥിലബിംബഭാഷ, ഉത്തരാധുനിക ഇംഗ്ലീഷ് -ദളിത് മിശ്രഭാഷ എന്നിവയെ നിർമ്മിച്ച ചരിത്ര സാഹചര്യങ്ങൾ, അധീശകൃത്രിമഭാഷാവ്യവഹാരങ്ങൾക്കു് പുറത്തു നിൽക്കുന്ന കാവ്യവ്യവഹാരങ്ങളിലെ ഭാഷ, അവയുടെ അധീശരാഷട്രീയനിഷേധങ്ങൾ ഇവയൊക്കെ പരിഗണനാർഹങ്ങളാകുന്നു.

2. അതത് കാലഘട്ടങ്ങളിലെ വൈരുധ്യങ്ങളെയോ രാഷ്ട്രീയ ചരിത്ര യാഥാർത്ഥ്യങ്ങളെയോ പരിഗണിക്കാത്ത ഘട്ടവിഭജനം. പാട്ട് - മണിപ്രവാളം (രാമചരിതവും ചമ്പുക്കളും മറ്റും) , ഭക്തികവിത ( എഴുത്തച്ഛനും മറ്റും), റൊമാൻറിക് കവിത (ചങ്ങമ്പുഴയും മറ്റും ), റൊമാൻറിസിസത്തിന്റെ ഒടുവിലത്തെ യാമം (വൈലോപ്പിള്ളിയും ഇടശ്ശേരിയും മറ്റും), ആധുനിക കവിത (അയ്യപ്പപ്പണിക്കരും മറ്റും), ഉത്തരാധുനിക കവിത എന്നിങ്ങനെയുള്ള ഘട്ട വിഭജനം.

ഓരോ കാലഘട്ടത്തിലെയും രാഷ്ട്രീയ ചരിത്ര സംഘർഷങ്ങളും ബലതന്ത്രങ്ങളുമാണ് അനുഭൂതികളുടെ ഘടനയെയും തുടർച്ചകളെയും നിർമ്മിക്കുന്നത് എന്ന ധാരണ ഇവിടെ ഇല്ലാതെ പോകുന്നു. അതുപോലെ ഓരോ കാലഘട്ടത്തിലെയും യഥാർത്ഥ ചരിത്ര സംഘർഷങ്ങളും അവയുടെ കാവ്യപ്രതിനിധാനങ്ങളും മറയ്ക്കപ്പെടുന്നു. യുദ്ധവും ഭക്തിയും സ്ത്രീശരീരവും പ്രമേയമാകുന്ന പാട്ട് / മണിപ്രവാള ദ്വന്ദ്വങ്ങൾ രാജകീയഅധീശത്വ ആവശ്യങ്ങളുടെ ഭാഷാ സാഹിത്യ പ്രതിനിധാനങ്ങളാണോ? അവയെ നിഷേധിക്കുന്ന നിലപാടുള്ളതും യഥാർത്ഥത്തിൽ ഊഴിയിൽ ചെറിയവരുടെ വലിയ പ്രതിനിധാനങ്ങളായി മാറുന്നതുമായ സാഹിത്യം അക്കാലത്തില്ലേ? എഴുത്തച്ഛന്റെഭക്തി കവിതയും പൂന്താനത്തിന്റെ ഭക്തി കവിതയും ഒരേ പ്രത്യയശാസ്ത്രത്തെയാണോ പ്രതിനിധാനം ചെയ്യുന്നത്? പതിനാറാം നൂറ്റാണ്ടിലെ ഭക്തിയുടെ ഹെജിമണിയെ പതിനെട്ടാം നൂറ്റാണ്ടിലെ നമ്പ്യാരുടെ കൃതികൾ ചോദ്യം ചെയ്യുന്നുണ്ടോ? നവോത്ഥാനത്തിന്റെ വിവിധ പ്രത്യയശാസ്ത്ര അടരുകൾ ആശാൻ, വള്ളത്തോൾ, ഉള്ളൂർ തുടങ്ങിയവരുടെ കവിതകളിൽ എങ്ങനെ സംഘർഷാത്മകമായി പ്രത്യക്ഷപ്പെടുന്നു. ചങ്ങമ്പുഴ പോലുള്ള എഴുത്തുകാരുടെ ഉള്ളിലെ യഥാതഥ പ്രവണതകൾ നവോത്ഥാനത്തിന്റെ തുടർച്ചകളെ എങ്ങനെ പരിചരിക്കുന്നു? ജന്മിത്ത- മുതലാളിത്ത കാലഅധീശപ്രവണതകൾക്ക് എതിരായുള്ള, വൈലോപ്പിള്ളിയുടെയും ഇടശ്ശേരിയുടെയും അറുപതുകളിലെയും എഴുപതുകളിലെയും മറ്റ് എഴുത്തുകാരുടെയും രചനകൾ, ആധുനികത എന്ന് പ്രഖ്യാതമായ രചനകളിലെ മതപുനരുത്ഥാന പ്രവണതകൾ, ആഗോളീകരണ കാലരാഷട്രീയം നിർമ്മിച്ച പ്രതിലോമഘടകങ്ങൾ പ്രഖ്യാത ഉത്തരാധുനിക കവിതകളെ എങ്ങനെ നിർണ്ണയിക്കുന്നു. ആഗോളീകരണ കാലരാഷ്ട്രീയത്തെ പ്രതിരോധിക്കുന്ന, ആഘോഷിക്കപ്പെടാത്ത ഉത്തരാധുനികകാല കവിതകൾ തുടങ്ങിയവ ഒക്കെ കവിതാചരിത്ര രചനയുടെ വ്യവസ്ഥാപിതഘട്ടവിഭജനസങ്കല്പത്തെ അട്ടിമറിക്കുന്നവയായിരിക്കും.

3. ചരിത്രവുമായി അതിന്റെ വൈരുദ്ധ്യങ്ങളുമായി ബന്ധപ്പെടുത്താത്ത പ്രമേയ സങ്കല്പത്തെയും പ്രസ്ഥാന സങ്കല്പത്തെയും കവി വ്യക്തിത്വത്തെയും മുൻനിർത്തിയുള്ള സാഹിത്യ ചരിത്രരചന.

കവിത്രയസങ്കല്പം, ആട്ടക്കഥ, ഖണ്ഡകാവ്യം, ഭാവഗീതം, തുള്ളൽ, സ്തോത്രകൃതി, സംവാദ കവിതകൾ, പടപ്പാട്ട് ,സമരകവിതകൾ, നാടോടി സാഹിത്യം, സൈബർകവിത, രാമായണകാവ്യങ്ങൾ, ബൗദ്ധ പ്രമേയകാവ്യങ്ങൾ, നമ്പ്യാർക്കവിത, ആശാൻ കവിത, തുടങ്ങിയവയെ ചരിത്രബാഹ്യമായി പരിചരിച്ചുകൊണ്ടുള്ള സാഹിത്യചരിത്രരചന.

15, 16, 18, നൂറ്റാണ്ടുകളിലെ കവികളെ ചരിത്രരഹിതമായി ഒരുമിപ്പിച്ചു കൊണ്ടുള്ള കവിത്രയസങ്കല്പം ,നമ്പ്യാരുടെ തുള്ളലുകളെയും ചെറുകാടിന്റെ തുള്ളലുകളെയും ചരിത്ര നിഷേധസന്ദർഭങ്ങളിൽ നിന്നും അടർത്തിമാറ്റി കൂട്ടിക്കെട്ടുന്ന പ്രവണത, ഖണ്ഡകാവ്യങ്ങളെയും ഭാവഗീതങ്ങളെയും കാലഘട്ടങ്ങളിലെ വൈരുദ്ധ്യങ്ങളിൽനിന്നും മാറ്റി നിർത്തി പഠിക്കുന്ന രീതി, പഴയകാലസ്തോത്രകൃതികളെയും ആശാന്റെ നവോത്ഥാനകാല സ്തോത്രകൃതികളെയും ചരിത്രബാഹ്യമായി ഒരേ നിലയിൽ രേഖപ്പെടുത്തുന്ന സമീപനം,ഒറ്റക്കവിതാ പഠനത്തിലും ഏതെങ്കിലും ഒരു കവിയെ സംബന്ധിച്ച പഠനത്തിലും കവിയെയും കൃതിയെയും നിർമ്മിച്ച രാഷ്ട്രീയചരിത്രത്തിലും വൈരുദ്ധ്യങ്ങളിലും സ്പർശിക്കാതെയുള്ള വിശകലനരീതി ഒക്കെ മറികടക്കേണ്ടതുണ്ട്. മുദ്രാവാക്യങ്ങളെയും മുദ്രാവാക്യസ്വഭാവമുള്ള കാവ്യനിർമ്മിതികളെയും സമരചരിത്രവുമായി ബന്ധപ്പെടുത്തി കാവ്യചരിത്രത്തിൽ രേഖപ്പെടുത്തേണ്ടിവരും.ആഗോളീകരണകാല സന്ദർഭം, അതിന്റെ മുതലാളിത്താനുകൂലമായ രാഷ്ട്രീയം, അതിൽ പ്രത്യക്ഷപ്പെടുന്ന വ്യവഹാരങ്ങൾക്ക് ആ രാഷ്ട്രീയത്തോടുള്ള വിധേയത്വവും എതിർപ്പുകളും ഒക്കെ സൈബർ കവിതയെ സാഹിത്യചരിത്രത്തിൽ അടയാളപ്പെടുത്തുമ്പോൾ പരിഗണിക്കണം. മിത്തുകളും പുരാണപ്രമേയങ്ങളും കാവ്യ വിഷയമാകുമ്പോൾ അവയ്ക്ക് ചരിത്രപരമായി സംഭവിക്കുന്ന വൈരുദ്ധ്യാത്മകപരിണാമങ്ങളും സാമൂഹ്യാപബോധമനസ്സിലെ രാഷ്ട്രീയ പ്രതികരണങ്ങളും ആരായേണ്ടി വരും. കവിതയെ ചിത്രകല, ശില്പകല തുടങ്ങിയ കലാരൂപങ്ങളുമായും സാമൂഹ്യ ശാസ്ത്രം, നരവംശശാസ്ത്രം, ലിംഗപഠനം ,ദലിത് പഠനം, പരിസ്ഥിതി പഠനം തുടങ്ങിയ ജ്ഞാനശാഖകളുമായും ബന്ധിപ്പിച്ച് പഠിക്കമ്പോൾ ചരിത്രപരിണാമങ്ങളെയും രാഷ്ട്രീയ പരിണാമങ്ങളെയും സ്പർശിക്കാതിരുന്നാൽ അത് സാഹിത്യചരിത്ര രചനയുടെ ഭാഗമല്ലാതാകും.സംവാദ സ്വഭാവമുള്ള കാവ്യ വ്യവഹാരങ്ങളുടെ രാഷട്രീയം ചർച്ച ചെയ്യേണ്ടതുണ്ട്

.

പുതിയ പരിപ്രേക്ഷ്യത്തിൽ കവിതാ സാഹിത്യ ചരിത്രരചന സാധ്യമാക്കുന്ന ഗവേഷണ പഠനങ്ങളാണ് ക്ഷണിക്കുന്നത്. അവ

1. സാഹിത്യ ചരിത്രരചനയുടെ രീതിശാസ്ത്രത്തെ മൊത്തത്തിൽ പുനർ നിർവചിക്കാൻ കഴിയുന്ന ,സാഹിത്യചരിത്ര വിജ്ഞാനീയത്തിന്റെ പരിധിയിൽ വരുന്ന പഠനങ്ങൾ

2. കാവ്യഭാഷയുടെ ചരിത്രവൈരുദ്ധ്യങ്ങളെയും തുടർച്ചകളെയും രാഷ്ട്രീയസന്ദർഭത്തിൽ വച്ച് അടയാളപ്പെടുത്താൻ ഉതകുന്നവ.

3. ഏകസ്വരാത്മകമായ ഘട്ടവിഭജനങ്ങളെ നിഷേധിക്കുന്നതും ഓരോ കാലഘട്ടത്തിലെയും വൈരുദ്ധ്യങ്ങളെയും പ്രത്യയശാസ്ത്ര സംഘർഷങ്ങളെയും പരിഗണിക്കുന്നതുമായ സമീപനരീതി പുലർത്തുന്ന കാവ്യചരിത്ര പഠനങ്ങൾ.

4. പ്രത്യയശാസ്ത്ര സന്ദർഭങ്ങളോടും തുടർച്ചകളോടും ബന്ധിപ്പിച്ച് പഠിക്കുന്ന കാവ്യ പ്രസ്ഥാനപഠനങ്ങൾ, ഒറ്റക്കവിതാപനങ്ങൾ, ഒറ്റക്കവിപഠനങ്ങൾ.

പ്രബന്ധരൂപരേഖ സമർപ്പിക്കണം

അവസാനതീയതി ജനുവരി 15.

കവിതയുടെ കാർണിവൽ

ജനുവരി 23-26

പട്ടാമ്പി കോളേജ്

പേര്:
ഇ മെയിൽ:
ഔദ്യോഗികവിലാസം
ഫോൺ നമ്പർ:
-
മറ്റ് വിവരങ്ങൾ
പ്രബന്ധ ശീർഷകം:
പ്രബന്ധ രൂപരേഖ സമർപ്പിക്കുക